by Midhun HP News | Dec 18, 2025 | Latest News, കേരളം
ആലപ്പുഴ: ശ്രീനാരായണ പ്രസ്ഥാനം ഒരു മതത്തിനും എതിരല്ലെന്നും ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടു ലീഗ് വേട്ടയാടുന്നുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗുകാര്‍ തന്നെ തേജോവധം ചെയ്തു. ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. ലീഗുകാര്‍ക്ക് അഹങ്കാരമാണ്. മണിപവറും മസില്‍ പവറും മാന്‍ പവറും ഉപയോഗിച്ച ലീഗുകാര്‍ എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാന്‍ ആളും അര്‍ഥവും നല്‍കിയതായും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.
‘ഒരു മതത്തിന്റെയും വിശ്വാസത്തെ എതിര്‍ക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങളുടെ വിശ്വാസം ആരുടെമേലും അടിച്ചേല്‍പ്പിക്കാറില്ല. ഓരോരുത്തരും അവരുടെ വിശ്വാസത്തില്‍ പോകുന്നു. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുന്ന നയമാണ് എസ്എന്‍ഡിപിക്ക്.ഞങ്ങള്‍ ഒരു ജാതിക്കും എതിരല്ല. ആ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന എന്നെ ഒരു മുസ്ലീം വിരോധിയായി കണ്ടുവേട്ടയാടുന്നു. ലീഗുകാരാണ് എന്നെ വേട്ടയാടുന്നത്. മുസ്ലീങ്ങളില്‍ എത്രയോ നല്ല ആളുകള്‍ ഉണ്ട്. എസ്എന്‍ഡിപി യോഗത്തിന്റെ കണക്ക് ഓഡിറ്റ് ചെയ്യുന്നത് മുസ്ലീമാണ്. ഞങ്ങളുടെ കേസ് മുഴുവന്‍ നടത്തി കൊണ്ടിരിക്കുന്നത് ആരാണ്? മുസ്ലീമാണ്. എന്തു തെറ്റാണ് ഞാന്‍ ചെയ്തത്? പിന്നാക്ക സമുദായ മുന്നണിയെന്നും സംവരണ സമുദായ മുന്നണി എന്നും പറഞ്ഞു ഇടതുപക്ഷത്തെ ഇറക്കുന്നതിന് വേണ്ടി ഞങ്ങള്‍ എവിടെയെല്ലാമാണ് സമരം നടത്തിയത്. മുന്നില്‍ നിന്നത് ഞാനാണ്. ആളും അര്‍ഥവും നല്‍കിയത് ഞാനാണ്. സമരം നടത്തി യുഡിഎഫ് അധികാരത്തില്‍ വന്നു. എന്നാല്‍ അധികാരത്തില്‍ എത്തിയ ശേഷം ഈഴവ സമുദായത്തിന് നീതി ലഭിച്ചില്ല. ഞങ്ങളെ പരിഗണിക്കാമെന്നല്ലേ പറഞ്ഞത് എന്ന് ചോദിച്ചു. എന്നാല്‍ അവര്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി അവരുടെ കുറവുകള്‍ പരിഹരിച്ചു. എന്നാല്‍ ഞങ്ങളുടെ കുറവുകള്‍ പരിഹരിച്ചില്ല. ഞങ്ങള്‍ക്കും ഉണ്ടായിരുന്നല്ലോ നരേന്ദ്രന്‍ കമ്മീഷന്‍. ആ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ കുറവ് പരിഹരിക്കാന്‍ എന്തുകൊണ്ട് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ അവര്‍ പറഞ്ഞില്ല. അധികാരത്തില്‍ വന്നശേഷം മുസ്ലീങ്ങളുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിനെ കൊണ്ട് ഉത്തരവിറക്കി.
സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തി. ഈഴവ സമുദായം ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങള്‍ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നല്ലോ? പിന്നാക്ക സമുദായത്തിന്റെ കുറവ് നരേന്ദ്ര കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അത് ചെയ്തില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ഉത്തരമില്ല. ശങ്കര്‍ സാറിന് ശേഷം ഈഴവ സമുദായത്തിന് എന്തുകിട്ടി? ഞാന്‍ എന്തുതെറ്റു ചെയ്തു? സ്‌കൂളും കോളജും താ എന്ന് ചോദിച്ചതാണോ തെറ്റ്. മലപ്പുറത്ത് ഈഴവ സമുദായത്തിന് ഒന്നുമില്ലല്ലോ, വയനാട് ഒന്നുമില്ലല്ലോ.കാസര്‍കോടും ഒന്നുമില്ലല്ലോ. മൂന്ന് ജില്ലകളിലും ഒന്നുമില്ലല്ലോ. നോക്കാം എന്ന് പറഞ്ഞതല്ലാതേ ഒന്നും ചെയ്തില്ല’- ലീഗിനെതിരെ വെള്ളാപ്പള്ളി ആഞ്ഞടിച്ചു.
‘ആലുവ മണപ്പുറത്ത് കണ്ട ഭാവം പോലും ഉണ്ടായിരുന്നില്ല. അധികാരത്തില്‍ ഇരുന്ന് കൊണ്ട് അവരുടെ വകുപ്പ് അവരുടെ സമുദായത്തിന്റെ വകുപ്പ് ആയി കണ്ട് എല്ലാം ഒപ്പിട്ടെടുത്തു. മതേതരത്വവും ജനാധിപത്യവും പറയുന്ന ലീഗ്,ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ജനാധിപത്യത്തെ തകര്‍ത്തവരാണ്. മലപ്പുറത്ത് പ്രഖ്യാപിച്ചില്ലേ അവരുടെ മന്ത്രിമാരെയും വകുപ്പിനെയും. കോണ്‍ഗ്രസിന് എന്തെങ്കിലും ചെയ്യാന്‍ പറ്റിയോ? ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ് ലീഗുകാര്‍. ലീഗുകാര്‍ക്ക് അഹങ്കാരമാണ്. മണിപവറും മസില്‍ പവറും മാന്‍ പവറും ഉപയോഗിച്ചാണ് നേടിയെടുത്തത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ആലോചിക്കാതെ മന്ത്രിമാരെ പ്രഖ്യാപിക്കുകയും അഞ്ചാമത്തെ മന്ത്രിയെയും കൂടി എടുത്തു. ഇന്ത്യയില്‍ ഇങ്ങനെ ഒരു ചരിത്രമുണ്ടോ? നീതിയും ന്യായവും വിട്ട് ഒന്നും ചെയ്യില്ല എന്ന് പറയുന്ന ലീഗില്‍ സമ്പന്നര്‍ക്ക് മാത്രമല്ലേ മാര്‍ഗമുള്ളൂ. ലീഗുകാര്‍ക്ക് എത്ര കോളജുണ്ട്. മലപ്പുറത്ത് 17 ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുണ്ട്. കേരളത്തില്‍ മൊത്തത്തില്‍ എസ്എന്‍ഡിപിക്ക് അത്രയെ ഉള്ളൂ. 17 കോളജുകളും സമ്പന്നരുടെ ട്രസ്റ്റുകള്‍ക്ക് ആണ് കൊടുത്തിരിക്കുന്നത്. മുസ്ലീം സമുദായത്തിന്റെ ആളുകള്‍ക്കല്ല നല്‍കിയത്. ലീഗ് എന്നാല്‍ മലപ്പുറം പാര്‍ട്ടിയാണ്. മലപ്പുറത്തേയ്ക്ക് എല്ലാം ഊറ്റിയെടുക്കുകയാണ്. സമ്പന്നരെ സഹായിക്കുന്ന നിലപാടാണ് ലീഗുകാര്‍ക്ക്. തെരഞ്ഞെടുപ്പില്‍ എല്ലാവരും ജയിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയപ്പോള്‍ അവര്‍ എന്നെ സമീപിച്ചു. വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ കാശ് ചോദിച്ചവരാണ് അവര്‍. ഒന്നാംകിട നേതാക്കളാണ് എന്നെ സമീപിച്ചത്.
