മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ

മുത്തയ്യ മുരളീധരന്റെ മാന്ത്രിക സ്പിൻ നേരിട്ട് സഞ്ജു സാംസൺ

ചെന്നൈ: ആരാധകര്‍ക്കായി സഞ്ജു സാംസണ്‍ പാഡും ഗ്ലൗസും അണിഞ്ഞ് കളിക്കാനിറങ്ങിയപ്പോള്‍ മറുഭാഗത്ത് പന്തെറിഞ്ഞത് ഇതിഹാസ ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. കീപ്പറായി പിന്നില്‍ ധോനിയും നിന്നു.

ടീമിനായി കിരീട നേട്ടങ്ങള്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായ ഇതിഹാസങ്ങളെ വീണ്ടും അണിനിരത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐപിഎല്‍ പുതിയ സീസണിനു മുന്നോടിയായി ആരാധകര്‍ക്കായി ഹോം മൈതാനമായ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് സിഎസ്‌കെ ഇതിഹാസ താരങ്ങളെ വീണ്ടും കളത്തിലെത്തിച്ചത്. ഒപ്പം മലയാളി താരവും ലോകകപ്പ് ഹീറോയുമായ സഞ്ജു സാംസണും മുന്‍ ക്യാപ്റ്റനും 44ാം വയസിലും സിഎസ്‌കെ ജേഴ്‌സിയില്‍ കളിക്കുന്ന ഇതിഹാസവുമായ എംഎസ് ധോനി അടക്കമുള്ളവരും ഗ്രൗണ്ടിലെത്തി.

മുത്തയ്യ മുരളീധരന്റെ ആദ്യ പന്ത് സഞ്ജു ലെഗ് സൈഡിലേക്ക് തഴുകി വിട്ടു. രണ്ടാം പന്തില്‍ കയറി അടിക്കാന്‍ നോക്കിയ സഞ്ജുവിനെ ധോനി സ്റ്റംപ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ധോനിക്ക് പിഴച്ചു. മൂന്നാം പന്ത് സഞ്ജുവിനു തൊടാന്‍ സാധിച്ചില്ല. എന്നാല്‍ നാലാം പന്തില്‍ സഞ്ജു മുത്തയ്യ മരുളീധരനെ സിക്‌സര്‍ പറത്തുകയും ചെയ്തു. ഇതിഹാസ താരങ്ങള്‍ക്കൊപ്പം സൂപ്പര്‍ താരം സഞ്ജു ചേര്‍ന്ന നിമിഷത്തിന്റെ വിഡിയോ വൈറലായി മാറി.

മുത്തയ്യക്കൊപ്പം മുന്‍ സിഎസ്‌കെ താരങ്ങളായ മാത്യു ഹെയ്ഡന്‍, മൈക്ക് ഹസി, ഡ്വയ്ന്‍ ബ്രാവോ, മുരളി വിജയ്, പാര്‍ഥിവ് പട്ടേല്‍, എസ് ബദരിനാഥ്, സുരേഷ് റെയ്ന അടക്കമുള്ള താരങ്ങള്‍ മഞ്ഞ ജേഴ്സിയില്‍ വീണ്ടും ഗ്രൗണ്ടിലെത്തി. ചടങ്ങില്‍ ടി20 ലോകകപ്പ് കിരീടം നേടിയ സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരെ ടീം ആദരിച്ചു. ഒപ്പം അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ ടീമിനെ നയിച്ച ആയുഷ് മാത്രെയേയും ആദരിച്ചു. മൂവര്‍ക്കും ധോനി പുരസ്‌കാരം നല്‍കി.

ചടങ്ങിനിടെ സഞ്ജു പഞ്ച് തമിഴ് ഡയലോഗ് പറഞ്ഞും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. മാക്സിമം സിക്സടിക്കണം, തട്രോം തൂക്കറോം- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. ഈ ഡയലോഗ് പറഞ്ഞതോടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് താരത്തിന്റെ വാക്കുകളോട് പ്രതികരിച്ചത്.

ഐപിഎല്ലില്‍ എന്തു തരത്തിലായിരിക്കും ബാറ്റ് വീശുക എന്നായിരുന്നു സഞ്ജുവിനോടുള്ള ചോദ്യം. ഇതിനാണ് താരം തമിഴില്‍ മറുപടി നല്‍കിയത്. സമീപനം ലളിതമാണ്. പന്ത് നോക്കി മാക്സിമം സിക്സടിക്കണം എന്നായിരുന്നു മറുപടി.

