by Midhun HP News | Mar 23, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ലോകത്തിൽ തന്നെ ആദ്യമായ് ഒരു അന്താരാഷ്ട്ര പുസ്തകോത്സവത്തിനെ കുറിച്ച് സമഗ്രമായി എഴുതപ്പെട്ട പുസ്തകമാണ്, “അക്ഷരക്കടലിലെ വേലിയേറ്റം”. 260 ൽ അധികം പുസ്തകങ്ങളെ കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്ന ആ പുസ്തകത്തിൽ ഷാർജാ പുസ്തകോത്സവത്തിന്റെ ചരിത്രവും അതിന്റെ രക്ഷാധികാരിയായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ കുറിച്ചും അതിന്റെ സംഘാടകരായ ഷാർജാ ബുക്ക് അതോറിറ്റിയെ കുറിച്ചും ലോകത്തിലെ തന്നെ നിരവധി എഴുത്തുകാരെയും പ്രസാധകരെയും മനുഷ്യസ്നേഹികളെയും ബിസിനസ്സുകാരെയും അക്ഷരസ്നേഹികളെയും ഒക്കെ കുറിച്ച് പ്രതിപാദിക്കുന്നു. പുസ്തകം എഴുതിയത് ആറ്റിങ്ങൽ ചെമ്പൂര് സ്വദേശിയായ ശ്രീജിഷ് ശാരദ ശ്രീകണ്ഠൻ നായരാണ്.
ഇളമ്പ ഹൈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ ആ എഴുത്തുകാരന്റെ പുസ്തകം ആദ്യമായിട്ടാണ് യു എ ഇയ്ക്ക് പുറത്ത് പ്രകാശനം ചെയ്യപ്പെടുന്നത്. പഠിച്ച സ്കൂളിൽ നടന്ന ആ ചടങ്ങ് അധ്യാപകരും സഹപാഠികളും സഹപ്രവർത്തകരും നാട്ടുകാരും ബന്ധുമിത്രാദികളെയും കൊണ്ടൊരു സൗഹൃദസംഗമവേദിയായി മാറി.
2026 മാർച്ച് 22, ഞായറാഴ്ച ഇളമ്പ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം അധ്യക്ഷത നിർവഹിച്ചു. പ്രശസ്ത നാടക സംവിധായകനും അഭിനേതാവുമായ വക്കം ഷക്കീർ പുസ്തകം ശ്രീ വൈഭവലക്ഷ്മിക്ക് നൽകികൊണ്ട് പ്രകാശനം നിർവഹിച്ചു.
സുലേഖ, സുഭാഷ്, രാജേന്ദ്രൻ നായർ, സുധീർ, ഷിലു, ബിനു എൽ എസ്, സുമേഷ്, ബിന്ദു കാർത്തികേയൻ, സന്തോഷ്, അരുൺ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. തുടർന്ന് എഴുത്തുകാരൻ ശ്രീജിഷ് പുസ്തകത്തിനെകുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചുകൊണ്ട് ആ ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.


by Midhun HP News | Mar 23, 2026 | Latest News, കേരളം
കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്. അപ്പീലില്‍ അന്തിമ ഉത്തരവിന് വിധേയമായിട്ടായിരിക്കും സ്‌റ്റേ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
കമ്പനി നിയമത്തിന്റെ ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്. മകനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംഎന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരെയാണ് ഭാരവാഹിത്വത്തില്‍ നിന്നും സിംഗിള്‍ ബെഞ്ച് അയോഗ്യരാക്കിയത്.
ഇതിനെതിരെയാണ് വെള്ളാപ്പള്ളി നടേശനും കൂട്ടരും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. കേസില്‍ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നു മാസത്തിനകം മറുപടി സമര്‍പ്പിക്കാനാണ് നിര്‍ദേശം. ജൂണ്‍ 20 ന് അപ്പീലില്‍ വിശദമായ വാദം കേള്‍ക്കുമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വെള്ളാപ്പള്ളി നടേശനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്.