വെള്ളാപ്പള്ളി പറയുന്നത് സാധിച്ചു തരാം എന്നാണ് അവര്‍ വാഗ്ദാനം ചെയ്തത്. കുറവുകള്‍ പരിഹരിക്കാം എന്നും പറഞ്ഞു. ഈ സര്‍ക്കാര്‍ പോയി നമ്മുടെ ഭരണം വരാന്‍ ഒരുമിച്ചു പോകണം എന്നും പറഞ്ഞു. എന്നാല്‍ പറ്റില്ല എന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. നിങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്നും പറഞ്ഞു. നിങ്ങളെ വിശ്വസിച്ചാല്‍ സമുദായം എന്നെ വിശ്വസിക്കില്ല എന്നും പറഞ്ഞു. എസ്എന്‍ഡിപി യോഗത്തെ തകര്‍ക്കാര്‍ ആളും അര്‍ഥവും കൊടുത്തവരാണ് ലീഗുകാര്‍’- വെള്ളാപ്പള്ളി പറഞ്ഞു.
by Midhun HP News | Dec 18, 2025 | Latest News, കേരളം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍അപകടം വഴിമാറി. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായി അടിയന്തര ലാന്‍ഡിങ് നടത്തി. യാത്രാമധ്യേ വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. വിമാനത്തിലുള്ള 160 യാത്രക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ പറഞ്ഞു
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ കരിപ്പൂരില്‍ എത്തേണ്ട വിമാനത്തിനാണ് യന്ത്രത്തകരാര്‍ ഉണ്ടായത്. യാത്രാമധ്യേ യന്ത്രത്തകരാര്‍ പൈലറ്റ് തിരിച്ചറിയുകയായിരുന്നു. ഉടന്‍ തന്നെ അടിയന്തര ലാന്‍ഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കി. സിഐഎസ്എഫ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് വിഭാഗം വിമാനത്താവളത്തില്‍ എത്തി.
ലാന്‍ഡിങ് ഗിയറിന്റെ തകരാറും രണ്ടു ടയറുകള്‍ പൊട്ടിയതുമാണ് സാങ്കേതികത്തകരാറിന് കാരണമെന്നാണ് പ്രാഥമിക വിവരം. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത്. പൈലറ്റ് യഥാസമയം യന്ത്രത്തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വന്‍അപകടം ഒഴിവായത്.



by Midhun HP News | Dec 18, 2025 | Latest News, കേരളം
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യ്ക്ക് ഇന്ന് നിര്‍ണായക ദിനം. തിരുവനന്തപുരം സെഷന്‍സ് കോടതി നേരത്തെ ജാമ്യം നിഷേധിച്ച ഒന്നാമത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്ന് അവസാനിക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടും കേസ് ഡയറിയും പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാല്‍, ലൈംഗികാതിക്രമത്തിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും രാഹുല്‍ ഇടപെട്ടതിന് മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവച്ചത്. ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടഞ്ഞ മുന്‍ ഉത്തരവ് തുടരാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയ സെഷന്‍സ് കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. മറുപടി നല്‍കാന്‍ സമയം വേണമെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ ആവശ്യം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.



by Midhun HP News | Dec 18, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: രാജ്യത്ത് പൊതുമേഖലയിലെ ഒരുങ്ങുന്ന ഓണ്‍ലൈന്‍ ടാക്‌സി സംവിധാനമായ ഭാരത് ടാക്‌സി ജനുവരി ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡല്‍ഹിയിലാണ് ആദ്യഘട്ടത്തില്‍ ടാക്‌സി സര്‍വീസ് സാധ്യമാക്കുന്നത്. ഒല, ഊബര്‍ റാപിഡോ തുടങ്ങിയ സ്വകാര്യ കമ്പനികള്‍ ആധിപത്യം പുലര്‍ത്തുന്ന മേഖലയിലേക്കാണ് ഭാരത് ടാക്‌സി കടന്നുവരുന്നത്. കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെയും ദേശീയ ഇ-ഗവേണന്‍സ് ഡിവിഷന്റെയും കീഴിലാണ് ‘ഭാരത് ടാക്‌സി’ പ്രവർത്തിക്കുക.
