‘ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു ഈ വേളയിലായതില്‍ ദുഃഖമുണ്ട്’; വിതുമ്പി സിനിമാ ലോകം

‘ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു ഈ വേളയിലായതില്‍ ദുഃഖമുണ്ട്’; വിതുമ്പി സിനിമാ ലോകം

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്ത്യാഞ്‌ലി അര്‍പ്പിച്ച് സിനിമാ ലോകം. ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളാണ് ശ്രീനിവാസനെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.

ശ്രീനിവാസനൊപ്പം സമൂഹത്തിനുനേരെ ചോദ്യം ഉയര്‍ത്തിയ ഒരുപാട് സിനിമകള്‍ ഒന്നിച്ച് ചെയ്യാനായി. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്നയാളായിരുന്നു ശ്രീനിവാസന്‍. പ്രത്യേക സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളായിരുന്നു. വളരെയധികം ഹ്യൂമറിലൂടെ ജീവിച്ചയാളാണ് ശ്രീനിവാസന്‍. ഏറെ പ്രിയപ്പെട്ടയൊരാള്‍ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമുള്ള കാര്യമാണ്. ഒരുപാട് അസുഖങ്ങള്‍ അലട്ടിയിരുന്നു. എപ്പോഴും സംസാരിക്കുകയും കാണുകയും ചെയ്യുമായിരുന്നു. ഞാന്‍ പിണങ്ങാറില്ലെങ്കിലും ഇണങ്ങുകയും പിണങ്ങുകയെന്നത് ജീവിതത്തിന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. അത്തരം പിണക്കങ്ങളെ രസകരമായ നിമിഷങ്ങളായിട്ടാണ് കാണുന്നതെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.

എക്കാലത്തെയും മികച്ച എഴുത്തുകാരനും സംവിധായകനും നടനുമായ ഒരാള്‍ക്ക് വിട എന്നാണ് പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി! ഇതിഹാസത്തിന് നിത്യശാന്തി നേരുന്നു! എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസന്റെ വിയോഗം അപ്രതീക്ഷിതമെന്ന് നടി ഉര്‍വശി അനുസ്മരിച്ചു. ഏറ്റവും അധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസന്‍. മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയാത്ത അത്രയും വേദനയാണ്. ശ്രീനിയേട്ടന്റെ കുറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എപ്പോഴും ഞാന്‍ നന്നായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അതുപോലെ ശ്രീനിയേട്ടന് ആരോഗ്യത്തോടെ ദീര്‍ഘായുസോടെ ഇരിക്കണമെന്ന് അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു. ഈ വിടവാങ്ങല്‍ ഒട്ടും പ്രതീക്ഷിച്ചില്ല. ഒരുപാട് കാര്യങ്ങള്‍ മലയാള സിനിമക്ക് സമ്മാനിച്ച പ്രതിഭയാണ് ശ്രീനിവാസന്‍. വലിയൊരു കലാകാരനായിരുന്നു അദ്ദേഹം. ഓര്‍ക്കാന്‍ ഒരുപാട് കഥകളും കഥാപാത്രങ്ങളും സമ്മാനിച്ചു. തന്റെ സിനിമാ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം അദ്ദേഹം സമ്മാനിച്ചതാണെന്നും ഒരിക്കലും അദ്ദേഹത്തെ മറക്കാനാകില്ലെന്നും ഉര്‍വശി അനുസ്മരിച്ചു.

‘ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോള്‍ ആ ഗാനരംഗം സിനിമയില്‍ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു’ എന്ന് പറയുകയാണ് ഗായകന്‍ ജി. വേണുഗോപാല്‍. ശ്രീനിവാസന്റെ സിനിമകളും തിരക്കഥകളും, മലയാള സിനിമ ഗവേഷണ വിദ്യാര്‍ഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ലെന്നും വേണുഗോപാല്‍ കുറിച്ചു.

