ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ആറാം ഉത്സവ ദിന (മാർച്ച് 18) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ആറാം ഉത്സവ ദിന (മാർച്ച് 18) പരിപാടികൾ

ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ ആറാം ഉത്സവ ദിനമായ മാർച്ച് 18ന് പതിവു പൂജകളെ തുടർന്ന് ഉച്ചയ്ക്ക് 11നുഉത്‌സവബലി ദർശനം, വൈകുന്നേരം 4നു ഓട്ടൻതുള്ളൽ, 5നു സ്പെഷ്യൽ നാദസ്വരം, തുടർന്ന് തിരുവാതിര / കൈകൊട്ടിക്കളി, 6.45നു ഹിന്ദു മത സമ്മേളനം, രാത്രി 9.30നു നൃത്തോത്സവം മെഗാഷോയും നടക്കും.

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ ‘കേരള എൽപിജി സപ്ലൈ’ ട്രാക്കറുമായി അധികൃതർ

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ ‘കേരള എൽപിജി സപ്ലൈ’ ട്രാക്കറുമായി അധികൃതർ

കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുള്ള ​ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സു​ഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ. വിതരണത്തിലെ മുൻ​ഗണനാ ക്രമം നിശ്ചയിക്കുന്നതിന് ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപപ്പെടുത്തു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോ​ഗസ്ഥരുടെയും ഇന്ധനകമ്പനി പ്രതിനിധികളുടെയും യോ​ഗത്തിലാണ് തീരുമാനം.

കേരള എൽപിജി സപ്ലൈ ട്രാക്കർ

സിലിണ്ടർ വിതരണം നിരീക്ഷിക്കുന്നതിന് ‘കേരള എൽപിജി സപ്ലൈ ട്രാക്കർ’ എന്ന പേരിൽ ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. ഈ പോർട്ടലിലൂടെ ഇന്ധനകമ്പനികൾക്കും വിതരണക്കാർക്കും ഉപഭോക്താക്കൾക്കും വിവരങ്ങൾ അറിയാൻ കഴിയും. ആവശ്യകത കണക്കിലെടുത്ത് വാണിജ്യ സിലിണ്ടറുകളുടെ ഉത്പാദനം വർധിപ്പിക്കാനും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

പാചകവാതക വിതരണത്തിലെ ക്രമക്കേട് തടയാൻ കർശന നടപടികളാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. എറണാകുളം ജില്ലയിലെ ഏഴ് താലുക്കുകളിലായി ഒൻപതു പ്രത്യേക സ്ക്വാഡുകളെ പരിശോധനയ്ക്കായി നിയോ​ഗിച്ചിട്ടുണ്ട്.മുൻ​ഗണന ആർക്കൊക്കെ

ആശുപത്രികൾ, സ്കൂളുകൾ, സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങൾ എന്നിവർക്ക് സിലിണ്ടർ വിതരണത്തിൽ മുൻ​ഗണന നൽകും. ലൈസൻസില്ലാതെ 100 കിലോ​ഗ്രാമിലധികം പാചകവാതകം സൂക്ഷിക്കുന്നത് കുറ്റകരമാണ്. ​

ഗാർഹിക സിലിണ്ടർ വാണിജ്യാവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. അവധി ദിവസങ്ങളിൽ ഉൾപ്പെടെ ജില്ലാ-താലൂക്ക് സപ്ലൈ ഓഫീസുകളിൽ പ്രത്യേക മോണിറ്ററിങ് സെല്ലുകൾ പ്രവർത്തിക്കും.

ഇറാന് കനത്ത തിരിച്ചടി: ‘അലി ലാരിജാനിയെ കൊലപ്പെടുത്തി’; അവകാശവാദവുമായി ഇസ്രയേല്‍

ഇറാന് കനത്ത തിരിച്ചടി: ‘അലി ലാരിജാനിയെ കൊലപ്പെടുത്തി’; അവകാശവാദവുമായി ഇസ്രയേല്‍

ജറുസലേം: ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനിയെ ഇസ്രായേല്‍ സൈന്യം രാത്രി നടത്തിയ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി.

