by Midhun HP News | Feb 22, 2026 | Latest News, ജില്ലാ വാർത്ത
ഡൽഹി: രാജ്യതലസ്ഥാനമുള്‍പ്പെടെ പ്രമുഖ നഗരങ്ങളില്‍ സ്‌ഫോടന പരമ്പരകള്‍ക്ക് പദ്ധതിയിട്ട ഭീകരസംഘടനയുമായി ബന്ധമുള്ള എട്ടുപേരെ ഡല്‍ഹി പോലീസ് പിടികൂടി. ആറ് പേരെ തമിഴ്‌നാട്ടില്‍ നിന്നും രണ്ട് പേരെ പശ്ചിമ ബംഗാളില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ നിന്നുള്ളവരും ഇവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ലഷ്ക്കർ, ഐഎസ്ഐ ബന്ധമുണ്ടെന്നും ഭീകരാക്രമണപദ്ധതിയുടെ ഭാഗമാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.
തമിഴ്നാട്ടിലെ തിരുപ്പൂരിൽ തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന ആറുപേരെയാണ് പിടികൂടിയത്. മിസാനൂര്‍ റഹ്‌മാന്‍, മുഹമ്മദ് ഷബാത്ത്, ഉമര്‍, മുഹമ്മദ് ലിതാന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാല്‍ എന്നിവരെയാണ് തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത് ഡല്‍ഹി പോലീസിന് കൈമാറിയത്. പശ്ചിമ ബംഗാളില്‍ നിന്ന് രണ്ട് പേരെയും പോലീസ് പിടികൂടി.
ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ‘ഫ്രീ കശ്മീര്‍’ എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. വിദേശത്തു നിന്നുള്ള നിര്‍ദ്ദേശപ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ഇവര്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പ്രതികളില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 16 സിംകാര്‍ഡുകളും വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്കും ചാന്ദ്നി ചൗക്കിലെ ഒരു ക്ഷേത്രം ഉള്‍പ്പെടെ രാജ്യത്തെ മറ്റ് പ്രമുഖ മതസ്ഥാപനങ്ങളിലും സ്‌ഫോടനം നടത്താന്‍ ലഷ്‌കര്‍-ഇ-തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡും അറസ്റ്റും.
by Midhun HP News | Feb 22, 2026 | Latest News, ജില്ലാ വാർത്ത
ന്യൂഡൽഹി: അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ ആലിൻ ഷെറിനെ മൻ കി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചു.
എന്തൊരു വലിയ തീരുമാനമാണത്. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം. മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിൻ്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചത്. സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിൻ്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അവയവദാനത്തിൽ ഇന്ത്യ മുന്നിലാണെന്നും മോദി ചൂണ്ടിക്കാട്ടി. അവയവദാനം മഹത് കൃത്യമാണ്. ആവശ്യമുള്ളവർക്ക് ദാനം ചെയ്യണം. മെഡിക്കൽ ഗവേഷണ രംഗവും മുൻപന്തിയിലാണ്. അവയവങ്ങൾ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. എത്രയോ പേരാണ് അവയവങ്ങൾ സ്വീകരിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവയവദാനത്തെ എന്നും പ്രോത്സാഹിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
by Midhun HP News | Feb 22, 2026 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ശനിയാഴ്ച തുടക്കമാകും. അന്ന് രാത്രിയാണ് കൊടിയേറുക. അന്നു രാവിലെ ആനയില്ലാശീവേലിയും ഉച്ചതിരിഞ്ഞ് ആനയോട്ടവും നടക്കും. മാര്‍ച്ച് ഒന്‍പതിന് രാത്രി ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.
ഉത്സവത്തിനോടനുബന്ധിച്ചുള്ള എട്ടു ദിവസത്തെ സഹസ്രകലശച്ചടങ്ങുകള്‍ക്ക് തുടക്കമായി. വെളളിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം ആചാര്യവരണമായിരുന്നു ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം ഊരാളനുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, തന്ത്രി പി സി ദിനേശന്‍ നമ്പൂതിരിപ്പാടിന് വസ്ത്രവും പവിത്രവും നല്‍കി. തന്ത്രി ചേന്നാസ് കൃഷ്ണന്‍ നമ്പൂതിരിപ്പാടും പങ്കെടുത്തു. തുടര്‍ന്ന് മുളയറയില്‍ വെള്ളിപ്പാലികയില്‍ നവധാന്യങ്ങള്‍ വിതച്ച് മുളയിടല്‍ച്ചടങ്ങ് നടത്തി.