വേണുഗോപാലിന്റെ പോസ്റ്റ്

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. മലയാളത്തില്‍ ഹാസ്യനടനായി വന്ന് തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി തിളങ്ങിയ ബഹുമുഖപ്രതിഭ. ഞാന്‍ ആദ്യമായി ഒരു മലയാള സിനിമക്ക് പാട്ട് പാടിയപ്പോള്‍ ആ ഗാനരംഗം സിനിമയില്‍ അഭിനയിച്ചതും ശ്രീനിയേട്ടനായിരുന്നു. (ഓടരുതമ്മാവാ ആളറിയാം) പില്‍ക്കാലത്ത് എന്റെ പ്രശസ്തമായ പല സിനിമ ഗാനങ്ങളുള്‍പ്പെടുന്ന സിനിമകളുടേയും തിരക്കഥയും ശ്രീനിയേട്ടന്റേതായിരുന്നു.

ആ കുടുംബത്തിലെ രണ്ടാം തലമുറയുമായുള്ള ബന്ധവും ദൃഢമാണ്. എന്റെ മകന്‍ അരവിന്ദ്, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്ന സിനിമയുടെ സംവിധാന സഹായിയും അതിലെ സൂപ്പര്‍ ഹിറ്റായ ‘നഗുമോ’ എന്ന പാട്ടിന്റെ പിന്നണി ശബ്ദവുമായി ശ്രദ്ധിക്കപ്പെട്ടു.

ശ്രീനിവാസന്‍ സിനിമകളും, തിരക്കഥകളും, ശ്രീനിയുടെ നര്‍മവും ഭാവിയില്‍ മലയാള സിനിമാ ഗവേഷണ വിദ്യാര്‍ഥികളുടെ വിഷയമായി മാറുന്ന കാലം വിദൂരമല്ല. ശ്രീനിവാസനുമായുണ്ടായിരുന്നത് 43 വര്‍ഷത്തെ ദൃഢസൗഹൃദമാണെന്ന് നടനും എംഎല്‍എയുമായ എം. മുകേഷ്. എല്ലാം വെട്ടിതുറന്ന് പറയുന്ന സ്വഭാവമായിരുന്നു ശ്രീനിവാസന്റേത്. ഒരു തിരക്കഥ കിട്ടിയാല്‍ 10 ചോദ്യം അങ്ങോട്ട് ചോദിക്കും. അതിന് മറുപടി പറഞ്ഞാലേ സിനിമ നടക്കുകയുള്ളൂവെന്നും മുകേഷ് ഓര്‍മിച്ചു. ‘ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അത് ഈ വേളയിലായതില്‍ ദുഃഖമുണ്ട്. ഒരു ചെറിയ നീരസം പോലും 43 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ പോലെ തന്നെയാണ് ചിരിയും’-മുകേഷ് പറഞ്ഞു.

നടന്‍ ശ്രീനിവാസന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി ഗതാഗത മന്ത്രിയും നടനുമായ കെബി ഗണേഷ് കുമാര്‍. മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്നും ഈ വിടവ് ഒരിക്കലും മലയാളികള്‍ക്ക് നികത്താന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഞാനുമായി ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ, സഹോദരന്റെ വേര്‍പാട് വേദനയുണ്ടാക്കുന്നു. ലോകത്തിന്റെ ഏത് കോണില്‍ മലയാളികള്‍ ഉണ്ടോ അവരെല്ലാം ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് എങ്കിലും പറയാതെ, ഓര്‍ക്കാതെ കടന്ന് പോകില്ലെന്നും മന്ത്രി പറഞ്ഞു.

നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ. സാധാരണക്കാരന്റെ വേഷത്തിലായാലും മൂര്‍ച്ചയുള്ള വിമര്‍ശകന്റെ വേഷത്തിലായാലും എഴുത്തുകാരനായും നടനായും അദ്ദേഹത്തിനുള്ള പ്രതിഭ പകരം വെക്കാനില്ലാത്തതാണെന്ന് പെപ്പെ കുറിച്ചു.

