തിരുവനന്തപുരത്ത് പത്ത് സിപിഎം സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും; ജോയിക്ക് പകരം പുതിയ ജില്ലാ സെക്രട്ടറി വരും

തിരുവനന്തപുരത്ത് പത്ത് സിപിഎം സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കും; ജോയിക്ക് പകരം പുതിയ ജില്ലാ സെക്രട്ടറി വരും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരെ മത്സരിപ്പിക്കാന്‍ സിപിഎം നേതൃതലത്തില്‍ ധാരണ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാത്. വര്‍ക്കല എംഎല്‍എ കൂടിയായ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി ജോയി വീണ്ടും മത്സരരംഗത്ത് എത്തുന്നതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആള്‍ വരും.

വിജയസാധ്യത കണക്കിലെടുത്താണ് സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് കൈമാറാനും യോഗത്തില്‍ തീരുമാനമായി. ഘടകകക്ഷികള്‍ക്ക് നല്‍കിയിരുന്ന കോവളം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങള്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും യോഗത്തില്‍ ചര്‍ച്ചയായി. അക്കാര്യത്തില്‍ ഇവിടെ തീരുമാനമെടുക്കാന്‍ കഴിയുന്നതല്ലെന്ന് എംവി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി. വി ജോയിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വീണ്ടും മത്സരിപ്പിക്കുന്നതിനോട് എംവി ഗോവിന്ദന്‍ വിയോജിപ്പ് അറിയിച്ചതായാണ് വിവരം.

കഴിഞ്ഞ തവണ ജില്ലയില്‍ മത്സരിച്ച 10 സീറ്റുകളിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആന്റണി രാജുവാണ് വിജയിച്ചത്. തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു അയോഗ്യനായ സാഹചര്യത്തിലാണ് സീറ്റ് ഏറ്റെടുക്കാനുള്ള സിപിഎമ്മിന്റെ നീക്കം. കഴിഞ്ഞ തവണ കോവളത്ത് ജനതാദള്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച നീലലോഹിതദാസ നാടാര്‍ കോണ്‍ഗ്രസിലെ എം വിന്‍സെന്റിനോട് പരാജയപ്പെട്ടിരുന്നു. സിപിഎം മത്സരിച്ചാല്‍ സീറ്റ് തിരികെ പിടിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

‘സുധയ്ക്ക് ആത്മഹത്യാ പ്രവണത, കുടുംബജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി’

‘സുധയ്ക്ക് ആത്മഹത്യാ പ്രവണത, കുടുംബജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി’

കൊച്ചി: വൈറ്റിലയില്‍ റെയില്‍വേ ട്രാക്കില്‍ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുടുംബജീവിതം തകര്‍ക്കുമെന്ന് സുധ പറഞ്ഞതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു വൈറ്റില പൊന്നുരുന്നി കണ്ടത്തില്‍ കെവി ഷാജി പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് സുധയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി മണിക്കൂറുകള്‍ക്കുള്ളിലാണ് പിടിയിലായത്.

സംഭവത്തില്‍ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മര്‍ദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. ഷാജിയും സുധയും ഏറെനാള്‍ സൗഹൃദത്തിലായിരുന്നുവെന്നും തന്റെ കുടുംബം തകര്‍ക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴിനല്‍കി.

സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. വാഹനത്തില്‍നിന്ന് പുറത്തിറങ്ങി റെയില്‍വേപാലത്തിനടുത്തേക്ക് നടന്നു. തുടര്‍ന്ന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ ഷാജിയുടെ ഫോണ്‍ സുധ എടുത്തെറിഞ്ഞു. ഇതില്‍ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സുധ തെറിച്ചു വീണത് തൊട്ടടുത്തുള്ള കരിങ്കല്ലിലേക്കായിരുന്നു. കരിങ്കല്ലില്‍ തലയിടിച്ച് ചോരവാര്‍ന്നു തുടങ്ങിയതോടെ സുധ കരയാന്‍ തുടങ്ങി. ഈ സമയത്ത് മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ ഷാജി സുധയുടെ മുഖത്ത് അമര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് സുധയുടെ ശരീരം റെയില്‍വേ പാളത്തില്‍ കൊണ്ടുപോയി ഇട്ടത്.

