by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
ഈ വർഷത്തെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് ജന നായകൻ. ഇതോടെ എന്നെന്നേക്കുമായി അഭിനയത്തോട് എന്നെന്നേക്കുമായി വിട പറയുകയാണ് വിജയ്. അതുകൊണ്ട് തന്നെ എല്ലാ അർഥത്തിലും ചിത്രം ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകരും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്.
മലയാളത്തിൽ നിന്ന് നടി മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ മമിതയുടെ കാരക്ടർ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം അത് ആഘോഷമാക്കുകയും ചെയ്തു. ഇപ്പോഴിതാ സംവിധായകൻ എച്ച് വിനോദ് മമിതയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നത്.
ആനന്ദ വികടന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മമിതയെ പരാമര്‍ശിച്ച് സംസാരിച്ചത്. “ജന നായകന്റെ സെറ്റില്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള താരമാണ് മമിത. കാണുമ്പോള്‍ മമിതയെ വളരെ ചെറുപ്പമായി തോന്നുമെങ്കിലും വളരെ സെന്‍സിബിള്‍ ആയിട്ടുള്ള അഭിനേത്രിയാണ്.
ചിത്രത്തില്‍ എന്റെയൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള എല്ലാ അഭിനേതാക്കളെയും വെച്ച് നോക്കിയാല്‍ എന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയിട്ടുള്ള താരമാണ് മമിത. ചിത്രത്തില്‍ ആക്ഷന്‍ രംഗവും അഭിനയ പ്രാധാന്യമുള്ള രംഗവും മമിത വളരെ മികച്ച രീതിയില്‍ ചെയ്തിട്ടുണ്ട്. ഒരു മലയാളിയായ അഭിനേതാവിന്റെ പ്രകടനത്തിനിടയില്‍ അവരുടെ ഭാഷ കയറി വരുന്നത് സ്വാഭാവികമായ കാര്യമാണ്. പക്ഷേ ചിത്രത്തിന്റെ ഇമോഷണല്‍ അപ്പീല്‍ നഷ്ടപ്പെടാത്ത രീതിയിലാണ് ഡബ്ബിങ്ങിലടക്കം മമിത പെര്‍ഫോം ചെയ്തിട്ടുള്ളത്”,- സംവിധായകന്‍ പറഞ്ഞു.
അതേസമയം ചിത്രത്തിൽ പൂജ ഹെഗ്ഡെ ആണ് നായികയായെത്തുന്നത്. കഴിഞ്ഞ ദിവസം മലേഷ്യയിൽ വച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലെ വിഡിയോകളൊക്കെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയിട്ടുണ്ട്. ജന നായകന് ക്ലാഷ് റിലീസായി ശിവകാര്‍ത്തികേയന്റെ പരാശക്തിയും ബിഗ് ബഡ്ജറ്റിലൊരുങ്ങിയ പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം രാജാ സാബും പൊങ്കലിന് തിയറ്ററിലെത്തുന്നുണ്ട്.



by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍ കുപ്പിവെള്ളം വാങ്ങാന്‍ കടകള്‍ തേടി യാത്രക്കാര്‍ അലയുന്നത് നിത്യസംഭവമാണ്. ഇത് ഒഴിവാക്കി യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പരിഷ്‌കാരം.
കുപ്പിവെള്ളം മൊത്തമായി വിതരണം ചെയ്യാന്‍ കമ്പനികളുമായുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. ഒരു കുപ്പിവെള്ളം വില്‍ക്കുമ്പോള്‍ രണ്ടു രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ ഡ്രൈവര്‍ക്കും നല്‍കും. ഉല്‍പ്പാദകരില്‍ നിന്ന് വാങ്ങുന്ന കുപ്പിവെള്ളം കെഎസ്ആര്‍ടിസിയുടെ ലേബലിലാണ് വിതരണം ചെയ്യുക. കുപ്പിവെള്ളം സൂക്ഷിക്കാന്‍ ഡ്രൈവര്‍ ക്യാബിനോട് ചേര്‍ന്ന് പ്രത്യേക സംവിധാനമൊരുക്കും. ഡ്രൈവര്‍ ഉപയോഗിക്കുന്ന കുപ്പിവെള്ളം സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.



by Midhun HP News | Jan 1, 2026 | Latest News, കേരളം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും 99,000ന് മുകളില്‍. ഇന്നലെ മൂന്ന് തവണകളായി 960 രൂപ കുറഞ്ഞ് 99,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് പവന് 120 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും 99,000ന് മുകളില്‍ എത്തിയത്. 99,040 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 12,380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 2240 രൂപ കുറഞ്ഞതോടെയാണ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ശനിയാഴ്ച 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.



