by Midhun HP News | Oct 19, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,08,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുറഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. നിലവില്‍ ബാരലിന് 107 ഡോളറിന് മുകളിലാണ് എണ്ണവില. റഷ്യയ്ക്കെതിരെയുള്ള ഉപരോധത്തില്‍ അമേരിക്ക ഇളവ് പ്രഖ്യാപിച്ചതാണ് എണ്ണവില കുറയാന്‍ കാരണം.
അമേരിക്കന്‍ നടപടിയെ തുടര്‍ന്ന് കൂടുതല്‍ റഷ്യന്‍ എണ്ണ ആഗോള വിപണിയില്‍ എത്തും. ഇതാണ് വില കുറയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പണപ്പെരുപ്പ നിരക്ക് കൂടിയതോടെ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് തയ്യാറായിട്ടില്ല. പലിശനിരക്ക് കൂട്ടിയാല്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ യുഎസ് കേന്ദ്രബാങ്ക് കൂടുതല്‍ വ്യക്തത വരുത്താത്തതാണ് താല്‍ക്കാലികമായെങ്കിലും സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.


by Midhun HP News | Oct 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെ മറ്റ് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ (19/10/2026) ഉച്ചയ്ക്ക് 02.30 മുതൽ 20/10/2026 രാവിലെ 08.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് (19/10/2026) രാവിലെ 08.30 മുതൽ 20/10/2026 രാവിലെ 08.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

by Midhun HP News | Oct 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 6199 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 13 രാവിലെ 7 മണിമുതല്‍ 17 രാവിലെ 7 മണിവരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പിപി. വിജയന്റെ നിര്‍ദ്ദേശപ്രകാരം സോണ്‍ ഐ.ജിമാര്‍, റെയ്ഞ്ച് ഡി.ഐ.ജിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിവിധ യൂണിറ്റുകളെ സംഘടിപ്പിച്ച് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം റൂറലിലാണ്, 710 കേസുകള്‍. തിരുവനന്തപുരം റൂറലില്‍ 497 ഉം കോട്ടയത്ത് 456 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കാസര്‍കോട് ജില്ലയിലാണ്, 75 കേസുകള്‍.

മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും പ്രധാന കാരണമാകുന്നുവെന്നും വാഹന പരിശോധന തുടര്‍ദിവസങ്ങളിലും ഉണ്ടാകുമെന്നും എഡിജിപി പി. വിജയന് അറിയിച്ചു.
ഓപ്പറേഷന് തൂഫാന്
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14308 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 139 കേസുകളിലായി 144 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13270 ആയി. ഇതുവരെ 27264.012 ഗ്രാം എം.ഡി.എം.എയും 1796.307 കി.ഗ്രാം കഞ്ചാവും 664.846 ഗ്രാം ഹെറോയിനും 7238.972 ഗ്രാം ഹാഷിഷ് ഓയിലും 777.159 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 79 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് 14 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് 2 കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 44 കേസുകളും കോട്പ പ്രകാരം 99 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 142.096 ഗ്രാം എം.ഡി.എം.എയും 14.030 കി.ഗ്രാം കഞ്ചാവും 13.74 ഗ്രാം ഹെറോയിനും 488 ഗ്രാം ഹാഷിഷ് ഓയിലും 1 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്.

by Midhun HP News | Oct 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് പ്രമാണിച്ച് ദക്ഷിണ റെയില്‍വേ കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകളോടിക്കും. തിരുവനന്തപുരം നോര്‍ത്ത് – മംഗളുരു ജങ്ഷന് സ്പെഷ്യല്‍ (06155) 20ന് രാത്രി 7. 40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9ന് മംഗളുരു ജങ്ഷനില്‍ എത്തും. മടക്ക ട്രെയിന്‍ (06156) 21ന് രാവിലെ 10.15ന് പുറപ്പെട്ട് രാത്രി 11.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. ആലപ്പുഴ വഴിയാണ് സര്‍വീസ്. രണ്ട് സെക്കന്‍ഡ് എസി, മൂന്ന് തേഡ് എ.സി, മൂന്ന് തേഡ് എ.സി ഇക്കോണി, സ്ലീപ്പര്‍ -6, ജനറല്‍ 4 എന്നിങ്ങനെയാണ് ട്രെയിനിലെ കോച്ചുകള്‍.

