നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാം, തട്ടിപ്പ് നമ്പറുകള്‍ ബ്ലോക്ക് ചെയ്യാം; സഞ്ചാര്‍ സാഥി ആപ്പില്‍ എന്തൊക്കെ?

നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാം, തട്ടിപ്പ് നമ്പറുകള്‍ ബ്ലോക്ക് ചെയ്യാം; സഞ്ചാര്‍ സാഥി ആപ്പില്‍ എന്തൊക്കെ?

ഡല്‍ഹി: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ പുതിയ ഫോണുകളിലും സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാന്‍ ഫോണ്‍ നിര്‍മ്മാതാക്കളോട് നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എല്ലാ പുതിയ ഫോണുകളിലും കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്പായ സഞ്ചാര്‍ സാഥി പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോട് കേന്ദ്ര ടെലികോം വകുപ്പ് നിര്‍ദേശിച്ചത്.

സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതോടെ പുതിയ ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കഴിയാത്തവിധമാണ് ഈ ആപ്പ് ക്രമീകരിക്കുക. 90 ദിവസത്തിനകം ഇത് നടപ്പാക്കാനാണ് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വിതരണ ശൃംഖലയിലുള്ള ഫോണുകളില്‍ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് വഴി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

120 കോടിയിലധികം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ജനുവരിയില്‍ ആരംഭിച്ച സഞ്ചാര്‍ സാഥി ആപ്പ് വഴി 700,000ലധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ സഞ്ചാര്‍ സാഥി പ്രാപ്തമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. സഞ്ചാര്‍ സാഥി ആപ്പ് നിരവധി സേവനങ്ങളാണ് നല്‍കുന്നത്. അവ ഓരോന്നും ചുവടെ:

1.ഫോണിലും വാട്‌സ്ആപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം. ഈ നമ്പറുകള്‍ കേന്ദ്രം ബ്ലോക്ക് ചെയ്യും

2.നഷ്ടപ്പെടുന്ന ഫോണ്‍ മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം ഇതിലുണ്ട്. അപേക്ഷ നല്‍കിയാല്‍ ഫോണിന്റെ ഐഎംഇഐ നമ്പറുകള്‍ ബ്ലോക് ആകും. ഫോണ്‍ തിരികെ ലഭിച്ചാല്‍ ബ്ലോക്ക് നീക്കാം.

3.ഉപയോക്താക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആരെങ്കിലും മറ്റ് മൊബൈല്‍ കണക്ഷനുകള്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാം.

4.വാങ്ങുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ മുന്‍പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. വാങ്ങും മുന്‍പ് തന്നെ ഇവയുടെ ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ വാലിഡ് ആണോയെന്ന് നോക്കാം

5.ഇന്ത്യന്‍ നമ്പറുകളുടെ മറവില്‍ വിദേശ കോളുകള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

‘വെള്ളം മാത്രം മതി’; ജയിലിനുള്ളില്‍ നിരാഹാരസമരവുമായി രാഹുല്‍ ഈശ്വര്‍

‘വെള്ളം മാത്രം മതി’; ജയിലിനുള്ളില്‍ നിരാഹാരസമരവുമായി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വര്‍ ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ചു. ഇന്നലെ രാത്രി വെള്ളം മാത്രം മതിയെന്നാണ് രാഹുല്‍ പറഞ്ഞിരിക്കുന്നത്. ഭക്ഷണം പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ജില്ല ജയില്‍ ബി ബ്ലോക്കിലാണ് രാഹുല്‍ ഈശ്വര്‍ കഴിയുന്നത്.

രാഹുലിന്റെ ജാമ്യേപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയിരുന്നു. 14 ദിവസത്തേക്കാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. അതേസമയം കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യമില്ലാ കുറ്റം ചുമത്തിയായിരുന്നു രാഹുലിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റ് നിയമപരമല്ലെന്നും യുവതിയുടെ പേര് പറയുകയോ ചിത്രം പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചത്.

കുതിപ്പിന് ഇടവേളയിട്ട് സ്വര്‍ണവില; 95,500ല്‍ താഴെ

കുതിപ്പിന് ഇടവേളയിട്ട് സ്വര്‍ണവില; 95,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് കുറഞ്ഞത്. 11,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ന് വില താഴ്ന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.

ഈ സ്ഥാനാർത്ഥി വോട്ട് മാത്രമല്ല, പാമ്പിനേയും പിടിക്കും!

