by Midhun HP News | Jan 21, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ബുധനാഴ്ച) വൈകീട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളത്തിലെ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10,000 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്.
യുവജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നത്. ഇതിനോടകം 36,500 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍നിന്ന് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരായ 10,000 പേരുടെ ആദ്യഘട്ട പട്ടിക തയ്യാറാക്കി സര്‍ക്കാരിന് കൈമാറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും.
പഠനം പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുണ്ടാകുന്ന സാമ്പത്തിക മാനസിക സമ്മര്‍ദം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി ആരംഭിച്ചത്. മത്സരപ്പരീക്ഷകള്‍ക്കോ നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന യുവതീയുവാക്കള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതാണ് പദ്ധതി.
അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാസം ആയിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് ധനസഹായം ലഭിക്കും.18നും 30നും ഇടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ള പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. പൂര്‍ണമായും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.


by Midhun HP News | Jan 21, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി റെയ്ഡ് പൂര്‍ത്തിയായി. മൂന്ന് സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിലായിരുന്നു പരിശോധന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന 22 മണിക്കൂര്‍ നീണ്ടു. ഇന്നലെ രാവിലെ ആറ് മണിയോടെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനച്ചത്.
സ്വര്‍ണക്കൊള്ള നടന്ന കാലയളവിലെ ബോര്‍ഡ് യോഗത്തിലെ മിനിറ്റ്‌സ്, ബാങ്ക് ഇടപാട് രേഖകള്‍, മരാമത്ത് വിഭാഗം നല്‍കിയ കരാറുകള്‍ തുടങ്ങിയവ പരിശോധിച്ചു. ബോര്‍ഡ് ആസ്ഥാനത്തെ പരിശോധന മറ്റൊരു ദിവസം കൂടിയുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ഇഡി നല്‍കിയിരിക്കുന്ന സൂചന. സ്ട്രോങ് റൂമില്‍ സൂക്ഷിച്ച ശ്രീകോവിലിന്റെ പഴയ വാതില്‍ പാളികള്‍ ഇന്നലെ പുറത്തെടുത്ത് പരിശോധിച്ചിരുന്നു. അതില്‍നിന്ന് ഇന്ന് സാമ്പിളുകള്‍ ശേഖരിച്ച് വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കും. മറ്റിടങ്ങളിലെ പരിശോധനയും മണിക്കൂറുകള്‍ നീണ്ടു.
കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരത്തെ പുളിമാത്തെ വീട്ടിലും മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായ എന്‍ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
ബംഗളൂരുവിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഓഫീസിലും പരിശോധന നടന്നു. പ്രതികളുടെ ആസ്തികള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ഇ ഡിയുടെ കൊച്ചി, കോഴിക്കോട്, ബെംഗളൂരു യൂണിറ്റുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ സമാഹരിച്ച വിവരങ്ങള്‍ പരിശോധിച്ചാകും അന്വേഷണത്തിന്റെ രണ്ടാം ഘട്ടം. എസ്‌ഐടി പ്രതികളാക്കിയവര്‍ക്ക് പുറമെ മന്ത്രിമാരടക്കം ഇഡി യുടെ ചോദ്യമുനയില്‍ എത്തുമെന്നാണ് സൂചന.


by Midhun HP News | Jan 21, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തല്‍സമയം സാരഥി സോഫ്റ്റ്വേറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കും വിധമാണ് ക്രമീകരണം. പുതിയ സംവിധാനം ഉടന്‍ നടപ്പാകും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോറുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു.
നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്‍സ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും. മുന്‍കാലത്ത് ലൈസന്‍സ് പ്രിന്റ് ചെയ്ത് നല്‍കുന്നതില്‍ മാസങ്ങളോളം കാലതാമസം വന്നിരുന്നു. ടെസ്റ്റ് പാസായി മാസങ്ങള്‍ കഴിഞ്ഞായിരിക്കും ലൈസന്‍സ് കയ്യില്‍ കിട്ടുക. ഈ കാലതാമസം ഒഴിവാക്കാനായിരുന്നു പിന്നീട് ഡിജിറ്റല്‍ പകര്‍പ്പിലേക്ക് മാറ്റിയത്.


