by Midhun HP News | Feb 17, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിലമേലിൽ ഇന്നലെ കുടുംബാംഗങ്ങളായ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധ കാരണമെന്ന് സംശയം. റഷീദാ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ തിരുവനന്തപുരം വിഴിഞ്ഞത്തെ അസ്മാര്‍ക്ക് ഹോട്ടലിൽ നിന്നും ഇവർ അടക്കമുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഷാജിയുടെ ഭാര്യയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭക്ഷണം കഴിച്ച ആറുപേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിന് പിന്നാലെ പൊലീസ് ഹോട്ടല്‍ പൂട്ടി.
മരിച്ച രണ്ടുപേരും ഗുരുതരാവസ്ഥയില്‍ തുടരുന്ന സ്ത്രീയും ഹോട്ടലില്‍ നിന്ന് മീന്‍ കഴിച്ചുവെന്നാണ് പറയപ്പെടുന്നത്. ഇന്നലെ രാത്രിയാണ് ഇവര്‍ വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്. ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവിഷബാധയാണോ മരണകാരമെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും അറിയിച്ചു
ഷാജിയുടെ മൃതദേഹം തിരുവനന്തപുരം മോര്‍ച്ചറിയിലും റഷീദ ബിവിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലുമാണ് ഉള്ളത്. ഹോട്ടലിൽനിന്ന് ഇറങ്ങിയ ഉടൻ തന്നെ ഛർദിയും മറ്റും ഉണ്ടായിരുന്നുവെന്ന് ഷാജിയുടെ ബന്ധുക്കൾ പറയുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.


by Midhun HP News | Feb 17, 2026 | Latest News, ദേശീയ വാർത്ത
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ബംഗഭവനു പകരം പാര്‍ലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ താരിഖ് റഹ്മാനും മന്ത്രിസഭാംഗങ്ങള്‍ക്കും പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി പദവിയില്‍ നിന്നും പുറത്താക്കിയ ശേഷം നിലവില്‍ വന്ന ഇടക്കാല സര്‍ക്കാരില്‍ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസ് ഇന്നലെ ഓഫീസ് ഒഴിഞ്ഞു. സേനാ മേധാവി ജനറല്‍ വാക്കര്‍ ഉസ്മാനും യൂനസിന്റെ യാത്രയയപ്പ് ചടങ്ങിനെത്തി. ഉദ്യോഗസ്ഥരടക്കം എല്ലാ ജീവനക്കാര്‍ക്കും യൂനുസ് നന്ദി പറഞ്ഞു. ജമാ അത്തെ ഇസ്ലാമി പാര്‍ട്ടി അധ്യക്ഷന്‍ ഷഫീഖൂര്‍ റഹ്മാനെയും നാഷനലിസ്റ്റ് സിറ്റിസണ്‍ പാര്‍ട്ടി കണ്‍വീനര്‍ നഹീദ് ഇസ്ലാമിനെയും താരീഖ് റഹ്മാന്‍ അവരുടെ വീടുകളില്‍ സന്ദര്‍ശിച്ചു.
297ല്‍ 209 സീറ്റുകളിലാണ് ബിഎന്‍പി ജയിച്ചത്. വിജയിച്ച ബിഎന്‍പി നേതാക്കളായ ഗോയേശ്വര്‍ ചന്ദ്ര റോയ്, നിതായ് റോയ് ചൗധരി, സചിങ് പ്രൂ,ദീപേന്‍ ദേവന്‍ എന്നിവര്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്. റോയിയും ചധരിയും ഹിന്ദുക്കള്‍. മറ്റുരണ്ടുപേരും ബുദ്ധമത വിശ്വാസികളാണ്. ഇന്ന് താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍ കുമാര്‍ സിങ് തുടങ്ങിയവരുമാണ് പങ്കെടുക്കുന്നത്.


by Midhun HP News | Feb 17, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പൊലീസിന്റെ വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ 146 പുതിയ വാഹനങ്ങള്‍ എസ്എപി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. മഹീന്ദ്ര ബോലേറോ, സ്‌കോര്‍പ്പിയോ, ഥാര്‍, ഫോര്‍സിന്റെ ഗൂര്‍ഖ, ട്രാവലര്‍, ഹീറോയുടെ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയാണ് സേനയ്ക്ക് ലഭിച്ചത്. സ്റ്റേഷനുകള്‍, കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോളിംഗ് വിഭാഗങ്ങളുടെ ആവശ്യത്തിനായാണ് ഇവ ഉപയോഗിക്കുക.
44 ബൊലേറോ പട്രോളിങ് ശക്തിപ്പെടുത്തുന്നതിനും ക്രമസമാധാന പാലനത്തിനും ഉപയോഗിക്കും. 40 സ്‌കോര്‍പ്പിയോ വാഹനങ്ങള്‍ ഹൈവേ പൊലീസ് പട്രോളിങിനാണ്. ഗൂര്‍ഖ ഇനത്തില്‍പ്പെട്ട 15ഉം ഥാര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചും വാഹനങ്ങള്‍ മലയോര മേഖലകളിലെ പട്രോളിങിനാണ്. 24 ഹീറോ എക്‌സ് പള്‍സ് മോട്ടോര്‍ സൈക്കിളുകള്‍ രാപകല്‍ പട്രോളിങിനുപയോഗിക്കും. ചടങ്ങില്‍ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്, പി. വിജയന്‍, എച്ച് വെങ്കടേഷ്, ദിനേന്ദ്ര കശ്യപ്, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.2024ലെ മികച്ച പൊലീസ് സ്റ്റേഷനുകള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരവും വിതരണം ചെയ്തു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പൊലീസ് സ്റ്റേഷന് ഒന്നാം സ്ഥാനവും തൃശൂര്‍ റൂറലിലെ കൊടുങ്ങല്ലൂര്‍ സ്റ്റേഷന് രണ്ടാം സ്ഥാനവും കാസര്‍കോട് ബേക്കല്‍ സ്റ്റേഷന് മൂന്നാം സ്ഥാനവും ലഭിച്ചു.


