നേമത്തിന് പകരം പറവൂര്‍, വി ഡി സതീശനും ബിജെപിയും തമ്മില്‍ ഡീല്‍; ആരോപണം കടുപ്പിച്ച് വി ശിവന്‍കുട്ടി

നേമത്തിന് പകരം പറവൂര്‍, വി ഡി സതീശനും ബിജെപിയും തമ്മില്‍ ഡീല്‍; ആരോപണം കടുപ്പിച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള പോര് ശക്തമാകുന്നു. പ്രതിപക്ഷ നേതാവും ബിജെപിയും തമ്മില്‍ രാഷ്ട്രീയ ധാരണയുണ്ടെന്നാണ് പുതിയ ആക്ഷേപം. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വി ശിവന്‍കുട്ടി ബിജെപി ഡീലുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിക്കുന്നത്. നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല. അത് ബിജെപിയുമായി ഉണ്ടാക്കിയ കൃത്യമായ രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണെന്നാണ് ശിവന്‍കുട്ടി പറയുന്നത്.

നേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക. ഇതാണ് ഈ ‘ഡീലിന്റെ’ അടിസ്ഥാനം എന്നും വി ശിവന്‍കുട്ടി പറയുന്നു. വിഡി സതീശന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഒത്തുകളി പുറത്തുവരുമ്പോള്‍ ഉണ്ടായ പരിഭ്രമമാണെന്നും ശിവന്‍കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരേ സമയം താലോലിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് വി ഡി സതീശന്‍ കൈക്കൊള്ളുന്നത്. വര്‍ഗീയ ശക്തികളുമായി ചങ്ങാത്തം കൂടി വോട്ട് ബാങ്ക് ഉറപ്പിക്കാനുള്ള ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് ചര്‍ച്ചയെ താഴ്ത്തിക്കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. മന്ത്രിയുടെ ഓഫീസ് സ്റ്റാഫുകളെയും എകെജി സെന്ററിനെയും പഴിചാരി രക്ഷപെടാനുള്ള ശ്രമം സതീശന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വ്യക്തമാക്കുന്നത് മന്ത്രി ആരോപിക്കുന്നു.

രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടാന്‍ കെല്‍പ്പില്ലാത്തവരാണ് വിലകുറഞ്ഞ പ്രയോഗങ്ങളുമായി വരുന്നത്. ബിജെപിയുമായുള്ള വഴിവിട്ട ബന്ധം മറച്ചുവെക്കാന്‍ നടത്തുന്ന ഈ നാടകങ്ങള്‍ കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല. വികസനവും മതേതരത്വവും ചര്‍ച്ചയാകുമ്പോള്‍ കോണ്‍ഗ്രസിന്റെ ബിജെപി പ്രീണനം ജനമധ്യത്തില്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും വി ശിവന്‍കുട്ടി പറയുന്നു.

വ്യാഴാഴ്ചയാണ് നേമത്ത് മത്സരിക്കാന്‍ പ്രതിപക്ഷ നേതാവിനെ വി ശിവന്‍കുട്ടി വെല്ലിവിളിച്ചത്. ഇതിന് പരിഹാസം നിറഞ്ഞ മറുപടിയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി നല്‍കിയത്. മന്ത്രി ശിവന്‍കുട്ടി വലിയ ഒരാളാണ്. എനിക്ക് സംസ്‌കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ളയാളാണ് അദ്ദേഹം. എനിക്ക് അതില്‍ തര്‍ക്കമില്ല. നല്ല നിലവാരമുള്ള ആളാണ്. ഞാന്‍ ശിവന്‍കുട്ടിയേക്കാള്‍ നിലവാരം കുറഞ്ഞ ആളാണ്. അപ്പോള്‍ തര്‍ക്കമില്ലല്ലോ’ എന്നും വിഡി സതീശന്‍ പ്രതികരിച്ചിരുന്നു.

നവഭാരത് റെസിഡൻസ് അസോസിയേഷന്റെ പത്താം വാർഷികാഘോഷവും കുടുംബസംഗമവും ഫെബ്രുവരി 1ന്

നവഭാരത് റെസിഡൻസ് അസോസിയേഷന്റെ പത്താം വാർഷികാഘോഷവും കുടുംബസംഗമവും ഫെബ്രുവരി 1ന്

നവഭാരത് റെസിഡൻസ് അസോസിയേഷന്റെ പത്താം വാർഷികാഘോഷവും കുടുംബസംഗമവും ഫെബ്രുവരി 1നു നടക്കും. നവഭാരത് ഹയർ സെക്കൻഡറി സ്കൂളിൽ ഞായറാഴ്ച രാവിലെ 9. 30 മുതൽ രാത്രി 8 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മുൻസിപ്പൽ ചെയർമാൻ എം പ്രദീപ് ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ് ജി പ്രദീപ്കുമാർ അധ്യക്ഷനാകും. ചലച്ചിത്രതാരം ഡയാന ഹമീദ് സുവനീർ പ്രകാശനം ചെയ്യും.

