by Midhun HP News | May 30, 2026 | Latest News, കേരളം
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ നല്‍കിയത് എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.
കേസിലെ ആറ് പ്രതികള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ടപ്പരോള്‍ വിവാദമായത്. അഞ്ച് പ്രതികള്‍ മെയ് 18-നും ഒരു പ്രതി മേയ് 20-നുമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുന്‍പാണ് പ്രതികള്‍ക്ക് അനുകൂലമായ പരോള്‍ നടപടികള്‍ ഉണ്ടായത്. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര മന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം വീടുകളിലെത്തി. ഇരുപത് ദിവസത്തേക്കാണ് പരോള്‍.


by Midhun HP News | May 30, 2026 | Latest News, ജില്ലാ വാർത്ത
ചെമ്പൂര് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഹരിശ്രീ സാംസ്‌കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ ചെമ്പൂര്, മുദാക്കൽ, ഇളമ്പ, ഇടക്കോട് എൽ.പി. സ്കൂളുകളിലെ 20 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാഗ്, ബുക്ക്സ്,കുട, പെൻസിൽ, കളർ പെൻസിൽ, വാട്ടർ ബോട്ടിൽ, പെൻസിൽ കൈസ്, എക്സാം ബോർഡ്, ബുക്ക് കവർ പേപ്പർ ഉൾപ്പെട്ട കിറ്റ് ആണ് വിതരണം ചെയ്തത്. സ്കൂളുകളിലെ അധ്യാപകർ നൽകിയ ലിസ്റ്റ് അനുസരിച്ചാണ് വിദ്യാർഥികളെ തിരഞ്ഞെടുത്തത്.


by Midhun HP News | May 30, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയ്ക്കായി പെയ്ഡ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ അവതരിപ്പിച്ച് മെറ്റ. പരസ്യത്തിനപ്പുറം കൂടുതല്‍ വരുമാനം ലക്ഷ്യമാക്കിയാണ് നീക്കം. ഉപയോക്താക്കള്‍ പണം നല്‍കിയാല്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭ്യമാകുന്ന പ്ലസ് പതിപ്പുകള്‍ ലഭ്യമാക്കും.
ഇന്‍സ്റ്റഗ്രാം പ്ലസ്, ഫെയ്‌സ്ബുക്ക് പ്ലസ് എന്നിവയ്ക്കായി ഒരു മാസം 3.99 (379 രൂപ) ഡോളര്‍ വീതവും വാട്‌സാപ്പ് പ്ലസിനു വേണ്ടി 2.99 (284രൂപ)ഡോളറുമാണ് ഈടാക്കുക. ഇന്ത്യയില്‍ എത്ര രൂപയാണ് ഈടാക്കുക എന്നതില്‍ കമ്പനി വ്യക്തത നല്‍കിയിട്ടില്ല.
സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് പ്രൊഫൈല്‍ കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍, സൂപ്പര്‍ റിയാക്ഷനുകള്‍, സ്റ്റോറി എത്ര പേര്‍ കണ്ടുവെന്നതിനെക്കുറിച്ചുള്ള കണക്കുകള്‍ തുടങ്ങിയ നിരവധി അധിക ഫീച്ചറുകള്‍ ലഭിക്കും. ഭാവിയില്‍ പ്ലസ് പതിപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ എത്തുമെന്ന് മെറ്റയുടെ പ്രൊഡക്റ്റ് മേധാവി നവോമി ഗ്രെയിറ്റ് പറയുന്നു.
ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ 24 മണിക്കൂറില്‍ അധികം നില നില്‍ത്താനും അധികം വിസിബിലിറ്റിക്കായി സ്‌പോട്ട് ലൈറ്റ് ചെയ്യാനും സാധിക്കും. വാട്‌സാപ്പ് പ്ലസ് സബസ്‌ക്രൈബേഴ്‌സിന് കസ്റ്റം തീമുകള്‍, പ്രത്യേക റിങ് ടോമുകള്‍, കൂടുതല്‍ ചാറ്റുകള്‍ പിന്‍ ചെയ്യാനുള്ള അവസരം, പ്രീമിയം സ്റ്റിക്കറുകള്‍ എന്നിവയും ലഭിക്കും.