സീസണിനു മുന്നോടിയായാണ് രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സഞ്ജുവിനെ ചെന്നൈ 18 കോടിയ്ക്ക് സ്വന്തമാക്കിയത്. മെഗാ ലേലത്തിനു മുന്നേ തന്നെ താരത്തെ ടീം സ്വന്തമാക്കിയിരുന്നു. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെയാണ് സഞ്ജുവിനായി ചെന്നൈ രാജസ്ഥാനു വിട്ടു നല്‍കിയത്.

‘കോമാളി’ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്ക്; ‘വിമര്‍ശിച്ചത് അരാഷ്ട്രീയ നിലപാടിനെ’

‘കോമാളി’ പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്ക്; ‘വിമര്‍ശിച്ചത് അരാഷ്ട്രീയ നിലപാടിനെ’

തിരുവനന്തപുരം: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍മന്ത്രി ഡോ. തോമസ് ഐസക്ക്. രമേഷ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്ട്രീയ വിമര്‍ശനമാണ്. പലസ്തീന്‍ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമര്‍ശിച്ചത്. കോമാളി പദപ്രയോഗത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഡോ. തോമസ് ഐസക് പറഞ്ഞു.

രമേഷ് പിഷാരടിയുടെ അഭിനയമികവിനെ മോശമായി പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. രാഷ്ട്രീയ വിമര്‍ശനമാണ് നടത്തിയത്. മധ്യേഷ്യന്‍ സംഘര്‍ഷത്തിലും, പലസ്തീന്‍ വിഷയത്തെക്കുറിച്ചും ഞങ്ങള്‍ക്കും കോണ്‍ഗ്രസിനും നിലപാടുണ്ട്. എന്നാല്‍, ആ നിലപാടുകള്‍ക്ക് വിരുദ്ധമായുള്ള പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ലെന്നും, തോമസ് ഐസക്കിനോട് സ്‌നേഹം മാത്രമാണ് തനിക്കുള്ളതെന്നും, കോമാളി പ്രയോഗത്തില്‍ മറുപടിയായി രമേഷ് പിഷാരടി അഭിപ്രായപ്പെട്ടിരുന്നു. നാടകത്തില്‍ കൂടി രാഷ്ട്രീയം പ്രചരിപ്പിച്ചവരാണ് അവര്‍. എന്തിനാണ് ഇപ്പോള്‍ അസഹിഷ്ണുത?. കലാകാരന്മാര്‍ എന്നുമുതലാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്?. ഒപ്പം നില്‍ക്കാത്തവര്‍ വെറുക്കപ്പെടേണ്ടവര്‍ ആണെന്ന നിലപാട് ശരിയല്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

തോമസ് ഐസക്കിന്‍റെ വിവാദ പരാമര്‍ശം ഇങ്ങനെ :

കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ നിർത്താതെ ജനകീയ പിന്തുണയുള്ള ആരെയെങ്കിലും നിർത്തണമായിരുന്നു’ എന്നായിരുന്നു തോമസ് ഐസക്ക് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. ജനങ്ങൾക്ക് അംഗീകാരമുള്ള സ്ഥാനാർത്ഥികളൊക്കെ ഉണ്ട്. ഇങ്ങനെയൊക്കെ കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെയൊക്കെ പിടിച്ച് മല്‍സരിപ്പിച്ചിട്ട് അയ്യോ ഞങ്ങൾക്ക് വോട്ട് കിട്ടുന്നില്ല, ഞങ്ങളുടെ വോട്ട് ദേ എൽഡിഎഫ് ഭിന്നിപ്പിക്കാൻ പോകുന്നു എന്ന് പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ’ എന്നായിരുന്നു തോമസ് ഐസക്കിന്‍റെ പരിഹാസം.

അബ്ദുൽ മജീദ് (95) റിട്ടയേർഡ് സബ് ഇൻസ്പക്ടർ ഓഫ് പോലീസ്, ആറ്റിങ്ങൽ) അന്തരിച്ചു

അബ്ദുൽ മജീദ് (95) റിട്ടയേർഡ് സബ് ഇൻസ്പക്ടർ ഓഫ് പോലീസ്, ആറ്റിങ്ങൽ) അന്തരിച്ചു

ആറ്റിങ്ങൽ: മാമം പാലത്തിന് സമീപം ആനൂട്ടിൽ വീട്ടിൽ അബ്ദുൽ മജീദ് (95) റിട്ടയേർഡ് സബ് ഇൻസ്പക്ടർ ഓഫ് പോലീസ്, ആറ്റിങ്ങൽ) അന്തരിച്ചു.

