by Midhun HP News | Dec 20, 2025 | Latest News, ജില്ലാ വാർത്ത
പ്രിയ സുഹൃത്തിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി. ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി ശ്രീനിവാസന് അന്തിമോപരചാരമര്‍പ്പിക്കാന്‍ കണ്ടനാട്ടെ വീട്ടിലെത്തിയത്. മമ്മൂട്ടിയ്ക്കൊപ്പം രമേശ് പിഷാരടിയുമുണ്ടായിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയെ ആശ്വസിപ്പിക്കുന്ന സുല്‍ഫത്തിന്റെ ദൃശ്യങ്ങള്‍ നോവായി മാറുകയാണ്.
വളരെയധികം ആത്മബന്ധമുണ്ടായിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. ഒരുകാലത്ത് ഒരുമുറിയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അങ്ങനെയാണ് അവര്‍ സുഹൃത്തുക്കളാകുന്നത്. അതേസമയം മലയാള സിനിമയില്‍ ആദ്യമായി മമ്മൂട്ടിയുടെ ശബ്ദമായതും ശ്രീനിവാസനായിരുന്നു. മേള, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, വിധിച്ചതും കൊതിച്ചതും എന്നീ സിനിമകളില്‍ മമ്മൂട്ടിയ്ക്ക് ശബ്ദമായത് ശ്രീനിവാസനായിരുന്നു.
ജീവിതത്തിലുടനീളം തങ്ങളുടെ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവരാണ് മമ്മൂട്ടിയും ശ്രീനിവാസനും. തന്റെ വിവാഹത്തിന് മമ്മൂട്ടി സാമ്പത്തികമായി സഹായിച്ചതിനെക്കുറിച്ച് ശ്രീനിവാസന് ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. അതേസമയം, തനിക്ക് ആദ്യമായി പ്രതിഫലം തന്നത് ശ്രീനിവാസനാണെന്ന് മമ്മൂട്ടിയും പറഞ്ഞിട്ടുണ്ട്. മേളയില്‍ അഭിനയിച്ചതിന് പ്രതിഫലമായി 500 രൂപയുടെ ചെക്ക് മമ്മൂട്ടിയ്ക്ക് കൈമാറിയത് ശ്രീനിവാസനായിരുന്നു.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ശ്രീനിവാസന്റെ മരണം. 69 വയസായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇന്ന് വിരാമമായത്. നടന്, തിരക്കഥാകൃത്ത്, സംവിധായകന്, നിര്‍മാതാവ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭ. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി.
ശ്രീനിവാസന്റെ വേര്‍പാടിന്റെ വേദനയിലാണ് മലയാള സിനിമാലോകം. ”യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളില്‍ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചവര്‍ എന്ന നിര്‍വചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ.” എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.



by Midhun HP News | Dec 20, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഇന്‍ഷുറന്‍സ് തുക നേടിയെടുക്കാന്‍ അച്ഛനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മക്കള്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. തിരുവള്ളൂര്‍ പോത്താട്ടൂര്‍പേട്ടൈ സ്വദേശിയും ഗവ. സ്കൂളിലെ ലബോറട്ടറി അസിസ്റ്റന്റുമായി ഇപി ഗണേശ(56)നാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. കേസില്‍ ആണ്മക്കളായ മോഹന്‍രാജ്(26), ഹരിഹരന്(27) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഒക്ടോബറിലാണ് പാമ്പ് കടിയേറ്റ് മരിച്ചത്. വീട്ടില്‍വെച്ച് ഗണേശന് പാമ്പ് കടിയേറ്റെന്നായിരുന്നു വീട്ടുകാരുടെ മൊഴി. തുടര്‍ന്ന് അപകടമരണമായി പൊലീസ് കേസെടുക്കുകയുംചെയ്തു. എന്നാല്‍, ഗണേശന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് പോളിസിയുടെ ക്ലെയിം നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് മരണത്തില്‍ സംശയമുയര്‍ന്നത്.
