by Midhun HP News | Dec 12, 2025 | Latest News, കേരളം
തിരുവനന്തപുരം: വീറും വാശിയുമുള്ള പോരാട്ടം കഴിഞ്ഞു. ഇനി വിധിയറിയാനുള്ള കാത്തിരിപ്പാണ്. രണ്ടു ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 244 കേന്ദ്രങ്ങളിലായി ശനിയാഴ്ച നടക്കും. ഉച്ചയ്ക്കു മുന്‍പായി ഫലം ഏറെക്കുറെ പൂര്‍ണമായി അറിയാനാവും. പതിനൊന്നു മണിയോടെ ചിത്രം തെളിയും.
ബ്ലോക്കുതല കേന്ദ്രങ്ങളില്‍ ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടേയും നഗരസഭ, കോര്‍പറേഷന്‍ തലങ്ങളില്‍ അതത് സ്ഥാപനങ്ങളുടേയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളില്‍ ബ്ലോക് പഞ്ചായത്ത് വരണാധികാരികള്‍ക്ക് പ്രത്യേകം ഹാളുകളിലാണ് വോട്ടെണ്ണല്‍. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാല്‍ ബാലറ്റുകള്‍ അതത് വരണാധികാരികളുടെ മേശകളില്‍ എണ്ണും. ജില്ലാ പഞ്ചായത്തുകളിലെ തപാല്‍ ബാലറ്റുകള്‍ കലക്ട്രേറ്റിലാണ് എണ്ണുക.
വരണാധികാരിയുടെ മേശയില്‍ തപാല്‍ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ കവര്‍ പൊട്ടിച്ച് എല്ലാ ഫോമുകളും ഉണ്ടോയെന്ന് പരിശോധിച്ച ശേഷമാകും എണ്ണുക. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന തപാല്‍ ബാലറ്റുകള്‍ വൈകി ലഭിച്ചു എന്ന് രേഖപ്പെടുത്തി എണ്ണാതെ മാറ്റി വെക്കും.
വോട്ടിങ് മെഷീന്‍ എത്തിക്കുന്നതു മുതലുള്ള നടപടിക്രമങ്ങള്‍
വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറന്ന് ഓരോ വാര്‍ഡിലെയും വോട്ടിങ് മെഷീനുകളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ വോട്ടെണ്ണല്‍ ഹാളിലേക്ക് എത്തിക്കും. വാര്‍ഡ് 1 മുതലുള്ള ക്രമത്തിലാണ് മെഷീനുകള്‍ എത്തിക്കുക. ഒരു വാര്‍ഡിലെ എല്ലാ ബൂത്തുകളും ഒരു മേശയില്‍ എണ്ണും. സ്ഥാനാര്‍ഥിയുടെയോ അവര്‍ നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാരുടെയോ സാന്നിധ്യം ഓരോ മേശയിലും. ത്രിതല പഞ്ചായത്തുകള്‍ക്ക് ഓരോ മേശയിലും കൗണ്ടിങ് സൂപ്പര്‍വൈസര്‍, 2 കൗണ്ടിങ് അസിസ്റ്റന്റുമാര്‍. നഗരസഭകളിലും കോര്‍പറേഷനുകളിലും ഒരു കൗണ്ടിങ് സൂപ്പര്‍വൈസറും ഒരു കൗണ്ടിങ് അസിസ്റ്റന്റും. ഓരോ പഞ്ചായത്തിന്റെയും നഗരസഭയുടെയും കൗണ്ടിങ് ഹാളില്‍ റിട്ടേണിങ് ഓഫിസറുടെ മേശയ്ക്കു സമീപം വോട്ടെണ്ണല്‍, ടാബുലേഷന്‍, പാക്കിങ്, സീലിങ് എന്നിവയ്ക്കു പ്രത്യേകം മേശകള്‍. പോളിങ് സ്റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ച് വോട്ടെണ്ണാന്‍ പഞ്ചായത്തുകളില്‍ വരണാധികാരിക്കു കീഴില്‍ പരമാവധി 8 മേശകളും നഗരസഭകളില്‍ പരമാവധി 16 മേശകളും.
വോട്ടെണ്ണുന്ന രീതി
കണ്‍ട്രോള്‍ യൂണിറ്റില്‍ സീല്‍, ടാഗ് എന്നിവ ഉണ്ടെന്നു പരിശോധിച്ച് ഉറപ്പാക്കും. കൗണ്ടിങ് സൂപ്പര്‍വൈസര്‍ കണ്‍ട്രോള്‍ യൂണിറ്റ് സ്വിച്ച് ഓണ്‍ ചെയ്യും. ഡിസ്‌പ്ലേയില്‍ പച്ച ലൈറ്റ് തെളിയും. റിസല്‍റ്റ് ബട്ടണിനു മുകളിലെ പേപ്പര്‍ സീല്‍ പൊട്ടിക്കും. തുടര്‍ന്നു ബട്ടണ്‍ അമര്‍ത്തും. പോസ്റ്റ് 1, പോസ്റ്റ് 2, പോസ്റ്റ് 3 എന്നിങ്ങനെ ഘട്ടങ്ങളായി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഫലം പുറത്തുവരും; നഗരസഭയിലും കോര്‍പറേഷനിലും ഒരു വോട്ടു മാത്രമായതിനാല്‍ ഒറ്റഫലമാണ് പുറത്തു വരിക. ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് കാണിക്കും. കൗണ്ടിങ് അസിസ്റ്റന്റുമാര്‍ ടാബുലേഷന്‍ ഫോമില്‍ രേഖപ്പെടുത്തുന്ന ഫലം, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ ഫോം 24 എയില്‍ രേഖപ്പെടുത്തും. ഇത് അപ്പോള്‍ത്തന്നെ വരണാധികാരിക്കു നല്‍കും.
