by Midhun HP News | Dec 18, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തടവുകാരില്‍ നിന്നും കൈക്കൂലിവാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന ആരോപണത്തില്‍ ജയില്‍ ഡിഐജിക്കെതിരെ കടുത്ത നടപടിക്ക് ഉണ്ടായേക്കും. ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിനെതിരേ വിജിലന്‍സ് കേസെടുത്തുത്തിന് പിന്നാലെയാണ് ഗുരുതര വിവരങ്ങള്‍ പുറത്തുവരുന്നത്. ടിപി വധക്കേസിലെ പ്രതി കൊടി സുനി അടക്കം തടവുകാര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പലര്‍ക്കും പരോള്‍ അനുവദിച്ചെന്നും കണ്ടെത്തല്‍.
12 തടവുകാര്‍ കൈക്കൂലി നല്‍കിയതായി ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. പണം വാങ്ങി ജയിലില്‍ ലഹരി എത്തിച്ചോയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ജയില്‍ ഡിഐജിക്ക് എതിരായ റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് കൈമാറും. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവിധ ജയിലുകളിലെ തടവുകാര്‍ക്ക് പരോള്‍ ഉള്‍പ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്ത്, തടവുകാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്ന് 1,80,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് കേസ്. തിരുവനന്തപുരത്തെ ഒന്നാം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനാണ് അന്വേഷണ ചുമതല.
രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നത്. ഗൂഗിള്‍ പേ വഴിയും ഭാര്യയുടെയും അക്കൗണ്ട് വഴിയും 1.8ലക്ഷം വാങ്ങിയതായി കണ്ടെത്തിയത്. മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്ക് ഉള്‍പ്പെടെ സൗകര്യങ്ങളൊരുക്കാന്‍ പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. പണം വാങ്ങിയ ശേഷം അനുകൂല റിപ്പോര്‍ട്ടുകളുണ്ടാക്കി പരോള്‍ അനുവദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. വിയ്യൂര്‍ ജയിലില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരാനാക്കിയാണ് പണം വാങ്ങുന്നതെന്നാണ് വിലയിരുത്തല്‍.



by Midhun HP News | Dec 18, 2025 | Latest News, ജില്ലാ വാർത്ത
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നും കടയ്ക്കാവൂർ പോകുന്ന റോഡിൽ പെട്രോൾ പമ്പിന് എതിർവശത്തുള്ള ഓട അടഞ്ഞു പോയതിനെ തുടർന്ന് മഴപെയ്താൽ പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന ഇട റോഡ് വെള്ളത്തിലാകുന്ന അവസ്ഥയിലാണ്. തൊട്ടടുത്ത വീടുകളിലും വെള്ളം കയറുന്ന ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് ഈ പെട്രോൾ പമ്പിന് സമീപം ഒരു കലിങ്ങും വെള്ളം ഒലിച്ച് പോകുന്നതിനുള്ള സൗകര്യവും ഉണ്ടായിരുന്നു. എന്നാൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നും പരിസരപ്രദേശത്തുനിന്നും ഒഴുകിവരുന്ന മഴ വെള്ളം കലുങ്കിൽ എത്താൻ വഴിയില്ലാതെ ഇടറോഡിലേക്ക് പരന്നൊഴുകുന്ന അവസ്ഥയാണ് ഇന്നുള്ളത്. വർഷങ്ങൾക്കു മുന്നേ ഈ കലുങ്ക് പുതുക്കി പണിയണം എന്ന് ആവശ്യപ്പെട്ട് നിരവധി പരാതികൾ നൽകിയിരുന്നു. ഈ ഇട റോഡിന്റെ തുടക്കത്തിലുള്ള ഓടയും സ്ലാബും ഇടിഞ്ഞു താഴ്ന്നതു മൂലമാണ് മഴക്കാലങ്ങളിൽ ഈ പ്രദേശം വെള്ളക്കെട്ടായി മാറുന്നത്.
50 മീറ്റർ താഴെ വരുന്ന ഈ ഭാഗത്തെ ഓട തുറന്നുകൊടുത്താൽ ഈ ബുദ്ധിമുട്ടിൽ നിന്നും നാട്ടുകാർ രക്ഷപ്പെടും. ഈ വിഷയത്തിൽ അടിയന്തരമായി മന്ത്രിയിൽ നിന്ന് ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു നിയുക്ത അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകി.



