by Midhun HP News | Apr 2, 2026 | Latest News, സിനിമ
ആക്ഷൻ സിനിമകളുടെ രാജാവ് ഷാജി കൈലാസ് സംവിധാനം ചെയ്ത് ജോജു ജോർജ് നായകനായി എത്തുന്ന ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രമായ “വരവ്” മെയ് 1ന് തിയേറ്ററുകളിലെത്തും.മലയോര മേഖലയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പോളി എന്ന് വിളിപ്പേരുള്ള പോളച്ചൻ എന്ന കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. പോളച്ചന്റെ ജീവിത പോരാട്ടങ്ങളും പ്രതികാരവും ഇഴ ചേർന്ന് നിൽക്കുന്ന കംപ്ലീറ്റ് ആക്ഷൻ ചിത്രമാണ് “വരവ്”
ജോജു ജോർജ്-ഷാജി കൈലാസ് കോമ്പിനേഷൻ തന്നെ ഇതാദ്യമായാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ “വരവ് “ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് ഷാജി കൈലാസും ജോജുവും. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി ചിത്രം നിർമ്മിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോമി ജോസഫ്, രാഹുൽ റെജി തോമസ്. “വരവ്” ന്റെ ആക്ഷൻ രംഗങ്ങളിൽ തീപാറുമെന്നുറപ്പിക്കാൻ മലയാളത്തിന്റെ ആക്ഷൻ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്. ആക്ഷൻ സിനിമകളിലുള്ള ഷാജി കൈലാസിൻ്റെ സംവിധാന പാടവത്തിനു വീണ്ടും കരുത്താകാൻ സ്റ്റണ്ട് മാസ്റ്റർമാരുടെ ഒരു വലിയ നിര തന്നെയുണ്ട് ചിത്രത്തിൽ.ദക്ഷിണേന്ത്യയിലെ മുൻനിര സ്റ്റണ്ട് മാസ്റ്റർമാരായ സ്റ്റണ്ട് സിൽവ, കലൈ കിംഗ്സൺ, ഫീനിക്സ് പ്രഭു, രാജശേഖർ മാസ്റ്റർ, തപസി മാസ്റ്റർ, മാഫിയ ശശി, ജാക്കി ജോൺസൺ എന്നിങ്ങനെ 8 മാസ്റ്റേഴ്സ് ചിത്രത്തിനായി. ഒന്നിക്കുന്നു.
കുറേയധികം പ്രത്യേകതകളോടുകൂടിയാണ് “വരവ്” പ്രേക്ഷകരിലേക്ക് എത്തുന്നത് .വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സുനിറച്ച സുകന്യ വരവിന്റെ ഭാഗമാകുന്നു. മുരളി ഗോപി, അർജുൻ അശോകൻ, ദീപക് പറമ്പോൽ ,ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകൻ, ബോബി കുര്യൻ, അശ്വിൻ കുമാർ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, വീണ നായർ, കോട്ടയം രമേശ്,ശ്രീജിത്ത് രവി,, ശർമ്മ, ചാലി പാലാ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ഷാജി കൈലാസിൻ്റെ മികച്ച വിജയങ്ങൾ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്,ദ്രോണ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം – എസ്. ശരവണൻ. സംഗീതം ഒരുക്കുന്നത് സാം സി എസ്. എഡിറ്റർ ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം . മേക്കപ്പ് സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ- സമീറ സനിഷ്. ചീഫ് അസസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്. ഹെഡ് ഓഫ് പ്രൊഡക്ഷൻ റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ് – ശിവൻ പൂജപ്പുര, അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് മംഗലത്ത്.പി ആർ ഒ മഞ്ജു ഗോപിനാഥ്.
സ്റ്റിൽസ് – ഹരി തിരുമല. മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് -ബ്രിങ്ഫോർത്ത്. മൂന്നാർ,മറയൂർ,തേനി, വാഗമൺ, കോട്ടയം എന്നീ ലൊക്കേഷനുകളിലായി 72 ദിവസങ്ങൾ കൊണ്ടാണ് “വരവ്” ന്റെ ചിത്രീകരണം പൂർത്തിയായത്. തീയറ്ററുകളിൽ ആക്ഷൻ തരംഗം തീർക്കാൻ ‘വരവ്’ മെയ് 1ന് റിലീസ് ചെയ്യും. ചിത്രം ഓൾഗാ പ്രൊഡക്ഷൻസ് റിലീസസ് തിയേറ്ററുകളിൽ എത്തും.