എല്ലാം തത്സമയം
കൗണ്ടിങ് സ്ലിപ്പില്‍കൂടി ഫലം രേഖപ്പെടുത്തി വരണാധികാരി അംഗീകരിക്കുന്നതോടെ ട്രെന്‍ഡ് സോഫ്റ്റ്വെയറില്‍ അപ്ലോഡ് ചെയ്യും. വോട്ടെണ്ണല്‍ പുരോഗതി ട്രെന്‍ഡില്‍ തത്സമയം അറിയാം. ഓരോ വാര്‍ഡിലെയും കൗണ്ടിങ് കഴിയുന്നതനുസരിച്ച് ആ വാര്‍ഡിലെ സ്ഥാനാര്‍ഥികളും ഏജന്റുമാരും പുറത്തുപോകണം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഫലപ്രഖ്യാപനം നടത്തുന്നതിനൊപ്പം വിജയികള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കും.



by Midhun HP News | Dec 12, 2025 | Latest News, കേരളം
KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് കസ്റ്റമർ മീറ്റ് സംഘടിപ്പിക്കുന്നു. നാളെ (ഡിസംബർ 12, വെള്ളിയാഴ്ച) രാവിലെ 11 മണിയ്ക്ക് ബ്രാഞ്ചിൽ വച്ച് നടക്കുന്ന കസ്റ്റമർ മീറ്റ് KSFE തിരുവനന്തപുരം റൂറൽ മേഖലാ അസിസ്റ്റൻ്റ് ജനറൽ മാനേജർ ശ്രീ. കേശവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്സ് എന്ന നേട്ടം കൈവരിച്ച ഇന്ത്യയിലെ തന്നെ MNBC വിഭാഗത്തിൽ പെട്ട ആദ്യത്തെ സ്ഥാപനമായി മാറിയ KSFE-യിലെ പുതിയ പദ്ധതികളെ പറ്റി അവബോധം നൽകുന്നതിനും, ഇടപാടുകാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമാഹരിക്കുന്നതിനുമാണ് കസ്റ്റമർ മീറ്റ് നടത്തുന്നത്. മീറ്റിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായും, പങ്കെടുക്കുന്നവർക്ക് സർപ്രൈസ് സമ്മാനങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുള്ളതായും KSFE ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് മാനേജർ അറിയിച്ചു.



by Midhun HP News | Dec 12, 2025 | Latest News, കേരളം
സിനിമാ ലോകത്തെ സ്റ്റൈൽ മന്നൻ, ആരാധകരുടെ സ്വന്തം തലൈവർ രജനികാന്തിന് ഇന്ന് 75-ാം പിറന്നാൾ. ആരാധകരും സിനിമാ പ്രവർത്തകരുമൊക്കെ പ്രിയതാരത്തിന് പിറന്നാൾ ആശംസകൾ നേരുകയാണ്. സിനിമയിലെത്തി 50 വർഷം പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ താരപദവിക്ക് യാതൊരുവിധ കോട്ടവും സംഭവിച്ചിട്ടില്ല. വയസാനാലും ഉന്‍ സ്റ്റൈലും അഴകും ഇന്നും ഉന്നേ വിട്ട് പോകലേ… എന്ന പടയപ്പയിലെ ഡയലോഗ് ഏറ്റവും കൂടുതൽ യോജിക്കുന്നതും രജനിക്ക് തന്നെയാണ്.
സിനിമയിൽ അഭിനയിച്ച ഈ 50 വർഷവും എനിക്ക് 10 -15 വർഷം പോലെയാണ് തോന്നിയത്. കാരണം എനിക്ക് സിനിമയും അഭിനയവും അത്രയ്ക്ക് ഇഷ്ടമാണ്. നൂറ് ജന്മം കൂടിയുണ്ടെങ്കിൽ, ഒരു നടനായി, രജനികാന്ത് ആയി തന്നെ ജനിക്കാനാണ് എനിക്ക് ആഗ്രഹം. ഈ പുരസ്‌കാരം സംവിധായകർക്കും നിർമാതാക്കൾക്കും എഴുത്തുകാർക്കും പിന്നെ എന്നെ ഞാനാക്കിയ തമിഴ് മക്കൾക്കും സമർപ്പിക്കുന്നു.