by Midhun HP News | Dec 18, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഡാറ്റാബേസില്‍ നിന്ന് ആധാര്‍ ഉടമകളുടെ ഡാറ്റ ഇതുവരെ ചോര്‍ന്നിട്ടില്ലെന്ന് ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റത്തിന്റെ സുരക്ഷ ശക്തമാണെന്നു കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി ജിതിന്‍ പ്രസാദ ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു
ഏകദേശം 134 കോടി ആധാര്‍ ഉടമകളുള്ള ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമാണ് ആധാര്‍. സര്‍ക്കാര്‍ ശക്തമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ആധാര്‍ സുരക്ഷിതമാണെന്ന് ജിതിന്‍ പ്രസാദ പറഞ്ഞു. ഇതിനര്‍ഥം സിസ്റ്റത്തില്‍ നിരവധി തലങ്ങളിലുള്ള സംരക്ഷണം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണെന്നും മന്ത്രി പറഞ്ഞു. സുരക്ഷിതമായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ സിസ്റ്റവും പതിവായി അവലോകനം ചെയ്യുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആധാര്‍ സംവിധാനം നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊട്ടക്ഷന്‍ സെന്ററിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിന് കീഴിലാണ്. ആധാറിന്റെ സൈബര്‍ സുരക്ഷ ബലപ്പെടുത്തുന്നതിന് ഒരു സ്വതന്ത്ര ഓഡിറ്റ് ഏജന്‍സിയാണ് സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്. പ്രാരംഭ ഘട്ടത്തില്‍ തന്നെ ഡൈനാമിക് സുരക്ഷാ പരിശോധന ഉള്‍പ്പെടെയുള്ളവ നടത്തും. തുടര്‍ച്ചയായി സൈബര്‍ ഓഡിറ്റുകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



by Midhun HP News | Dec 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
പെരുമാതുറ: പെരുമാതുറ പാലമൂട് ഹൗസിൽ പരേതനായ അബ്ദുൽ ജബ്ബാർ മൗലവിയുടെ ഭാര്യ അസീമ ബീവി (65) നിര്യാതയായി.
മക്കൾ: മുഹമ്മദ് റാഫി, താഹ (ദുബായ്), സുമയ്യ, സുഹൈല
മരുമക്കൾ: ജാസ്മി, സ്വാലിഹ, സജീബ്, നിസാം
by Midhun HP News | Dec 18, 2025 | Latest News, ജില്ലാ വാർത്ത
കൊല്ലം: ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേക്ഷയിൽ നാളെ വിധി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിന്റെ എഫ്ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്.
വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്ന പോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളുവെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. മറ്റു കുറ്റകൃത്യങ്ങളിൽ ഇഡി അന്വേഷണം നടത്തിയാൽ നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്വർണപ്പാളി അപഹരണത്തിലൂടെ ലഭിച്ച തുകയെപ്പറ്റിയുള്ള അന്വേഷണത്തിനാണ് പകർപ്പുകൾ ആവശ്യപ്പെടുന്നതെന്നായിരുന്നു ഇഡിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. കേസിൽ ഐപിസി 467-ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ് കേസിലെ വിവരങ്ങൾ ആരായുന്നതെന്നാണ് ഇഡി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കിയിട്ടുള്ളത്.



by Midhun HP News | Dec 18, 2025 | Latest News, കേരളം
തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് ഉൾപ്പെടുത്തി വീഡിയോ പുറത്തുവിട്ട സംഭവത്തിൽ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ് നടപടി.
മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്തവർക്കെതിരെയും കേസെടുക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നതും അധിക്ഷേപിക്കുകയും ചെയ്യുന്ന വിഡിയോ മാർട്ടിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മാര്‍ട്ടിന്‍ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായതോടെയാണ് അതിജീവിത പൊലീസില്‍ പരാതി നല്‍കിയത്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകളും അതിജീവിത പൊലീസില്‍ ഹാജരാക്കിയിരുന്നു. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിൽ മാർട്ടിൻ ആരോപിക്കുന്നത്.



Recent Comments