തിരുവനന്തപുരം നോര്‍ത്ത് – ചെന്നൈ താംബരം സ്പെഷ്യല്‍ 20ന് രാത്രി 8ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11ന് താംബരത്ത് എത്തും. മടക്ക ട്രെയിന്‍ (06163) 21ന് ഉച്ചയ്ക്ക് 2ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. നാഗര്‍കോവില്‍, മധുര, വില്ലുപുരം വഴിയാണ് സര്‍വീസ്, കോച്ചുകള്‍ : തേഡ് എ.സി: 16, സ്ലീപ്പര്‍ -2, ജനറല്‍-1. ട്രെയിനുകളില്‍ റിസര്‍വേഷന്‍ ആരംഭിച്ചു.



by Midhun HP News | Oct 19, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ജുഹുവില്‍ വെടിവയ്പില്‍ പരിക്കേറ്റ നടന് ടൈഗര്‍ ഷറോഫിനെ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സന്ദര്‍ശിച്ചു. ഞായാറാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ടൈഗര്‍ ഷറോഫിന്റെ വസതിയിലെത്തിയത്. കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ കുടിക്കാഴ്ചയില്‍ ഉപമുഖ്യമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു.

ടൈഗര്‍ ഷറോഫിന് നേരെ അഞ്ചുതവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്ന് നടനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഷിന്‍ഡെ പറഞ്ഞു. അദ്ദേഹത്തിന്റെ ഇടതുകൈക്ക് പരിക്കേറ്റതായും സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക് പറ്റിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, കൃത്യമായ ആസൂത്രണത്തോടെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ ഉപയോഗിച്ച ബൈക്ക് അന്ധേരി റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുംബൈ രജിസ്റ്റര്‍ ചെയ്ത ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകുന്നേരം ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറിന് നേരെ ആക്രമണമുണ്ടായത്. ടൈഗര്‍ ഷറോഫിന്റെ കാറിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മുംബൈയിലെ പുഷ്പ പാര്‍ക്കിലെ ഫുട്ബോള്‍ മൈതാനത്തുനിന്ന് നടന് തന്റെ കാറില്‍ യാത്രതിരിക്കവെ, രണ്ട് അക്രമികള്‍ കാറിന്റെ മുന്‍വശത്തെ ചില്ലിലൂടെയും വശങ്ങളിലൂടെയും അദ്ദേഹത്തിന് നേരെ തുടരെ വെടിയുതിര്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ കാറിന്റെ തൊട്ടടുത്തെത്തി പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവയ്ക്കാന്‍ ശ്രമിച്ച അക്രമിയുടെ തോക്ക് പ്രവര്‍ത്തനരഹിതമായത് വലിയ ദുരന്തം ഒഴിവാക്കി. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍, വെടിവയ്പ്പില്‍ പരുക്കേറ്റ കാര്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും കാണാം. ഈ സമയം, മൂന്നാമതൊരാള്‍ തയാറാക്കി നിര്‍ത്തിയിരുന്ന ബൈക്കില്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.
മറ്റു ചില ദൃശ്യങ്ങളില്‍, ടൈഗര്‍ ഷറോഫ് കാറിന്റെ മുന്‍വശത്തെ പാസഞ്ചര്‍ സീറ്റില്‍ കയറി അവിടെ നിന്ന് യാത്ര തിരിക്കുന്ന നിമിഷം, തൊട്ടുപിന്നാലെ ബൈക്കിലെത്തിയ സംഘം കാറിന് നേരെ അഞ്ച് തവണ വെടിയുതിര്‍ക്കുന്നതു കാണാം. ഡ്രൈവര്‍ ഫിര്ദൗസിന് പരുക്കേറ്റതോടെ ടൈഗര്‍ സ്വയം ഡ്രൈവിങ് സീറ്റിലേക്ക് മാറുന്നതാണ് മറ്റൊരു 14 സെക്കന്‍ഡ് വിഡിയോയിലുള്ളത്. കാറിലും റോഡിലും രക്തക്കറകള്‍ കാണാം. ‘ടൈഗര്‍, വേഗം കൊണ്ടുപോകൂ’ എന്ന് പരിക്കേറ്റ ഡ്രൈവറെ ചൂണ്ടിക്കാട്ടി ഒരു സ്ത്രീ നടനോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.


by Midhun HP News | Oct 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതിനുള്ള പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. 2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതി നിരക്ക് ഈ നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക.

