പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന്‍ സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

ജിദ്ദ: ഫെയ്‌സ്ബുക്കില്‍ പ്രവാചകനെതിരെ കമന്റിട്ടതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശ്രീലങ്കന്‍ പ്രവാസി അനോജന്‍ ശിവരാസയുടെ ശിക്ഷാവിധി സൗദി അറേബ്യയിലെ സുപ്രീം കോടതി റദ്ദാക്കി. ശ്രീലങ്കയുടെ നയതന്ത്ര ഇടപെടലുകള്‍ക്ക് പിന്നാലെയാണ് കോടതി നടപടി. സൗദി സുപ്രീം കോടതി ഒക്ടോബര്‍ 13-ന് വധശിക്ഷ റദ്ദാക്കിയതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ശ്രീലങ്കയിലുണ്ടായ ഒരു സംഭവത്തെ തുടര്‍ന്ന് രൂപപ്പെട്ട ഓണ്‍ലൈന്‍ വാക്കുതര്‍ക്കമാണ് സംഭവങ്ങളുടെ തുടക്കം. ഹിന്ദു തീര്‍ഥാടനത്തിനിടയില്‍ മുസ്‌ലിം യുവാവ് നായയെ ചവിട്ടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെച്ചൊല്ലിയുള്ള തര്‍ക്കിത്തിനിടയില്‍ ഒരാള്‍ അധിക്ഷേപ കമന്റിട്ടു. ഇതില്‍ പ്രകോപിതനായാണ് അനോജന്‍ പ്രവാചകനെതിരെ തമിഴില്‍ അധിക്ഷേപകരമായ കമന്റ് രേഖപ്പെടുത്തിയത്.

കമന്റ് പിന്നീട് അനോജന്‍ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍, അതിനുമുമ്പേ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സൗദിയിലെ തൊഴിലുടമക്ക് അയച്ചുകൊടുത്തിരുന്നു. തൊഴിലുടമ വിവരം സൗദി അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയിലാണ് അനോജനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൊബൈല്‍ അടക്കമുള്ള വസ്തുക്കള്‍ പിടിച്ചെടുത്തു.

ആദ്യം അല്‍ അഹ്‌സ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷത്തെ തടവും 30 ലക്ഷം സൗദി റിയാല്‍ (ഏകദേശം എട്ട് ലക്ഷം അമേരിക്കന്‍ ഡോളര്‍) പിഴയുമാണ് ശിക്ഷ വിധിച്ചത്. എന്നാല്‍ സെപ്റ്റംബര്‍ 17ന് സൗദി പ്രോസിക്യൂഷന്‍ ഇതിനെതിരെ അപ്പീല്‍ നല്‍കുകയും സൈബര്‍ കുറ്റകൃത്യ നിയമങ്ങള്‍ക്ക് പകരം മതനിന്ദാ നിയമപ്രകാരം കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ കോടതി അനോജന്റെ ശിക്ഷ വധശിക്ഷയായി ഉയര്‍ത്തുകയായിരുന്നു.

പാലം കടന്നാല്‍ കൊറിയയായി, അതിര്‍ത്തിയിലെ മൂന്നു കിമീ നീളമുള്ള പാലം തുറക്കാന്‍ ചൈന

പാലം കടന്നാല്‍ കൊറിയയായി, അതിര്‍ത്തിയിലെ മൂന്നു കിമീ നീളമുള്ള പാലം തുറക്കാന്‍ ചൈന

ബെയ്ജിംഗ്: ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുന്നതിന്റെ സൂചനയായി പുതിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ന്യൂ യാലു റിവര്‍ ബ്രിഡ്ജ് എന്ന് പേരിട്ടിരിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തും. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. പത്ത് വര്‍ഷത്തിലധികം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് പാലം യാഥാര്‍ത്ഥ്യമായത്.

വടക്കു കിഴക്കന്‍ ചൈനീസ് നഗരമായ ദാന്‍ഡോങ്ങിനെയും ഉത്തരകൊറിയന്‍ നഗരമായ സിനുയിജുവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന 3 കിലോമീറ്റര്‍ നീളമുള്ള പാലം നാലു വരി പാതയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഉത്തരകൊറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ കാണിച്ച അലംഭാവമാണ് പാലത്തിന്റെ നിര്‍മാണം അനിശ്ചിതമായി നീളാന്‍ കാരണം. ചൈനീസ് ഭാഗത്തെ നിര്‍മാണം 2014ല്‍ തന്നെ പൂര്‍ത്തിയായിരുന്നു.