by Midhun HP News | Apr 2, 2026 | Latest News, കേരളം
മലപ്പുറം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തെ വഞ്ചിച്ചുവെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍. പണം വാങ്ങിയിട്ടും മത്സരം കളിക്കാന്‍ വരാതെ ടീം സംസ്ഥാനത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ വന്ന് കളിക്കണമെന്ന് താന്‍ ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി ഒട്ടേറെ ചര്‍ച്ചകള്‍ നടത്തി. ടീമിന് നല്‍കേണ്ട 250 കോടി രൂപ കണ്ടെത്താന്‍ സ്‌പോണ്‍സര്‍മാരെ ഏര്‍പ്പാടാക്കുന്നത് എളുപ്പമുള്ള പണിയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പണം കൈപ്പറ്റിയ ശേഷം അര്‍ജന്റീന ടീം നമ്മെ ചതിച്ചു. വരാമെന്ന് ഏല്‍ക്കുകയും പിന്നീട് വരാതിരിക്കുകയും ചെയ്യുന്നത് ഇത്തരമൊരു ടീമില്‍ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് ഉണ്ടായ സമാനമായ അനുഭവം മറ്റ് അഞ്ച് രാജ്യങ്ങള്‍ക്കുണ്ടായതായും മന്ത്രി പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെതിരെ കേസ് ഫയല്‍ ചെയ്യേണ്ട സാഹചര്യമാണിത്. അവര്‍ നമുക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. ഈ വഞ്ചന കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെയാകെ നിരാശപ്പെടുത്തിയിരിക്കുകയാണെന്നും അബ്ദുറഹിമാന്‍ പറഞ്ഞു.
മെസിയും സംഘവും കഴിഞ്ഞ വര്‍ഷം നവംബറില്‍ കേരളത്തില്‍ കളിക്കുമെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് ഈ വര്‍ഷം മാര്‍ച്ചില്‍ അര്‍ജന്റീന ടീം കളിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. താനൂര്‍ വിട്ട് തിരൂരിലെത്തിയത് തോല്‍വി ഭയന്നല്ലെന്നും അവിടെ വികസനമുരടിപ്പുണ്ടെന്ന് ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. താന്‍ ഇല്ലെങ്കിലും താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് അബ്ദുറഹിമാന്‍ കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Apr 2, 2026 | Latest News, ജില്ലാ വാർത്ത
കവിയും സാഹിത്യ പ്രവർത്തകനുമായ ബാലചന്ദ്രൻ നായർ നേതൃത്വം നൽകിയ ആഗോള സ്കൂൾ തല യുവ കവിപരിചയ പരിപാടി “ബാലകവി പ്രൊജക്ട്” മാർച്ച് 31 ന് പരിസമാപ്തിയായി. 120 രാജ്യങ്ങളിൽ പക്ഷേപണം ചെയ്യപ്പെട്ട പ്രസ്തുത പരിപാടിയിലൂടെ ഇൻഡ്യയിലും വിദേശത്തു നിന്നുമുള്ള 52 വിദ്യാലയങ്ങളിലെ 537 വിദ്യാർത്ഥികൾ സ്വന്തം കവിതകൾ എഴുതി ആലപിക്കുകയുണ്ടായി. അവർക്ക് ഏവർക്കും 5 രാജ്യങ്ങളിൽ നിന്നും പ്രശംസാപത്രങ്ങൾ കൈവരുകയും ചെയ്തു.
ഇതോടെ മൊത്തം 944 വിദ്യാർത്ഥികളെ കവികളായി അവതരണം ചെയ്തതിന്റേയും 357 ലോക സാഹിത്യകാരന്മാരെ സ്കൂൾ കുട്ടികൾക്ക് പരിചയപ്പെടുത്തിയതിന്റെയും ഒരു വർഷം ഇടതടവില്ലാതെ നീണ്ടുനിന്ന സാഹിത്യ, സമാധാന, സൗഹൃദ, സാംസ്കാരിക കൈമാറ്റത്തിന്റെയും മൂന്നു ലോക റെക്കോഡുകൾ ആറ്റിങ്ങലിന് സ്വന്തമായി. ബാലചന്ദ്രൻ നായർക്ക് ലോകമെമ്പാടുനിന്നുമുള്ള അഭിനന്ദന പ്രവാഹങ്ങൾ വേറെയും.


