by Midhun HP News | Dec 5, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അടിസ്ഥാനപലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് തീരുമാനം അറിയിച്ചത്.
നിരക്ക് കുറവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും നിലവില്‍ ഉയര്‍ന്നുവരുന്ന മാക്രോ ഇക്കണോമിക് സാഹചര്യങ്ങളെയും ഭാവി പ്രതീക്ഷകളെയും കുറിച്ച് എംപിസി വിശദമായ വിലയിരുത്തല്‍ നടത്തിയതായി ഗവര്‍ണര്‍ പറഞ്ഞു.
‘റിപ്പോ നിരക്ക് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഡിസംബര്‍ 3, 4, 5 തീയതികളില്‍ എംപിസി യോഗം ചേര്‍ന്നു. ഉയര്‍ന്നുവരുന്ന ‘മാക്രോ ഇക്കണോമിക്’ സാഹചര്യങ്ങളെയും ഭാവി പ്രതീക്ഷകളെയും കുറിച്ചുള്ള വിശദമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ കുറച്ച് 5.25 ശതമാനമായി കുറയ്ക്കാന്‍ എംപിസി ഏകകണ്ഠമായി തീരുമാനിച്ചു’ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് അറിയിച്ചു.
ഈ കലണ്ടര്‍ വര്‍ഷം ആര്‍ബിഐ എംപിസി ഇതുവരെ റിപ്പോ നിരക്ക് 125 ബേസിസ് പോയിന്റ് കുറച്ചു. ഫെബ്രുവരി മുതല്‍ നിരക്ക് കുറയ്ക്കല്‍ തുടങ്ങിയിരുന്നു. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ, നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി കുറച്ചിരുന്നു. ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലും ഇത് നിലനിര്‍ത്തിയിരുന്നു.



by Midhun HP News | Dec 5, 2025 | Latest News, ദേശീയ വാർത്ത
ഗാബ: രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 334 റണ്‍സിന് പുറത്ത്. സെഞ്ച്വറി നേടിയ ജോ റൂട്ട് ആണ് ഇംഗ്ലണ്ട് നിരയിലെ ടോപ്‌സ്‌കോറര്‍. താരം 206 പന്തില്‍ നിന്ന് 138 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ടാം ദിനം ഒന്‍പത് വിക്കറ്റിന് 325 റണ്‍സ് എന്ന നിലയില്‍ കളി ആരംഭിച്ച ഇംഗ്ലണ്ടിന് ഒന്‍പത് റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു. ജോഫ്ര ആര്‍ച്ചര്‍ 38 റണ്‍സിന് പുറത്തായി.
അവസാന വിക്കറ്റില്‍ ഒന്നിച്ച റൂട്ട്- ജോഫ്ര ആര്‍ച്ചര്‍ സഖ്യത്തിന്റെ കൂറ്റനടികളാണ് ഇംഗ്ലണ്ടിനെ മുന്നൂറ് കടത്തിയത്. ഇരുവരും ചേര്‍ന്നു പത്താം വിക്കറ്റില്‍ 61 റണ്‍സ് അതിവേഗം ചേര്‍ത്തതോടെയാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടന്നത്. 40ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് ഗാബയില്‍ കുറിച്ചത്. ഓസീസ് മണ്ണില്‍ കരിയറില്‍ ആദ്യമായാണ് റൂട്ട് ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 202 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്സും സഹിതം റൂട്ട് 138 റണ്‍സ് നേടി. അവസാന സ്ഥാനത്തിറങ്ങിയ ജോഫ്ര ആര്‍ച്ചര്‍ കൂറ്റനടികളുമായി റൂട്ടിനൊപ്പം നിന്നതോടെയാണ് ഇംഗ്ലണ്ട് സ്‌കോര്‍ 300 കടന്നത്.
ടോസ് നേടി ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനു തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ ഓപ്പണര്‍ സാക് ക്രൗളിയും മുന്‍ നായകന്‍ ജോ റൂട്ടും ചേര്‍ന്നു കളിയിലേക്ക് മടക്കിയെത്തിച്ചു. 5 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇംഗ്ലണ്ടിനെ ക്രൗളി- റൂട്ട് സഖ്യം പിന്നീട് 122 റണ്‍സ് വരെ എത്തിച്ചാണ് പിരിഞ്ഞത്.
