മുപ്പത്തിമുക്കോടി ദേവകളും വന്നു, യക്ഷിഗന്ധര്‍വ്വ കിന്നരന്‍മാരും; ഭൂലോകവൈകുണ്ഠമായി ആറാട്ടുപുഴ പൂരം

മുപ്പത്തിമുക്കോടി ദേവകളും വന്നു, യക്ഷിഗന്ധര്‍വ്വ കിന്നരന്‍മാരും; ഭൂലോകവൈകുണ്ഠമായി ആറാട്ടുപുഴ പൂരം

തൃശൂര്‍: പൂരങ്ങളുടെ മാതാവായി അറിയപ്പെടുന്ന ആറാട്ടുപുഴ പൂരത്തിന് സമാപനം. അടുത്തവര്‍ഷത്തെ പൂരം കുറിച്ച് ആറാട്ടുപുഴ ശാസ്താവ് ഉപചാരം ചൊല്ലിയതോടെ ഇന്നു രാവിലെയാണ് പൂരത്തിന് സമാപനമായത്. അടുത്ത വര്‍ഷം 1445ാമത് ആറാട്ടുപുഴ പൂരമാണ് നടക്കുക. 1202 മീനം 6 (2027 മാര്‍ച്ച് 20) ശനിയാഴ്ചയാണ് അടുത്തപൂരം.

തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച പുരം ഇന്നു പുലര്‍ച്ചെ മന്ദാരം കടവിലെ ആറാട്ടോടെയാണ് സമാപിച്ചത്. രാത്രി പന്ത്രണ്ടരയോടെ കടലാശേരി പിഷാരിക്കല്‍ ഭഗവതിയാണ് ആദ്യമായി ആറാടിയത്. വിഷഹാരിയായ ദേവി ആറാടുന്നതോടെ പുഴയിലെ വിഷമാലിന്യങ്ങള്‍ നീങ്ങും എന്നാണ് വിശ്വാസം. തുടര്‍ന്ന് മറ്റു ദേവീദേവന്‍മാരും ആറാടി.

അവസാനമായി തൃപ്രയാര്‍ തേവരും ചേര്‍പ്പ് ഭഗവതിയും കൂടിയാറാടിയതോടെ തൃപ്രയാര്‍തേവര്‍ മടക്കയാത്ര ആരംഭിച്ചു. പൂരത്തിന്റെ അധ്യക്ഷനായ ആറാട്ടുപുഴ ശാസ്താവ് തേവരെ ഏഴുകണ്ടം വരെ അനുഗമിച്ച് യാത്രയാക്കി. ദേവിമാര്‍ക്ക് അഞ്ചുകണ്ടം വരെ ചെന്ന് യാത്രയയപ്പുനല്‍കി.

മേളങ്ങളുടേയും ആചാരവിശേഷങ്ങളുടെ സംഗമഭൂമിയാണ് ആറാട്ടുപുഴപാടം. പൂരത്തിനായി മുപ്പത്തിമുക്കോടി ദേവകളും യക്ഷോരഗരാക്ഷസന്‍മാരും യക്ഷിഗന്ധര്‍വ്വകിന്നരന്‍മാരും പരേതാത്മക്കളും കൂടി എത്തിച്ചേരുമെന്നാണ് വിശ്വാസം.

പേഴ്സ് നഷ്ടപ്പെട്ടു

പേഴ്സ് നഷ്ടപ്പെട്ടു

ആറ്റിങ്ങൽ: രഞ്ജിത്ത് എസ് എന്ന പേരിലുള്ള ആധാർകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, എ ടി എം കാർഡ് എന്നിവ അടങ്ങുന്ന ഒരു പേഴ്സ് ആറ്റിങ്ങൽ നാലുമുക്കിനും അവനവഞ്ചേരിക്കും ഇടയിൽ വച്ചു നഷ്ട്ടപ്പെട്ടു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറിൽ 8281030103 ബന്ധപ്പെടേണ്ടതാണ്.

ബിഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും എട്ടു മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബിഹാറില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും എട്ടു മരണം; നിരവധി പേര്‍ക്ക് പരിക്ക്

പട്‌ന: ബിഹാറിലെ നളന്ദയില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചതെല്ലാം സ്ത്രീകളാണ്. മഘ്രയിലെ ഷീട്ല മാതാ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ച ആയിരുന്നതിനാൽ, ധാരാളം ഭക്തർ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തിയിരുന്നു. നിയന്ത്രണാതീതമായി ഭക്തർ തടിച്ചുകൂടിയതാണ് വൻ തിക്കിനും തിരക്കിനും കാരണമായതെന്ന് പൊലീസ് പറയുന്നു.

ക്ഷേത്രത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഭക്തർ ക്യൂ നിൽക്കാതെ ആദ്യം തന്നെ ദർശനം നടത്തുക എന്ന തരത്തിൽ തിരിക്കുകൂട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ ബിഹാർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വൈദ്യുതി സര്‍ച്ചാര്‍ജ് ‘ഷോക്ക്’ അടിക്കില്ല! ഏപ്രിൽ മാസവും ഒരു പൈസ തിരികെ കിട്ടും

വൈദ്യുതി സര്‍ച്ചാര്‍ജ് ‘ഷോക്ക്’ അടിക്കില്ല! ഏപ്രിൽ മാസവും ഒരു പൈസ തിരികെ കിട്ടും

തിരുവനന്തപുരം: ഏപ്രില്‍ മാസത്തിലും വൈദ്യുതി സര്‍ച്ചാര്‍ജ് ഈടാക്കില്ലെന്നു കെഎസ്ഇബി. പകരം രണ്ട് മാസത്തില്‍ ഒരിക്കല്‍ ബില്ലടക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു പൈസ വീതം തിരികെ നല്‍കും. ഇത് അടുത്ത ബില്ലില്‍ വരവ് വയ്ക്കും. മാര്‍ച്ചിലും ഒരു പൈസ തിരികെ നല്‍കിയിരുന്നു.

മാസം തോറും ബില്ലടയ്ക്കുന്ന വാണിജ്യ, വ്യവസായ ഉപഭോക്താക്കള്‍ക്കും സര്‍ച്ചാര്‍ജ് ഇല്ല. ഇവരുടെ സര്‍ച്ചാര്‍ജ് പൂജ്യമാണ്. ഇവര്‍ക്ക് മാര്‍ച്ചില്‍ യൂണിറ്റിനു രണ്ട് പൈസ വീതം തിരികെ നല്‍കിയിരുന്നു. ഇത്തവണ ഇല്ല.

നേരിട്ടല്ല, വിഡി സതീശനെ ക്ഷണിച്ചത് ഫെയ്‌സ്ബുക്കിലൂടെയുള്ള സംവാദത്തിന്: മുഖ്യമന്ത്രി

നേരിട്ടല്ല, വിഡി സതീശനെ ക്ഷണിച്ചത് ഫെയ്‌സ്ബുക്കിലൂടെയുള്ള സംവാദത്തിന്: മുഖ്യമന്ത്രി

തിരുവനന്തപുരം: വികസന വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ ഫെയ്‌സ് ബുക്കിലൂടെയുള്ള സംവാദത്തിനാണ് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയുള്ള സംവാദത്തിന് അദ്ദേഹം തയ്യാറല്ല എന്നു പറഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്. ആ സംവാദം നടക്കട്ടെയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്തെത്തിയത്. വെല്ലുവിളിച്ച സതീശനോട്, എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. സംവാദമായാലോ എന്ന തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡും പിണറായി വിജയൻ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള ആരോപണത്തില്‍ രാഹുല്‍ഗാന്ധിക്ക് ആളുകള്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. സ്വര്‍ണം കട്ടവരൊക്കെ എങ്ങനെയാണ് സ്വന്തം വീട്ടില്‍ എത്താനിടയായത് എന്ന് ആലോചിച്ചാല്‍ തന്നെ അതിന് മറുപടിയായല്ലോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ക്ക് അത്തരത്തിലുള്ള തകരാറുകളൊന്നും ഇല്ല. ഇതേപ്പറ്റി ഞാന്‍ കൂടുതലൊന്നും പറയേണ്ടല്ലോയെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം’; ബിനോയ് വിശ്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി

‘എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം’; ബിനോയ് വിശ്വത്തെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്ഡിപിഐ വോട്ടു സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാല്‍ ഇനി അദ്ദേഹത്തോട് എഴുതി വാങ്ങാം, എന്നിട്ട് പറയാം. ഞങ്ങള്‍ പറയുന്നത് ഞങ്ങളല്ലേ പറയുക. ഓരോരുത്തര് ഓരോ രീതിയിലല്ലേ വര്‍ത്തമാനം പറയുന്നത്. അതിനെപ്പറ്റി നിങ്ങള്‍ എന്തിനാണ് അന്വേഷിക്കുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.