by Midhun HP News | Jan 21, 2026 | Latest News, കേരളം
മലപ്പുറം: പുണ്യം തേടി നിളാ സ്‌നാനം നടത്താന്‍ കേരളത്തിന്റെ കുംഭമേളയെന്ന് വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. ഫെബ്രുവരി മൂന്നിന് കുംഭമേള അവസാനിക്കുന്നതുവരെ രാവിലെ നിളാ സ്‌നാനത്തിന് അവസരമുണ്ട്. ഗായത്രി ഗുരുകുലത്തിലെ അരുണ്‍ പ്രഭാകറിന്റെ നേതൃത്വത്തില്‍, വേദ, മന്ത്ര ജപങ്ങളോടെയാണ് ഇന്നലെ നിളാ സ്‌നാനം നടന്നത്.
വിവിധ ദേശങ്ങളില്‍ നിന്നെത്തിയവര്‍ നിളയില്‍ സ്‌നാനം ചെയ്തു. വൈകിട്ട് ദശാശ്വമേധ് ഘാട്ടിലെ പണ്ഡിറ്റുമാരുടെ നേതൃത്വത്തില്‍ നിളാ ആരതിയും എല്ലാ ദിവസവും നടക്കുന്നുണ്ട്. വൈകിട്ട് പുഴയുടെ മധ്യഭാഗത്ത് ഒരുക്കിയ യജ്ഞശാലയ്ക്കു സമീപമാണ് നിളാ ആരതി നടക്കുന്നത്.
പല തട്ടുകളുള്ള വിളക്കുകള്‍ ഉപയോഗിച്ചാണ് ആരതി. ഗംഗയെ ആരാധിക്കുന്നതു പോലെ ഭാരതപ്പുഴയെ ആരാധിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. മോഹന്‍ജി ഫൗണ്ടേഷനാണ് പണ്ഡിറ്റുമാരെ എത്തിച്ചത്. കുംഭമേളയുടെ ഭാഗമായി തമിഴ്‌നാട്ടിലെ തിരുമൂര്‍ത്തി മലയില്‍നിന്ന് പുറപ്പെട്ട രഥയാത്ര നാളെ വൈകീട്ട് തിരുനാവായയിലെത്തും. ദേവതാ സങ്കല്‍പത്തോടെയുള്ള മഹാമേരുവുമായാണ് രഥം എത്തുന്നത്. പാലക്കാട് സംഘാടകസമിതി രഥയാത്ര സ്വീകരിക്കും. തുടര്‍ന്ന് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കിയ ശേഷമാണ് തിരുനാവായയിലെത്തുന്നത്. നാളെ രാവിലെ സൂര്യഗണപതി പൂജയും നടക്കും. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും വൈകീട്ട് ഭഗവത്‌സേവയും നടക്കുന്നുണ്ട്. പൊലീസ് ഇവിടെ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


by Midhun HP News | Jan 21, 2026 | Latest News, ജില്ലാ വാർത്ത
മികച്ച സന്നദ്ധ സേവന പ്രവർത്തനക്കുള്ള സ്‌പെഷ്യൽ പുരസ്‌കാരം മാനവസേവ സമിതിക്കു മണികണ്ഠ ഭജന മഠം നൽകി ആദരിച്ചു. മാനവ സേവ സമിതി പ്രസിഡന്റ് പൊയ്കമുക്ക് ഹരി, സെക്രട്ടറി ശശിധരൻ നായർ, അംഗങ്ങൾ ആയ പ്രവീൺ ജിത്ത്, വിജയൻ നായർ, സാബു, അനിത ഹരികുമാർ, ഷീലകുമാരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.


by Midhun HP News | Jan 21, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ദേശീയ പുരസ്‌കാരം നേടിയ പോയ്കമുക്ക് ഹരിക്കു മാസ്റ്റേഴ്സ് അവാർഡ് നൽകി. അവനവഞ്ചേരിയിൽ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ എസ് അനൂപ്, മികച്ച പൊതു പ്രവർത്തകനും സന്നദ്ധ സേവന പ്രവർത്തങ്ങൾക്കുള്ള അവാർഡ്പോയ്കമുക്ക് ഹരിക്കു നൽകി ആദരിച്ചു.


Recent Comments