by Midhun HP News | May 30, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് മുഖ്യമന്ത്രിയായി ദീര്‍ഘകാലം തുടരാന്‍ സാധിക്കുമെന്ന് പ്രമുഖ ജ്യോത്സ്യന്റെ പ്രവചനം. ഹൈക്കമാന്‍ഡ് നിര്‍ദേശത്തെ തുടര്‍ന്നും മുന്‍ ധാരണയുടെ അടിസ്ഥാനത്തിലും സിദ്ധരാമയ്യ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇന്ന് നടക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ നിയമസഭാ കക്ഷി നേതാവായി ശിവകുമാറിനെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജ്യോത്സ്യന്റെ പ്രവചനം.
കനകപുര എംഎല്‍എയായ ശിവകുമാറിന് പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ ജ്യോത്സ്യന്‍ ദ്വാരകാനാഥ് ഗുരുജി മൂന്ന് തീയതികളാണ് നിശ്ചയിച്ച് നല്‍കിയിരിക്കുന്നത്. ‘ഞാന്‍ അദ്ദേഹത്തിന് മൂന്ന് തീയതികള്‍ നല്‍കിയിട്ടുണ്ട്. അതായത്, മെയ് 31 (ഞായറാഴ്ച), ജൂണ്‍ 5, ജൂണ്‍ 6,’- ഗുരുജി പിടിഐയോട് പറഞ്ഞു.2028ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ശിവകുമാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ഔദ്യോഗികമായി സ്വീകരിക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തതിനെത്തുടര്‍ന്ന്, കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ തീവ്രമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ തങ്ങളുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബംഗളൂരുവിലെ വിധാന്‍ സൗധയിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ചേരുന്നത്.
ശിവകുമാറിന് മുഖ്യമന്ത്രിയെന്ന നിലയില്‍ ദീര്‍ഘകാലം തുടരാന്‍ സാധിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞ ദ്വാരകാനാഥ് ഗുരുജി അദ്ദേഹത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പിന്തുണ ലഭിക്കുമെന്നും വ്യക്തമാക്കി.’അദ്ദേഹം ഒരു ദിവസത്തെ മുഖ്യമന്ത്രിയോ അല്ലെങ്കില്‍ ഒരു തവണ മാത്രം മുഖ്യമന്ത്രിയാകുന്ന ആളോ അല്ല. അദ്ദേഹം ഒരു നീണ്ട ഇന്നിംഗ്‌സ് കളിക്കും. അദ്ദേഹത്തിന്റെ ജാതകം വളരെ നല്ലതാണ്. ദീര്‍ഘകാലം അദ്ദേഹം കര്‍ണാടകയ്‌ക്കൊപ്പം ഉണ്ടാകും,’- ജ്യോത്സ്യന്‍ പറഞ്ഞു.
ശിവകുമാറിന് സംസ്ഥാനത്തെക്കുറിച്ച് വലിയ കാഴ്ചപ്പാടുള്ളതിനാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ സംസ്ഥാനം സമ്പന്നമായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘തീര്‍ച്ചയായും, അടുത്ത തെരഞ്ഞെടുപ്പില്‍ (2028) ശിവകുമാര്‍ വിജയിക്കണം. അപ്പോള്‍ മാത്രമാണ് അദ്ദേഹം യഥാര്‍ഥ മുഖ്യമന്ത്രിയാകുന്നത്. ഇപ്പോള്‍, അദ്ദേഹം വഹിക്കുന്നത് ഉത്തരവാദിത്തങ്ങളുടെ ഭാരമാണ്. ഇപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക, അടുത്ത തവണ മുഖ്യമന്ത്രിപദം ആസ്വദിക്കുക,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

by Midhun HP News | May 30, 2026 | Latest News, കേരളം
തൃശ്ശൂര്‍: അതിരപ്പിള്ളി വൈശേരിയില്‍ കാട്ടനയുടെ ആക്രമണത്തില്‍ 65 കാരന് ദാരുണാന്ത്യം. അതിരപ്പിള്ളി പുല്ലേര്‍കാട്ട് മോഹനന്‍ (65) ആണ് മരിച്ചത്. വീടിന് സമീപമെത്തിയ ആനയെ തുരത്താന്‍ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മോഹനനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ആന മോഹനന്റെ വീടിന്റെ സമീപത്തെത്തിയത്. അയല്‍വാസികളുടെ നിലവിളി കേട്ടാണ് ആന എവിടെയാണെന്നറിയാന്‍ മോഹനന്‍ മുറ്റത്തേക്കിറങ്ങിയത്. എന്നാല്‍ ഇരുട്ടിലൂടെ ആന ഓടിവന്ന് ആക്രമിക്കുകയായിരുന്നു. കാട്ടാന മോഹനനെ നേരെ പാഞ്ഞടുത്ത് ചവിട്ടി കൊലപ്പെടുത്തുകയാരുയിരുന്നു. കാട്ടാന ഈ സമീപത്തു നിന്നും മാറിയപ്പോഴാണ് മോഹനനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് നിരന്തരം കാട്ടാന ശല്യം ഉള്ള മേഖലയാണ്. മോഹനന്റെ വീട്ടുവളപ്പില്‍ കഴിഞ്ഞ ദിവസവും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ജനവാസ മേഖലയായ ഈ ഭാഗത്ത് ആനയിറങ്ങുന്നത് ഇപ്പോള്‍ പതിവായി മാറിയിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. ഒരു വര്‍ഷത്തിനിടെ ഇത് ആറാമത്തെ മരണമാണെന്നാണ് റിപ്പോര്‍ട്ട്.

by Midhun HP News | May 30, 2026 | Latest News, കേരളം
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍. ഇരുന്നൂറിലേറെ പേരെയാണ് വധശ്രമം അടക്കമുള്ള കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. ഇതില്‍ വാഹനങ്ങള്‍ ആക്രമിച്ച ഇരുപത്തിയഞ്ചോളം പേരുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പ്രതിഷേധത്തില്‍ പൊലീസ് പ്രതിരോധം വന്‍ പരാജയമായിരുന്നു എന്ന ആരോപണം ഉയര്‍ന്നതോടെയാണ് പ്രധാന പ്രതികളെ ഉടന്‍ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. തിരിച്ചറിഞ്ഞ എട്ട് പ്രധാന പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ഇവരുടെ വീടുകളിലും പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. മ്യൂസിയം പൊലീസിനെക്കൂടാതെ ഷാഡോ, ഡാന്‍സാഫ്, സംഘങ്ങളും മറ്റ് സ്റ്റേഷനുകളിലെ പൊലീസുകാരും അടങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വിവിധ ടീമുകളായി തിരിഞ്ഞാണ് പരിശോധന.
സംഘര്‍ഷത്തിനു നേതൃത്വം നല്‍കിയ മുന്‍ കൗണ്‍സിലര്‍ ഐപി ബിനു അടക്കം 18 പേര്‍ ഇതുവരെ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി സിറ്റി പൊലീസ് അധികൃതര്‍ അറിയിച്ചു. പ്രതികളുടെ വീടുകള്‍ സംശയകരമായ ബന്ധുവീടുകള്‍, സിറ്റിയിലെ ഹോട്ടലുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടത്തുന്നത്. ഇവരുടെ മൊബൈല്‍ഫോണ്‍ രേഖകളടക്കം പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്.
Recent Comments