അപ്പീല്‍ പരിഗണിക്കവെ, വെള്ളാപ്പള്ളി നടേശനെതിരെ ഹൈക്കോടതി ചില നിരീക്ഷണങ്ങളും നടത്തി. എസ്എന്‍ഡിപിയോഗത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി വെള്ളാപ്പള്ളി നടേശന്‍ ഏഴുവര്‍ഷം വിളിച്ചു ചേര്‍ത്തില്ല. ഇനി ഇങ്ങനെ മുന്നോട്ടു പോകാനാകില്ല. മൂന്നു വര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അയോഗ്യത സ്വാഭാവികമല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. സ്വാഭാവിക അയോഗ്യത പ്രകാരം 2020 മുതല്‍ ഡയറക്ടര്‍മാരായി തുടരാനാകില്ലല്ലോ?. 2026ലെ തെരഞ്ഞെടുപ്പിലല്ലേ മത്സരിക്കാനാകൂ എന്നും കോടതി ചോദിച്ചിരുന്നു.


by Midhun HP News | Mar 23, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഉടലെടുത്ത പാചകവാതക പ്രതിസന്ധിയുടെ രൂക്ഷത കുറയ്ക്കാന്‍ നീക്കവുമായി എണ്ണ കമ്പനികള്‍. വീടുകളില്‍ ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറുകളില്‍ നിറക്കുന്ന പാചകവാതകത്തിന്റെ അളവ് കുറച്ച് പ്രതിസന്ധി കുറയ്ക്കാനാണ് എണ്ണ കമ്പനികള്‍ ശ്രമിക്കുന്നത്.
നിലവില്‍ വീടുകളില്‍ 14.2 കിലോ സിലിണ്ടര്‍ ആണ് ഉപയോഗിക്കുന്നത്. അതായത് ഒരു സിലിണ്ടറില്‍ 14.2 കിലോ പാചകവാതകമാണ് നിറയ്ക്കുന്നത്. സിലിണ്ടറില്‍ നിറയ്ക്കുന്ന എല്‍പിജിയുടെ അളവ് 10 കിലോയായി കുറച്ച് കൂടുതല്‍ പേരിലേക്ക് സിലിണ്ടര്‍ എത്തിക്കാനാണ് എണ്ണ കമ്പനികള്‍ ലക്ഷ്യമിടുന്നത്.
തൂക്കം കുറക്കുന്നതിന് അനുസരിച്ച് വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് മൂന്നിലൊന്ന് തൂക്കമാണ് കുറയുന്നത്. ഇതിനനുസരിച്ച് വിലയിലും കുറവുണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക, വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടിയിരുന്നു. 14.2 കിലോ ഗ്രാം ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയുമാണ് കൂട്ടിയത്. സര്‍ക്കാരിന്റെ അനുമതി വാങ്ങിയ ശേഷം നിറയ്ക്കുന്ന അളവില്‍ കുറവു വരുത്താനാണ് കമ്പനികള്‍ ആലോചിക്കുന്നത്.
കമ്പനികളുടെ കണക്കനുസരിച്ച്, ഒരു ശരാശരി കുടുംബത്തിന് 14.2 കിലോഗ്രാം സിലിണ്ടര്‍ 35-40 ദിവസമാണ് വേണ്ടി വരുന്നത്. 10 കിലോഗ്രാം ആക്കിയാല്‍ ഏകദേശം ഒരു മാസത്തേക്ക് ഉപയോഗിക്കാന്‍ കഴിയും. അതേസമയം, എല്‍പിജി ബുക്കിങ് ഇടവേള 25ല്‍ നിന്ന് 45 ദിവസമായി വര്‍ധിപ്പിച്ചിരിക്കുകയാണ്.
