ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാ കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി പുതിയ ന്യൂനമര്‍ദ്ദത്തില്‍ ലയിച്ചു. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 25 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കൊല്ലത്ത് നാടൻപാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു

കൊല്ലത്ത് നാടൻപാട്ട് സംഘത്തിന്റെ വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു

ശാസ്താംകോട്ട: നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലുവിന്റെയും ഷീബയുടെയും മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിൽ സിനിമാപറമ്പിന് സമീപമാണ് അപകടം നടന്നത്.
ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ ബവ്റിജസ് ഔട്ട്ലറ്റിന് സമീപത്തെ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലക്ഷ്മിയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് യുവാക്കൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘മിന്നല്‍ മാജിക്’.. സര്‍ക്കാര്‍ മദ്യത്തിന്റെ പേര് മാറ്റി

‘മിന്നല്‍ മാജിക്’.. സര്‍ക്കാര്‍ മദ്യത്തിന്റെ പേര് മാറ്റി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കുമിടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് നല്‍കാന്‍ നിശ്ചയിച്ച മലബാര്‍ മിസ്റ്ററി എന്ന പേരിന് പകരം മിന്നല്‍ മാജിക് എന്നാക്കാന്‍ മലബാര്‍ ഡിസ്റ്ററീസ്. മിന്നല്‍ മാജിക് എന്നതിന്റെ ചുരുക്കുമെന്ന നിലയില്‍ എംഎം എന്ന പേരിലായിരിക്കും മദ്യം ഇറക്കുക. മദ്യത്തിന് ജനങ്ങള്‍ നിര്‍ദേശിച്ച പേരായിരുന്നു മലബാര്‍ മിസ്റ്ററി.

ജനങ്ങള്‍ നിര്‍ദേശിച്ച പേര് നല്‍കിയാല്‍ കോടതി അലക്ഷ്യമാകുമെന്ന് കണക്കിലെടുത്താണ് പേര് മാറ്റാനുള്ള മലബാര്‍ മിസ്റ്ററിയുടെ നീക്കം. ഇന്ന് രാവിലെ പത്ത് മണിക്ക് എക്‌സൈസ് മന്ത്രി എംബി രാജേഷ് മദ്യത്തിന്റെ പേരും ലോഗോയും പുറത്തിറക്കും. ഒരുമാസത്തിനകം മദ്യം വിപണയിലിറക്കാനാണ് തീരുമാനം. നിലവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യ ബ്രാന്‍ഡ് ആയ ജവാനുമായി അധികം വ്യത്യാസമില്ലാത്ത വിലയായിരിക്കും പുതിയ ബ്രാന്‍ഡിനും എന്നാണ് വിലയിരുത്തല്‍.

പ്രതിദിനം 13,500 കെയ്‌സ് വീതം (108000 ലീറ്റര്‍) മദ്യം വിപണിയിലിറക്കുന്ന നിലയിലാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 75,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണു പ്ലാന്റ്ാണ് ചിറ്റൂരില്‍ ഒരുങ്ങിയിരിക്കുന്നത്. മദ്യത്തിന്റെ ഉത്പാദനത്തിന് ജീവനക്കാരെ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ്, ബവ്കോ സംഭരണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കും. മദ്യം ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം തുടക്കത്തില്‍ മലമ്പുഴ ഡാമില്‍ നിന്നു നേരിട്ട് എത്തിക്കാനാണു ശ്രമിക്കുന്നത്.

ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയിലേക്ക് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വസതിയുടെ പ്രധാന ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രതിഷേധക്കാര്‍ വാതിലിന് മുന്നില്‍ റീത്ത് വച്ചു. സംഭവസമയത്ത് രണ്ട് പൊലീസുകാര്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

പൊലീസ് കമ്മിഷണറുടെ ഓഫീസിന് സപമീമുള്ള മന്ത്രിയുടെ വസതിയില്‍ അതിക്രമിച്ചു കയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റീത്ത് വെച്ചത് വലിയ സുരക്ഷ വീഴ്ചയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. തൈക്കാട് നിന്ന് പ്രകടനവുമായി എത്തിയ യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകാണ് മന്ത്രിയുടെ വസതിക്ക് അകത്തുകയറിയത്. പ്രതിഷേധക്കാര്‍ വീടിന് മുന്നില്‍ കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു. അതിനുശേഷം തിരിച്ചിറങ്ങിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയ്ക്ക് മുന്നിലെ ഗേറ്റിന് പുറത്ത് പ്രതിഷേധം തുടര്‍ന്നു

കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന ചികിത്സാ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ‘കാലന്റെ ആരോഗ്യ വകുപ്പായി’ മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വകുപ്പിലെ ജീവനക്കാർ പോലും ഒരു പേപ്പർ വാങ്ങാൻ ഗതിയില്ലാത്ത അവസ്ഥയിലാണ് വകുപ്പെന്ന് തുറന്നു പറയുന്നുണ്ടെന്നും, നