ചാഞ്ചാടി സ്വര്‍ണവില, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2160 രൂപ; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

ചാഞ്ചാടി സ്വര്‍ണവില, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 2160 രൂപ; ഒരു ലക്ഷത്തിന് മുകളില്‍ തന്നെ

കൊച്ചി: ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്. 1,02,920 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 270 രൂപയാണ് കുറഞ്ഞത്. 12,865 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

മാസങ്ങള്‍ക്ക് ശേഷം ഇന്നലെ ഒരു ലക്ഷത്തിന് താഴെയെത്തിയ സ്വര്‍ണവില വൈകിട്ടോടെയാണ് തിരിച്ച് ഒരു ലക്ഷത്തിന് മുകളില്‍ എത്തിയത്. തുടര്‍ന്ന് രാത്രിയോടെ വീണ്ടും ഉയര്‍ന്ന് 1,05,000ന് മുകളില്‍ എത്തി. ഇന്നലെ വലിയ തോതിലുള്ള ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. രാവിലെയും ഉച്ചയ്ക്കുമായി ഏഴായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്.

യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് എണ്ണവില 15 ശതമാനം ഇടിഞ്ഞതിന് പിന്നാലെയാണ് സ്വര്‍ണവില തിരിച്ചുകയറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജ്ജ പ്രതിസന്ധിയുടെ സൂചന നല്‍കി എണ്ണവില ബാരലിന് 110 ഡോളര്‍ കടന്നും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ പ്രതിഫലനമെന്നോണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ വന്‍കുതിപ്പ് നടത്തിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയതാണ് സ്വര്‍ണവില ഒരു ലക്ഷം കടന്നു കുതിക്കാന്‍ കാരണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; വീണ്ടും 100 ഡോളറിന് മുകളില്‍

ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; വീണ്ടും 100 ഡോളറിന് മുകളില്‍

ഡല്‍ഹി: യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകളെ തുടര്‍ന്ന് 15 ശതമാനം ഇടിഞ്ഞ എണ്ണവില വീണ്ടും തിരിച്ചുകയറി. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി അമേരിക്ക ചര്‍ച്ച നടത്തുമെന്ന ട്രംപിന്റെ അവകാശവാദം ഇറാന്‍ നിഷേധിച്ചതിന് പിന്നാലെയാണ് എണ്ണവില വീണ്ടും തിരിച്ചുകയറിയത്.

ഇന്നലെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇറാനുമായി ചര്‍ച്ച നടത്തുമെന്ന് ട്രംപ് അവകാശവാദം ഉന്നയിച്ചത്. ഇതിന് പിന്നാലെ എണ്ണവില 15 ശതമാനം ഇടിഞ്ഞ് ബാരലിന് നൂറ് ഡോളറില്‍ താഴെ എത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയതോടെ എണ്ണ പ്രതിസന്ധിയില്‍ അടുത്തൊന്നും അയവ് ഉണ്ടാവില്ലെന്ന ആശങ്കയാണ് വീണ്ടും എണ്ണവില ഉയരാന്‍ കാരണം. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളറിന് മുകളിലാണ്.

ആഴ്ചകള്‍ നീണ്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആശ്വാസം പകര്‍ന്ന് ഇന്നലെയാണ് ഡോണള്‍ഡ് ട്രംപ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അഞ്ചുദിവസത്തേയ്ക്ക് ഇറാന്റെ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തില്ലെന്നും ഡോണള്‍ഡ് ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

മിഡില്‍ ഈസ്റ്റില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷത്തിന് പൂര്‍ണ്ണമായ പരിഹാരം ലക്ഷ്യമിട്ട് ഇറാനുമായി അമേരിക്ക ഫലപ്രദമായ ചര്‍ച്ച ആരംഭിക്കുമെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ഏതെങ്കിലും ആസൂത്രിത ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടതായും ട്രംപ് പറഞ്ഞു.