വനിതാ ക്ലബ് അംഗം അൽഫോൻസാ ബ്രൗൺ സിംഗ്, സെക്രട്ടറി അജിൽ അയ്യപ്പൻ, ചലച്ചിത്രതാരം മാനസ രാധാകൃഷ്ണൻ, അമർ ഹോസ്പിറ്റൽ എംഡി ഡോക്ടർ രാധാകൃഷ്ണൻ, സ്വയംവര സിൽക്‌സ് എം ഡി ശങ്കരൻകുട്ടി, 15 കൗൺസിലർ അനസ് ഇ, പതിനാറാം വാർഡ് കൗൺസിലർ താഹിർ എ, ട്രഷറർ ജെ ഏലിയാസർ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും. ഉച്ചഭക്ഷണം, സായാഹ്ന ഭക്ഷണവും ഉണ്ടാകും.

മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനമാചരിച്ച് കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ

മഹാത്മാഗാന്ധി രക്തസാക്ഷിത്വദിനമാചരിച്ച് കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ

ആറ്റിങ്ങൽ: കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ അഭിമുഖത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മാരായ ആർ.എസ്.പ്രശാന്ത്, എസ് രഘുറാം എന്നിവർ നേതൃത്വം നൽകി.

മറ്റത്തൂരില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്ത് ബിജെപി; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിനിമോള്‍ക്ക് വിജയം

മറ്റത്തൂരില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്ത് ബിജെപി; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിനിമോള്‍ക്ക് വിജയം

തൃശ്ശൂര്‍: മറ്റത്തൂരില്‍ വീണ്ടും കോണ്‍ഗ്രസ് – ബിജെപി സഖ്യം. മറ്റത്തൂര്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് ബിജെപി അംഗങ്ങള്‍ വോട്ട് ചെയ്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ച മിനിമോള്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് – 10, യുഡിഎഫ് – 8, എന്‍ ഡി എ – 4, വിമതര്‍ – 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.

എതിര്‍ സ്ഥാനാര്‍ത്ഥിക്കും മിനി മോള്‍ക്കും ഒരേ വോട്ട് ലഭിച്ചതോടെ നറുക്കെടുക്കുകയായിരുന്നു. ബിന്ദുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഒരു വിമതന്‍ എല്‍ഡിഎഫിനെ പിന്തുണച്ചു. ബിജെപിയും മിനിമോളെ പിന്തുണച്ചതോടെ എല്‍ഡിഎഫിനും കോണ്‍ഗ്രസിനും വോട്ട് നില 11-11 എന്ന നിലയിലായി. തുടര്‍ന്ന് നറുക്കെടുപ്പിലാണ് വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

നേരത്തെ മറ്റത്തൂരില്‍ പഞ്ചായത്തില്‍ ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശത്തിനെ തുടര്‍ന്ന് സ്ഥാനം രാജിവെച്ചിരുന്നു. നൂര്‍ജഹാന്‍ അടക്കം എട്ട് അംഗങ്ങളെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഇവരെ തിരിച്ചെടുക്കാത്തത് കൊണ്ടാണ് തങ്ങള്‍ വോട്ട് ചെയ്തതെന്നാണ് ഇന്ന് ബിജെപി പ്രതികരിച്ചത്.

24 അംഗങ്ങളുള്ള മറ്റത്തൂരില്‍ ഏറ്റവും വലിയ ഒറ്റകക്ഷി എല്‍ഡിഎഫാണ്, 11 സീറ്റ്. പത്ത് സീറ്റാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവര്‍ രണ്ട് പേരും കോണ്‍ഗ്രസ് വിമതരായിരുന്നു.

‘കോട്ടയ്ക്കല്‍ ആര്യവൈദ്യശാല വേദനിക്കുന്നവരുടെ ആശ്രയം’; പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

‘കോട്ടയ്ക്കല്‍ ആര്യവൈദ്യശാല വേദനിക്കുന്നവരുടെ ആശ്രയം’; പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

കോട്ടയ്ക്കല്‍: ആയുര്‍വേദത്തിനെ സംരക്ഷിക്കുന്നതിലും മുന്നോട്ടു നയിക്കാനും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല നടത്തുന്ന ശ്രമങ്ങളെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആര്യവൈദ്യശാല വേദനിക്കുന്നവരുടെ ആശ്രയമാണെന്നും കേരളത്തിലെ പ്രാചീന ചികിത്സാരീതിയെ സംരക്ഷിച്ച് ആയുര്‍വേദത്തെ വളര്‍ത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ആയുഷ് മന്ത്രാലയം 12000 ആയുഷ് വെല്‍നെസ് സെന്ററുകള്‍ തുടങ്ങിയതിനെക്കുറിച്ചും 2014 നു ശേഷം ഈ മേഖല നേടിയ വളര്‍ച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്യവൈദ്യശാല സ്ഥാപക ദിനം, ധര്‍മാശുപത്രി ശതാബ്ദി ആഘോഷ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