എന്നാല്‍ പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിനു വിക്കറ്റുകള്‍ വീണ്ടും നഷ്ടമായി. ക്രൗളി 76 റണ്‍സുമായി പുറത്തായി. ബെന്‍ ഡക്കറ്റ്, ഒലി പോപ്പ് എന്നിവര്‍ അക്കൗണ്ട് തുറക്കും മുന്‍പ് കൂടാരം കയറി. ഹാരി ബ്രൂക്ക് 31 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് 19 റണ്‍സിലും ഔട്ടായി. പിന്നാലെ വന്ന ജാമി സ്മിത്തിനും പിടിച്ചു നില്‍ക്കാനായില്ല. താരം 2 പന്തില്‍ പൂജ്യത്തിനു പുറത്ത്. വില്‍ ജാക്സ് (19), ഗസ് അറ്റ്കിന്‍സന്‍ (4), ബ്രയ്ഡന്‍ കര്‍സ് (0) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മികവോടെ പന്തെറിഞ്ഞു. ആറ് വിക്കറ്റുകള്‍ വീഴ്ത്തി സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. പെര്‍ത്തില്‍ രണ്ടിന്നിങ്സിലുമായി 10 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്ക് ഗാബയില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് നിരയെ വിറപ്പിച്ചു. മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ബെന്‍ സ്റ്റോക്സ് റണ്ണൗട്ടായാണ് മടങ്ങിയത്.



by Midhun HP News | Dec 5, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 200 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 95,280 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കൂടിയത്. 11,910 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില കുറഞ്ഞത്. രണ്ട് തവണയായി പവന്‍ വില 680 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 95,080 രൂപയില്‍ പവന്‍ വില എത്തിയിരുന്നു. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.പുതിയ റെക്കോര്‍ഡ് കുറിക്കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും വില കൂടിയും കുറഞ്ഞും നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ കാണുന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.



by Midhun HP News | Dec 5, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: 23- മത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടി ഇന്ന് നടക്കും. ഹൈദരാബാദ് ഹൗസില്‍ ഉച്ചയ്ക്ക് 12 നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള ചര്‍ച്ച നടക്കുക. ഉച്ചകോടിയില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനവുമുണ്ടാകും.
ഇന്നു രാവിലെ 11 മണിയോടെ പുടിൻ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം പുടിൻ ഉച്ചകോടിക്കായി ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക. ഉച്ചയ്ക്ക് 2 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വര്‍ക്കിംഗ് ലഞ്ച് പുടിനായി ഒരുക്കും. അതിനുശേഷം, നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനും പുതിയ പങ്കാളിത്ത മേഖലകള്‍ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടുള്ള പ്രതിനിധി ചര്‍ച്ചകള്‍ നടക്കും.
റഷ്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ്, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവയുടെ ഇന്ത്യന്‍ കയറ്റുമതി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഷിപ്പിംഗ്, ആരോഗ്യ സംരക്ഷണം, വളങ്ങള്‍, കണക്റ്റിവിറ്റി എന്നിവയില്‍ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാന്‍ സാധ്യതയുണ്ട്. റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിൻ നിർമ്മാണത്തെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം തുടങ്ങിയ നിർണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും.
ആൻഡ്രി ബെലോസോവ്, ആന്റൺ സിലുവാനോവ്, വ്‌ളാഡിമിർ കൊളോകോൾട്‌സോവ്, സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുള്ളിന എന്നിവരുൾപ്പെടെ ഒമ്പത് കാബിനറ്റ് മന്ത്രിമാർ ഉൾപ്പെടുന്ന ശക്തമായ ഒരു റഷ്യൻ പ്രതിനിധി സംഘം പുടിനൊപ്പമുണ്ട്. വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിന് പകരം ഡെപ്യൂട്ടി മന്ത്രി ആൻഡ്രി റുഡെൻകോയാണ് വിദേശകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിക്കുന്നത്. ഇന്നലെ വൈകീട്ട് 6.35 നാണ് റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പുടിനെ സ്വീകരിച്ചു.