ഭാര്യ: എസ് സാഫ്ര.
മക്കൾ: ബാബു ഷാജി (അബുദാബി), ഷർമ്മദ് ഖാൻ (ദുബായ്), പരേതയായ ബേബി ഷൈല.
മരുമക്കൾ: എസ് ഷംല ബീവി (അധ്യാപിക, മദ്രസത്തിൽ നൂർ ഇസ്ലാമിക് അക്കാദമി, പത്തനംതിട്ട), നിദിയ അഷറഫ് (ദുബായ്).

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തിലേക്ക്; ഞായറാഴ്ച പാലക്കാടും തൃശൂരും പരിപാടികള്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദി കേരളത്തിലേക്ക്; ഞായറാഴ്ച പാലക്കാടും തൃശൂരും പരിപാടികള്‍

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നു. പാലക്കാടും തൃശൂരും മോദി പ്രചാരണം നടത്തും. ഞായറാഴ്ച എത്തുമെന്നാണ് ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിന് നിര്‍ദേശം ലഭിച്ചിട്ടുള്ളത്.

പാലക്കാട് മണ്ഡലത്തിലെ പരിപാടിയില്‍, ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെയും വേദിയിലെത്തിച്ച് പൊതുപരിപാടി ആയിട്ടായിരിക്കും നടക്കുക. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പ്രധാനമന്ത്രി പാലക്കാട് പ്രചാരണത്തിന് എത്തിയിട്ടുണ്ട്.

ഞായറാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രി, തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാലിന്‍റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ലോക്സഭയിലേക്ക് സുരേഷ് ഗോപിയുടെ വിജയത്തെത്തുടര്‍ന്ന്, ബിജെപി വളരെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍.

സംസ്ഥാനത്ത് ബിജെപി ഏറെ വിജയസാധ്യത കണക്കാക്കുന്ന, എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്നതില്‍ ഒന്നാണ് പാലക്കാട്. ബിജെപിയുടെ വനിതാ തീപ്പൊരി നേതാവ് ശോഭ സുരേന്ദ്രനാണ് ഇത്തവണ പാലക്കാട് പിടിക്കാന്‍ ഇറങ്ങിയിട്ടുള്ളത്. 2021 ലെ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപി 35 ശതമാനം വോട്ടു വിഹിതം നേടിയിരുന്നു. അന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ 3859 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്.

ആരോഗ്യ മന്ത്രിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ; അബിന്‍ വര്‍ക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറി ഉഷ

ആരോഗ്യ മന്ത്രിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ; അബിന്‍ വര്‍ക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറി ഉഷ

അലപ്പുഴ: ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കിക്ക് പിന്തുണയുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സാ പിഴവിന് ഇരയായ ഉഷ ജോസഫ്. അബിന്‍ വര്‍ക്കിക്ക് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള പണം ഉഷ കൈമാറി. ഞായറാഴ്ച വൈകീട്ടാണ് ഉഷ, ഭര്‍ത്താവ് ജോസഫ്, മകന്‍ ഷിബിന്‍ എന്നിവരില്‍ നിന്നും അബിന്‍ തുക ഏറ്റുവാങ്ങിയത്.

അധികൃതരുടെ അനാസ്ഥ മൂലം വയറ്റില്‍ കുടുങ്ങി കത്രികയുമായി 5 വര്‍ഷം കഴിഞ്ഞ ഉഷയുടെ ദുരിതം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സര്‍ക്കാരിന്റെ അനാസ്ഥകാരണമാണ് തനിക്ക് 5 വര്‍ഷം വേദന സഹിച്ചു ജീവിക്കേണ്ടി വന്നതെന്നാണ് ഉഷയുടെ കുടുംബത്തിന്റെയും ആരോപണം. തങ്ങള്‍ക്ക് യാതൊരു സഹായവും ചെയ്തുതരാത്ത മന്ത്രി വീണാ ജോര്‍ജിനെതിരെ മത്സരിക്കുന്നതുകൊണ്ടാണ് എബിന്‍ വര്‍ക്കിക്ക് പണം നല്‍കിയതെന്നാണ് ഉഷയുടെ പ്രതികരണം. പറഞ്ഞു. വയറില്‍ കുടുങ്ങിയ കത്രിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സംഘവും ഉഷയെ കാണാനെത്തിയത്. ആരോഗ്യ വകുപ്പിന്റെ സിസ്റ്റം തകരാറിന്റെ ഇരയാണ് ഉഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അബിന്‍ വര്‍ക്കി പറഞ്ഞു.