ഈ സ്ഥാനാർത്ഥി വോട്ട് മാത്രമല്ല, പാമ്പിനേയും പിടിക്കും!

തൃശൂര്‍: ചാവക്കാട് പുന്നയൂര്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീരാന്‍കുട്ടി കെവി പള്ളിപ്പറമ്പിലിന് വോട്ട് പിടുത്തത്തിനൊപ്പം അതിലും വലിയൊരു ഉത്തരവാദിത്വമുണ്ട്. അത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ്. അംഗീകൃത സ്‌നേക്ക് റെസ്‌ക്യൂവറാണ് വീരാന്‍കുട്ടി.

പുന്നയൂര്‍ പഞ്ചായത്ത് 12ാം വാര്‍ഡില്‍ നിന്നാണ് വീരാന്‍ കുട്ടി മത്സരിക്കുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന വീരാന്‍ കുട്ടിയുടെ ഫോണില്‍ നാട്ടുകാരില്‍ നിന്നു സഹായത്തിനായി ഏതു സമയവും വിളിവരും. അപ്പോള്‍ തന്നെ വീരാന്‍കുട്ടി തന്റെ വോട്ടുപിടുത്തം നിര്‍ത്തിവച്ച് പാമ്പിനെ പിടിക്കാനിറങ്ങും.

വോട്ടെടുപ്പ് തീയതി അടുത്തതോടെ തിരക്കേറിയ പ്രചാരണത്തിലാണ് വീരാന്‍കുട്ടി. അതിനിടെ കഴിഞ്ഞ ദിവസം ഇടക്കഴിയൂര്‍ മൊയ്തീന്‍ ഷായുടെ വീട്ടില്‍ നിന്ന് വിളി എത്തി. ഉ​ഗ്രൻ അണലിയാണ് കാത്തിരുന്നത്. വലയില്‍ കുടുങ്ങി അനങ്ങാതെ കിടന്ന പാമ്പിനെ കൈയോടെ ചാക്കിലാക്കി വീണ്ടും വോട്ട് തേടിയിറങ്ങി.

മാധ്യമ പ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

മാധ്യമ പ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

കൊച്ചി: മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ സനൽ പോറ്റി (55) അന്തരിച്ചു. കളമശ്ശേരി എസ്‍സിഎംഎസ് കോളജിലെ പബ്ലിക്ക് റിലേഷൻസ് മാനേജരായിരുന്നു. വൃക്ക രോ​ഗത്തെ തുടർന്നു ദീർഘ നാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.

‘പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു’; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

‘പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചു’; ഗര്‍ഭഛിദ്രം നടത്തിയത് അപകടകരമായി, ഡോക്ടറുടെ മൊഴി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലില്‍നിന്ന് നേരിട്ട ക്രൂരപീഡനവും ഭീഷണിയും കടുത്തമാനസിക സമ്മര്‍ദത്തിലാക്കിയതോടെ പരാതിക്കാരി രണ്ടുതവണ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന് എസ്ഐടി. യുവതി നല്‍കിയ മൊഴിയില്‍ നടത്തിയ അന്വേഷണത്തിലാണ് എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍.

ഗര്‍ഭഛിദ്രത്തിനായി നിരന്തരം ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് അമിതമായി മരുന്ന് കഴിച്ചായിരുന്നു ആദ്യ ആത്മഹത്യാശ്രമം. ഒരാഴ്ച ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഒരുതവണ കൈഞരമ്പ് മുറിക്കാനും ശ്രമിച്ചു. അശാസ്ത്രീയ ഗര്‍ഭഛിദ്രം അപകടകരമായ രീതിയിലായിരുന്നുവെന്ന് യുവതിയെ പിന്നീട് പരിശോധിച്ച ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഗര്‍ഭിണിയാകാന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായെന്ന് അറിഞ്ഞതോടെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭീഷണിപ്പെടുത്തി. യുവതിയുടെ ജീവന്‍ പോലും അപകടത്തിലാകുന്ന തരത്തിലാണ് ഗര്‍ഭച്ഛിദ്രം നടത്തിയത് എന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തലിനെ കണ്ടെത്താന്‍ എല്ലാ ജില്ലയിലും പ്രത്യേക സംഘം രൂപീകരിച്ച് പരിശോധന തുടരുകയാണ്. രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലര്‍ക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പരായിക്കാരി ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.