മലയാളസിനിമയില്‍ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭയാണ് ശ്രീനിവാസനെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞു. ആക്ഷേപഹാസ്യത്തിന്റെ രൂപത്തില്‍ നടത്തിയ ചില സാമൂഹിക വിമര്‍ശനങ്ങള്‍ മലയാള സിനിമയും മലയാളവും ഉള്ളിടത്തോളം നിലനില്‍ക്കുമെന്നും വിനയന്‍ പറഞ്ഞു.

അസുഖത്തിന്റെ പിടിയില്‍പ്പെട്ടപ്പോഴും ശ്രീനി തിരിച്ചുവരും എന്നുള്ള ചിന്തയിലായിരുന്നുവെന്നും വിനയന്‍ പറഞ്ഞു. ‘ശ്രീനിക്ക് പകരം വേറൊരാളെ ചിന്തിക്കാന്‍ പോലും കഴിയില്ല. ഞാന്‍ സംവിധാനം ചെയ്ത ശിപായി ലഹള മുതലാണ് അദ്ദേഹവുമായുള്ള പരിചയം. അതിനുശേഷം നാലഞ്ചുസിനിമകളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. ശ്രീനിയുടെ കഥകള്‍, കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങിയവയിലൂടെയൊക്കെ അദ്ദേഹത്തിന് സമൂഹത്തോട് പറയാനുള്ള കാര്യങ്ങള്‍ മുഖംനോക്കാതെ അവതരിപ്പിച്ചു.’-വിനയന്‍ പറഞ്ഞു.

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിവാസനെ കാണാന്‍ പോകാറുണ്ടായിരുന്നുവെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശ്രീനിവാസനെ കാണാന്‍ പോകുമായിരുന്നുവെന്നും വീട്ടില്‍ പോവുമ്പോള്‍ രാവിലെ തൊട്ട് വൈകുന്നേരം വരെ അവിടെ ഇരിക്കുമായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. വീഴ്ചയ്ക്കുശേഷം ആരോഗ്യം ക്ഷയിച്ചതോടെ ശ്രീനിവാസന്‍ മതിയായെന്ന് പറഞ്ഞിരുന്നുവെന്നും സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു.

സമൂഹത്തിലെ യാഥാര്‍ഥ്യങ്ങളെ നര്‍മബോധത്തിലൂടെ അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കമല്‍ പറഞ്ഞു. ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തിനെ താന്‍ ഏറെ ബഹുമാനിക്കുന്നുവെന്നും കമല്‍ അനുസ്മരിച്ചു.

‘പറയാനെന്തോ ബാക്കി വച്ച് ശ്രീനിവാസന്‍ മടങ്ങി, ഏത് കാലത്തും പുനര്‍വായിക്കേണ്ട എഴുത്ത്’: ബി ഉണ്ണികൃഷ്ണന്‍

‘പറയാനെന്തോ ബാക്കി വച്ച് ശ്രീനിവാസന്‍ മടങ്ങി, ഏത് കാലത്തും പുനര്‍വായിക്കേണ്ട എഴുത്ത്’: ബി ഉണ്ണികൃഷ്ണന്‍

മലയാള സിനിമയിലെ ഏറ്റവും ദീപ്തായ കാലഘട്ടമാണ് അവസാനിക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണന്‍. നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു ബി ഉണ്ണികൃഷ്ണന്‍. ഏത് കാലത്തും പുനര്‍വായക്കേണ്ട എഴുത്തുകളായിരുന്നു ശ്രീനിവാസന്റേതെന്നും ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

”ഏത് കാലത്തും പുനര്‍വായിക്കപ്പെടേണ്ട എഴുത്തുകളും ആവിഷ്‌കാരങ്ങളുമായിരുന്നു ശ്രീനിവാസന്റേത്. അഭിനയത്തിലും അദ്ദേഹം കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ ഇനിയുള്ള കാലം ചര്‍ച്ച ചെയ്യപ്പെടും. മലയാള സിനിമയിലെ ഏറ്റവും ദീപ്തമായ കാലഘട്ടമാണ് ഇതോടെ അവസാനിക്കുന്നത്.’എന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറയുന്നത്.