ഇരുവരും ഒരു കാറിലാണ് പുടിന്റെ താമസസ്ഥലത്തേക്കു പോയത്. തുടർന്ന് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റഷ്യൻ പ്രസിഡന്റിന് വിരുന്നൊരുക്കി. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യക്കാർക്ക് അഭിമാനിക്കാമെന്നും, ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊർജമേഖലയിലെ സഹകരണവും എണ്ണ വ്യാപാരവും പുറത്തുനിന്നുള്ള സമ്മർദത്തിന് അതീതമാണ് എന്നും വ്ലാദിമിർ പുടിൻ പറഞ്ഞു. 2021-ന് ശേഷമുള്ള പുടിന്റെ ആദ്യത്തെ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്.
by Midhun HP News | Dec 5, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ പ്രതിസന്ധി പരിഹരിക്കാതെ ഇന്‍ഡിഗോ. ഇന്നലെ മാത്രം 550ഓളം സര്‍വീസുകളാണ് റദ്ദാക്കിയത്. വിമാനങ്ങള്‍ ഇന്നും റദ്ദാക്കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പുതിയ ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോയ്ക്ക് വന്ന വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഡിസംബര്‍ എട്ട് മുതല്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. സര്‍വീസ് പൂര്‍ണ തോതില്‍ സാധാരണ നിലയിലാകാന്‍ 2026 ഫെബ്രുവരി 10 വരെ സമയമെടുക്കുമെന്നാണ് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിട്ടുള്ളത്. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കും. തല്‍ക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നതായും ഇന്‍ഡിഗോ അറിയിച്ചു.
പൈലറ്റുമാരുടെ ഡ്യൂട്ടി ക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് ഇന്‍ഡിഗോയ്ക്ക് വിനയായത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശ പ്രകാരം പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമ സമയം നല്‍കേണ്ടതുണ്ട്. അതിനിടെ, പുതിയ ചട്ടങ്ങളില്‍ ഡിജിസിഎ ഇന്‍ഡിഗോയ്ക്ക് തല്‍ക്കാല ഇളവ് അനുവദിക്കും. പ്രതിസന്ധി നേരിടാന്‍ കഴിയാത്തതില്‍ ഇന്‍ഡിഗോയെ കേന്ദ്ര വ്യോമയാനമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. നിലവിലെ അവസ്ഥ, വിമാന നിരക്കുകള്‍ കൂടാന്‍ കാരണമാകരുതെന്നും നിര്‍ദേശമുണ്ട്. സര്‍വീസുകള്‍ നിരീക്ഷിക്കാന്‍ ഡിജിസിഎയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നെല്ലാം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡ പ്രകാരം ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും കൃത്യമായി ആസൂത്രണം നടത്തുന്നതിലും വീഴ്ച വന്നെന്ന് ഇന്‍ഡിഗോ സമ്മതിച്ചു.
by Midhun HP News | Dec 5, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം : ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒന്‍പതാം ദിവസവും ഒളിവില്‍ തുടരുന്നു. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. രാഹുലിന്റെ ഒളിസങ്കേതം ഇനിയും കണ്ടെത്താനായിട്ടില്ല. ഒളിവു വാസത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാങ്കൂട്ടത്തില്‍ മാറി ഉപയോഗിക്കുന്നുണ്ട്. എം എല്‍ എയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
രാഹുലിന്റെ പി എ, ഡ്രൈവര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പാലക്കാടു നിന്നും മുങ്ങിയപ്പോള്‍ ഇരുവരും രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. പൊള്ളാച്ചി, കോയമ്പത്തൂര്‍ വഴി കര്‍ണാടക അതിര്‍ത്തിയായ ബാഗല്ലൂരില്‍ എത്തിയ രാഹുല്‍, റിസോര്‍ട്ടില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു തൊട്ടുമുമ്പാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവിടെ നിന്നും രക്ഷപ്പെട്ടത്. രാഹുലിന് പൊലീസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നു ലഭിക്കുന്നതായും എസ്ഐടിക്ക് സംശയമുണ്ട്.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചേക്കും. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുന്നതില്‍ ഡിജിപി ഇന്ന് തീരുമാനമെടുത്തേക്കും. വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുമെന്നാണ് സൂചന. മൊഴി നല്‍കാന്‍ തയ്യാറാണെന്ന് പരാതിക്കാരിയായ യുവതി പൊലീസിനെ അറിയിച്ചിട്ടുണ്ട്.
Recent Comments