ഗണേശന്റെ പേരില്‍ ഉയര്‍ന്ന തുകയുടെ ഒട്ടേറെ പോളിസികള്‍ എടുത്തിരുന്നതും വീട്ടുകാരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയുമാണ് ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ക്ക് സംശയത്തിനിടയാക്കിയത്. മരണം സംഭവിച്ച സാഹചര്യങ്ങളെക്കുറിച്ചും ഇന്‍ഷുറന്‍സ് അധികൃതര്‍ക്ക് സംശയംതോന്നി. ഇതോടെ ഇന്‍ഷുറന്‍സ് കമ്പനി തമിഴ്നാട് നോര്‍ത്ത് ഐജിക്ക് പരാതി നല്കി. മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. ഈ അന്വേഷണത്തിലാണ് ഇന്‍ഷുറന്‍സ് തുകയ്ക്കായി മക്കള്‍ തന്നെയാണ് ഗണേശനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്.
കൊലപാതകത്തിന് മുന്‍പായി പ്രതികള്‍ അച്ഛന്റെ പേരില്‍ മൂന്നുകോടിയോളം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരുന്നു. ഇതിനുശേഷമാണ് അച്ഛനെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാനുള്ള ശ്രമം ആരംഭിച്ചത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം സംഭവം അപകടമരണമായി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി ചില സഹായികള്‍ വഴി വിഷപ്പാമ്പുകളെ സംഘടിപ്പിച്ചു. ഗണേശന് പാമ്പ് കടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് പ്രതികള്‍ ആദ്യ കൊലപാതകശ്രമം നടത്തിയത്. മൂര്‍ഖനെ ഉപയോഗിച്ച് പിതാവിന്റെ കാലില്‍ കടിപ്പിച്ചെങ്കിലും മാരകമായി വിഷമേല്‍ക്കാത്തതിനാല്‍ കൊലപാതകശ്രമം പാളിപ്പോയി. തുടര്‍ന്ന് ഗണേശനെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ജീവന് രക്ഷിച്ചു.
ആദ്യശ്രമം പാളിയതോടെ ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന് പാമ്പിനെയാണ് ഇത്തവണ പ്രതികള്‍ എത്തിച്ചത്. തുടര്‍ന്ന് സംഭവദിവസം പുലര്‍ച്ചെ അച്ഛന് ഉറങ്ങുന്നതിനിടെ പാമ്പിനെക്കൊണ്ട് കഴുത്തില്‍ കടിപ്പിച്ചു. പിന്നീട് ഈ പാമ്പിനെ പ്രതികള്‍ തന്നെ അടിച്ചുകൊന്നു. അതേസമയം, പാമ്പ് കടിയേറ്റിട്ടും ഏറെ വൈകിയാണ് ഗണേശനെ മക്കള്‍ ആശുപത്രിയിലെത്തിച്ചതെന്നത് കൂടുതല്‍ സംശയത്തിനിടയാക്കി. സംഭവത്തില്‍ ഗണേശന്റെ രണ്ട് മക്കള്‍ക്ക് പുറമേ ഇവര്‍ക്ക് സഹായം നല്കിയ നാലുപേരെയും പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ട്.



by Midhun HP News | Dec 20, 2025 | Latest News, കേരളം
കൊച്ചി: മലയാളികളെ ചിരിപ്പിച്ചിച്ച് ചിന്തിപ്പിച്ച സിനിമാക്കാരനായിരുന്നു ശ്രീനിവാസന്. നര്‍മത്തിലൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയില്‍ പകര്‍ത്തിയ ശ്രീനിവാസന്റെ അന്ത്യം രാവിലെ എട്ടരയോടെയായിരുന്നു.
ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പില്‍ നടക്കും.
മരണ വിവരമറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവര്‍ ആശുപത്രിയിലേക്കെത്തി. മൂത്ത മകന് വിനീത് ശ്രീനിവാസന് ആശുപത്രിയിലെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ.ബാബു എംഎല്‍എ എന്നിവര്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തി. മുഖ്യമന്ത്രിയും സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയിലുണ്ട്. ഇരുവരും ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തും.