എന്നാല്‍ ട്രെയിന്‍ ഓടാത്ത പാളമായിരുന്നു ഇതെന്നതിനാല്‍ കൊലപാതകമാണെന്നു പൊലീസിന് വ്യക്തമായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തിയ സുധ അമ്മ അശ്വതിയോടൊപ്പം പൂത്തോട്ടയിലായിരുന്നു താമസം. ഹൈക്കോടതി മുന്‍ ജീവനക്കാരിയായ അശ്വതി വഴിയാണു മകള്‍ സുധയുമായി ഷാജി ബന്ധം സ്ഥാപിച്ചത്. മാനസിക വിഭ്രാന്തിയോടെ പെരുമാറിയിരുന്ന സുധ ഇടയ്ക്ക് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യം മുതലെടുക്കാനാണു സുധയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഷാജി ഇട്ടതെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിനു സമീപത്തു നിന്നു മൊബൈല്‍ ഫോണ്‍ ലഭിച്ചതും നിര്‍ണായകമായി. ഷാജി നടന്നുവരുന്നതും ഷര്‍ട്ടില്‍ രക്തംപറ്റിയതും സിസിടിവിയില്‍ ഉണ്ടായിരുന്നു. ഇവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയെ തിരിച്ചറിഞ്ഞു പ്രതിയിലേക്കു പൊലീസ് എത്തിയത്.

വൈഭവിന് 22 ലക്ഷത്തിന്റെ കാർ നൽകി ടാറ്റ; ലക്ഷങ്ങൾ വേറെയും സമ്മാനം

വൈഭവിന് 22 ലക്ഷത്തിന്റെ കാർ നൽകി ടാറ്റ; ലക്ഷങ്ങൾ വേറെയും സമ്മാനം

ന്യൂഡൽഹി: ഇന്ത്യയുടെ 14കാരന്‍ ‘വണ്ടര്‍ കിഡ്’ വൈഭവ് സൂര്യവംശിക്ക് 22 ലക്ഷം രൂപ വിലയുള്ള കാർ സമ്മാനമായി ലഭിച്ചു. ഐപിഎൽ 2025ലെ മികച്ച ബാറ്റിങ് പ്രകടനത്തിന് താരം “സ്ട്രൈക്കർ ഓഫ് ദി സീസൺ” പുരസ്‌കാരം ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആണ്

ടാറ്റ മോട്ടോഴ്‌സിന്റെ ‘കർവ്’ മോഡൽ കാർ ആണ് സമ്മാനമായി ലഭിച്ചത്. 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിന് പുറമെയാണ് വൈഭവിന് കാറും സമ്മാനമായി നൽകിയത്.

കഴിഞ്ഞ സീസണിൽ ഐപിഎല്ലിൽ അരങ്ങേറിയ താരം നിരവധി റെക്കോർഡുകളും സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു വൈഭവ്. 14 വയസും 23 ദിവസവും പ്രായമുള്ളപ്പോഴാണ് താരം രാജസ്ഥാൻ റോയൽസിന് വേണ്ടി കളത്തിലിറങ്ങിയത്.

ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തുകളിൽ നേടിയ സെഞ്ച്വറിയിലൂടെ ഐപിഎലിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമായി മാറുകയും, ഇതോടെ യൂസഫ് പത്താന്റെ റെക്കോർഡ് മറികടക്കുകയും ചെയ്തു.

അടുത്തിടെ നടന്ന ഐസിസി അണ്ടർ-19 ലോകകപ്പിലും വൈഭവ് തിളങ്ങിയിരുന്നു. ഇന്ത്യ കിരീടം നേടിയ ടൂർണമെന്റിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെറും 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ ഇന്നിങ്‌സാണ് കളിയുടെ ഗതി മാറ്റിയത്. അണ്ടർ-19 ലോകകപ്പിൽ 439 റൺസ് നേടിയ താരം ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ചും ടൂർണമെന്റിലെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 50 ലക്ഷം രൂപയുടെ പ്രത്യേക പാരിതോഷികം വൈഭവിന് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അണ്ടർ-19 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐ 7.5 കോടി രൂപയുടെ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ പത്താം ക്ലാസ് പരീക്ഷ എഴുതേണ്ടിയിരുന്ന താരം ക്രിക്കറ്റ് തിരക്കുകൾ കാരണം അത് ഉപേക്ഷിച്ചത് വലിയ വാർത്തയായിരുന്നു.