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ടസഭ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെ ചൈന പിന്തുണച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഇതാണ് കൊറിയയുടെ ഭാഗത്തെ നിര്‍മ്മാണം നീണ്ടു പോകാന്‍ കാരണം. അടുത്തകാലത്തായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ സജീവമായി നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം ഉത്തരകൊറിയയിലേക്കുള്ള ചൈനയുടെ കയറ്റുമതി 2.3 ബില്യണ്‍ ഡോളറിലെത്തി. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക വ്യാപാരത്തിന്റെ 70 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്നത് 1937ല്‍ നിര്‍മിച്ച പഴക്കമേറിയ ഒരു പാലത്തിലൂടെയാണ്. ഇതിലൂടെ തീവണ്ടിപ്പാതയും റോഡും ഉണ്ടെങ്കിലും വാഹനങ്ങള്‍ക്ക് ഒരു സമയം ഒരു വശത്തേക്ക് മാത്രമേ പ്രവേശിക്കാന്‍ സാധിക്കൂ. പുതിയ പാലം വരുന്നതോടെ ഈ യാത്രാക്ലേശത്തിന് പരിഹാരമാകും.

1961ല്‍ ഒപ്പുവെച്ച സൗഹൃദ,സഹകരണ,പരസ്പര സഹായ ഉടമ്പടിയാണ് ചൈന-ഉത്തരകൊറിയ ബന്ധത്തിന്റെ പ്രധാന അടിത്തറ. സായുധ ആക്രമണം നേരിടുന്ന ഏതെങ്കിലും ഒരു രാജ്യത്തെ മറ്റേ രാജ്യം സഹായിക്കണമെന്ന വ്യവസ്ഥയും ഉടമ്പടിയിലുണ്ട്. 2019ന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ് ഈ വര്‍ഷം ജൂണില്‍ ഉത്തരകൊറിയയിലെ പ്യോങ്ങ്‌യാങ്ങില്‍ സന്ദര്‍ശനം നടത്തിയതും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി.

പുതിയ യാലു നദി പാലം തുറക്കുന്നതോടെ ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപാരവും ഗതാഗതവും കൂടുതല്‍ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം റഷ്യയുമായുള്ള ഉത്തരകൊറിയയുടെ ബന്ധം അടുത്തകാലത്ത് കൂടുതല്‍ ശക്തമായിട്ടുണ്ട്. 2024ല്‍ ഇരുരാജ്യങ്ങളും സമഗ്രതന്ത്രപ്രധാന പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചിരുന്നു. റഷ്യയുമായുള്ള സൈനിക-രാഷ്ട്രീയ സഹകരണം വര്‍ദ്ധിച്ചതോടെ ഉത്തരകൊറിയയുടെ ചൈനയോടുള്ള ആശ്രയത്തില്‍ മാറ്റമുണ്ടായിരിക്കാമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നെടുമ്പാശേരിയില്‍ ഉണ്ടായത് അതീവ ദുഃഖകരമായ സംഭവമാണ്. പ്രതി അമിത വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് രേഖാമൂലം മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു ആഭ്യന്തരമന്ത്രി.

സംഭവദിവസം തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പല കോണുകളില്‍ നിന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ വീഴ്ച പറ്റിയിട്ടില്ല. പ്രതി മദ്യപിച്ചിരുന്നു എന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ ഐ ജി നിശാന്തിനിയെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും സർക്കാർ സന്നദ്ധരാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജയില്‍ ചട്ടപ്രകാരം 18 മുതല്‍ 21 വയസ് വരെ പ്രായമുള്ളവരെ ബോസ്റ്റല്‍ സ്‌കൂളിലാണ് അടക്കേണ്ടത് അതിനാലാണ് പ്രതികളെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചത്. വേണമെങ്കില്‍ പ്രതികളെ ബോസ്റ്റല്‍ സ്‌കൂളില്‍ നിന്ന് മാറ്റുന്നതാണെന്നും ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു.

അതേസമയം പുലര്‍ച്ചെ 1:30ന് അപകടം നടന്നിട്ടും, മൂന്ന് മണിക്കൂറിനു ശേഷമാണ് ജനറല്‍ ഡയറി (ജിഡി) എന്‍ട്രി ഇട്ടതെന്നും, പിന്നീടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സബ്മിഷന്‍ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ലഹരിയില്‍ നില്‍ക്കുന്ന പ്രതിയെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരുന്നു. എന്നാല്‍ അതിന് വൈകി. എഫ്‌ഐആറില്‍ പേര് ചേര്‍ക്കാനും പൊലീസ് മടിച്ചു. ഇത്തരം കുറ്റവാളികളെ ബോസ്റ്റല്‍ സ്‌കൂളില്‍ അടക്കുന്നതില്‍ പുനര്‍ചിന്തനം വേണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

അതേസമയം, നെടുമ്പാശ്ശേരി അപകടത്തില്‍ പ്രതികളായ സുഹൈല്‍ സജീവ് അടക്കമുള്ള നാലു പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നാളെ വൈകീട്ട് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പ്രതികളെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതികളുടെ ജാമ്യാപേക്ഷ മറ്റന്നാള്‍ കോടതി പരിഗണിക്കും. ഒന്നാം പ്രതി സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. മദ്യപിച്ച് വണ്ടിയോടിച്ചത് തടയാതിരുന്നതിന് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന നിനവ്, അമീന്‍, ജോയല്‍ എന്നിവരുടെ പേരില്‍ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്.

