രാഹുലിനെതിരായ രണ്ടു കേസുകളും ക്രൈംബ്രാഞ്ചിന്; അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്ക്

രാഹുലിനെതിരായ രണ്ടു കേസുകളും ക്രൈംബ്രാഞ്ചിന്; അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്ക്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളും അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം. ആദ്യ ബലാത്സംഗക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. രാഹുലിനെതിരെ കൂടുതല്‍ പരാതികള്‍ വന്നാല്‍ ഒരു സംഘം തന്നെ അന്വേഷണം ഏകോപിപ്പിക്കാന്‍ വേണ്ടിയാണ് നീക്കം.

നിലവില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിച്ചിരുന്ന കേസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ഇതോടെ രാഹുലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളുടെയും അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്കായിരിക്കും. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥ.

രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗക്കേസിന്റെ അന്വേഷണ ചുമതല നേരത്തെ തന്നെ എസ്പി പൂങ്കുഴലിക്കായിരുന്നു. ഈ കേസിലും രാഹുലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം രാഹുല്‍ പാലക്കാടെത്തി വോട്ടുചെയ്തിരുന്നു.

‘എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, കോടതി നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കരുത്’; ജഡ്ജിയുടെ മുന്നറിയിപ്പ്

‘എന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, കോടതി നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കരുത്’; ജഡ്ജിയുടെ മുന്നറിയിപ്പ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധി എന്തായിരിക്കുമെന്നും എട്ടാം പ്രതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതെങ്ങനെയെന്നുമുള്ള ആകാംക്ഷയിലാണ് പൊതുസമൂഹം. ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് അഭിഭാഷകരോടും മാധ്യമപ്രവര്‍ത്തകര്‍ക്കും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് മുന്നറിയിപ്പ് നല്‍കി.

കോടതിയില്‍ വാദം തുടങ്ങുന്നതിന് മുമ്പ് തന്നെ ജഡ്ജി തുടങ്ങിയത് ഇങ്ങനെയാണ്, ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവൃത്തികള്‍ ഉണ്ടാകരുത് . തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി പറഞ്ഞു. അങ്ങനെയുണ്ടായാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കും”, ജഡ്ജി പറഞ്ഞു. എട്ടാം പ്രതിയെ വെറുതെവിട്ടതില്‍ പലരും കോടതിയെ വിമര്‍ശിച്ചിരുന്നു. ചിലര്‍ കോടതിയലക്ഷ്യമാകുന്ന രീതിയില്‍ തന്നെ പ്രതികരണവും നടത്തിയിരുന്നു.

ആറ് പ്രതികള്‍ക്കുമുള്ള ശിക്ഷാ വിധിയില്‍ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടക്കുന്നത്. ഇനിയും വിവരങ്ങള്‍ പുറത്തു വരാനുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതികള്‍ എല്ലാവരും തങ്ങള്‍ക്ക് പറയാനുള്ളത് കോടതിയെ ബോധിപ്പിച്ചു. എല്ലാവര്‍ക്കും ഒരേ പങ്കാളിത്തമാണ് ഈ കേസിലുള്ളതെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച കേസില്‍ നേരിട്ടു കുറ്റകൃത്യത്തില്‍ പങ്കെടുത്ത ആദ്യ ആറു പ്രതികളെയാണ് വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിജീഷ് വിപി, എച്ച് സലിം എന്ന വടിവാള്‍ സലിം, പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ദിലീപ് അടക്കമുള്ളവരെയാണ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തരാക്കിയത്.

