രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ അറസ്റ്റിൽ

രാഹുൽ മാങ്കൂട്ടത്തിലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ അറസ്റ്റിൽ

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ അറസ്റ്റിൽ. രാഹുലിനെ ബെം​ഗളൂരുവിൽ എത്തിച്ച ഡ്രൈവർ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇയാൾക്ക് കോൺഗ്രസുമായോ രാഹുലുമായോ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയാണ്. ഡ്രൈവറേ കൂടാതെ മറ്റൊരാളും കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ജോസ് എന്നയാളാണ് എസ്ഐടിയുടെ കസ്റ്റഡിയിലുള്ളത്.

രാഹുലിനെ ബെം​ഗളൂരുവിൽ എത്തിക്കാനായി ഏർപ്പാടാക്കിയ ആളാണെന്നാണ് നിഗമനം. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റാളുകളെ കുറിച്ചടക്കമുള്ള ചോദ്യങ്ങൾക്ക് ഇയാൾ വ്യക്തമായി മറുപടി നൽകിയിട്ടില്ല. രാഹുലിനെ ബെം​ഗളൂരുവിൽ എവിടേക്കാണ് എത്തിച്ചത് എന്നടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുകയാണ്.

ഇന്നലെ അർധരാത്രി മുതൽ പുലർച്ചെ വരെ ബെം​ഗളൂർ നഗരത്തിൽ പ്രത്യേക അന്വേഷണംസംഘം തിരച്ചിൽ നടത്തിയിരുന്നു. നാല് കേന്ദ്രങ്ങളിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്. കൂടുതലായും കർണാടക കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്തുന്നത്.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി അല്‍പസമയത്തിനകം

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി അല്‍പസമയത്തിനകം

തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. അല്‍പസമയത്തിനകം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിധി പറയും. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഇന്നലെ ഒന്നരമണിക്കൂറോളം അടച്ചിട്ട കോടതിയില്‍ വാദം കേട്ടിരുന്നു.യുവതിയുടെ പരാതി പൂര്‍ണ്ണമായിട്ടും വ്യാജമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവകാശപ്പെട്ട് തെളിവുകളും ഹാജരാക്കി. എന്നാല്‍ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കി. ഇത് പരിശോധിച്ച ശേഷമാണ് കോടതി അധിക തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്.

ഫോണ്‍ വിളികളും ചാറ്റുകളും റെക്കോര്‍ഡ് ചെയ്തും സ്‌ക്രീന്‍ ഷോട്ടെടുത്തും സൂക്ഷിച്ചത് ഗൂഢോദ്ദേശ്യത്തോടെയാണെന്നും പരാതി നല്‍കാന്‍ യുവതിക്ക് തൊഴില്‍ സ്ഥാപനത്തില്‍നിന്നു സമ്മര്‍ദമുണ്ടായെന്നും പ്രതിഭാഗം വാദിച്ചു. കോടതി തീരുമാനമെടുക്കുന്നതുവരെ അറസ്റ്റുണ്ടാകില്ലെന്നു പ്രോസിക്യൂഷന്‍ ഉറപ്പു നല്‍കണമെന്നു പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും അത്തരം ഉറപ്പുകള്‍ നല്‍കാനാകില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ഇക്കാര്യത്തില്‍ കോടതിയും ഇടപെട്ടില്ല.

കൊച്ചിയിലെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റ നിലയില്‍; അന്വേഷണം

കൊച്ചിയിലെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റ നിലയില്‍; അന്വേഷണം

കൊച്ചി: ഭാര്യയെയും ഭര്‍ത്താവിനെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കതൃക്കടവിലെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ രാജസ്ഥാന്‍ സ്വദേശിയെയും ഭാര്യയെയുമാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. ഭാര്യയ്ക്ക് 85 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഭര്‍ത്താവിന്റെ പൊള്ളല്‍ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ദക്ഷിണ റെയില്‍വേയില്‍ ടെക്‌നീഷ്യനാണ് രാജസ്ഥാന്‍ സ്വദേശി. ഡീസല്‍ ഒഴിച്ച് തീ കൊളുത്തിയതാണോ എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.ഗ്യാസ് അപകടമാണോയെന്നും സംശയമുണ്ട്. സംഭവം നടക്കുമ്പോള്‍ ഇവരുടെ മൂന്ന് മക്കളും ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉടന്‍ പുറത്തിറങ്ങി; ആര്‍ക്കും പരിക്കില്ല

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു, ഉടന്‍ പുറത്തിറങ്ങി; ആര്‍ക്കും പരിക്കില്ല

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപമായിരുന്നു സംഭവം.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത്. കാറിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് തീര്‍ഥാടകര്‍ അതിവേഗം പുറത്തുകടന്നത് കൊണ്ടാണ് വന്‍ അപകടം ഒഴിവായത്. ഇതിന് പിന്നാലെ കാറില്‍ തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാസേന എത്തി തീയണച്ചു. ആര്‍ക്കും പരിക്കില്ല. എന്നാൽ കാർ പൂർണമായി കത്തിനശിച്ചു. നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങിയ തീര്‍ഥാടക സംഘം അവിടെ നിന്ന് ഒരു കാര്‍ വിളിച്ച് ശബരിമലയിലേക്ക് പോകുകയായിരുന്നു. ഈ കാറിനാണ് തീപിടിച്ചത്. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. ഇക്കാര്യം അഗ്നിരക്ഷാസേന അന്വേഷിച്ച് വരികയാണ്.