റെവല്യൂഷണറി ഗാര്‍ഡിന്റെ സന്നദ്ധപ്രവര്‍ത്തകനായ ബാസിജ് സേനയുടെ തലവനായ ഘോലം റെസ സുലൈമാനിയെയും കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചു. ഫെബ്രുവരി 28 ന് ടെഹ്‌റാനിലെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ബങ്കര്‍ ബസ്റ്റര്‍ ബോംബ് ആക്രമണത്തിലാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. അന്ന് ടെഹ്‌റാനിലുടനീളം വന്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായും മുപ്പതോളം കേന്ദ്രങ്ങളില്‍ ആക്രമണം നടന്നു. യുഎസിന്റെയും ഇസ്രയേലിന്റെയും 200 യുദ്ധവിമാനങ്ങളാണ് ഇറാനിലെമ്പാടും ആക്രമണം നടത്തിയത്.

കുഞ്ഞിന്റെ പ്രായം ഘടകമല്ല, മറ്റേണിറ്റി ലീവ് ദത്തെടുക്കുന്ന അമ്മയുടെ അവകാശം: സുപ്രീം കോടതി

കുഞ്ഞിന്റെ പ്രായം ഘടകമല്ല, മറ്റേണിറ്റി ലീവ് ദത്തെടുക്കുന്ന അമ്മയുടെ അവകാശം: സുപ്രീം കോടതി

ന്യൂഡല്‍ഹി: മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കു മാത്രമേ പ്രസവാവധിക്ക് അര്‍ഹതയുള്ളൂവെന്ന നിയമ വ്യവസ്ഥ സുപ്രീം കോടതി അസാധുവാക്കി. ദത്തെടുക്കുന്ന അമ്മയ്ക്ക് പന്ത്രണ്ട് ആഴ്ച പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്നും അതില്‍ കുഞ്ഞിന്റെ പ്രായം ഘടകമല്ലെന്നും ജസ്റ്റിസുമാരായ ജെബി പര്‍ദിവാലയും ആര്‍ മഹാദേവനും വ്യക്തമാക്കി.

പ്രസവാവധിക്ക് കുഞ്ഞിന്റെ പ്രായം നിബന്ധനായി നിശ്ചയിക്കുന്ന സോഷ്യല്‍ സെക്യൂരിറ്റി കോഡിലെ 60 (4) വകുപ്പ് ഭരണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദത്തെടുക്കുക എന്നത് പ്രത്യുത്പാദനാവകാശത്തിന്റെ ഭാഗമാണ്. അതിനു നിയമത്തില്‍ നിബന്ധന വയ്ക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

കുഞ്ഞുങ്ങളെ നോക്കുന്നതിന് അച്ഛന് നല്‍കുന്ന അവധി (പറ്റേണിറ്റി ലീവ്) സോഷ്യല്‍ സെക്യൂരിറ്റി കോഡിന്റെ ഭാഗമാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

മൂന്നു മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്കു മാത്രം മറ്റേണിറ്റി ലീവിന് അനുമതി നല്‍കുന്ന നിയമ വ്യവസ്ഥ ചോദ്യം ചെയ്ത് അഭിഭാഷകയായ ഹംസനന്ദിനിയാണ് കോടതിയെ സമീപിച്ചത്.

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി, മത്സരിക്കാനാകില്ല

കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് കനത്ത തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആന്റണി രാജുവിന്റെ അയോഗ്യത തുടരും. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കുക ലക്ഷ്യമിട്ടാണ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവു കൂടിയായ ആന്റണി രാജു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്നു വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്നും, അതിനാല്‍ ശിക്ഷ മരവിപ്പിക്കണമെന്നും, അപ്പീലില്‍ തുടര്‍ന്ന് വാദം കേള്‍ക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തന്റെ പ്രായം കണക്കിലെടുക്കണമെന്നും, വീണ്ടും മത്സരിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്നും ഹര്‍ജിയില്‍ ആന്റണി രാജു വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ജസ്റ്റിസ് സി ജയചന്ദ്രന്റെ ബെഞ്ച് അംഗീകരിച്ചില്ല. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയും തള്ളിയിരുന്നു. മയക്കുമരുന്നു കേസില്‍പ്പെട്ട വിദേശപൗരനെ രക്ഷിക്കാന്‍ വേണ്ടി, അഭിഭാഷകനായിരുന്ന ആന്‍റണി രാജു തൊണ്ടി മുതലായ പ്രതിയുടെ ജട്ടിയില്‍ തിരിമറി നടത്തിയെന്നാണ് കേസ്.