ടെന്‍ഷന്‍ വേണ്ട, ഗില്‍ ഐപിഎല്ലിലേതു പോലെ കളിക്കട്ടെ: അസിസ്റ്റന്റ് കോച്ച്

ടെന്‍ഷന്‍ വേണ്ട, ഗില്‍ ഐപിഎല്ലിലേതു പോലെ കളിക്കട്ടെ: അസിസ്റ്റന്റ് കോച്ച്

ഡല്‍ഹി: ടി20യിലേക്ക് മടങ്ങിയെത്തിയ ശേഷം ശുഭ്മാന്‍ ഗില്‍ ഏറെ സമ്മര്‍ദത്തിലാണെന്ന് അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്. ഗില്‍ ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ടീം മാനേജുമെന്റ് താരത്തെ സമ്മര്‍ദങ്ങളില്‍ നിന്ന് ഒഴിവാക്കി ഐപിഎല്ലിലെ പോലെ കളിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലണ്ടില്‍ അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ രണ്ട് മത്സരങ്ങളില്‍ വിജയിപ്പിച്ചതിന് ശേഷം സെപ്റ്റംബറില്‍ ഏഷ്യാ കപ്പോടെ ഗില്ലിനെ ടി20 ടീമിലേക്ക് തിരികെ കൊണ്ടുവന്നു. സഞ്ജുവിന് പകരം ഗില്ലിനെ ഒപ്പണറാക്കിയെങ്കിലും റണ്‍സ് നേടുന്നതില്‍ ഗില്‍ പരാജയപ്പെട്ടു. ടി20യില്‍ ഗില്ലിന് വിശ്രമം ആവശ്യമാണെന്നും ടെന്‍ ഡോഷേറ്റ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിലും ഗില്ലിന്റെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് അസിസ്റ്റന്റ് കോച്ചിന്റെ പ്രതികരണം. ഇംഗ്ലണ്ടില്‍ ഗില്ല് ഇന്ത്യന്‍ ടീമിനെ മികച്ച രീതിയില്‍ നയിച്ചെന്നും. അഭിമാനകരമായ പ്രകടനമാണ് ഗില്ലില്‍ നിന്നുണ്ടായത് ടി20യിലും താരത്തില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഐപിഎല്‍ സീസണുകളില്‍ കളിക്കുന്നതു പോലെ ഗില്‍ സമ്മര്‍ദങ്ങളില്ലാതെ കളിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തിന്റെ ക്ലാസില്‍ വിശ്വസിക്കുന്നു, അദ്ദേഹം നന്നായി വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, ടി20യില്‍ ക്യാപ്റ്റന്‍ സൂര്യകുമാറിനും സ്ഥിരത കണ്ടെത്താനാകുന്നില്ലെന്നും സൂര്യയിലും ഗില്ലിലും വലിയ പ്രതീക്ഷകളാണ് ടീനുള്ളതെന്നും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുക എന്നത് സമ്മര്‍ദങ്ങള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

പൊട്ടിക്കരഞ്ഞ് മാര്‍ട്ടിനും പ്രദീപും, അമ്മയുണ്ടെന്ന് പള്‍സര്‍ സുനി; നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍

പൊട്ടിക്കരഞ്ഞ് മാര്‍ട്ടിനും പ്രദീപും, അമ്മയുണ്ടെന്ന് പള്‍സര്‍ സുനി; നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ പ്രതികളുടെ ശിക്ഷാവിധിയുടെ വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങള്‍. കോടതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, നിരപരാധിയാണെന്നും മാര്‍ട്ടിന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. താന്‍ ജോലിക്ക് പോയി ലഭിക്കുന്ന പണം കൊണ്ടാണ് വൃദ്ധരായ അച്ഛനും അമ്മയും കഴിയുന്നതെന്നും മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു.

നടിയെ തൃശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലെത്തിച്ച എസ് യു വി വാഹനം ഓടിച്ചത് മാര്‍ട്ടിന്‍ ആന്റണിയാണ്. വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നാണ് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പറഞ്ഞു. അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണ്. അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും പള്‍സര്‍ സുനി കോടതിയില്‍ ആവശ്യപ്പെട്ടു. താന്‍ മനസ്സറിഞ്ഞ് ഒരു തെറ്റു ചെയ്തിട്ടില്ലെന്ന് കേസില്‍ മൂന്നാം പ്രതിയായ മണികണ്ഠന്‍ കോടതിയില്‍ പറഞ്ഞു.

ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അവര്‍ക്ക് താന്‍ മാത്രമാണ് ആശ്രയം. അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും മണികണ്ഠന്‍ അപേക്ഷിച്ചു. പള്‍സര്‍ സുനി നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ മണികണ്ഠനായിരുന്നു ഡ്രൈവിങ്ങ് സീറ്റിലുണ്ടായിരുന്നത്. കുറഞ്ഞ ശിക്ഷ നല്‍കണമെന്നും, തന്റെ നാട് കണ്ണൂരിലായതിനാല്‍ തലശ്ശേരി ജയിലിലേക്ക് അയക്കണമെന്നും പ്രതി വിജീഷ് കോടതിയോട് ആവശ്യപ്പെട്ടു. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അഞ്ചാം പ്രതി വടിവാള്‍ സലിം പറഞ്ഞു.

ഭാര്യയും ചെറിയ പെണ്‍കുട്ടിയും തനിക്കുണ്ട്. അവരെ പോറ്റേണ്ട ചുമതല തനിക്കുണ്ട്. അതിനാല്‍ പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും വടിവാള്‍ സലിം അപേക്ഷിച്ചു. കുടുംബത്തിന്റെ അവസ്ഥയാണ് ആറാം പ്രതി പ്രദീപും കോടതിയില്‍ ആവര്‍ത്തിച്ചു. കരഞ്ഞുകൊണ്ടാണ് പ്രദീപ് കോടതിയോട് സംസാരിച്ചത്. ശിക്ഷയിന്മേല്‍ തുടര്‍ന്ന് അഭിഭാഷകരുടെ വാദം കേള്‍ക്കും. ഇതിനുശേഷം പ്രതികളുടെ ശിക്ഷ ഇന്നു തന്നെ കോടതി വിധിക്കുമെന്നാണ് സൂചന.

