രാഹുലിന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

രാഹുലിന് നിര്‍ണായകം; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യ അപേക്ഷയില്‍ പത്തനംതിട്ട സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ ഡിജിറ്റല്‍ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷന്‍ സംശയമുന്നയിച്ചിരുന്നു. ഇതോടെ ഹര്‍ജിയില്‍ വിധി പറയുന്നതു മാറ്റിവെക്കുകയായിരുന്നു.

പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയില്‍ അധികമായി ജയിലില്‍ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിലും തിരിച്ചടി നേരിട്ടാല്‍ പിന്നീട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാഹുല്‍ സ്ഥിരം കുറ്റവാളിയാണെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തില്‍ അതിജീവിത ഉന്നയിക്കുന്നത്.

സഞ്ജു പുറത്താകുമോ, പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20 ഇന്ന്

സഞ്ജു പുറത്താകുമോ, പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20 ഇന്ന്

വിശാഖപട്ടണം: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് നാലാം ടി20 മത്സരത്തിനിറങ്ങും. ആദ്യ മൂന്നു മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഇത്തണവയും വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരേ പോലെ ഫോമിലെത്തിയത് ടീമിന് ആത്മവിശ്വാസം ഇരട്ടിയാക്കുന്നതാണ്.

മൂന്നു മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചെങ്കിലും മോശം പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വിശാഖപട്ടണത്ത് വൈകീട്ട് ഏഴിനാണ് മത്സരം.

ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയെങ്കിലും തിലക് വര്‍മ ടീമില്‍ തിരിച്ചെത്താത്ത സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി തുടരും. അതേസമയം പരമ്പര നേടിയതിനാല്‍ മിന്നും ഫോമിലുള്ള അഭിഷേക് ശര്‍മക്ക് വിശ്രമം അനുവദിച്ച് ഇഷാന്‍ കിഷനെയും സഞ്ജുവിനെയും ഓപ്പണറായി തുടരാന്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭിഷേക് ശര്‍മക്ക് വിശ്രമം അനുവദിച്ചാല്‍ ശ്രേയസ് അയ്യര്‍ 2023നുശേഷം ആദ്യമായി വീണ്ടും ഇന്ത്യയുടെ ടി20 കുപ്പായം അണിയും. ഐപിഎല്ലില്‍ തിളങ്ങിയ മൂന്നാം നമ്പറിലാകും ശ്രേയസ് ഇറങ്ങുക എന്നാണ് കരുതുന്നത്. ജാലി ഭാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയ രവി ബിഷ്‌ണോയിക്കു പകരം മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി കളിച്ചേക്കും. ഹര്‍ഷിത് റാണയ്‌ക്കൊപ്പം അര്‍ഷ്ദീപ് സിങ് പേസ് നിര നിയന്ത്രിക്കുക.

ആറ്റിങ്ങലിൽ വാഹനാപകടം: വാർഡ് കൗൺസിലർ രാജേഷ് മാധവൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

ആറ്റിങ്ങലിൽ വാഹനാപകടം: വാർഡ് കൗൺസിലർ രാജേഷ് മാധവൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു

ആറ്റിങ്ങലിൽ വാഹനാപകടം വാർഡ് കൗൺസിലർ രാജേഷ് മാധവൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു.രാജേഷ് എമ്മിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻ്റ് വിറ്റാറ എന്ന വാഹനം ആലം കോട് ഭാഗത്തു നിന്നും പൂവൻപാറ പാലം കഴിഞ്ഞ ഉടനെ ആറ്റിങ്ങൽ ഭാഗത്തു നിന്നും വന്ന പിക്കപ്പിന് നേരേ വന്നിടിക്കുകയും കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകരുകയും ചെയ്തു. ബിജെപിയുടെ ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് മാധവൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വണ്ടി പൂർണമായും തകർന്നു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തില്‍ മരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാന അപകടത്തില്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) വിമാനാപകടത്തിൽ മരിച്ചു. ഇന്നു രാവിലെ അജിത് പവാര്‍ സഞ്ചരിച്ച സ്വകാര്യ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. ബരാമതിയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനിടെയാണ് അപകടം. അജിത് പവാറിന് ഒപ്പമുണ്ടായിരുന്ന അഞ്ചുപേരും അപകടത്തില്‍ മരിച്ചു. എന്‍സിപി ശരദ് പവാര്‍ പാര്‍ട്ടി പിളര്‍ന്ന് എന്‍സിപി അജിത് പവാര്‍ എന്ന പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയായിരുന്നു.

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കുന്നിന്‍ ചെരുവില്‍ ഇടിച്ചു തകരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് നാല് പ്രധാന പൊതുയോഗങ്ങളില്‍ പങ്കെടുക്കാന്‍ അജിത് പവാര്‍ ബാരാമതിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഒറ്റയടിക്ക് 2360 രൂപ വര്‍ധിച്ചു, സ്വര്‍ണവില 1,20,000 കടന്നു; പുതിയ ഉയരം

ഒറ്റയടിക്ക് 2360 രൂപ വര്‍ധിച്ചു, സ്വര്‍ണവില 1,20,000 കടന്നു; പുതിയ ഉയരം

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 2360 രൂപ വര്‍ധിച്ചതോടെ 1,20,000 കടന്ന് കുതിച്ചിരിക്കുകയാണ് സ്വര്‍ണവില. 1,21, 120 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 295 രൂപയാണ് വര്‍ധിച്ചത്. 15,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഏറെ നാളുകള്‍ക്ക് ശേഷം ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച രേഖപ്പെടുത്തിയ 1,19,320 രൂപയാണ് ഇന്ന് തിരുത്തിയത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനവും ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക ആലോചിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിന് തടവും പിഴയും ശിക്ഷ

പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വടകര എംപി ഷാഫി പറമ്പിലിന് ശിക്ഷ. 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ആണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷയായി വിധിച്ചത്.

2022 ജൂണ്‍ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാല്‍പതോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എംഎല്‍എയായിരുന്നു ഷാഫി.

കേസില്‍ നിരന്തരം കോടതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. വിധിയില്‍ അഞ്ച് മണി വരെ നില്‍ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ഒമ്പതാം പ്രതിയായ പി സരിന്‍ ഇതിനോടകം കോടതിയില്‍ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു. സരിന്‍ സംഭവ സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.