by Midhun HP News | Jan 15, 2026 | Latest News, കേരളം
പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിലെ പരാതിക്കാരിക്കെതിരെ വീണ്ടും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍. 2024 ല്‍ ബലാത്സംഗം ചെയ്തു എന്നു പറയുന്ന ആളെ 2025 ഒക്ടോബറില്‍ ഒറ്റയ്ക്ക് കാണണമെന്ന് പറയുന്നതിന്റെ ലോജിക് എന്താണെന്ന്, രാഹുലിന്റെ സുഹൃത്തായ ഫെന്നി സമൂഹമാധ്യമക്കുറിപ്പില്‍ ചോദിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
‘രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്, മുഖ്യധാര മാധ്യമങ്ങള്‍ അവസരം നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. ഒരു കാര്യത്തിന്റെ ഇരുവശവും പറയാനുള്ള അവസരം നിഷേധിച്ച മാധ്യമങ്ങളുടെ സമീപനം ശരിയാണോയെന്ന് അവര്‍ പരിശോധിക്കട്ടെ. ഫെയ്‌സ്ബുക്ക് പോസ്റ്റിനു ശേഷം കടുത്ത സൈബര്‍ ആക്രമണമാണ് ഇടതുകേന്ദ്രങ്ങളില്‍ നിന്നും നേരിട്ടതെന്നും’ ഫെന്നി നൈനാന്‍ പറയുന്നു.
‘രണ്ടുമാസം മുന്‍പ്, രാഹുല്‍ എംഎല്‍എയെ കാണാന്‍ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാന്‍ നോക്കി. നിര്‍ബന്ധം സഹിക്കവയ്യാതെ വന്നപ്പോള്‍ പാലക്കാട് ഓഫീസില്‍ ചെന്നാല്‍ കാണാം എന്ന് പറഞ്ഞപ്പോള്‍ അത് പോര സ്വകാര്യത വേണം എന്നാണ് പറഞ്ഞത്. രാഹുലിനെ ഫ്‌ലാറ്റില്‍ കാണാം എന്നും മൂന്ന് നാല് മണിക്കൂര്‍ എങ്കിലും സമയം വേണം എന്നും പരാതിക്കാരി പറഞ്ഞു. ഫ്‌ലാറ്റില്‍ രാത്രിയാണെങ്കിലും കണ്ടാല്‍ മതിയെന്ന് അവര്‍ പറഞ്ഞു. ഫ്‌ലാറ്റില്‍ അസൗകര്യം ആണെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഒരു ഡ്രൈവ് പോകണം എന്നും, എംഎല്‍എ ബോര്‍ഡ് വച്ച വണ്ടി വേണ്ട അവര്‍ വരുന്ന വണ്ടി മതി എന്നും അവര്‍ എന്നോട് പറഞ്ഞു’. ഫെന്നി നൈനാന്‍ കുറിപ്പില്‍ പറയുന്നു.
ഫെന്നി നൈനാന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
രാഹുൽ എംഎൽഎയുടെ വിഷയത്തിൽ എൻ്റെ പേര് പരാതിക്കാരി പരാതിയിൽ പറഞ്ഞെന്ന് ഞാൻ മാധ്യമങ്ങളിലൂടെ അറിഞ്ഞു. തുടർന്ന് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പറയാൻ മുഖ്യധാര മാധ്യമങ്ങൾ ആരും സ്പേസ് തരാതെ ഇരുന്നപ്പോൾ ഞാൻ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞു. ഒരു കാര്യത്തിൻ്റെ രണ്ട് വശവും പറയാൻ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങൾക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവർ പരിശോധിക്കട്ടെ.
തുടർന്ന് ഞാൻ ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടതിന് ശേഷം എനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഇടത് കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. എന്നെയും എൻ്റെ കുടുംബത്തെയും വരെ ആക്രമിക്കുന്നു. അപ്പൊൾ കാര്യങ്ങൾ ഒന്നുകൂടി വിശദമാക്കാം എന്ന് കരുതുന്നു.
എന്നോട് സംസാരിച്ചിരുന്നതിന്റെ അവസാന കാലത്ത് , അതായത് രണ്ട് മാസം മുൻപ് , രാഹുൽ എംഎൽഎയെ കാണാൻ പരാതിക്കാരി പലവട്ടം എന്നോട് അവസരം ചോദിച്ചു. പലവട്ടം ഒഴിവാക്കാൻ നോക്കി. നിർബന്ധം സഹിക്കവയ്യാതെ വന്നപ്പോൾ പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി എന്നോട് പറഞ്ഞു. ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എംഎൽഎ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു.
