by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
മോഹലാലും താനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് എസ്എന്‍ സ്വാമി. മോഹന്‍ലാല്‍ തന്നോട് മോശമായി പെരുമാറിയെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നിവിന്‍ പോളി നായകനായ പ്രതിഛായയുടെ ട്രെയിലര്‍ ലോഞ്ചിന് മോഹന്‍ലാലും എസ്എന്‍ സ്വാമിയുമെത്തിയിരുന്നു. പരിപാടി കഴിഞ്ഞ പോകുന്നതിനിടെ മോഹന്‍ലാല്‍ എസ്എന്‍ സ്വാമിയോട് മോശമായി പെരുമാറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വിഡിയോയോട് പ്രതികരിക്കുകയായിരുന്നു എസ്എന്‍ സ്വാമി.
മനോരമ ഓണ്‍ലൈലിനോടായിരുന്നു എസ്എന്‍ സ്വാമിയുടെ പ്രതികരണം. സ്റ്റെപ്പിറങ്ങാന്‍ മോഹന്‍ലാല്‍ തന്നെ സഹായിക്കുകയാണ് ചെയ്തതെന്നാണ് എസ്എന്‍ സ്വാമി പറയുന്നത്. തന്നെ മോഹന്‍ലാല്‍ തള്ളി മാറ്റുന്ന തരത്തില്‍ ഫ്രെയിം അഡ്ജസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ കൊടുത്ത് ചീത്ത കമന്റുകള്‍ നേടി റീച്ച് കൂട്ടാന്‍ ആണ് അവര്‍ ശ്രമിക്കുന്നതെന്നും എസ്എന്‍ സ്വാമി പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ കണ്ടത് ഞാനും മോഹന്‍ലാലും തമ്മില്‍ എന്തോ പ്രശ്‌നം ഉണ്ടായി എന്ന വാര്‍ത്തകളാണ്. ഞാനും മോഹന്‍ലാലും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. വളരെ സ്‌നേഹത്തിലാണ് അവിടെ നിന്നും നിന്നും പിരിഞ്ഞത്. ഒരു വിശദീകരണത്തിന്റെ ആവശ്യം പോലുമില്ല. പോകാന്‍ ഇറങ്ങിയപ്പോള്‍ വലിയ തിരക്കായിരുന്നു. ഞങ്ങള്‍ അടുത്തടുത്ത് വന്നപ്പോള്‍ ശരീരത്തില്‍ കൈ വച്ച് തള്ളുന്നതുപോലെ കാണിച്ച് പ്രചരിപ്പിക്കുകയാണെന്നും ആ രീതിയില്‍ ഫ്രെയിം അഡ്ജസ്റ്റ് ചെയ്തതാണെന്നും സ്വാമി പറയുന്നു.
‘സ്വാമി ഞാനൊന്ന് പൊക്കോട്ടെ’ എന്നാണ് ലാല്‍ പറഞ്ഞത്, ‘അപ്പോഴേക്കും ഇങ്ങോട്ട് കയറി വന്നോ’ എന്ന ബാക്കി ഭാഗം പറഞ്ഞത് ക്യാമറയും കൊണ്ടു തിക്കി തിരക്കി വന്നവരോടാണ്. അതിനു ശേഷം ലാല്‍ എന്നെ പതിയെ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വരാന്‍ സഹായിക്കുകയാണ് ചെയ്തത്.” എന്നും എസ്എന്‍ സ്വാമി പറയുന്നു.
പ്രോഗ്രാമിന് കണ്ടപ്പോള്‍ ലാലുമായി കുറെ നേരം സംസാരിച്ചിരുന്നു. വെറുതെ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞുണ്ടാക്കുകയാണ്. ഇവരൊക്കെ എന്തറിഞ്ഞിട്ടാണ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ”മമ്മൂട്ടിയും ലാലും ഞാനുമൊക്കെ തമ്മില്‍ ഇക്കാലയളവില്‍ ഒരു മണ്‍തരിയുടെ അത്രയും അഭിപ്രായ വ്യത്യാസം പോലും ഉണ്ടായിട്ടില്ല. എന്തിനാണ് ആവശ്യമില്ലാതെ ഇങ്ങനെ പറയുന്നത് എന്ന് മനസിലാകുന്നില്ല. എന്ത് പറഞ്ഞാലും ഞങ്ങള്‍ക്കൊന്നും കുഴപ്പമില്ല, ലാലിനെയോ മമ്മൂട്ടിയെയോ എന്നെയോ കുറിച്ച് എന്ത് പറഞ്ഞാലും ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല” എന്നും അദ്ദേഹം പറയുന്നു.