രാവിലെ മുതല്‍ ശുദ്ധികര്‍മങ്ങളും ഹോമങ്ങളും നടക്കും. 26-ന് തത്ത്വകലശാഭിഷേകവും 27ന് വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവുമാണ്.
by Midhun HP News | Feb 22, 2026 | Latest News, കേരളം
കൊച്ചി: പഫ്സ് കഴിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു. മുനമ്പം സ്വദേശി ആന്റോണ്‍(21) ആണ് മരിച്ചത്. പഫ്സ് കഴിക്കുന്നതിനിടെ ആന്റോണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം അറിയാന്‍ കഴിയൂ. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി വന്നതിന് ശേഷം ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. ശ്വാസനാളത്തില്‍ ഭക്ഷണം കുടുങ്ങിയതാണോ മരണകാരണമെന്ന് സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹം കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
by Midhun HP News | Feb 22, 2026 | Latest News, കേരളം
കൊച്ചി: എറണാകുളത്ത് കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി. പുലര്‍ച്ചെ 1.30 ഓടെയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. മെട്രോ സര്‍വീസുകള്‍ അവസാനിച്ചതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ച്, രാത്രി 12 മണിയോടെയാണ് രക്ഷാദൗത്യം പുനഃരാരംഭിച്ചത്. ഗാന്ധിനഗര്‍ അഗ്‌നിരക്ഷാ സേനയും മൃഗക്ഷേമസംഘടനയായ എസ്പിസിഎയും ചേര്‍ന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് ‘ഓപ്പറേഷൻ സുഭാഷ്’ എന്നറിയപ്പെട്ട രക്ഷാദൗത്യം വിജയം കണ്ടത്.
ജീവനോടെ തന്നെ സുഭാഷ് എന്നു വിളിപ്പേരിട്ട പൂച്ചയെ താഴെയെത്തിക്കാനായി. തുടര്‍ന്ന് പൂച്ചയെ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിരീക്ഷണത്തിലാണ്. പൂച്ചയെ താഴെയിറക്കുന്ന ദൗത്യം കാണാന്‍ നിരവധി പേരാണ് മെട്രോ പില്ലറിന് സമീപം തടിച്ചുകൂടിയത്. പുലര്‍ച്ചെ പൂച്ചയെ ജീവനോടെ താഴെയിറക്കിയപ്പോള്‍ ജനക്കൂട്ടം ആര്‍ത്തു വിളിച്ചു.
കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പര്‍ പില്ലറില്‍ കുടുങ്ങിയ ഫയര്‍ഫോഴ്‌സ്, ആനിമല്‍ റെസ്‌ക്യൂ ടീമംഗങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മെട്രോ പില്ലറില്‍ ഒരാഴ്ചയോളമായി ‘സുഭാഷ്’ പെട്ടുകിടക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബാനര്‍ജി റോഡില്‍ വാഹനഗതാഗതകുരുക്കും അനുഭവപ്പെട്ടു. ജനങ്ങള്‍ തന്നെ മുന്‍കൈയെടുത്താണ് ഗതാഗതവും നിയന്ത്രിച്ചത്. ഇന്നലെ രാവിലെ 11.30 ന് പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങളെ കണ്ടതോടെ പൂച്ച ഓടിപ്പോയത് രക്ഷാദൗത്യത്തിന് തിരിച്ചടിയായി. തുടര്‍ന്ന് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
by Midhun HP News | Feb 22, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് സെക്രട്ടറി. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി സിന്ദുവാണ് കത്തിയുമായി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്ന് വൈകിട്ടോടെയാണ് വെള്ളനാട് പഞ്ചായത്ത് ഓഫീസില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പഞ്ചായത്ത് ഓഫീസില്‍ വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റും രണ്ട് വനിതാ അംഗങ്ങളും ചേര്‍ന്ന് മുറിയില്‍ പൂട്ടിയിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
പഞ്ചായത്ത് പ്രസിഡന്റായ വെള്ളനാട് ശശിയും സെക്രട്ടറി സിന്ധുവും തമ്മില്‍ നേരത്തേയും തര്‍ക്കങ്ങളുണ്ടായിരുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നത്. ഇതേവിഷയത്തെച്ചൊല്ലിയാണ് ശനിയാഴ്ച വീണ്ടും പ്രശ്നങ്ങളുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ വെള്ളനാട് ശശിയും രണ്ട് വനിതാ അംഗങ്ങളും ചേര്‍ന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറിയായ സിന്ധുവിന്റെ പരാതി. ഇതിനുപിന്നാലെ സിന്ധു ബാഗിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ആത്മഹത്യാശ്രമവും നടത്തി. സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് സിന്ധുവിന്റെ കൈയ്യില്‍ നിന്ന് കത്തി പിടിച്ചുവാങ്ങിയത്. ഒടുവില്‍ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
പഞ്ചായത്ത് വാഹനത്തെ ചൊല്ലി സെക്രട്ടറിയും പ്രസിഡന്റും തര്‍ക്കം ആരംഭിച്ചിട്ട് മാസങ്ങളായി. അതുകൊണ്ടുതന്നെ സെക്രട്ടറിയും പ്രസിഡന്റും തമ്മിലുള്ള തര്‍ക്കം കാരണം പഞ്ചായത്തില്‍ ഭരണ സ്തംഭനമാണെന്ന് അംഗങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ സെക്രട്ടറി മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പ്രസിഡന്റ് വെള്ളനാട് ശശി പറയുന്നത്.
Recent Comments