by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
കല്ലമ്പലം: കല്ലമ്പലം പുന്നോട് പുതുതായി പണികഴിപ്പിച്ച മസ്ജിദ് അൽ ഹിക്മ ഉദ്ഘാടനം ചെയ്തു. അസർ നമസ്കാരത്തിന് നേതൃത്വം നൽകി വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബുല്ലത്തീഫ് മദനി മസ്ജിദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ വിസ്‌ഡം കല്ലമ്പലം യൂണിറ്റ് പ്രസിഡന്റ് ഫസലുദ്ധീൻ പുന്നോട് അധ്യക്ഷനായി. വർക്കല എം.എൽ.എ അഡ്വ.വി.ജോയ് മുഖ്യാതിഥിയായിരുന്നു.
എം.എസ്.കെ തങ്ങൾ, നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജെ.ജിഹാദ്, നാവായിക്കുളം ഗ്രാമപഞ്ചായത്തംഗങ്ങളായ എം.നജീം, ഷെറിൻ, വിസ്‌ഡം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ വള്ളക്കടവ്, സെക്രട്ടറി നസീർ മുള്ളിക്കാട്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് നസീർ ആലംകോട്, വിസ്‌ഡം യൂത്ത് സംസ്ഥാന സമിതിയംഗം എ.പി.മുനവ്വർ സ്വലാഹി, ജില്ലാ പ്രസിഡന്റ് അർശദ് അൽ ഹികമി, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സൽമാനുൽ ഫാരിസ് സ്വലാഹി, മുഹമ്മദ് ഷാ അൽ ഹികമി എന്നിവർ സംസാരിച്ചു. വിസ്‌ഡം കല്ലമ്പലം യൂണിറ്റ് സെക്രട്ടറി ഹാഫിസ് സൈഫർ സ്വാഗതവും, വിസ്‌ഡം യൂത്ത് യൂണിറ്റ് സെക്രട്ടറി സമീർ കല്ലമ്പലം നന്ദിയും പറഞ്ഞു.


by Midhun HP News | Feb 16, 2026 | Latest News, കേരളം
പത്തനംതിട്ട: സംസ്ഥാനത്തെ പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ ഷെറിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനോടൊപ്പമാണ് കുടുംബത്തെ സന്ദര്‍ശിച്ചത്. ആലിന്റെ വേര്‍പാടില്‍ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും വേദനയില്‍ ആശ്വാസം പകരാനെത്തിയ മുഖ്യമന്ത്രി, ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനവും മടത്തിയാണ് മടങ്ങിയത്. കോഴിക്കോട് വരാന്‍ പൊകുന്ന സംസ്ഥാനത്തെ ആദ്യത്തെ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാസ് പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ആലിന്റെ പേര് നല്‍കുമെന്ന് മുഖ്യമന്ത്രി കുടുബത്തോട് പറഞ്ഞു.

ആരോഗ്യ വകുപ്പിന് കീഴില്‍ ചേവായൂരില്‍ സ്ഥാപിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പിഎംഎസ്എസ് വൈ ബ്ലോക്കില്‍ താല്‍ക്കാലികമായി തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. 100 ല്‍ അധികം കിടക്കകള്‍, ഐ.സി.യു, ഡയാലിസിസ്, ഓപറേഷന്‍ തിയേറ്റര്‍ തുടങ്ങിയ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.
ഫെബ്രുവരി 5-ന് കോട്ടയം പള്ളത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റേയും ഷെറിന്‍ ആന്‍ ജോണിന്റേയും ഏക മകള്‍ ആലിന് ഗുരുതരമായി പരിക്കേറ്റത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം.

by Midhun HP News | Feb 16, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തെക്കൻ കേരളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ വരും ദിവസങ്ങളില്‍ മഴക്ക് കാരണമായേക്കാവുന്ന ന്യൂനമര്‍ദം ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ന് ഉച്ചയോടെ രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ ന്യൂനമര്‍ദം 18 ഓടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തിയ ശേഷം കൂടുതൽ ശക്തി പ്രാപിക്കും. തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും 21ന് ഇടിയോടു കൂടെയുള്ള മഴയ്ക്ക് സാധ്യത. ശ്രീലങ്കയില്‍ കനത്ത മഴക്കും പ്രാദേശിക പ്രളയത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Recent Comments