‘ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും’; സണ്‍റൈസേഴ്‌സിനെതിരെ സുനില്‍ ഗാവസ്‌കര്‍

‘ആ പണം ഇന്ത്യക്കെതിരെയുള്ള ആയുധങ്ങളാകും’; സണ്‍റൈസേഴ്‌സിനെതിരെ സുനില്‍ ഗാവസ്‌കര്‍

ലണ്ടന്‍: ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ടൂര്‍ണമെന്റായ ‘ദ ഹണ്ട്രഡ്’ ലേലത്തില്‍ പാകിസ്ഥാന്‍ സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെ സണ്‍ റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ഒന്നേമുക്കാല്‍ കോടിയിലധികം രൂപയ്ക്കാണ് (1.90 ലക്ഷം പൗണ്ട്) അബ്രാറിനെ ടീമിലെടുത്തത്. എന്നാല്‍ പാക് താരത്തെ ടീമിലെത്തിച്ചതില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

ഇന്ത്യന്‍ കമ്പനികളുടെ നിയന്ത്രണത്തിലുള്ള വിദേശ ക്രിക്കറ്റ് ഫ്രാഞ്ചൈസികള്‍ പാകിസ്ഥാന്‍ താരങ്ങളെ വാങ്ങുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍.

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഐപിഎലില്‍ പാക് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, വിദേശ ലീഗിലാണെങ്കിലും ഒരു ഇന്ത്യന്‍ ഫ്രാഞ്ചൈസി പാക് താരത്തെ വാങ്ങിയത് ശരിയായ നടപടിയല്ലെന്ന് ഗാവസ്‌കര്‍ വിമര്‍ശിച്ചു.

‘2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഐപിഎലില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസികള്‍ പാക്ക് താരങ്ങളെ വാങ്ങാറില്ല. പാക്കിസ്ഥാനി താരങ്ങളുടെ വരുമാനത്തില്‍നിന്നാണ് അവര്‍ സര്‍ക്കാരിലേക്ക് ടാക്‌സ് അടക്കുന്നത്. ഈ നികുതിപ്പണം ഉപയോഗിച്ച് പാക് സര്‍ക്കാര്‍ ആയുധങ്ങള്‍ വാങ്ങുന്നു. ഇത് പരോക്ഷമായി ഇന്ത്യന്‍ സൈനികരുടെയും സാധാരണക്കാരുടെയും മരണത്തിലേക്കു നല്‍കുന്ന സംഭാവനയാകും. അതുകൊണ്ടു തന്നെ പാക്ക് താരങ്ങളെയും കലാകാരന്‍മാരെയും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുത്താറില്ല. അതിപ്പോള്‍ ഇന്ത്യന്‍ കമ്പനിയാണോ, ഇന്ത്യക്കാരന്റെ വിദേശ കമ്പനിയാണോ എന്നതല്ല, ഇന്ത്യക്കാരനായ ഉടമ നല്‍കുന്ന പണം ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുകയാണ്.

സണ്‍റൈസേഴ്‌സ് ലീഡ്‌സിന്റെ കോച്ച് ഡാനിയല്‍ വെറ്റോറി ന്യൂസീലന്‍ഡുകാരനാണ്. അദ്ദേഹത്തിന് ഇതു മനസ്സിലാകണമെന്നില്ല. അതു കൊണ്ടായിരിക്കാം പാക് താരങ്ങള്‍ ടീമില്‍ വേണമെന്ന് താല്‍പര്യപ്പെടുന്നത്. പക്ഷേ ഇന്ത്യന്‍ ഉടമകള്‍ സാഹചര്യം മനസ്സിലാക്കണം. ഇന്ത്യക്കാരുടെ ജീവനേക്കാള്‍ വലുതാണോ കിരീടങ്ങള്‍ വിജയിക്കുന്നത്.’ ഗാവസ്‌കര്‍ ചോദിച്ചു.