2024 ഏപ്രിലിൽ ബലാത്സംഗം ചെയ്തു എന്ന് അവർ പറയുന്ന ആളിനെ , 2025 ഒക്ടോബറിൽ ” I prefer his flat , safe place, night aayalum kuzhappamilla” എന്നു അവർ പറഞ്ഞതിൻ്റെ തെളിവുകൾ എൻ്റെ കയ്യിലുണ്ട്. അങ്ങനെ അവർ പറഞ്ഞത് അറിയാവുന്നത് കൊണ്ടാണ് അവർ ബലാത്സംഗ പരാതി പറഞ്ഞത് അത്ഭുതപ്പെടുത്തി എന്ന് ഞാൻ പറഞ്ഞത്.
2024ൽ മൂന്ന് മണിക്കൂർ ബലാത്സംഗം ചെയ്ത ആളെ 2025 ഒക്ടോബറിൽ അതേ മൂന്ന് മണിക്കൂർ ഒറ്റയ്ക്ക് കാണണം എന്ന് പറയുന്നതിൻ്റെ ലോജിക് എന്താണ് ?
എല്ലാവർക്കും ബോധ്യമാകാൻ വേണ്ടി ഞാൻ ആ സ്ക്രീൻ ഷോട്ടുകൾ ഇവിടെ പങ്ക് വയ്ക്കുന്നു.
by Midhun HP News | Jan 15, 2026 | Latest News, കേരളം
കൊല്ലം: കൊല്ലത്തെ സായി ( സ്‌പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു, പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്ദപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. രാവിലെ അഞ്ചുമണിയോടെ പ്രാക്ടീസിന് പോകാന്‍ വേണ്ടി വാര്‍ഡനും മറ്റു വിദ്യാര്‍ത്ഥിനികളും വന്ന് വിളിച്ചിട്ടും വാതില്‍ തുറന്നില്ല.
തുടര്‍ന്ന് വാതില്‍ ബലമായി തള്ളിത്തുറന്നപ്പോഴാണ് രണ്ടു ഫാനുകളില്‍ തൂങ്ങിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ഹോസ്റ്റലിലെത്തി. അന്വേഷണം നടത്തിവരുന്നതായി പൊലീസ് അറിയിച്ചു.
by Midhun HP News | Jan 15, 2026 | Latest News, കേരളം
മണമ്പൂരിലെ പ്രശസ്ത ഗായകൻ മണമ്പൂർ രഘു(60) അന്തരിച്ചു.ദീർഘ നാളായി അസുഖ ബാധിതനായിരുന്നു.90- കളിൽ തിരുവനന്തപുരം സരിഗ, ആലപ്പുഴ ക്ലാപ്സ് തുടങ്ങിയ നിരവധി ഗാനമേള ട്രൂപ്പുകളിലെ പ്രധാന ഗായകരിൽ ഒരാളായിരുന്നു. 1997- ൽ അദ്ദേഹം പാടി പുറത്തിറങ്ങിയ ” വിശ്വ ശരണമന്ത്രം ” എന്ന ഭക്തിഗാന കേസ്സെറ്റ് ഏറെ ജനപ്രീതി നേടിയതായിരുന്നു. തുടർന്ന് എം. ജി. ശ്രീകുമാർ പാടി പുറത്തിറങ്ങിയ ചക്കുളം കാരുണ്യ ദേവി, മണലേത്ത് ഗീതം തുടങ്ങിയ ഭക്തിഗാനങ്ങളുടെ സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. ചിത്ര, മാർക്കോസ്, മഞ്ജരി എന്നിവർക്ക് വേണ്ടിയും ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള അദ്ദേഹം ആകാശ വാണിയിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
സംസ്ക്കാര ചടങ്ങുകൾ മടത്തറയിലെ സ്വവസതിയിൽ വെച്ച് നാളെ(16/1/26) വൈകുന്നേരം 4 മണിക്ക് നടക്കും.