കുറഞ്ഞ ചെലവില്‍ ഗോവയില്‍ ചുറ്റിക്കറങ്ങാം, കെഎസ്ആര്‍ടിസി ബുക്കിങ് ആരംഭിച്ചു; നിരക്ക് അറിയാം

കുറഞ്ഞ ചെലവില്‍ ഗോവയില്‍ ചുറ്റിക്കറങ്ങാം, കെഎസ്ആര്‍ടിസി ബുക്കിങ് ആരംഭിച്ചു; നിരക്ക് അറിയാം

ആലപ്പുഴ: ഗോവയിലേക്ക് കെഎസ്ആര്‍ടിസി കുറഞ്ഞ ചെലവില്‍ ഒരുക്കുന്ന യാത്രാ പാക്കേജിന്റെ ബുക്കിങ് ആരംഭിച്ചു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഗോവയിലേക്ക് ഏപ്രില്‍ ആദ്യവാരമാണ് യാത്ര ആരംഭിക്കുന്നത്. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിക്കുന്ന യാത്രയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി 1 മുതല്‍ 80 വയസ്സുവരെയുള്ളവര്‍ക്ക് 10 ലക്ഷം രൂപയുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് കവറേജും കെഎസ്ആര്‍ടിസി വാഗ്ദാനം ചെയ്യുന്നു. മൂന്ന് രാത്രിയും രണ്ട് പകലും നീളുന്നതാണ് യാത്ര.

കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് കാസര്‍കോട് വരെ കെഎസ്ആര്‍ടിസി ബസിലും അവിടെ നിന്ന് ഗോവയിലേക്ക് അത്യാധുനിക ആഡംബര എസി ബസുകളിലുമാണ് യാത്ര.കേരളത്തിനകത്തെ ഭക്ഷണച്ചെലവ് യാത്രക്കാര്‍ വഹിക്കണം. എന്നാല്‍ കാസര്‍കോട് മുതല്‍ ഗോവ വരെയും തിരിച്ചുമുള്ള ഭക്ഷണച്ചെലവ് പാക്കേജിന്റെ ഭാഗമാണ്.

ഗോവയിലെ പ്രധാന ബീച്ചുകളും രാത്രി ജീവിതവും ആസ്വദിക്കുന്നതിനൊപ്പം മികച്ച ഹോട്ടലുകളിലെ താമസവും പാക്കേജില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക: 9188938525, 9846475874.

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള നിരക്കുകള്‍
ആലപ്പുഴ: 9500 രൂപ (AC Scania) & 8490 രൂപ (Super Deluxe)

ചേര്‍ത്തല: 9100 രൂപ (AC Scania) & 8380 രൂപ (Super Deluxe)

ചെങ്ങന്നൂര്‍: 9600 രൂപ (AC Scania) & 8770 രൂപ (Super Deluxe)

എടത്വ: 9420 രൂപ (AC Scania) & 8630 രൂപ (Super Deluxe)

ഹരിപ്പാട്: 9470 രൂപ (AC Scania) & 8670 രൂപ (Super Deluxe)

കായംകുളം: 9550 രൂപ (AC Scania) & 8730 രൂപ (Super Deluxe)

മാവേലിക്കര: 9530 രൂപ (AC Scania) & 8720 രൂപ (Super Delux-e)

വെന്തുരുകി കേരളം; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

വെന്തുരുകി കേരളം; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ ദിവസങ്ങളില്‍ പാലക്കാട്, കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍ മലയോര മേഖലകളിലൊഴികെ വ്യാഴാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു,

ജാഗ്രതാനിര്‍ദേശങ്ങള്‍

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.

പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.

നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

ഫാത്തിമാ ബീവി (80) നിര്യാതയായി

ഫാത്തിമാ ബീവി (80) നിര്യാതയായി

വർക്കല ചിലക്കൂർ പുത്തൻവിള വീട്ടിൽ
പരേതനായ അബ്ദുൾ റഹ്മാൻ ഹാജിയുടെ ഭാര്യ ഫാത്തിമാ ബീവി (80) നിര്യാതയായി.
മക്കൾ:റഹ്മത്തുള്ള, ഐഷാബീവി, സുധീർ (ദേശാഭിമാനി വർക്കല ലേഖകൻ).
മരുമക്കൾ:സീന,ഷെരീഫ്,നെജീമ.

താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് അഞ്ച് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ അങ്ങേയറ്റം ഫലപ്രദമാണെന്ന് ട്രംപ് പറഞ്ഞു.

ഇറാനിയന്‍ ഊര്‍ജ്ജ പ്ലാന്റുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ നടത്താനിരുന്ന ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ ട്രംപ് പ്രതിരോധ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമാണെന്നും മേഖലയിലെ സംഘര്‍ഷത്തിന് പൂര്‍ണ്ണമായ പരിഹാരം കാണാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ തുടരും. നേരത്തെ നല്‍കിയിരുന്ന 48 മണിക്കൂര്‍ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് ആക്രമണങ്ങള്‍ താല്‍ക്കാലികമായി മാറ്റിവെക്കാന്‍ ട്രംപ് തീരുമാനിച്ചത്.

പശ്ചിമേഷ്യന്‍ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ആഗോള എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിലൂടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്.