കോടതിയുടെ അച്ചടക്കം അഭിഭാഷകരും മാധ്യമങ്ങളും പാലിക്കണമെന്ന് കോടതി തുടക്കത്തില്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹണി എം വര്‍ഗീസിന്റെ ഭൂതകാലം ചികഞ്ഞോളൂ. എന്നാല്‍ കോടതിയുടെ നടപടികളെ മോശമാക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടിങ്ങ് ഉണ്ടായാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജഡ്ജി ഹണി എം വര്‍ഗീസ് മാധ്യമങ്ങള്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരുന്നു. സുപ്രീംകോടതി വിധി അനുസരിച്ചുള്ള കടുത്ത നടപടി ഉണ്ടാകുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന് ജാമ്യമില്ല; ഹര്‍ജി തള്ളി

ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന് ജാമ്യമില്ല; ഹര്‍ജി തള്ളി

കൊല്ലം: ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേസിലെ പ്രധാന പ്രതിയായ പത്മകുമാറിന് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതിലും, രേഖകളില്‍ ചെമ്പെന്ന് തിരുത്തിയതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ പത്മകുമാറിനും പങ്കുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്, നവംബര്‍ 20 നാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ പത്മകുമാര്‍ അറസ്റ്റിലായത്. ദ്വാരപാലക ശില്പകേസിലും പത്മകുമാര്‍ നിലവില്‍ റിമാന്‍ഡിലാണ്.

മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പത്മകുമാർ വ്യക്തമാക്കിയിരുന്നത്. മിനിറ്റ്സില്‍ ചെമ്പ് എന്നെഴുതിയതും എല്ലാവരുടെയും അറിവോടെയാണ്. എന്നാൽ കേസിൽ ബോർഡിലെ മറ്റുള്ളവരെ ഒഴിവാക്കി തന്നെ മാത്രം കുറ്റക്കാരനാക്കുകയാണെന്നും പത്മകുമാർ ആരോപിക്കുന്നു.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആദ്യം അറസ്റ്റിലായ പോറ്റി ഇതാദ്യമായാണ് ജാമ്യാപേക്ഷയുമായി വിജിലൻസ് കോടതിയെ സമീപിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഡിസംബർ 18 ന് കോടതി പരി​ഗണിക്കും. കേസിൽ മുരാരി ബാബു, എൻ വാസു അടക്കമുള്ളവരുടെ ജാമ്യാപേക്ഷ നേരത്തെ വിജിലൻസ് കോടതി തള്ളിയിരുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ സമയപരിധി നീട്ടി, കേരളത്തില്‍ 23 ന് കരട് പട്ടിക

അഞ്ച് സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ സമയപരിധി നീട്ടി, കേരളത്തില്‍ 23 ന് കരട് പട്ടിക

ഡല്‍ഹി: രാജ്യത്ത് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുടെ സമയപരിധി നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 14 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 18 വരെയും ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 26 വരെയുമാണ് നീട്ടിയത്.

എസ്‌ഐആര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള മേലുദ്യോഗസ്ഥരുടെ സമ്മര്‍ദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്തതുള്‍പ്പടെ ഗുരുതര പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തീയതി 6 ഇടങ്ങളില്‍ ഇന്ന് അവസാനിക്കേണ്ടതായിരുന്നു, ഇതാണ് ഒരാഴ്ചകൂടി നീട്ടിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച കേരളത്തിന് നേരത്തെ സമയം നീട്ടി നല്‍കിയിരുന്നു. കേരളത്തില്‍ എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തിയതി ഡിസംബര്‍ 18വരെയാണ് നീട്ടിയത്. ഡിസംബര്‍ 23ന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അന്തിമപട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുക. എസ്‌ഐആര്‍ നടപടികള്‍ നീട്ടണമെന്ന പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷന്‍ തള്ളി. ബംഗാളില്‍ എസ്‌ഐആര്‍ കാലാവധി ഇന്ന് രാത്രി തന്നെ അവസാനിക്കും. 55 ലക്ഷം പേരാണ് ബംഗാളിലെ പട്ടികയില്‍ നിന്ന് ഒഴിവായതെന്നാണ് റിപ്പോര്‍ട്ടുകള്‍.