by Midhun HP News | Apr 2, 2026 | Latest News, ജില്ലാ വാർത്ത
വലിയകുന്ന് ഗസ്റ്റ് ഹൗസ് ജംഗ്ഷൻ ഫ്രണ്ട്സ് ഉരുൾ കമ്മിറ്റിയുടെ ഉരുൾ മഹാമഹം മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ ഫ്രണ്ട്സ് ഗസ്റ്റ് ഹൗസ് ജംഗ്ഷനിലാണ് സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം (ഏപ്രിൽ 2 വ്യാഴാഴ്ച) 6 മണി മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു. രാത്രി 7 മണി മുതൽ വർണ്ണോത്സവം 2026 സംഘടിപ്പിക്കും.
തുടർന്ന് ശിവമൂർത്തി കലാസമിതി കൊല്ലം അവതരിപ്പിക്കുന്ന 25ൽ പരം കലാകാരന്മാർ അണിനിരക്കുന്ന ശിങ്കാരിമേളം, രാത്രി ഒരു മണിക്ക് ഉരുളാരംഭം.
ഏപ്രിൽ 3 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ ഗസ്റ്റ് ഹൗസ് ജംഗ്ഷനിൽ വലിയകുന്ന് സദ്യ, അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ് വയ്പ്പ് മഹോത്സവത്തോടനുബന്ധിച്ച് ഗസ്റ്റ് ഹൗസ് ജംഗ്ഷനിൽ ഫ്രണ്ട്സ് ഉരുൾകമ്മിറ്റി ഒരുക്കുന്ന തിരുമുൽക്കാഴ്ച, രാത്രി 7:00 മണിക്ക് ബീറ്റ്സ് ഓഫ് ട്രാവൻകൂറിന്റെ മെഗാ ഗാനമേളയും അരങ്ങേറും.
by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെല്‍ ഇന്ത്യയും. ഏപ്രില്‍ ഒന്നിന് പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബംഗളൂരുവില്‍, പെട്രോള്‍ വില ലിറ്ററിന് 7.41 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് ലിറ്ററിന് 119.85 രൂപയാണ് വില. പവര്‍ വേരിയന്റിന് 129.85 രൂപ നല്‍കണം. പ്രാദേശിക നികുതികള്‍ കാരണം നഗരങ്ങളില്‍ വില വ്യത്യാസപ്പെട്ടിരിക്കാം.
ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എണ്ണവിലയിലുണ്ടായ കുത്തനെയുള്ള വര്‍ധനയെ തുടര്‍ന്നാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ ഷെല്‍ ഇന്ത്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡീസലിന് ലിറ്ററിന് 25.01 രൂപയുടെ കുത്തനെയുള്ള വര്‍ധനയാണ് വരുത്തിയത്. സാധാരണ വേരിയന്റിന്റെ വില 123.52 രൂപയും പ്രീമിയം വില 133.52 രൂപയുമായി.
ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചിട്ടും പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ വില സ്ഥിരമായി നിലനിര്‍ത്തിയതിനാല്‍ സ്വകാര്യ ചില്ലറ വ്യാപാരികള്‍ നിരന്തരമായ സമ്മര്‍ദ്ദം നേരിടുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സ്വകാര്യ കമ്പനികള്‍ക്ക് നഷ്ടം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഈ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


by Midhun HP News | Apr 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മാസം തികയാതെ പിറന്ന കുഞ്ഞിന്റെ മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് സംഭവം. സുരക്ഷാ ജീവനക്കാരാരാണ് മൃതദേഹം കണ്ടത്.
രാവിലെയാണ് സംഭവം. മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ദുരൂഹ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തിയത്. ഉടന്‍ തന്നെ സുരക്ഷാ ജീവനക്കാര്‍ തുറന്നു നോക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടി വന്നവരുടെ കുഞ്ഞാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാരണം ചികിത്സയ്ക്കല്ലാതെ മറ്റുള്ളവര്‍ക്ക് ഈ പ്രദേശത്ത് കടന്നുവരുന്നത് പ്രയാസമാണ്. നിലവില്‍ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.


Recent Comments