by Midhun HP News | Jan 15, 2026 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്ത് കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പതിനൊന്ന് വയസുകാരന് ദാരുണാന്ത്യം. അന്തോണി-സ്മിത ദമ്പതികളുടെ മകൻ അഖിലാണ് മരിച്ചത്. പൂന്തുറയിലെ കടപ്പുറത്ത് കളിക്കുന്നതിനിടയായിരുന്നു അപകടം. വെള്ളത്തിലേക്ക് പോയ പന്തെടുക്കാൻ പോകുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. തിരയിൽ പെട്ട കുട്ടിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
by Midhun HP News | Jan 15, 2026 | Latest News, കേരളം
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ കോർട്ട് സെന്റർ യൂണിറ്റിന്റെ ആഭിമൂഖ്യത്തിൽ വായ് മൂടി കെട്ടി സമരം നടത്തി.അഭിഭാഷക സംരക്ഷണ നിയമം പാസാക്കുക,അഭിഭാഷക ക്ഷേമനിധി 30 ലക്ഷമായി ഉയർത്തുക,അഭിഭാഷകർക്ക് പെൻഷൻ സ്കീം നടപ്പാക്കുക, അഭിഭാഷക ക്ഷേമനിധി തട്ടിപ്പിൽ പങ്കാളികളായവർ എല്ലാവരെയും പ്രതികളാക്കുക,ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപ്പൻഡ് ഏർപ്പെടുത്തുക,അന്യായമായി വർദ്ധിപ്പിച്ച കോർട്ട് ഫീ പിൻവലിക്കുക തുടങ്ങിയ 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് ആറ്റിങ്ങൽ കോടതി കോംപ്ലക്സിൽ പ്രതിഷേധം നടത്തിയത്.ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ.ഷിഹാബുദീൻ കുറിയേടത്ത് അധ്യക്ഷത വഹിച്ചു. കെ പി സി സി അംഗവും മുതിർന്ന അഭിഭാഷകനുമായ അഡ്വ. ആറ്റിങ്ങൽ ജയകുമാർ പ്രതിഷേധ പരിപാടി ഉത്ഘാടനം ചെയ്തു. .സെക്രട്ടറി അഡ്വ. ലിഷാ രാജ് സ്വാഗതം ആശംസിച്ചു അഭിഭാഷകരും ILC വിവിധ ഘടകങ്ങളിൽ നേത്യ സ്ഥാനം വഹിക്കുന്ന അഭിഭാഷകരുമായ നഗരൂർ ഗോപിനാഥ്. . രാജേഷ്. ബി. നായർ, റസൂൽ ഷാൻ, വെള്ളല്ലൂർ ജയകുമാർ, ഷഹീർ, പെരുമാതുറ നിസാർ, പോത്തൻ കോട് ഷിജു, അലി അംബ്രു എന്നിവർ സംസാരിച്ചു.
by Midhun HP News | Jan 15, 2026 | Latest News
കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച 17കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനി പുതുജീവന്‍ നല്‍കുന്നത് നാലുപേര്‍ക്ക്. കണ്ണൂര്‍ പയ്യാവൂര്‍ ഇരുഡ് സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയായ അയോണ മോന്‍സണിന്റെ (17) ബന്ധുക്കളാണ് അവയവദാനത്തിന് സമ്മതം അറിയിച്ചത്. അയോണയുടെ രണ്ട് വൃക്കകളും കരളും കോര്‍ണിയയുമാണ് ദാനം ചെയ്യുന്നത്.
തിങ്കളാഴ്ചയാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്നാണ് അയോണയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. തലശേരിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ചികിത്സയിലുള്ള നാലുപേര്‍ക്കാണ് അയോണയുടെ അവയവങ്ങള്‍ ദാനം ചെയ്തത്.
ഇതില്‍ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. യാത്രാ വിമാനം വഴിയാണ് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് യാത്ര വിമാനം വഴി അവയവം എത്തിച്ചത്. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് അവയവവുമായി തിരുവനന്തപുരത്തേയ്ക്ക് പറന്നത്. 27 വയസുള്ള പാറശാല സ്വദേശിയായ യുവതിക്കാണ് വൃക്ക ദാനം ചെയ്യുന്നത്. കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രണ്ടാഴ്ച മുന്‍പ് ജോലിക്ക് കയറിയ കോര്‍ഡിനേറ്റര്‍ നമിതയാണ് വൃക്കയുമായി തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സിലാണ് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോയത് എന്ന് നമിത പറയുന്നു. അവിടെ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. വിമാനത്തിലെ ജീവനക്കാര്‍ എല്ലാ സൗകര്യവും ഒരുക്കി തന്നതായും നമിത മാധ്യമങ്ങളോട് പറഞ്ഞു.
അയോണയുടെ രണ്ടാമത്തെ വൃക്ക കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് വച്ചുപിടിപ്പിക്കും. കരളും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിക്കാണ് കൈമാറിയത്. കോര്‍ണിയ തലശേരിയിലെ രോഗിക്ക് നല്‍കും.
Recent Comments