അളവ് കുറയ്ക്കുന്നതിനോപ്പം ബുക്കിങ് ഇടവേള കുറച്ചില്ലെങ്കില്‍ 10 കിലോ ഗ്യാസ് സിലിണ്ടര്‍ 45 ദിവസം ഉപയോഗിക്കേണ്ടിവരും. ഇത് പ്രതിസന്ധി രൂക്ഷമാക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. അളവുകുറക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബോട്ട്‌ലിങ് പ്ലാന്റുകളില്‍ തൂക്ക സംവിധാനം പുനഃക്രമീകരിക്കണം. അളവ് കുറച്ചത് സംബന്ധിച്ച് പുതിയ സ്റ്റിക്കര്‍ സിലിണ്ടറുകളില്‍ പതിക്കുകയും ചെയ്യും. വില ആനുപാതികമായി കുറയ്ക്കുമെന്നും കമ്പനി അധികൃതര്‍ പറയുന്നു. പ്രതിദിനം 93,500 ടണ്‍ എല്‍പിജിയാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. ഇതില്‍ 80,400 ടണ്‍ അഥവാ 86 ശതമാനവും വീടുകള്‍ക്കും ബാക്കി 14 ശതമാനം വാണിജ്യ ആവശ്യത്തിനുമാണ് ഉപയോഗിക്കുന്നത്.


by Midhun HP News | Mar 23, 2026 | Latest News, ദേശീയ വാർത്ത
ഗള്‍ഫ് മേഖലയിലെ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. സാധാരണ നിരക്കിനെ അപേക്ഷിച്ച് ഇരട്ടിയിലധികം തുകയാണ് ഇപ്പോള്‍ പല വിമാന കമ്പനികളും ഈടാക്കുന്നത്.
ഷെഡ്യൂള്‍ ചെയ്ത നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് പ്രത്യേക അനുമതിയോടെ കുറച്ച് സര്‍വീസുകള്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്നത്. ഇത്തരം സര്‍വീസുകള്‍ ചെലവേറിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്.
കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്കാണ് നിരക്കില്‍ ഏറ്റവും കൂടുതല്‍ വര്‍ധന ഉണ്ടായത്. മുമ്പ് 10,000 മുതല്‍ 15,000 രൂപ വരെയായിരുന്ന ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ 25,000 മുതല്‍ 30,000 രൂപ വരെയാണ് നല്‍കേണ്ടത്. അതുപോലെ തന്നെ സംഘര്‍ഷം രൂക്ഷമായ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകളും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്കും നിലവിലെ സാഹചര്യത്തില്‍ വിമാന സര്‍വീസുകള്‍ നടത്തുന്നതിനുള്ള ചെലവും കൂടിയതും നിരക്ക് വര്‍ധനയ്ക്ക് കാരണമായി. ഇതോടെ ഉംറ തീര്‍ഥാടകരും വലിയ പ്രതിസന്ധിയിലാണ്. മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകളില്‍ യാത്ര സാധ്യമാകാത്തതിനാല്‍ ദിവസങ്ങളോളം കാത്തிருந்து ലഭ്യമായ വിമാനങ്ങള്‍ ആശ്രയിച്ചാണ് പലരും നാട്ടിലെത്തുന്നത്.
ഇത്തരം സാഹചര്യത്തില്‍ പുതിയ ടിക്കറ്റുകള്‍ക്ക് അധിക തുക നല്‍കേണ്ടിവരുന്നതിനാല്‍ നേരത്തെ നിശ്ചയിച്ച പാക്കേജിനേക്കാള്‍ ഓരോ തീര്‍ഥാടകര്‍ക്കും 10,000 മുതല്‍ 20,000 രൂപ വരെ അധിക ചെലവ് വരുന്നു. വിസ കാലാവധി കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളും നിരക്ക് വര്‍ധനയുടെ തിരിച്ചടിയിലാണ്.