സൗജന്യ വൈ- ഫൈ കണ്ടാല്‍ ചാടിവീഴാറുണ്ടോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെടാം

സൗജന്യ വൈ- ഫൈ കണ്ടാല്‍ ചാടിവീഴാറുണ്ടോ?; ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ചതിക്കുഴിയില്‍ വീഴാതെ രക്ഷപ്പെടാം

യാത്രയുടെ ഇടവേളയില്‍ സൗജന്യ വൈ- ഫൈ കിട്ടുകയാണെങ്കില്‍ അത് പ്രയോജനപ്പെടുത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിപ്പോള്‍ വിമാനത്താവളത്തില്‍ ഫ്‌ലൈറ്റിന് വേണ്ടി കാത്തുനില്‍ക്കുന്ന സമയത്തായാലും കഫേയില്‍ ഇരിക്കുമ്പോഴായാലും സൗജന്യ വൈ-ഫൈ കിട്ടിയാല്‍ ചാടി വീഴും. ഫോണിലെ ഡേറ്റ തീരാതെ നോക്കാമല്ലോ എന്ന് കരുതിയാണ് എല്ലാവരും സൗജന്യ വൈ- ഫൈയുടെ പിന്നാലെ പോകുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പൊതു വൈ- ഫൈകള്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചിലയിടങ്ങളില്‍ ഹാക്കര്‍മാര്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്തെന്ന് വരാം. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗങ്ങള്‍ ഉണ്ട്. യാത്രയ്ക്കിടെ പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോള്‍ എങ്ങനെ സുരക്ഷിതമാകാമെന്ന് നോക്കാം.

1. സൈബര്‍ കുറ്റവാളികള്‍ പലപ്പോഴും ഔദ്യോഗിക പേരുകള്‍ക്ക് സമാനമായ വൈ-ഫൈ പേരുകള്‍ സൃഷ്ടിക്കാറുണ്ട്. ഒറ്റനോട്ടത്തില്‍ ഇത് ഔദ്യോഗിക പേരാണ് എന്ന് തോന്നിപ്പോകാം. നെറ്റ്വര്‍ക്കിന്റെ പേരിന് പകരം അതിന്റെ പെരുമാറ്റം നിരീക്ഷിക്കുക എന്നതാണ് വ്യാജന്മാരെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗം. ഒരു ഔദ്യോഗിക നെറ്റ്വര്‍ക്ക് അനാവശ്യ അനുമതികള്‍ ആവശ്യപ്പെടുകയോ, പരിചിതമല്ലാത്ത ലോഗിന്‍ പേജുകളിലേക്ക് റീഡയറക്ട് ചെയ്യുകയോ, അസാധാരണമാംവിധം സാവധാനത്തില്‍ ലോഡ് ചെയ്യുകയോ ചെയ്യില്ല. ഇത്തരത്തിലുള്ള പെരുമാറ്റം കണ്ടാല്‍ വ്യാജനാണ് എന്ന് ഉറപ്പിക്കാന്‍ സാധിക്കും.

2. ഫോണോ ലാപ്ടോപ്പോ മുമ്പ് കണക്ട് ചെയ്ത നെറ്റ്വര്‍ക്കുകളിലേക്ക് വീണ്ടും കണക്റ്റുചെയ്യാന്‍ താല്‍പ്പര്യം കൂടുതല്‍ കാണിച്ചെന്ന് വരാം. ആ നെറ്റ്വര്‍ക്കുകള്‍ മറ്റാരെങ്കിലും കബളിപ്പിച്ചിട്ടുണ്ടെങ്കില്‍ പോലും. ഓട്ടോ-ജോയിന്‍ ഫീച്ചര്‍ ഓഫാക്കുന്നത് ഫോണോ ലാപ്‌ടോപ്പോ പരിചിതമായ നെറ്റ്വര്‍ക്കിന്റെ വ്യാജന്‍ പതിപ്പിലേക്ക് വീഴുന്നില്ലെന്ന് ഉറപ്പാക്കാന്‍ സഹായിക്കും. ട്രെയിനുകളില്‍ കയറുമ്പോഴോ വിമാനത്താവളത്തില്‍ വച്ചോ പലപ്പോഴും സംഭവിക്കുന്ന ഓട്ടോ ജോയിന്‍ തടയാന്‍ ഇത് സഹായിക്കും.

3. ഉപയോഗിക്കാത്തപ്പോഴും പല ആപ്പുകളും ഇന്റര്‍നെറ്റുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. ഏത് നെറ്റ്വര്‍ക്കിലായാലും നിശബ്ദമായി ഡാറ്റ കൈമാറുന്നു സാഹചര്യം ഉണ്ടാവാറുണ്ട്. ഡാറ്റ-നിയന്ത്രണ അല്ലെങ്കില്‍ പ്രൈവസി ഫയര്‍വാള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് അത്തരം കമ്മ്യൂണിക്കേഷന്‍ തടയാന്‍ സഹായിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ, മനഃപൂര്‍വ്വം തുറക്കുന്ന ആപ്പുകള്‍ മാത്രമേ ഓണ്‍ലൈനില്‍ ആശയവിനിമയം നടത്തുകയുള്ളൂ. വിശ്വസനീയമല്ലാത്ത നെറ്റ്വര്‍ക്കിലൂടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ഇത് സഹായകമാകും.