by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
അവനവഞ്ചേരി എ. കെ. ജി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പതിമൂന്നാം വാർഡ് കൗൺസിലർ നയനാ അനീഷിനെ അനുമോദിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ ഡോ. സന്തോഷ് കുമാർ സ്വാഗതവും, ജോയിന്റ് സ്രെകട്ടറി സാഹിറ നന്ദിയും, ഡോ.അഭിലാഷ്, പ്രീത എന്നിവർ ആശംസകളുമർപ്പിച്ചു. എല്ലാ ഭരണ സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. വാർഡ് കൗൺസിലറായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ സ്വീകരണത്തിന് നയനാ അനീഷ് നന്ദി അറിയിച്ചു.



by Midhun HP News | Jan 1, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. വെള്ള കാര്‍ഡിന് കഴിഞ്ഞ മാസം അധിക വിഹിതം കൂടി ചേര്‍ത്ത് 10 കിലോ അരി ലഭിച്ചിരുന്നു. എന്നാല്‍ ഈ മാസം രണ്ടു കിലോ അരി മാത്രമാകും ലഭിക്കുക.
നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരി ജനുവരി മാസത്തില്‍ ലഭിക്കും. കഴിഞ്ഞ മാസം റേഷനു പുറമെ അധിക വിഹിതമായി 5 കിലോ അരി കൂടി ലഭിച്ചിരുന്നു. അതേസമയം വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2023 ഓഗസ്റ്റിനുശേഷം മുന്‍ഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ആദ്യമാണ്. അതത് താലൂക്കുകളിലെ ലഭ്യത അനുസരിച്ച് കാര്‍ഡ് ഒന്നിന് ഒന്നു മുതല്‍ രണ്ടു കിലോഗ്രാം വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കില്‍ ലഭിക്കും. എന്‍പിഐ കാര്‍ഡിന് പരമാവധി ഒരു കിലോഗ്രാം ആട്ടയാണ് ലഭിക്കുക.
സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് ഇന്നും ( ജനുവരി 1), മന്നം ജയന്തിയായ നാളെയും ( ജനുവരി -2) അവധിയായിരിക്കും. ജനുവരി മാസത്തെ റേഷന്‍ വിതരണം ശനിയാഴ്ച ആരംഭിക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലെ മണ്ണെണ്ണ വിഹിതവും ഈ മാസത്തെ റേഷനൊപ്പം വിതരണം ചെയ്യും.



by Midhun HP News | Jan 1, 2026 | Latest News
കൊച്ചി: പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മെസേജ് ചെയ്യുന്ന തിരക്കിലായിരിക്കും എല്ലാവരും. തിരിച്ചും ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരുടെ സന്ദേശങ്ങളാണ് ലഭിക്കുന്നത്. സ്വാഭാവികമായി വരുന്ന ഇത്തരം സന്ദേശങ്ങളില്‍ ചിലതില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്നാണ് ഐടി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ഫോണില്‍ പരിചയമുള്ളതും ഇല്ലാത്തതുമായ നമ്പറുകളില്‍നിന്ന് ‘ഹാപ്പി ന്യൂ ഇയര്‍’ എന്ന് ടൈപ്പ് ചെയ്ത സന്ദേശങ്ങളുടെ കുത്തൊഴുക്കായിരിക്കും വരും മണിക്കൂറുകളില്‍. ഇത്തരം സന്ദേശങ്ങള്‍ വരുമ്പോള്‍ ഒന്ന് ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. പുതുവത്സരാശംസകള്‍ എന്ന വ്യാജേനയുള്ള ലിങ്കുകള്‍ വഴി എപികെ ഫയലുകള്‍ അയച്ച് ഫോണ്‍ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായാണ് പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
പുതുവത്സരാശംസകളുടെയോ പുതുവത്സര സമ്മാന വാഗ്ദാനങ്ങളുടെയോ പേരിലാണ് സൈബര്‍ ക്രിമിനലുകള്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ അയച്ച് മുതലെടുക്കുന്നത്. എസ്എംഎസ്, വാട്‌സ്ആപ്പ്, സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകള്‍, ഇ- മെയില്‍ എന്നിവ വഴിയാണ് സന്ദേശങ്ങളയക്കുന്നത്. ഇതില്‍ ‘NewYear.apk’ എന്ന് പേരുള്ള സംശയാസ്പദമായ ലിങ്കുകളോ ഫയലുകളോ അടങ്ങിയിരിക്കും.
ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ എപികെ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്താല്‍ മൊബൈല്‍ ഫോണും സന്ദേശമയയ്ക്കുന്ന ആപ്പുകള്‍ ഉള്‍പ്പെടെയുള്ളവയും തട്ടിപ്പുകാരന്റെ നിയന്ത്രണത്തിലാകും. ഇതുവഴി തട്ടിപ്പുകാരന് വ്യക്തിഗത വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍ എന്നിവ ചോര്‍ത്താനും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പ്രവേശിക്കാനും സാധിക്കും. അപരിചിതമോ സംശയാസ്പദമോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും മെസേജിങ് ആപ്പുകള്‍ വഴി വരുന്ന എപികെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും സൈബര്‍ വിഭാഗം നിര്‍ദേശിക്കുന്നു.
Recent Comments