“അടുത്തിടെ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ തന്റെ സിനിമയോടുള്ള അതിയായ മോഹത്തെക്കുറിച്ച് സൂപ്പർ സ്റ്റാർ പറഞ്ഞ വാക്കുകളാണിത്. വില്ലനിൽ തുടങ്ങി നായകനായും പിന്നീട് ലോകമെമ്പാടും ആരാധകരുള്ള തലൈവരായുമുള്ള രജനികാന്തിന്റെ വളർച്ച ഏതൊരു സിനിമാ മോഹിയെയും പ്രചോദിപ്പിക്കുന്നതാണ്.
അതുകൊണ്ടാണ് യെൻ വഴി തനീ വഴിയെന്ന് രജനി പറയുമ്പോൾ ആരാധകർ അത് ഹൃദയം കൊണ്ട് സ്വീകരിച്ചത്. ഇന്നും രജനിയെ തമിഴ് സിനിമയുടെ ഐക്കണായി നിലനിർത്തുന്നതും ഇതൊക്കെ തന്നെയാണ്. ഒരു മറാത്തി കുടുംബത്തിൽ നിന്നാണ് രജനികാന്ത് വരുന്നതെന്ന കാര്യം അധികം ആർക്കുമറിയാത്ത കാര്യമാണ്. 1950 ഡിസംബർ 12 ന് ബംഗളൂരുവിലാണ് അദ്ദേഹം ജനിച്ചത്.
മഹാരാഷ്ട്ര വേരുകളുള്ളയാളാണ് അദ്ദേഹം. മറാത്തി സംസാരിക്കുന്നവരും മഹാരാഷ്ട്ര പാരമ്പര്യങ്ങൾ പിന്തുടരുന്നവരുമായ ഒരു വീട്ടിലാണ് അദ്ദേഹം വളർന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളായ രമാഭായിയും റാമോജി റാവു ഗെയ്ക്വാദും കർണാടകയിൽ സ്ഥിരതാമസമാക്കിയ മറാത്തി സംസാരിക്കുന്ന സമൂഹത്തിൽ പെട്ടവരായിരുന്നു. 1975 ൽ പുറത്തിറങ്ങിയ അപൂർവ രാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രജനികാന്ത് അഭിനയരംഗത്തേക്ക് കടന്നുവന്നത്.
പിന്നീടിങ്ങോട്ട് പല വേഷങ്ങളിൽ പല ഭാവങ്ങളിൽ രജനികാന്തിനെ സിനിമാ പ്രേക്ഷകർ കണ്ടു. പടയപ്പ, ബാഷ, ദളപതി, ബില്ല, അണ്ണാമലൈ, മുത്തു, ശിവാജി, യന്തിരൻ, ജയിലർ അങ്ങനെ പോകുന്ന തലയെടുപ്പുള്ള രജനി കഥാപാത്രങ്ങൾ. കൂലിയാണ് രജനികാന്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ലാണ് അദ്ദേഹത്തിന്റേതായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. മാത്രമല്ല എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ പടയപ്പയുടെ രണ്ടാം ഭാഗവും അടുത്തിടെ രജനി പ്രഖ്യാപിച്ചിരുന്നു. ‘നീലംബരി: പടയപ്പ 2’ എന്നാണ് ചിത്രത്തിന്റെ പേരെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരായിരം പ്രതീക്ഷകളോടെയാണ് ഈ രജനി ചിത്രങ്ങളെല്ലാം ആരാധകർ കാത്തിരിക്കുന്നത്.



by Midhun HP News | Dec 12, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കുതിപ്പ്. പവന് ഒറ്റയടിക്ക് 1400 രൂപയാണ് കൂടിയത്. 97,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് കൂടിയത്. 12,160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രാവിലെ വിലയില്‍ കുറവുണ്ടായെങ്കിലും വൈകിട്ടോടെ പവന്‍ വില 400 രൂപ കൂടി 95,880 രൂപയില്‍ എത്തിയിരുന്നു. ഇന്ന് വില വീണ്ടും കൂടിയതോടെ പവന്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തി.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വര്‍ണ വിലയിലെ സര്‍വകാല റെക്കോര്‍ഡ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് നിക്ഷേപകരെ കൂടുതലായി സ്വര്‍ണത്തിലേക്ക് എത്തിക്കുന്നത്. വില വരും ദിവസങ്ങളിലും കൂടാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.



by Midhun HP News | Dec 11, 2025 | Latest News, കേരളം
ഇത്തവണ ക്രിസ്മസ് അവധിക്ക് ഒരു ദിനം കൂടുതൽ. സാധാരണയായി 10 ദിവസമാണ് അവധിയെങ്കില്‍ ഇത്തവണ അത് 11 ദിവസമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്.
ഡിസംബര്‍ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 നാണ് അവസാനിക്കുന്നത്. ഡിസംബര്‍ 24 നാണ് സ്‌കൂള്‍ അടയ്ക്കുന്നത്. ഡിസംബര്‍ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകേണ്ടി വരാറുള്ളു.
ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നു.
by Midhun HP News | Dec 11, 2025 | Latest News, കേരളം
കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വില്‍പ്പന തൊഴിലാളിയായ മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. ആന്തൂര്‍ നഗരസഭയിലെ മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം.
സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Recent Comments