”അദ്ദേഹം ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നത്. ഞാന്‍ വേണ്ടെന്ന് വച്ച 500ലധികം സിനിമകളാണ് മലയാള സിനിമയ്ക്കുള്ള എന്റെ സംഭാവന എന്നായിരുന്നു ആ വാക്കുകള്‍. എനിക്ക് തോന്നുന്നു അദ്ദേഹം ചെയ്യാതെ പോയ സിനിമകളാണ് നമ്മുടെ തീരാനഷ്ടം.” ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

കുറെ അധികം നാളുകളായി അദ്ദേഹത്തിന്റെ അനാരോഗ്യം നമ്മെ വിഷമിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഇടയക്ക് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇനിയും സിനിമകളെഴുതാന്‍ അദ്ദേഹത്തിന്റെ തൂലികയില്‍ മഷി ബാക്കിയുണ്ടായിരുന്നു. പക്ഷെ അനാരോഗ്യം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. ശ്രീനിവാസന്‍ പറയാനെന്തോ ബാക്കിവെച്ചാണ് മടങ്ങിയത് എന്നും അദ്ദേഹം പറയുന്നു.

ഡയാലിസിസിനായി തൃപ്പൂണിത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. 69 വയസായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമ ജീവിതത്തിനാണ് ഇന്ന് വിരാമമായത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭ. 1976 ല്‍ പുറത്തിറങ്ങിയ മണിമുഴക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. 1984ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. 2018 ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ ആണ് ഒടുവിലെഴുതിയ സിനിമ.

തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിൽ!

തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിൽ!

തൊടുപുഴ: മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.

ഇന്ന് രേഖപ്പെടുത്തിയ താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസാണ്. നല്ലതണ്ണി, നടയാർ, തെന്മല, കന്നിമല, അരുവിക്കാട് എന്നിവിടങ്ങളിലാണ് പൂജ്യം ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. പുലർച്ചയോടെ തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയതോടെ വാഹനങ്ങളുടെ പുറത്തും തേയിലത്തോട്ടങ്ങളുടെ മുകളിലും പുല്ലുകളിലും മഞ്ഞുതുള്ളികൾ കട്ടപിടിച്ചു കിടന്നു.

ചില പ്രദേശങ്ങളിൽ പൂജ്യത്തിനും താഴേക്ക് താപനില എത്തിയതായി റിപ്പോർട്ടുകളുണ്ട്. മറയൂരിനു സമീപമുള്ള തലയാറിൽ മൈനസ് രണ്ടിലേക്ക് എത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീണു. ഇതോടെ വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നുണ്ട്.

ഇടുക്കി ജില്ലയിൽ മൊത്തത്തിൽ നല്ല തണുപ്പാണ്. തൊടുപുഴ ഉൾപ്പെടെയുള്ള ന​ഗരങ്ങളിലും അസാധാരണ തണുപ്പാണ് അനുഭവപ്പെടുന്നത്.

ആറ്റിങ്ങലിൽ യുവാക്കൾ റോഡ് അരുകിൽ മരിച്ച നിലയിൽ

ആറ്റിങ്ങലിൽ യുവാക്കൾ റോഡ് അരുകിൽ മരിച്ച നിലയിൽ

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ യുവാക്കളെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുഹൃത്തുക്കളും അയൽവാസികളും ആയ മുദാക്കൽ ചെമ്പൂര് കുന്നത്താം കോണം വി. യു. നിവാസിൽ വേണുവിൻറെ മകൻ അമൽ ( 21 ), മുദാക്കൽ ചെമ്പൂര് ചരുവിള പുത്തൻവീട്ടിൽ വിക്രമൻ്റെ മകൻ അഖിൽ (18 ) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് റോഡരികിൽ ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ച നിലയിൽ ഇവരെ കണ്ടെത്തിയത്.