ഇതിൽ നാലുവർഷവും സർച്ചാർജ് ഉണ്ടാകും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലും മറ്റ് വിഭാഗങ്ങൾക്ക് നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിലുമാണ് സർച്ചാർജ് കണക്കാക്കുക. വൈദ്യുതി ഉത്പാദനത്തിനുള്ള ചെലവിൽ ഇന്ധനവില വർധനമൂലമുണ്ടാകുന്ന അധികബാധ്യത ഈടാക്കാൻ നിലവിൽ മാസംതോറും ഇന്ധന സർച്ചാർജ് ചുമത്തുന്നുണ്ട്. ദീർഘകാല വൈദ്യുതിക്കരാറുകളിലെ അധികബാധ്യത മാത്രമാണ് ഇതുവരെ കണക്കാക്കിയിരുന്നതെങ്കിൽ, പുതിയ ചട്ടപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലെ അധിക ചെലവും ഉപഭോക്താക്കളിൽനിന്ന് ഈടാക്കാം. ഇതിന് കമ്മിഷന്റെ മുൻകൂർ അംഗീകാരം ആവശ്യമില്ല. എന്നാൽ, ശരാശരി വൈദ്യുതി വിലയുടെ നാലുശതമാനത്തിൽ കൂടുതൽ ഇന്ധന സർച്ചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും. അധികബാധ്യത വേഗത്തിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം ഈ ചട്ടം കൊണ്ടുവന്നത്.
വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയത്തിലും മാറ്റമുണ്ടാകും. നിലവിൽ വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെയായിരുന്ന പീക്ക് സമയം ഇനി രാത്രി 11.30 വരെ നീട്ടും. ഈ സമയത്ത് ഉയർന്ന നിരക്ക് ഈടാക്കാൻ കൂടുതൽ വിഭാഗങ്ങളിൽ സമയാധിഷ്ഠിത വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കാനും നയം നിർദേശിക്കുന്നു. രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയും കുറഞ്ഞ നിരക്ക് ഏർപ്പെടുത്തണമെന്നുമാണ് നിർദേശം. വൈദ്യുതി വിതരണച്ചെലവിന് അനുസരിച്ചായിരിക്കണം നിരക്ക് നിശ്ചയിക്കേണ്ടതെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും നയം വ്യക്തമാക്കുന്നു. ഗാർഹിക ഉപഭോക്താക്കളുടെ സ്ഥിരനിരക്ക് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്നും നിർദേശമുണ്ട്.

വീടുകളിൽ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം സ്ഥാപിച്ച് രാത്രിയിൽ അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നവർക്ക് പ്രോത്സാഹനകരമായ വില നൽകണമെന്നും പുതിയ നയം നിർദേശിക്കുന്നു. മുൻകാല നഷ്ടം നികത്താനുള്ള സർച്ചാർജ്, ഇന്ധനവിലയിലെ മാറ്റങ്ങൾക്കനുസരിച്ചുള്ള അധികബാധ്യത, പീക്ക് സമയത്തെ നിരക്ക് എന്നിവയെല്ലാം ഉപഭോക്താക്കളുടെ വൈദ്യുതി ചെലവിനെ ബാധിക്കാവുന്ന ഘടകങ്ങളാണ്. പുതിയ നയം 2027 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതോടെ വിവിധ ഉപഭോക്തൃ വിഭാഗങ്ങളിലെ നിരക്കുകളിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നത് നിർണായകമാകും.


Recent Comments