സിനിമയിലും ജീവിതത്തിലും വ്യത്യസ്തത കാത്തുസൂക്ഷിച്ചയാളാണ് ശ്രീനിവാസനെന്ന് അദ്ദേഹം പറഞ്ഞു.എല്ലാവരുമായും പ്രത്യേക സൗഹൃദം കാത്തുസൂസുഖിച്ചിരുന്നു. ജീവിതത്തില്‍ എന്നും ഹാസ്യം സൂക്ഷിച്ചിരുന്ന ആളാണ്. ഒരുപാട് അസുഖങ്ങളുടെ പിടിയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായും എന്നും നല്ല ബന്ധം സൂക്ഷിക്കാന്‍ കഴിഞ്ഞു. എത്രയോ വര്‍ഷത്തെ ജീവിതയാത്രയില്‍ ഒപ്പമുണ്ടായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാത്ത ദുഖമാണ് നല്‍കിയിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അടുത്ത കാലത്ത് അമൃത ആശുപത്രിയില്‍ പോയിരുന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല.
ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ഒന്നിച്ച് കടന്നുപോയിട്ടുണ്ട്. സിനിമാമേഖലയില്‍ നിന്നുള്ള ബന്ധമല്ല. ഒപ്പം പ്രവര്‍ത്തിക്കുന്ന നടന് എന്നതിലുപരി അദ്ദേഹത്തിന്റെ കുടുംബവുമായും ആഴത്തിലുള്ള ബന്ധമുണ്ട്. സമൂഹത്തിനോടുള്ള വിരോധാഭാസം എന്ന നിലയിലും, പല സാമൂഹ്യസാഹചര്യങ്ങളെ വിമര്‍ശിച്ചും ഒക്കെ പല സിനിമകളും ഒന്നിച്ച് ചെയ്യാന്‍ സാധിച്ചു. തമാശരൂപത്തില്‍ എത്ര പ്രധാനപ്പെട്ട കാര്യവും മനുഷ്യരിലെത്തിക്കാന്‍ ഒന്നിച്ച് സാധിച്ചിട്ടുണ്ടെന്നും അതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
by Midhun HP News | Dec 20, 2025 | Latest News, കേരളം
ശ്രീനിവാസന്റെ വേര്‍പാട് വലിയ വേദനയാണെന്ന് മോഹന്‍ലാല്‍. ഒരുപാട് വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ ഒരുമിച്ച് കടന്നു പോയവരാണ് തങ്ങളെന്നും മോഹന്‍ലാല്‍ എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏറെകാലം ഒരുമിച്ച് യാത്ര ചെയ്തവരാണ് തങ്ങളെന്നും മോഹന്‍ലാല്‍ തന്റെ പ്രിയ സുഹൃത്തിനെ ഓര്‍ത്തുകൊണ്ട് പറഞ്ഞു.
”രാവിലെയാണ് അറിഞ്ഞത്. ഡയാലിസിന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഈയ്യടുത്ത് ഞാനും ആ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോയപ്പോള്‍ അദ്ദേഹവും അവിടെ ഉണ്ടായിരുന്നു. പക്ഷെ കാണാന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം സര്‍ജറി കഴിഞ്ഞ് ഐസിയുവിലായിരുന്നു. ശ്രീനിവാസനെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഒരുപാട് ബന്ധമുള്ള ടീമായിരുന്നു ഞങ്ങളുടേത്. ഞാന്‍, ശ്രീനിവാസന്, പ്രിയദര്ശന്, സത്യന് അന്തിക്കാട്, ഇന്നസെന്റ് അവരൊക്കെ.. എന്നേക്കാളും കൂടുതല്‍ സമയം ശ്രീനി ചെലവിട്ടത് അവര്‍ക്കൊപ്പമായിരുന്നു” മോഹന്‍ലാല്‍ പറയുന്നു.