അർദ്ധരാത്രി 12 മണിയോടെയാണ് അപകടം നടന്നതെന്ന് കരുതപ്പെടുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിയുകയും ഇവർ ഓടയിലും സമീപത്തുമായി വീഴുകയും ആയിരുന്നു. ഓടയിൽ വീണു കിടന്നതിനാൽ മറ്റു യാത്രക്കാരാരും കണ്ടില്ല. ഇന്ന് പുലർച്ചയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

‘മലയാള സിനിമയിലെ വിസ്മയം; അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും അത്രമേല്‍ പ്രിയപ്പെട്ടത്’

‘മലയാള സിനിമയിലെ വിസ്മയം; അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും അത്രമേല്‍ പ്രിയപ്പെട്ടത്’

തിരുവനന്തപുരം: മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ അരനൂറ്റാണ്ടോളം മലയാള ചലച്ചിത്ര ലോകത്തെ വിസ്മയിപ്പിച്ച അദ്ദേഹം, ഒരു ബഹുമുഖ പ്രതിഭ എന്ന വാക്കിന് അര്‍ത്ഥപൂര്‍ണ്ണമായ ഉദാഹരണമായിരുന്നു. സാധാരണക്കാരന്റെ ജീവിതാനുഭവങ്ങളെ ഇത്രത്തോളം തന്മയത്വത്തോടെയും ലളിതമായും വെള്ളിത്തിരയില്‍ എത്തിച്ച മറ്റൊരു കലാകാരന്‍ നമുക്കിടയിലില്ല.

മലയാള സിനിമയുടെ ഗതി മാറ്റിയ ഒട്ടനവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പിറന്നു. ‘നാടോടിക്കാറ്റ്’, ‘വരവേല്‍പ്പ്’, ‘മിഥുനം’, ‘പട്ടണപ്രവേശം’ തുടങ്ങിയ സിനിമകള്‍ ഇന്നും പ്രേക്ഷകമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുന്നത് അവ കൈകാര്യം ചെയ്ത മനുഷ്യാവസ്ഥകളുടെ തീക്ഷ്ണത കൊണ്ടാണ്. സംവിധായകന്‍ എന്ന നിലയില്‍ ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ കലാപരമായ ഔന്നിത്യം ഉയര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു. ഓരോ മലയാളിയുടെയും സ്വീകരണമുറിയിലെ ഒരംഗത്തെപ്പോലെ അത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും.

ഹാസ്യത്തെ വെറും ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിമരുന്നായി ഉപയോഗിച്ച അദ്ദേഹം, മലയാളിയുടെ സാമൂഹിക ബോധത്തെ സ്വാധീനിച്ച കലാകാരന്‍ കൂടിയായിരുന്നു. ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് ഒട്ടും ചോരാതെ കലയാക്കി മാറ്റുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. പ്രിയ കലാകാരന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സിനിമാ പ്രേമികളുടെയും വേദനയില്‍ ആദരവോടെ ഞാനും പങ്കുചേരുന്നു സജി ചെറിയാന്‍ പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥി

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥി

തിരുവനന്തപുരം: ജനുവരി 14 മുതൽ 18 വരെ അരങ്ങേറുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാകും. ഇത്തവണ തൃശൂരാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിനു വേദിയാകുന്നത്.

കലോത്സവപ്പന്തലിന്റെ കാൽനാട്ട് കർമവും ലോ​ഗോ പ്രകാശനവും ഇന്ന് നടക്കുമെന്നു വി​ദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവും പങ്കെടുക്കും. ഹൈസ്കൂൾ വിഭാ​ഗത്തിൽ 96, ഹയർ സെക്കൻഡറി വിഭാ​ഗത്തിൽ 105, സംസ്കൃതോത്സവത്തിൽ 19, അറബിക് കലോത്സവത്തിൽ 19 എന്നിങ്ങനെയാണ് കലോത്സവത്തിലെ മത്സരയിനങ്ങൾ.