സീറോ കമ്മീഷന്‍ മോഡല്‍ നിരത്തിലാണ് പ്രവര്‍ത്തിക്കുക. ആപ്പ് സഹകര്‍ ടാക്‌സി കോപ്പറേറ്റീവ് ലിമിറ്റഡ് ആണ് പദ്ധതിയ്ക്ക് പിന്നില്‍. കാറുകള്‍, ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍ എന്നിവയുടെ എല്ലാം സേവനം ഭാരത് ടാക്‌സിയില്‍ ലഭ്യമാകും. ആന്‍ഡ്രോയിഡിലും ഐഒഎസിലും ആപ്പ് ലഭിക്കും. ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാനും അവരുടെ പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് സ്ഥലങ്ങള്‍ നല്‍കാനും ഒരു റൈഡ് തിരഞ്ഞെടുക്കാനും തത്സമയം അവരുടെ യാത്ര ട്രാക്ക് ചെയ്യാനും കഴിയും.
ഉപയോക്തൃ-സൗഹൃദ മൊബൈല്‍ ബുക്കിംഗ്, സുതാര്യമായ നിരക്ക് ഘടന, തത്സമയ വാഹന ട്രാക്കിങ്, ബഹുഭാഷാ ഇന്റര്‍ഫേസ്, 24*7 ഉപഭോക്തൃ പിന്തുണ എന്നിവയും ആപ്പ് വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹി പോലീസുമായും മറ്റ് ഏജന്‍സികളുമായും സംയോജനം, യോഗ്യരായ ഡ്രൈവര്‍മാര്‍, റൈഡ് വിശദാംശങ്ങള്‍ പങ്കിടാനുള്ള കഴിവ് തുടങ്ങിയ സുരക്ഷാ സവിശേഷതകളും ആപ്പില്‍ ഉള്‍പ്പെടുന്നു.
ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന വരുമാനവും മികച്ച ജോലി സാഹചര്യങ്ങളും ഭാരത് ആപ്പ് നല്‍കുമെന്നാണ് വിലയിരുത്തല്‍. യാത്രാ നിരക്കിന്റെ 80 ശതമാനം വരെ ഡ്രൈവര്‍മാര്‍ക്ക് നേരിട്ട് ലഭിക്കും. മീഷന്‍ സംവിധാനം പൂര്‍ണമായും ഒഴിവാക്കി അംഗത്വ അടിസ്ഥാനത്തിലുള്ള സംവിധാനമാണ് നടപ്പാക്കുന്നത്. ഡ്രൈവര്‍മാര്‍ പ്രതിദിനം, പ്രതിവാരം അല്ലെങ്കില്‍ പ്രതിമാസം നിശ്ചിത ഫീസ് അടച്ചാല്‍ മതിയാകും.
ഭാരത് ടാക്‌സി സംവിധാനത്തിന് ഇതിനോടകം മികച്ച പ്രതികരണമാണ് ഡ്രൈവര്‍മാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭാരത് ടാക്‌സി ആപ്പില്‍ ഇതുവരെ 56,000 ഡ്രൈവര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസുകള്‍ ഡല്‍ഹിയില്‍ ഇതിനോടകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുജറാത്തിലെ രാജ്‌കോട്ടിലും പദ്ധതി പൈലറ്റ് അടിസ്ഥാനത്തില്‍ പുരോഗമിക്കുന്നുണ്ട്. ഫെബ്രുവരി ഒന്നിന് രാജ്‌കോട്ടില്‍ പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ രാജ്യത്തെ 20 ലധികം നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



by Midhun HP News | Dec 18, 2025 | Latest News
മലപ്പുറം: പോറ്റിയെ കേറ്റിയെ ഗാനത്തില്‍ മതവികാരം വികാരം വ്രണപ്പെട്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത് വിശ്വാസികളായി ചമയുന്നവരെന്ന് പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍. ഗാനം വിവാദമാവുകയും നിയമ നടപടികള്‍ ഉള്‍പ്പെടെ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ തല്‍ക്കാലും പാട്ട് ആലപിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ച ജി.പി. കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, ഹനീഫ മുടിക്കോട് സുബൈര്‍ പന്തല്ലൂര്‍ എന്നിവര്‍ പ്രതികരിച്ചു.
വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വിശ്വാസികളെ വ്രണപ്പെടുത്തുന്ന വരികളില്ല. എന്നാല്‍ ചിലവരികള്‍ പലര്‍ക്കും വ്രണപ്പെടും, അവരാണ് വിശ്വാസികളായി ചമഞ്ഞ് രംഗത്തെത്തിയത്. ഇതൊരുതെരഞ്ഞെടുപ്പ് ഗാനമാണ്. 30 വര്‍ഷമായി രാഷ്ട്രീയ ഗാന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍. ആരെയും വ്രണപ്പെടുത്താനല്ല, പാട്ട് തയ്യാറാക്കിയത്, സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളാണ് പാട്ടില്‍ പറഞ്ഞത്. വിശ്വാസികള്‍ക്കൊപ്പം ചേര്‍ന്നാണ് പാട്ട് തയ്യാറാക്കിയത്. പാടുന്നതില്‍ ഭയമില്ല, എന്നാല്‍ പാട്ട് ആലപിക്കുന്നതില്‍ നിന്നും തല്‍ക്കാലം വിട്ടു നില്‍ക്കുകയാണ് എന്നും അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച വൈകീട്ടാണ് ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനത്തിനെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസ് കേസ് എടുത്തത്. ഗാനരചയിതാവിനും ഗായകനും ഉള്‍പ്പടെ നാലുപേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. പാട്ട് തയ്യാറാക്കിയ മുഴുവന്‍ പേരും കേസില്‍ പ്രതികളാക്കി. ഇന്റര്‍നെറ്റ് മാധ്യമം വഴിയും നേരിട്ടും പൊതുജനങ്ങള്‍ക്കിടയിലും വിശ്വാസി സമൂഹത്തിനിടയിലും മതവികാരത്തെ അപമാനിക്കും വിധം മനപൂര്‍വം കരുതലോടെ അയപ്പ ഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചുവെന്ന് എഫ്ആറിയില്‍ പറയുന്നു. ഗാനം വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നല്‍കിയത്.



by Midhun HP News | Dec 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തടവുകാരില്‍ നിന്നും കൈക്കൂലിവാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണത്തില്‍ ജയില്‍ ഡിഐജിക്കെതിരെ കടുത്ത നടപടിക്ക് ഉണ്ടായേക്കും. ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിനെതിരേ വിജിലന്‍സ് കേസെടുത്തുത്തിന് പിന്നാലെയാണ് ഗുരുതര വിവരങ്ങള്‍ പുറത്തുവരുന്നത്. ടിപി വധക്കേസിലെ പ്രതി കൊടി സുനി അടക്കം തടവുകാര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പലര്‍ക്കും പരോള്‍ അനുവദിച്ചെന്നും കണ്ടെത്തല്‍.
12 തടവുകാര്‍ കൈക്കൂലി നല്‍കിയതായി ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. പണം വാങ്ങി ജയിലില്‍ ലഹരി എത്തിച്ചോയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ജയില്‍ ഡിഐജിക്ക് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് കൈമാറും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവിധ ജയിലുകളിലെ തടവുകാര്‍ക്ക് പരോള്‍ ഉള്‍പ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്ത്, തടവുകാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് 1,80,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് കേസ്. തിരുവനന്തപുരത്തെ ഒന്നാം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നത്. ഗൂഗിള്‍ പേ വഴിയും ഭാര്യയുടെയും അക്കൗണ്ട് വഴിയും 1.8ലക്ഷം വാങ്ങിയതായി കണ്ടെത്തിയത്. മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ സൗകര്യങ്ങളൊരുക്കാന്‍ പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. പണം വാങ്ങിയ ശേഷം അനുകൂല റിപ്പോര്‍ട്ടുകളുണ്ടാക്കി പരോള്‍ അനുവദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വിയ്യൂര്‍ ജയിലില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരാനാക്കിയാണ് പണം വാങ്ങുന്നതെന്നാണ് വിലയിരുത്തല്‍.



Recent Comments