”നടന് എന്ന രീതിയില്‍ മാത്രമായിരുന്നില്ല ഞങ്ങളുടെ ബന്ധം. ഒരുപാട് വൈകാരികമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവുമായി ഒരുപാട് ബന്ധമുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും ഒരുപാട് ബന്ധമുണ്ട്. ഞങ്ങള്‍ ചേര്‍ന്ന് ചെയ്തിരിക്കുന്ന സിനിമകള്‍ സമൂഹത്തോടുള്ള സര്‍ക്കാസ്റ്റിക് ചോദ്യങ്ങള്‍ ചോദിച്ചതായിരുന്നു. കാണുമ്പോള്‍ തമാശപ്പടം ആയിരുന്നുവെങ്കിലും ഉള്‍ക്കാമ്പുള്ള സിനിമകളായിരുന്നു ശ്രീനി എഴുതിയിരുന്നത്.
ജീവിതത്തെ വളരെ വ്യത്യസ്തമായി കണ്ടിരുന്ന വ്യക്തിയായിരുന്നു ശ്രീനി. പ്രത്യേക സൗഹൃദം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്. ഹ്യൂമറിലൂടെ ജീവിച്ചയാളാണ്. നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമാണ്. കുറേക്കാലമായി അദ്ദേഹത്തിന് ഒരുപാട് അസുഖങ്ങളുണ്ടായിരുന്നു. അതില്‍ നിന്നെല്ലാം മാറി മാറി വരുന്ന സമയത്താണ് ഇത് സംഭവിച്ചത്.
എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. കുടുംബവുമായും വളരെ അടുത്ത ബന്ധമാണ്. ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്നത് ജീവിതത്തിന്റെ ഭാഗമാണ്. ഞാന്‍ പിണങ്ങാറില്ലെങ്കിലും. അത്തരം പിണക്കങ്ങള്‍ ജീവിതത്തിലെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നത്. എത്രയോ കാലത്തെ യാത്രയില്‍ കൂടെയുണ്ടായിരുന്ന ആളാണ്. അദ്ദേഹം പോകുമ്പോള്‍ പെട്ടെന്ന് എല്ലാം ഓര്‍ത്തെടുക്കാന്‍ പ്രയാസമുണ്ട്.” എന്നും മോഹന്‍ലാല്‍ പറയുന്നു.
by Midhun HP News | Dec 20, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. റെക്കോര്‍ഡുകള്‍ ഭേദിച്ച സ്വര്‍ണവില ഇന്നലെ പവന് 480 രൂപ കുറഞ്ഞെങ്കിലും ഇന്ന് വിലയില്‍ ചലനമില്ല. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 98,400 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപയും.
സംസ്ഥാനത്ത് സ്വര്‍ണവില 99,280 രൂപയിലെത്തി സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും വില കൂടിയും കുറഞ്ഞും വരുന്നതാണ് വിപണിയില്‍ കാണുന്നത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.
by Midhun HP News | Dec 20, 2025 | Latest News, കേരളം
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്ലി അര്‍പ്പിച്ച് സിനിമാ ലോകം. ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് നടന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.
ശ്രീനിവാസനൊപ്പം സമൂഹത്തിനുനേരെ ചോദ്യം ഉയര്‍ത്തിയ ഒരുപാട് സിനിമകള്‍ ഒന്നിച്ച് ചെയ്യാനായി. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളായിരുന്നു ശ്രീനിവാസന്. പ്രത്യേക സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളായിരുന്നു. വളരെയധികം ഹ്യൂമറിലൂടെ ജീവിച്ചയാളാണ് ശ്രീനിവാസന്. ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുള്ള കാര്യമാണ്. ഒരുപാട് അസുഖങ്ങള്‍ അലട്ടിയിരുന്നു. എപ്പോഴും സംസാരിക്കുകയും കാണുകയും ചെയ്യുമായിരുന്നു. ഞാന്‍ പിണങ്ങാറില്ലെങ്കിലും ഇണങ്ങുകയും പിണങ്ങുകയെന്നത് ജീവിതത്തിന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. അത്തരം പിണക്കങ്ങളെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നതെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.