2014 ല്‍ 3000 കോടി ആയിരുന്ന ആയുഷ് ആന്‍ഡ് ഹെര്‍ബല്‍ പ്രൊഡക്ടസിന്റെ കയറ്റുമതി 6500 കോടിയിലെത്തിയത് ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണ്. ആയുഷ് വിസയുടെ ഗുണം 65 ല്‍ പരം വിദേശരാജ്യങ്ങളിലുള്ളവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ജി20, ബ്രിക്‌സ് ഉച്ചകോടികളില്‍ ആയുഷിനെ വളര്‍ത്തുവാന്‍ വേണ്ട എല്ലാ ശ്രമങ്ങളും നടത്തി. യൂറോപ്യന്‍ യൂണിനുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിന് വലിയ സാധ്യതകള്‍ തുറക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആയുഷ് വെല്‍നെസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നതിന് ഇത് സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡ്രഗ്ഗ് റിസര്‍ച്ച്, ക്ലിനിക്കല്‍ റിസര്‍ച്ച്, കാന്‍സര്‍ റിസര്‍ച്ച്, സെന്റര്‍ ഓഫ് എക്‌സലെന്‍സ് എന്നിവയില്‍ ഊന്നി ആയുര്‍വേദത്തെ എവിഡന്‍സ് ബേസ്ഡ് റിസര്‍ച്ച്, പബ്ലിഷിങ് ഓഫ് റിസര്‍ച്ച് പോപ്പേഴ്‌സ്, എന്നിവയൊക്കെ ചെയ്യുന്ന ആര്യവൈദ്യശാലയെ ആദ്ദേഹം പ്രകീര്‍ത്തിച്ചു. പൗരാണികതയേയും ആയുര്‍വേദത്തേയും ചേര്‍ത്തു പിടിക്കുന്ന ആര്യവൈദ്യശാലയുടെ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ആധുനിക കാലഘട്ടത്തില്‍ നാം ജീവിക്കുന്ന ലോകത്തില്‍ ആയുര്‍വേദത്തിന് വലിയ പ്രസക്തി ഉണ്ടെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം ആയുര്‍വേദം എത്തിയിട്ടുണ്ട്. ആര്യവൈദ്യശാലയില്‍ സ്ഥാപകദിനാഘോഷത്തിന്റെ ഉദ്ഘാടനവും ധര്‍മ്മാശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. എം പി. അബ്ദ്ദു സമദ് സമദാനി എംപി അധ്യക്ഷത വഹിച്ചു.

പത്മഭൂഷണ്‍ ഡോ. പി കെ വാരിയരുടെ ആത്മകഥ ‘സ്മൃതിപര്‍വം’ (അവസാനഭാഗം) ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്തു. മാനേജിങ് ട്രസ്റ്റി ഡോ. പി. എം. വാരിയര്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

പ്രൊഫ.ആബിദ് ഹൂസൈന്‍ തങ്ങള്‍ എംഎല്‍എ, കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ.നാസര്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, വൈദ്യരത്‌നം പി.എസ്.വാരിയര്‍, ചീഫ് എക്‌സി ക്യുട്ടീവ് ഓഫീസര്‍ കെ.ഹരികുമാര്‍, ഡോ. പി. എം. വാരിയര്‍, ഡോ.കെജി. പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു. അഖിലേന്ത്യാതലത്തില്‍ നടത്തിയെ പ്രബന്ധ മത്സരവിജയികളേയും,തീസിസ് അവതരണത്തില്‍ വിജയിച്ചവര്‍ക്കുമുള്ള അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു.

തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം, ഒരാള്‍ മരിച്ചു

തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം, ഒരാള്‍ മരിച്ചു

തൃശൂര്‍: ആറ്റൂരില്‍ വയോധികരായ സഹോദരിമാരുടെ കൂട്ട ആത്മഹത്യ ശ്രമം. മണ്ഡലംകുന്ന് സ്വദേശികളായ ദേവകി (83) ജാനകി (80) സരോജനി (75) എന്നിവരെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ സരോജിനി പിന്നീട് മരിച്ചു. ജാനകി, ദേവകി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ മണ്ഡലംകുന്നിന് സമീപത്തെ വീട്ടില്‍ അവശ നിലയില്‍ അയല്‍വാസികളാണ് മൂവരെയും കണ്ടെത്തിയത്. തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് ഇടപെട്ട് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനില ഗുരുതരമായ സരോജിനി പിന്നീട് മരിക്കുകയായിരുന്നു. ജീവിത നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്ന കുറിപ്പ് കണ്ടെത്തി. മൂന്നു പേരും അവിവാഹിതരാണ്.