സ്വകാര്യ ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് വീണു; അത്ഭുതകരമായ രക്ഷപ്പെടൽ

സ്വകാര്യ ബസിൽ നിന്നും വിദ്യാർഥിനി റോഡിലേക്ക് വീണു; അത്ഭുതകരമായ രക്ഷപ്പെടൽ

തലശേരി: തലശേരി നഗരത്തിൽ സ്വകാര്യ ബസിന്റെ ചവിട്ടുപടിയിൽ നിന്ന് വിദ്യാർഥിനി റോഡിലേക്ക് വീണു. തിരക്കുള്ള ബസിൽ കയറിയ വിദ്യാർഥിനി ചവിട്ടുപടിയിൽ നിന്ന് മുകളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഡോർ അടയ്ക്കാതെ വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്. വീഴ്ചയ്ക്കിടെ കൈ റോഡിൽ കുത്താൻ കഴിഞ്ഞതിനാൽ തലയിടിക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന ‘തേജാറാം’ എന്ന സ്വകാര്യ ബസിൽ നിന്നാണ് സ്കൂളിലേക്ക് പോകാൻ വേണ്ടി കയറിയ വിദ്യാർഥിനി താഴേക്ക് വീണത്. ഡോർ അടയ്ക്കാതെ ബസ് മുന്നോട്ടെടുത്തതോടെ പിടിവിട്ട് വിദ്യാർഥിനി പുറകിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ തലശേരി ടൗൺ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് തലശേരി ടൗൺ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. തിരക്കേറിയ സമയങ്ങളിൽ വാതിലുകൾ അടയ്ക്കാതെ അശ്രദ്ധമായി സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

തുലാവര്‍ഷം വരുന്നു, നാളെ നാലു ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

തുലാവര്‍ഷം വരുന്നു, നാളെ നാലു ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: അടുത്ത ദിവസം തെക്കേ ഇന്ത്യയില്‍ എത്തുന്ന വടക്കുകിഴക്കന്‍ മണ്‍സൂണിന്റെ (തുലാവര്‍ഷം) സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തവും ശക്തവുമായ മഴയ്ക്ക് സാധ്യത. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. മറ്റു ജില്ലകളില്‍ നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ഒരു ദിവസത്തിനുള്ളില്‍, രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ നിന്നും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങുന്നതിനും അതോടൊപ്പം തെക്കേ ഇന്ത്യയില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ മഴ ആരംഭിക്കുന്നതിനും സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.

ഇതിന് പുറമേ തെക്കന്‍ ശ്രീലങ്കന്‍ തീരത്തിന് സമീപം, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ ലഭിക്കുകയെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കി.മീ. വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കെ എസ് ടി എ തിരു. ജില്ലാ സമ്മേളനം; സ്വാഗത സംഘ രൂപീകരണ യോഗം നാളെ

കെ എസ് ടി എ തിരു. ജില്ലാ സമ്മേളനം; സ്വാഗത സംഘ രൂപീകരണ യോഗം നാളെ

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 36ആം തിരുവനന്തപുരം ജില്ലാ സമ്മേളനം 2027 ജനുവരി 8,9,10 തീയതികളിലായി ആറ്റിങ്ങൽ ടൗൺ ഹാളിൽ നടക്കും.
ഇതിന്റെ ഭാഗമായി സ്വാഗത സംഘ രൂപീകരണ യോഗം നാളെ (ഒക്ടോബർ 15 വ്യാഴാഴ്ച) വൈകുന്നേരം 3.30ന് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കും.

ഉദ്ഘാടനം അഡ്വക്കേറ്റ് ബി ജോയ് എംഎൽഎ നിർവഹിക്കും. കെ എസ് ടി എ ജില്ലാ പ്രസിഡന്റ് ആർ ഷിബു അധ്യക്ഷനാകും. ഒ എസ് അംബിക എംഎൽഎ അഭിവാദ്യം ചെയ്യും. കെ എസ് ടി എ ജില്ലാ സെക്രട്ടറി ആർ വിദ്യ വിനോദ്, സി ഐ ടി യു ജില്ലാ സെക്രട്ടറി ആർ രാമു, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ആർ സുഭാഷ്, ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം പ്രദീപ്, കെ എസ് ടി എ സംസ്ഥാന സെക്രട്ടറി നജീബ്, സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി രാജേഷ്, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ്സ്മാരായ സിജോവ് സത്യൻ, പി സുജു മേരി, കെ എസ് ടി എ ആറ്റിങ്ങൽ സബ് ജില്ലാ സെക്രട്ടറി എസ് നിഹാസ് തുടങ്ങിയവർ പങ്കെടുക്കും.