എക്കാലത്തെയും മികച്ച എഴുത്തുകാരനും സംവിധായകനും നടനുമായ ഒരാള്‍ക്ക് വിട എന്നാണ് പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി! ഇതിഹാസത്തിന് നിത്യശാന്തി നേരുന്നു! എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്ന് നടി ഉര്‍വശി അനുസ്മരിച്ചു. ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസന്. മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്. ശ്രീനിയേട്ടന്റെ കുറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാന്‍ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുപോലെ ശ്രീനിയേട്ടന് ആരോഗ്യത്തോടെ ദീര്‍ഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ഈ വിടവാങ്ങല്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസന്. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓര്‍ക്കാന്‍ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. തന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ലെന്നും ഉര്‍വശി അനുസ്മരിച്ചു.
‘ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോള്‍ ആ ഗാനരംഗം സിനിമയില്‍ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു’ എന്ന് പറയുകയാണ് ഗായകന് ജി. വേണുഗോപാല്‍. ശ്രീനിവാസന്റെ സിനിമകളും തിരക്കഥകളും, മലയാള സിനിമ ഗവേഷണ വിദ്യാര്‍ഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ലെന്നും വേണുഗോപാല്‍ കുറിച്ചു.
വേണുഗോപാലിന്റെ പോസ്റ്റ്
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്തരിച്ചു. മലയാളത്തില്‍ ഹാസ്യനടനായി വന്ന് തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി തിളങ്ങിയ ബഹുമുഖപ്രതിഭ. ഞാന്‍ ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോള്‍ ആ ഗാനരംഗം സിനിമയില്‍ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു. (ഓടരുതമ്മാവാ ആളറിയാം) പില്ക്കാലത്ത് എന്റെ പ്രശസ്തമായ പല സിനിമ ഗാനങ്ങളുള്‍പ്പെടുന്ന സിനിമകളുടേയും തിരക്കഥയും ശ്രീനിയേട്ടന്റേതായിരുന്നു.
ആ കുടുംബത്തിലെ രണ്ടാം തലമുറയുമായുള്ള ബന്ധവും ദൃഢമാണ്. എന്റെ മകന് അരവിന്ദ്, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്ന സിനിമയുടെ സംവിധാന സഹായിയും അതിലെ സൂപ്പര്‍ ഹിറ്റായ ‘നഗുമോ’ എന്ന പാട്ടിന്റെ പിന്നണി ശബ്ദവുമായി ശ്രദ്ധിക്കപ്പെട്ടു.
ശ്രീനിവാസന് സിനിമകളും, തിരക്കഥകളും, ശ്രീനിയുടെ നര്‍മവും ഭാവിയില്‍ മലയാള സിനിമാ ഗവേഷണ വിദ്യാര്‍ഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ല. ശ്രീനിവാസനുമായുണ്ടായിരുന്നത് 43 വര്‍ഷത്തെ ദൃഢസൗഹൃദമാണെന്ന് നടനും എംഎല്‍എയുമായ എം. മുകേഷ്. എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമായിരുന്നു ശ്രീനിവാസന്റേത്. ഒരു തിരക്കഥ കിട്ടിയാല്‍ 10 ചോദ്യം അങ്ങോട്ട് ചോദിക്കും. അതിന് മറുപടി പറഞ്ഞാലേ സിനിമ നടക്കുകയുള്ളൂവെന്നും മുകേഷ് ഓര്‍മിച്ചു. ‘ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അത് ഈ വേളയിലായതില്‍ ദുഃഖമുണ്ട്. ഒരു ചെറിയ നീരസം പോലും 43 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പോലെ തന്നെയാണ് ചിരിയും’-മുകേഷ് പറഞ്ഞു.