സാധാരണയായി ഏപ്രില്‍, മെയ് മാസങ്ങളിലെ അവധിക്കാല തിരക്കിനെ തുടര്‍ന്ന് നിരക്കുകള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും ഇത്തവണത്തെ കുത്തനെ വര്‍ധനയ്ക്ക് പ്രധാന കാരണം ഗള്‍ഫ് മേഖലയിലെ സംഘര്‍ഷമാണെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍.


by Midhun HP News | Mar 23, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേരള സര്‍ക്കാരിനെതിരെ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍. കേരളത്തിന് അനുവദിച്ച പണം സ്വീകരിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 311. 95 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ പണം പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ പോലും ലഭിച്ചിട്ടില്ലെന്ന് നിര്‍മല സീതാരാമന്‍ ലോക്‌സഭയെ അറിയിച്ചു.
കോണ്‍ഗ്രസിലെ മാണിക്കം ടോഗോറിന്റെ ചോദ്യത്തിന് മറുപടിയായാണ് കേരളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രമന്ത്രി മറുപടി നല്‍കിയത്. പണം അനുവദിക്കുന്നത് ഒരു വിഷയം. ആ പണം ലഭിക്കുന്നതിനു വേണ്ടി അപേക്ഷ നല്‍കുക എന്ന പ്രക്രിയ കൂടിയുണ്ട്. അതിനുപോലും കേരള സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
കേരളത്തിനായി 311.95 കോടി രൂപയാണ് നീക്കിവെച്ചത്. ഇതില്‍ വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് അപകടസാധ്യത കുറയ്ക്കാനുള്ള പദ്ധതിക്കായി 72 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്ത് കാട്ടുതീ തടയല്‍ പദ്ധതിക്കായി 17. 73 കോടിയും അനുവദിച്ചിരുന്നു. തിരുവനന്തപുരത്തിനായി നഗരത്തിലെ പ്രളയസാധ്യത തടയാനുള്ള പദ്ധതിക്കായി 222 .22 കോടി രൂപയും അനുവദിച്ചു.
എന്നാല്‍ അനുവദിച്ച ഈ പണമൊന്നും പിന്‍വലിക്കാന്‍ കേരളസര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും കേന്ദ്ര ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നു എന്ന ആരോപണത്തിനിടെയാണ്, കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.


by Midhun HP News | Mar 23, 2026 | Latest News, കായികം
മറ്റൊരു ഐപിഎല്‍ സീസണ്‍ കൂടി വരവായി. ഇത്തവണ ആരാധകര്‍ ഉറ്റു നോക്കുന്ന കൂടുമാറ്റങ്ങളിലൊന്ന് സഞ്ജു സാംസന്റേതാണ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. ധോണി-സഞ്ജു കോമ്പോ ഒരുമിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.
ഇതിനിടെ സഞ്ജുവിനെ വാനോളം പുകഴ്ത്തുന്ന നടന്‍ ശിവകാര്‍ത്തികേയന്റെ വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. ഞായറാഴ്ച ചെപ്പോക്കില്‍ നടന്ന ആരാധക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ശിവ. താരം സഞ്ജുവിനെക്കുറിച്ച് താരം സംസാരിക്കാന്‍ തുടങ്ങിയതും ആരാധകരില്‍ നിന്നും വന്‍ കരഘോഷമാണ് ഉയര്‍ന്നത്.
”ഈ ടീമില്‍ നമ്മളെ ആവേശം കൊള്ളിക്കുന്ന ഒന്ന് കൂടി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ആരാണത്?” എന്ന് ശിവ പറഞ്ഞതും ഗ്യാലറിയില്‍ നിന്നും ആര്‍പ്പുവിളികള്‍ ഉയരുകയായിരുന്നു. ചെപ്പോക്ക് സ്റ്റേഡിയമാകെ സഞ്ജു…സഞ്ജു എന്ന ആര്‍പ്പുവിളികളാല്‍ നിറയുമ്പോള്‍ ശിവ സഞ്ജുവിനെ ചേട്ടാ ന്നെ് വിളിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു.


Recent Comments