സൗഹൃദം ഭീഷണിയായപ്പോൾ ക്രൂരമായ കൊലപാതകം; റെയിൽവേ ട്രാക്കിൽ മൃതദേഹം തള്ളിയത് ട്രെയിൻ തട്ടി മരിച്ചെന്ന് വരുത്താൻ; പ്രതി കുടുങ്ങിയത് ഇങ്ങനെ

സൗഹൃദം ഭീഷണിയായപ്പോൾ ക്രൂരമായ കൊലപാതകം; റെയിൽവേ ട്രാക്കിൽ മൃതദേഹം തള്ളിയത് ട്രെയിൻ തട്ടി മരിച്ചെന്ന് വരുത്താൻ; പ്രതി കുടുങ്ങിയത് ഇങ്ങനെ

കൊച്ചിയിൽ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു. വൈറ്റിലയിൽ റെയിൽപ്പാളത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. മുൻ ഹൈക്കോടതി ജീവനക്കാരനായ ഷാജി (62) ആണ് കേസിലെ പ്രതി. സുധ ബേബി (45) എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്.

ദീർഘകാലമായി സുധയും ഷാജിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ ഈ ബന്ധം വീട്ടിൽ അറിയിക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. സുധയെ ഒഴിവാക്കാൻ തീരുമാനിച്ച ഷാജി, കൊലപാതകം നടത്താൻ തന്നെ പദ്ധതിയിടുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചെ സുധയെ കാറിൽ വൈറ്റില ഫ്‌ലൈഓവറിന് താഴെ എത്തിച്ച ഷാജി, പുറത്തിറങ്ങാൻ വിസമ്മതിച്ച സുധയെ ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

കൊലപാതകം ട്രെയിൻ തട്ടിയുള്ള അപകടമരണമാക്കി മാറ്റാൻ ഷാജി മൃതദേഹം റെയിൽവേ ട്രാക്കിലേക്ക് വലിച്ചിട്ടു. എന്നാൽ നിർഭാഗ്യവശാൽ, ഉപയോഗത്തിലില്ലാത്ത ട്രാക്കിലാണ് മൃതദേഹം ഇട്ടതെന്ന് പ്രതി അറിഞ്ഞിരുന്നില്ല. പിന്നീട് ഇതുവഴി കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിന് സമീപം മൃതദേഹം കണ്ട് അധികൃതരെ വിവരമറിയിച്ചത്.

സംഭവം നടന്നയുടനെ പൊലീസെത്തി നടത്തിയ പരിശോധനയിൽ തന്നെ മരണം ട്രെയിൻ തട്ടിയല്ലെന്ന് വ്യക്തമായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണും പരിസരത്തെ സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണ്ണായകമായത്. ഇരുവരും ഒരുമിച്ച് ട്രാക്കിന് സമീപത്തേക്ക് വരുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതുകൂടാതെ സാഹചര്യ തെളിവുകളും പ്രതിക്ക് വിനയായി.

മരട് പൊലീസ് അതിവേഗം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കുന്ന പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

ആലംകോട് ടാക്സി സ്റ്റാൻഡിന് സമീപം വാക്കേഴ്സ് ഫുട്‌വെയർ നടത്തുന്ന ബോബൻ(44) മരണപ്പെട്ടു

ആലംകോട് ടാക്സി സ്റ്റാൻഡിന് സമീപം വാക്കേഴ്സ് ഫുട്‌വെയർ നടത്തുന്ന ബോബൻ(44) മരണപ്പെട്ടു

ആറ്റിങ്ങൽ..ആലംകോട് ടാക്സി സ്റ്റാൻഡിന് സമീപം വാക്കേഴ്സ് ഫുട്‌വെയർ നടത്തുന്ന ബോബൻ (44) മരണപ്പെട്ടു.
പതിവുപോലെ ഇന്നലെ രാവിലെ വന്നു കട തുറന്നു ഉച്ചയ്ക്കുശേഷം ആറ്റിങ്ങൽ വൈശാഖ തിയേറ്ററിനു അടുത്തുള്ള വീട്ടിൽ ഊണ് കഴിക്കാൻ പോയി വൈകുന്നേരം തല കറങ്ങി വീണു ഉടൻതന്നെ കെ ടി സി ടി ആശുപത്രിയിൽ കൊണ്ടു വന്നു.. അവിടത്തെ ട്രീറ്റ്മെന്റ്ൽ ഇരിക്കുമ്പോൾ കാർഡിയാക്അ റസ്റ്റ്‌ വന്നു മരണപ്പെട്ടു..
കുടുംബം.. ഭാര്യ രണ്ടു മക്കൾ
ശവസംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