”ഇങ്ങനെയുള്ള വാര്‍ത്തകള്‍ കൊടുത്ത് ചീത്ത കമന്റുകള്‍ നേടി റീച്ച് കൂട്ടാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്. ഒരു സിനിമ ഇറങ്ങിയാല്‍ എന്തൊക്കെ വാര്‍ത്തകളും കമന്റുകളും ആണ് ഇടുന്നത്. ഇന്നത്തെ കാലത്ത് ഇത്തരം പ്രവണതകള്‍ ആണ് കൂടുതല്‍. സോഷ്യല്‍ മീഡിയ മോശം കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്നവെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല” എന്നും അദ്ദേഹം പറഞ്ഞു.

by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറെയും എഎസ്‌ഐയെയും അടിയന്തരമായി സ്ഥലംമാറ്റി. വയര്‍ലെസിലൂടെയാണ് ജില്ലാ പൊലീസ് മേധാവി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. പൂവാര്‍ സ്റ്റേഷനിലെ എസ്‌ഐ ജോസ്, എഎസ്‌ഐ ബിനു എന്നിവരെയാണ് സ്ഥലംമാറ്റിയത്.
പൂവാര്‍ സ്റ്റേഷനിലെ എസ്എച്ച്ഒ അവധിയില്‍ ആയിരുന്നതിനാല്‍ എസ്‌ഐ ജോസിനായിരുന്നു ചുമതല നല്‍കിയിരുന്നത്. രാവിലെ പൊലീസിന്റെ വയര്‍ലെസിലൂടെയുള്ള മീറ്റിങ്ങിനിടെയാണ് എസ് പി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് പൊലീസുകാരുടെ അടിയന്തര സ്ഥലംമാറ്റമെന്നാണ് വിവരം.
മണ്ണുമാഫിയയുമായി ബന്ധപ്പെട്ട് എസ്‌ഐ ജോസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എസ്പിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫര്‍ എന്നാണ് വിവരം. പൂവാര്‍ സ്റ്റേഷന്‍ ചുമതല ഒഴിയാനും, കിളിമാനൂര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് എസ്പി നിര്‍ദേശം നല്‍കിയത്.


by Midhun HP News | Feb 19, 2026 | Latest News, കേരളം
പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കുമെന്നാണ് സൂചന. പാര്‍ട്ടിയുമായി അകന്നു കഴിയുന്ന പികെ ശശി പോയാലും കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഗോവിന്ദന്റെ പ്രസ്താവനയാണ് പെട്ടെന്നുള്ള രാജിക്ക് ശശിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. സിപിഎം ജില്ലാ നേതൃത്വവുമായി പി കെ ശശി ദീര്‍ഘകാലമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു. കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും ശശിയെ നീക്കണമെന്ന് സിപിഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. പി.കെ ശശിയെ അനുകൂലിക്കുന്ന വിഭാഗം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു.
മണ്ണാര്‍ക്കാട്, കോങ്ങാട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളില്‍ പി കെ ശശിക്ക് സ്വാധീനമുണ്ട്. ശശിക്കെതിരെ മണ്ണാര്‍ക്കാട്ടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി പ്രസംഗം നടത്തിയതും പാര്‍ട്ടിയുമായി അകലുന്നതിന് കാരണമായിരുന്നു. അടുത്തിടെ പി കെ ശശിയെ പരസ്യമായി തള്ളി സിപിഎം ജില്ലാ സെക്ട്രടറി ഇഎന്‍ സുരേഷ് ബാബുവും രംഗത്തു വന്നിരുന്നു. ബ്രാഞ്ചിലിരിക്കുന്നത് ശശിയുടെ കഴിവുകേടു കൊണ്ടാണെന്നായിരുന്നു സുരേഷ് ബാബു അഭിപ്രായപ്പെട്ടത്.

