by Midhun HP News | Jan 6, 2026 | Latest News, കേരളം
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന സൂചന നല്‍കി രാഹുല്‍ ഈശ്വര്‍. മധ്യതിരുവിതാംകൂറിലെ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി ചോദിച്ചതായും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി. ചെങ്ങന്നൂര്‍, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്നാണ് ചോദിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കോണ്‍ഗ്രസിനുവേണ്ടി മല്‍സരിക്കാനുളള താല്‍പര്യമാണ് രാഹുല്‍ ഈശ്വര്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്.

വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു കോണ്‍ഗ്രസ് ജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സംസ്ഥാനത്തെ സാധാരണ മലയാളികളുടെ ആഗ്രഹമാണിതെന്നും കേരളത്തിനും അതാണ് നല്ലതെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഐക്യമാണ് തന്റെ ലക്ഷ്യം. അതാണ് തന്റെ വസ്ത്രധാരണത്തിലുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പുരുഷന്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാളിയെന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇതിന്റെ പേരില്‍ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ ജയില്‍വാസവും അനുഭവിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത വീണ്ടും പരാതി നല്‍കിയിട്ടുണ്ട്.

ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം മേധാവി പൂങ്കുഴലിക്ക് നല്‍കിയ പരാതി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് കൈമാറിയിരിക്കുകയാണ്. ഇതേ നതുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.

by Midhun HP News | Jan 6, 2026 | Latest News, കേരളം
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സമൂഹ മാധ്യമം വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടും കോടതി തേടും. കേസില്‍ തിങ്കളാഴ്ചയാണ് രാഹുൽ ഈശ്വർ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തിരുവനന്തപുരം സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ.
ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുള്ളതിനാലാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജനുവരി നാലിന് തന്റെ യുട്യൂബ് ചാനലില്‍ രാഹുല്‍ അപ്‍ലോഡ് ചെയ്ത വിഡിയോക്കെതിരെ അതിജീവിത രംഗത്തു വന്നിരുന്നു. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് ഇവര്‍ പരാതിയും നല്‍കിയിരുന്നു. ഈ കേസിലെ അറസ്റ്റ് തടയാനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. വിഡിയോയില്‍ പറഞ്ഞത് വസ്തുത മാത്രമാണെന്നും അതിജീവിതയെ അപമാനിച്ചിട്ടില്ലെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നുമാണ് രാഹുലിന്റെ വാദം.
രാഹുല്‍ ഈശ്വര്‍ സാമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്നും ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നുമായിരുന്നു അതിജീവിതയുടെ പരാതി. രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ യുവതിയെ വിഡിയോയിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ നേരത്തെ റിമാന്‍ഡിലായിരുന്നു. 16 ദിവസത്തിന് ശേഷമാണ് അന്ന് ജാമ്യം ലഭിച്ചത്. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിനെ നവംബര്‍ 30 നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.
തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ രാഹുല്‍ ജയിലില്‍ നിരാഹാര സമരം ആരംഭിച്ചു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വര്‍ വീണ്ടും വിഡിയോ ചെയ്തതോടെയാണ് അതിജീവിത പരാതി നല്‍കിയത്.



by Midhun HP News | Jan 6, 2026 | Latest News, കേരളം
കല്ലമ്പലം: ജിഹാദും സന്ധ്യയും ഉടൻതന്നെ സത്യപ്രതിജ്ഞ ചെയ്യും. നാവായിക്കുളത്ത് കോൺഗ്രസ്സ് സമവായം. ഇടഞ്ഞ് നിന്നവർ ഒരുമിച്ചിരിക്കുന്നു എന്ന് തുറന്ന് പറച്ചിൽ. പരസ്പരം പോരടിച്ചവർ ഒരു കൊടിക്കീഴിൽ വീണ്ടും.
ഒത്തൊരുമിച്ചിരിക്കുന്നു എന്ന് നേതൃത്വം.
പാർട്ടി നേതൃത്വത്തിന്റെ മുൻ തീരുമാനപ്രകാരം ജിഹാദ് പഞ്ചായത്ത് പ്രസിഡണ്ടായും സന്ധ്യ വൈസ് പ്രസിഡണ്ട് ആയും ഏതാനും ദിവസങ്ങൾക്കകം തന്നെ സത്യപ്രതിജ്ഞ ചെയ്യും എന്നാണ് കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റിൽ നേതൃത്വം അറിയിച്ചിരിക്കുന്നത്.