മതവാദികളുടെ വോട്ടു വേണ്ട മനുഷ്യരുടെ വോട്ടു മതിയെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് എന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പരിഹാസം. ഇടതുപക്ഷത്തിന്റെ നിലപാട് എല്ലാവര്‍ക്കും വ്യക്തമാണ്. വര്‍ഗീയതയ്‌ക്കെതിരെ വലിയ തോതില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുത്തതിന്റെ ഭാഗമായി നിരവധി പേര്‍ക്ക് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നിട്ടുമുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.

എന്നിട്ടിപ്പോള്‍ പ്രചരിപ്പിക്കാന്‍ നോക്കുന്നത് ഞങ്ങള്‍ വര്‍ഗീയതയുമായി സമവായത്തിന് ഒരുങ്ങുന്നു എന്നാണ്. വര്‍ഗീയതയുമായി ഇടതുപക്ഷം ഒത്തുപോകുന്നു എന്ന് പരസ്യമായും വലിയ തോതില്‍ രഹസ്യമായും പ്രചരിപ്പിക്കുന്നു. രാജ്യത്ത് ഏറ്റവും വലിയ ആപത്തു വിതച്ചതാണ് ഭൂരിപക്ഷ വര്‍ഗീയത്. ആ ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരെ എല്ലാ കാലത്തും കേരളത്തില്‍ എല്‍ഡിഎഫ് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തുന്ന നടപടികളാണ് എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അത്തരത്തിലുള്ള ഞങ്ങള്‍ ഭൂരിപക്ഷ വാര്‍ഗീയതയെ താലോലിക്കുന്നവരാണെന്ന് വരുത്തിയാല്‍, രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് വിചാരിക്കുന്നവരല്ലേ അതിനു തുനിഞ്ഞതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കെതിരായ ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാട് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നല്ല മതിപ്പുണ്ടാക്കി. മുന്‍കാല ചരിത്രം നോക്കിയാല്‍ ഇടതുപക്ഷത്തോട് വലിയ ആഭിമുഖ്യമുള്ളവരായിരുന്നില്ല ന്യൂനപക്ഷങ്ങള്‍. എന്നാല്‍ അവര്‍ അനുഭവത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കി. അങ്ങനെയാണ് ന്യൂനപക്ഷം ഇടതുപക്ഷത്തോട് അനുഭാവമുള്ളവരാകുന്നത്. എല്ലാ വിഭാഗങ്ങളും ഇടതുപക്ഷത്തെ ഒരേ മനസ്സോടെ കാണുന്ന നിലയുണ്ടായി. രാജ്യത്തായാലും കേരളത്തിലായാലും ഭൂരിപക്ഷ- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ മതനിരപേക്ഷ ചിന്താഗതിക്കാരാണ് ഏറ്റവും കൂടുതലുള്ളത്.

അവര്‍ ഇടതുപക്ഷത്തെ വിരോധപരമായി കാണുന്നത് അവസാനിച്ചു. ഇടതുപക്ഷത്തെ സ്വീകരിക്കാന്‍ തയ്യാറായി. ഇത് തങ്ങള്‍ക്ക് വലിയ അപകടം ഉണ്ടാക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തെക്കുറിച്ച് തെറ്റായ ചിത്രം വരച്ചുകാട്ടണമെന്ന തോന്നലില്‍ വലതുപക്ഷ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിലപാടില്‍ ശക്തമായ നിലപാട് സ്വീകരിച്ച ആദ്യ സംസ്ഥാനം കേരളമാണ്. ന്യൂനപക്ഷങ്ങളുടെ ആശങ്ക പരിഹരിക്കപ്പെടേണ്ടതാണ്. അത് ഇവിടെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് പല കാര്യങ്ങളിലും പരിമിതിയുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതിന്റെ ഭാഗമായിട്ടാണ് നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.