ആരോഗ്യ വകുപ്പിനെതിരെയുള്ള ഉഷയുടെ കുടുംബത്തിന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ് അവര്‍ തനിക്ക് കെട്ടി വയ്ക്കാന്‍ നല്‍കിയ തുക. ആരോഗ്യ മേഖലയുടെ ഇന്നത്തെ അവസ്ഥയുടെ ജീവിക്കുന്ന രക്തസാക്ഷിയില്‍ നിന്നുള്ള അനുഗ്രഹമായാണ് നടപടിയെ കരുതുന്നത്. പണം സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അബിന്‍ വര്‍ക്കി പ്രതികരിച്ചു. ഡി സി സി സെക്രട്ടറി എസ് പ്രഭുകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സെല്‍വരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം.പുറക്കാട്, ആര്യ, വിഷ്ണു പ്രസാദ്, പുന്നപ്ര തെക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോബിയാസ്, മണ്ഡലം പ്രസിഡന്റുമാരായ ഹസന്‍ പൈങാമഠം, ഷിബി ജേക്കബ്, റിനു പ്ലോട്ടോ, മേഴ്‌സി, ലതമ്മ തുടങ്ങിയവരും അബിന്‍ വര്‍ക്കിക്ക് ഒപ്പം ഉണ്ടായിരുന്നു.

ചെറ്റത്തരം എന്നാല്‍ ‘അല്‍പ്പത്തം, ഹീനത’ എന്നാണര്‍ത്ഥം; ജി സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചത് ഫലപ്രദമായ വാക്ക്: എ കെ ബാലന്‍

ചെറ്റത്തരം എന്നാല്‍ ‘അല്‍പ്പത്തം, ഹീനത’ എന്നാണര്‍ത്ഥം; ജി സുധാകരനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചത് ഫലപ്രദമായ വാക്ക്: എ കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മന്ത്രി ജി സുധാകരനെ ചെറ്റത്തരം എന്നു വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി സിപിഎം നേതാവ് എകെ ബാലന്‍. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു.

ഈ പ്രയോഗത്തില്‍ മുഖ്യമന്ത്രിക്ക് മലയാള നിഘണ്ടു അറിയില്ല, അര്‍ത്ഥം അറിയില്ല എന്നൊക്കെ പറഞ്ഞ് മുഖ്യമന്ത്രിയെ പഠിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഇതിനേക്കാള്‍ അപ്പുറമുള്ളൊരു ഭാഷ നിഘണ്ടുവില്‍ ഇല്ലാത്തതുകൊണ്ടാണ് താന്‍ ഉപയോഗിക്കാത്തത് എന്ന് മുഖ്യമന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ട്. തികഞ്ഞ വഞ്ചന നിറഞ്ഞ സമീപനം ജി സുധാകരന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫലപ്രദമായ വാക്കാണ് മുഖ്യമന്ത്രി സൂചിപ്പിച്ചിട്ടുള്ളത്.

ചെറ്റത്തരം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ജി സുധാകരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണെന്നും സതീശന്‍ പറയുന്നു. എന്നാല്‍ കെ സുധാകരനെ സംബന്ധിച്ച് ഇതുവരെ പ്രതിപക്ഷ നേതാവ് ഉത്തമനായ കോണ്‍ഗ്രസുകാരനാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ജി സുധാകരന്‍ ഉത്തമനായത് കോണ്‍ഗ്രസിലേക്ക് പോയതുകൊണ്ടാണെന്നും എകെ ബാലന്‍ പറഞ്ഞു.

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണങ്ങള്‍ ഉള്ള ഘട്ടത്തില്‍ സ്പീക്കറെ എങ്ങനെയാണ് അഭിസംബോധന ചെയ്തത് എന്നതു നമ്മള്‍ കണ്ടതാണ്. ഒരു ഘട്ടത്തില്‍ ‘അധികം വര്‍ത്തമാനം പറയരുത്, പിടിച്ച് അവിടെ നിന്നും ഇറക്കും’ എന്നുവരെ പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ്. ആ പ്രതിപക്ഷ നേതാവാണ് ഇപ്പോള്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുള്ളതെന്നും എകെ ബാലന്‍ പറഞ്ഞു.