സിപിഎം വിട്ടാല്‍ പി കെ ശശി കോണ്‍ഗ്രസില്‍ ചേരുമോ, അതോ യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമോ എന്നതും പാലക്കാട്ടെ ജനങ്ങള്‍ ഉറ്റുനോക്കുന്നു. ഷൊര്‍ണൂരില്‍ മല്‍സരിച്ചാല്‍ ശശിക്ക് വിജയിക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ യാതൊരു സ്വാധീനവും ശശിക്ക് ഉണ്ടാക്കാനാവില്ലെന്നാണ് സിപിഎം പറയുന്നത്. വി.കെ ശ്രീകണ്ഠന്‍ എം.പി ശശിയുമായി സംസാരിച്ചിരുന്നു.

മന്ത്രി എം ബി രാജേഷുമായുള്ള ശക്തമായ അഭിപ്രായവ്യത്യാസമാണ് ശശിയെ പാര്‍ട്ടിയുടെ നടപടിക്ക് വിധേയമാക്കിയത്. ലൈംഗികാരോപണത്തെക്കുറിച്ച് എകെ ബാലനും പികെ ശ്രീമതിയും നടത്തിയ അന്വേഷണത്തെതുടര്‍ന്നാണ് ശശിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. 2011-2016 കാലത്താണ് പി കെ ശശി ഷൊര്‍ണൂര്‍ എംഎല്‍എ ആയിരുന്നത്. 2024 ഒക്ടോബറിലാണ് പാര്‍ട്ടിയുടെ നേതൃനിരയില്‍നിന്ന് ജില്ലാ കമ്മിറ്റിയംഗമായിരുന്ന ശശിയെ പാര്‍ട്ടി പുറത്താക്കിയത്.
by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങലിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ആറ്റിങ്ങൽ കരിച്ചിയിൽ നിരവധി പേർക്ക് കടിയേറ്റു. രാവിലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള അന്നദാനം വാങ്ങി തിരികെ വീട്ടിലേക്ക് പോകുകായിരുന്ന വീട്ടമ്മയെ തെരുവുനായ ആക്രമിച്ചു. ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി ഇന്ദിര (62) ക്കാണ് കടിയേറ്റത്. പുറകിൽ നിന്ന് വന്ന നായ സാരി കടിച്ചുകീറുകയും കാലിൽ കടിക്കുകയും ആയിരുന്നു. തുടർന്ന് ഇന്ദിര ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വൈകുന്നേരത്തോടെ വീണ്ടും ആറ്റിങ്ങൽ കരിച്ചിയിൽ, തുമ്പിക്കോട്ടുകോണം, തച്ചൂർകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ പ്രദേശവാസികളെ ആക്രമിച്ചത്. കരിച്ചയിൽ സ്വദേശി കൈലാസനാഥ് (12), വേണു, തുമ്പിക്കോട്ടുകോണം സ്വദേശി രാജപ്പൻആശാരി തുടങ്ങിയവർക്കാണ് കടിയേറ്റത്. കളിച്ചുകൊണ്ടിരുന്ന കൈലാസനാഥിനെണ് പാഞ്ഞടുത്ത നായ കടിച്ചത്.