പ്രശസ്ത നിർമാതാവും എ വി എം സ്റ്റുഡിയോസ് ഉടമയുമായ എം ശരവണൻ അന്തരിച്ചു

പ്രശസ്ത നിർമാതാവും എ വി എം സ്റ്റുഡിയോസ് ഉടമയുമായ എം ശരവണൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര നിർമാതാവും എ വി എം പ്രൊഡക്ഷൻസിന്റെ ഉടമയുമായ എ വി എം ശരവണൻ (86) അന്തരിച്ചു. 86-ാം ജന്മദിനത്തിന് പിറ്റേന്ന് ചെന്നൈയിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർ‌ന്ന് കഴിഞ്ഞ രണ്ട് വർഷമായി നടക്കാൻ ബുദ്ധിമുട്ടിയിരുന്ന ശരവണനെ കഴിഞ്ഞ മാസം ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തമിഴ് സിനിമയിലെ ഹിറ്റ് നിർമാതാക്കളിൽ ഒരാളായിരുന്നു. എം ജി ആർ, ശിവാജി ഗണേശൻ, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയവരുടെ സിനിമകൾ എ വി എം ശരവണന്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ വി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൂറോളം സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ പിതാവും സംവിധായകനും നിർമാതാവുമായ എ വി മെയ്യപ്പ ചെട്ടിയാർ ആണ് 1945 ൽ എ വി എം സ്റ്റുഡിയോസ് സ്ഥാപിക്കുന്നത്. പിന്നീട് എ വി എം ശരവണൻ നിർമാണക്കമ്പനി ഏറ്റെടുക്കുകയായിരുന്നു. സംസാരം അടി മിൻസാരം, നീനു ഒരടപ്പിന്നു, ശിവാജി, വേടഗാഡു, അയൻ, മിൻസാര കനവ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു. നിരവധി സൂപ്പർ സ്റ്റാറുകളെ സിനിമാ ലോകത്ത് പരിചയപ്പെടുത്തിയ എ വി എം കമ്പനി നിലവിൽ അദ്ദേഹത്തിന്റെ മകൻ എം എസ് ഗുഹന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ലീഡർ, എവരൈന കുംകും, ജെമിനി, ആ ഒക്കത്തി അടക്കു, സംസാരം ഒക്ക ചദരം, ശിക്ഷ, നാഗു, മൂടു മുള്ള തുടങ്ങി ഒട്ടേറെ തെലുങ്ക് സിനിമകളും നിർമിച്ചിട്ടുണ്ട്.

നാനും ഒരു പെണ്‍, സംസാരം അത് മിന്‍സാരം എന്നീ ചിത്രങ്ങള്‍ക്ക് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1986 ൽ മദ്രാസ് നഗരത്തിന്റെ ഷരീഫ് എന്ന ഓണററി പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. വടപളനി എവിഎം സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

രാഷ്ട്രപതിയുടെ ‘ഇന്ത്യ വണ്‍’ വിമാനം പറത്തിയത് മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

രാഷ്ട്രപതിയുടെ ‘ഇന്ത്യ വണ്‍’ വിമാനം പറത്തിയത് മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

തിരുവനന്തപുരം: നാവികസേനാ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ തിരുവനന്തപുരത്തെത്തിച്ചത് മലയാളി പൈലറ്റ്. വ്യോമസേനയിലെ വിങ് കമാന്‍ഡറായ പത്തനംതിട്ട സ്വദേശി ക്രിസ്റ്റി ജോര്‍ജാണ് രാഷ്ട്രപതിയെ ന്യൂഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിച്ചത്.

കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ ക്രിസ്റ്റി, കഴിഞ്ഞ എട്ടുവര്‍ഷമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിമാനങ്ങളുടെ പൈലറ്റുമാരുള്‍പ്പെടുന്ന വിവിഐപി സ്‌ക്വാഡ്രണിലാണ് ജോലിചെയ്യുന്നത്. പല തവണ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ക്രിസ്റ്റി എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളസന്ദര്‍ശന സമയത്തും വിമാനം പറത്തിയിട്ടുണ്ട്.

ബോയിങ് 737 ശ്രേണിയില്‍പ്പെടുന്ന ഇന്ത്യ വണ്‍ എന്ന വിമാനത്തിലാണ് രാഷ്ട്രപതി സഞ്ചരിക്കുന്നത്. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് കമ്യൂണിക്കേഷന്‍ സ്‌ക്വാഡ്രനാണ് ഈ വിമാനങ്ങളുടെ പൂര്‍ണനിയന്ത്രണം.

വ്യോമസേനയില്‍ പൈലറ്റായി ജോലി തുടങ്ങിയ ക്രിസ്റ്റി ബംഗളൂരുവിലെ പരിശീലനകേന്ദ്രത്തില്‍ ഇന്‍സ്ട്രക്ടറായും ജോലി നോക്കിയിട്ടുണ്ട്. പത്തനംതിട്ട സന്തോഷ് ജങ്ഷനില്‍ കുവൈറ്റ് എയര്‍വേയ്സ് മുന്‍ ഉദ്യോഗസ്ഥന്‍ ജോര്‍ജ് വര്‍ഗീസിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ റിട്ട. അധ്യാപിക ഡോ. വത്സമ്മ എം. സാമുവേലിന്റെയും മകനാണ്. ഭാര്യ നീതു ഐടി പ്രൊഫഷണലാണ്. എവിലിന്‍, അമീലിയ എന്നിവരാണ് മക്കള്‍.