by Midhun HP News | Jan 6, 2026 | Latest News, കായികം
ബെനോനി: 14കാരന്‍ വിസ്മയ ബാറ്റര്‍ വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് തുടരുന്നു. ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരായ ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഏകദിന പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറിയുമായി ടീമിന്റെ ജയം വളരെ പെട്ടെന്നാക്കിയാണ് താരം ക്രീസ് വിട്ടത്. തുടരെ രണ്ടാം മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര ഉറപ്പിക്കുകയും ചെയ്തു.
ആകെ 24 പന്തുകള്‍ മാത്രമാണ് മത്സരത്തില്‍ താരം നേരിട്ടത്. അടിച്ചെടുത്തത് 68 റണ്‍സ്! 10 സിക്‌സും ഒരു ഫോറും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഓടിയെടുത്തത് 4 റണ്‍സ് മാത്രം!
നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയ വൈഭവ് സൂര്യവംശി 19 പന്തില്‍ അര്‍ധ സെഞ്ച്വറിയില്‍ എത്തി. പിന്നാലെ രണ്ട് സിക്‌സും ഒരു ഫോറും ഒരു സിംഗിളും കണ്ടെത്തിയ താരം 24 പന്തില്‍ 68 റണ്‍സുമായി മടങ്ങി.മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് കൗമാരപ്പട 49.3 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി. എന്നാല്‍ പിന്നീട് കനത്ത മഴ പെയ്തതോടെ കളി മുടങ്ങി. മഴ മാറി മത്സരം പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയുടെ ജയം 27 ഓവറില്‍ 174 റണ്‍സായി പുനര്‍നിര്‍ണയിച്ചു.
ക്യാപ്റ്റന്റെ സ്‌ഫോടനാത്മക ബാറ്റിങ് കരുത്തില്‍ ഇന്ത്യ 23.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 176 റണ്‍സെടുത്ത് ജയം സ്വന്തമാക്കി. വൈഭവിനു പുറമെ വേദാന്ത് ത്രിവേദി (പുറത്താകാതെ 31), അഭിഗ്യാന്‍ കുണ്ടു (പുറത്താകാതെ 48) എന്നിവര്‍ ജയിക്കുമ്പോള്‍ ക്രീസില്‍ നിന്നു. മലയാളി താരം ആരോണ്‍ ജോര്‍ജ് 20 റണ്‍സുമായി മടങ്ങി.



by Midhun HP News | Jan 6, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ പോളിടെക്നിക് കോളേജിൻ്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന തുടർവിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA) കോഴ്സുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു.
വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി.
അപേക്ഷ ഫോറവും വിശദവിവരങ്ങളും പോളിടെക്നിക് കോളേജിന്റെ തുടർവിദ്യഭ്യാസ കേന്ദ്രത്തിലെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 12 .01. 2026
വിശദവിവരങ്ങൾക്ക്: ഫോൺ നമ്പർ : 6235557495 / 9447322865.
by Midhun HP News | Jan 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ രണ്ടാംവാരത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് റിപ്പോർട്ട്. കേരളത്തിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഭരണഘടനാപരമായ സമയപരിധി പ്രകാരം, മേയ് ഏഴിനുമുൻപായി കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി, കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ തിങ്കളാഴ്ച കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി പ്രാഥമിക ചർച്ച നടത്തി. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും പ്രത്യേകിച്ച് ക്രമസമാധാന പ്രശ്നങ്ങളുമാണ് യോഗത്തിൽ മുഖ്യമായി പരിഗണിച്ചത്.
കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ സിഇഒമാരാണ് ചർച്ചയിൽ പങ്കെടുത്തത്. സുരക്ഷാ സംവിധാനങ്ങൾ, പോളിങ് ക്രമീകരണങ്ങൾ, കേന്ദ്രസേനയുടെ വിന്യാസം തുടങ്ങിയ വിഷയങ്ങളിലാണ് വിശദമായ അവലോകനം നടന്നത്. 2023ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ കേന്ദ്രസേന അനുവദിക്കണമെന്ന് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ആവശ്യപ്പെട്ടു.
ഇതിന്റെ തുടർനടപടിയായി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിന്റെ നേതൃത്വത്തിൽ കമ്മിഷണർമാരായ ഡോ. സുഖ്‌വിന്ദർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ഫെബ്രുവരി ആദ്യവാരം അഞ്ച് സംസ്ഥാനങ്ങളിലും നേരിട്ടുള്ള പര്യടനം നടത്തും. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.



Recent Comments