by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
ആലംകോട്: ദേശീയപാതയിലെ തിരക്കേറിയ ആലംകോട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായിട്ട് ആഴ്ചകൾ പിന്നിടുന്നു. സിഗ്നൽ പ്രവർത്തിക്കാതായതോടെ ജംഗ്ഷനിൽ അപകടങ്ങളും ഗതാഗതക്കുരുക്കും വർധിച്ചതായി നാട്ടുകാരും പറയുന്നു.
ജില്ലയിലെ പ്രധാന ജംഗ്ഷനായ ആലംകോട് വഴി കിളിമാനൂർ, മണനാക്ക്, കടയ്ക്കാവൂർ മേഖലകളിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ വലിയ തോതിൽ ഗതാഗതം നടക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും അടക്കം നിരവധിവാഹനങ്ങൾ സർവീസ് നടത്തുന്ന ഈ ഭാഗത്ത് സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുകയും ഡ്രൈവർമാർ തമ്മിൽ വാക്കേറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതായി പറയുന്നു. ഗതാഗത നിയന്ത്രണം ഇല്ലാത്തതിനാൽ *കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന നിലയിലാണ് വാഹനങ്ങൾ കടന്നുപോകുന്നതും.

സിഗ്നൽ ഓഫ് ചെയ്യുന്നതിന് മുൻപ് മൂന്ന് ദിവസത്തോളം എല്ലാ ലൈറ്റുകളും ഒരേ സമയം തെളിഞ്ഞത് ഡ്രൈവർമാരിൽ ആശങ്ക ഉളവാക്കിയിരുന്നു. മാത്രമല്ല, അപ്പോഴും ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. സിഗ്നൽ ലൈറ്റിന്റെ തകരാർ പരിഹരിച്ചു ഉടൻ സിഗ്നൽ പ്രവർത്തനക്ഷമമാക്കണമെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ബന്ധപ്പെട്ടവർ ഇടപ്പെട്ട് സിഗ്നലിന്റെ തകരാർ പരിഹരിക്കുന്നതിനായി സിഗ്നൽ ഓഫ് ചെയ്തെങ്കിലും ഇതുവരെയും സിഗ്നലിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല.
ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായതോടെ കാൽനട യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. എപ്പോഴും തിരക്കേറിയ ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കാൻ വിദ്യാർഥികൾ, സ്ത്രീകൾ, വയോധികർ എന്നിവരെല്ലാം ഏറെ നേരം കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്.ട്രാഫിക് സിഗ്നലിന്റെ തകരാർ അടിയന്തിരമായി പരിഹരിച്ച് സംവിധാനം പുനരാരംഭിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും യാത്രക്കാരും അധികൃതരോട് ആവശ്യപ്പെട്ടു.

by Midhun HP News | Feb 19, 2026 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ് മാമ്പള്ളി കടലിൽവീണ 23 കാരൻ മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി പൊക്കൻവിളാകത്ത് അലക്സാണ്ടർ ഷീബ ദമ്പതികളുടെ മകൻ അഭിലാഷ് (23) ആണ് മുങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസം 6:30 ഓടെയായിരുന്നു സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ കടലിൽ വീണ അഭിലാഷ് ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഇയാളെ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയും സ്വകാര്യ വാഹനത്തിൽ അദ്ദേഹത്തെ ചിറയിൻകീഴ് തലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
തുടർന്ന്, അടിയന്തര പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.
കൊച്ചിയിൽ നിന്ന് ചൂണ്ടപണിക്ക് പോയിരുന്ന അഭിലാഷ് കഴിഞ്ഞ 6 നായിരുന്നു തിരിച്ച് വീട്ടിലെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായിരുന്നു.
സഹോദരങ്ങൾ: അജീഷ്, അഖിൽ. ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ ഇറങ്ങ്കടവിന്റെ സഹോദരി പുത്രനായിരുന്നു.
Recent Comments