നടന് ശ്രീനിവാസന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ഗതാഗത മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാര്‍. മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും ഈ വിടവ് ഒരിക്കലും മലയാളികള്‍ക്ക് നികത്താന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഞാനുമായി ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ, സഹോദരന്റെ വേര്‍പാട് വേദനയുണ്ടാക്കുന്നു. ലോകത്തിന്റെ ഏത് കോണില്‍ മലയാളികള്‍ ഉണ്ടോ അവരെല്ലാം ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓര്‍ക്കാതെ കടന്ന് പോകില്ലെന്നും മന്ത്രി പറഞ്ഞു.
നടന് ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന് ആന്റണി വര്‍ഗീസ് പെപ്പെ. സാധാരണക്കാരന്റെ വേഷത്തിലായാലും മൂര്‍ച്ചയുള്ള വിമര്‍ശകന്റെ വേഷത്തിലായാലും എഴുത്തുകാരനായും നടനായും അദ്ദേഹത്തിനുള്ള പ്രതിഭ പകരം വെക്കാനില്ലാത്തതാണെന്ന് പെപ്പെ കുറിച്ചു.
മലയാളസിനിമയില്‍ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭയാണ് ശ്രീനിവാസനെന്ന് സംവിധായകന് വിനയന് പറഞ്ഞു. ആക്ഷേപഹാസ്യത്തിന്റെ രൂപത്തില്‍ നടത്തിയ ചില സാമൂഹിക വിമര്‍ശനങ്ങള്‍ മലയാള സിനിമയും മലയാളവും ഉള്ളിടത്തോളം നിലനില്‍ക്കുമെന്നും വിനയന് പറഞ്ഞു.
അസുഖത്തിന്റെ പിടിയില്‍പ്പെട്ടപ്പോഴും ശ്രീനി തിരിച്ചുവരും എന്നുള്ള ചിന്തയിലായിരുന്നുവെന്നും വിനയന് പറഞ്ഞു. ‘ശ്രീനിക്ക് പകരം വേറൊരാളെ ചിന്തിക്കാന്‍ പോലും കഴിയില്ല. ഞാന്‍ സംവിധാനം ചെയ്ത ശിപായി ലഹള മുതലാണ് അദ്ദേഹവുമായുള്ള പരിചയം. അതിനുശേഷം നാലഞ്ചുസിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. ശ്രീനിയുടെ കഥകള്‍, കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയവയിലൂടെയൊക്കെ അദ്ദേഹത്തിന് സമൂഹത്തോട് പറയാനുള്ള കാര്യങ്ങള്‍ മുഖംനോക്കാതെ അവതരിപ്പിച്ചു.’-വിനയന് പറഞ്ഞു.
എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിവാസനെ കാണാന്‍ പോകാറുണ്ടായിരുന്നുവെന്ന് സത്യന് അന്തിക്കാട് പറഞ്ഞു.എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിവാസനെ കാണാന്‍ പോകുമായിരുന്നുവെന്നും വീട്ടില്‍ പോവുമ്പോള്‍ രാവിലെ തൊട്ട് വൈകുന്നേരം വരെ അവിടെ ഇരിക്കുമായിരുന്നുവെന്നും സത്യന് അന്തിക്കാട് പറഞ്ഞു. വീഴ്ചയ്ക്കുശേഷം ആരോഗ്യം ക്ഷയിച്ചതോടെ ശ്രീനിവാസന് മതിയായെന്ന് പറഞ്ഞിരുന്നുവെന്നും സത്യന് അന്തിക്കാട് ഓര്‍ക്കുന്നു.
സമൂഹത്തിലെ യാഥാര്‍ഥ്യങ്ങളെ നര്‍മബോധത്തിലൂടെ അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കമല്‍ പറഞ്ഞു. ശ്രീനിവാസന് എന്ന തിരക്കഥാകൃത്തിനെ താന്‍ ഏറെ ബഹുമാനിക്കുന്നുവെന്നും കമല്‍ അനുസ്മരിച്ചു.



Recent Comments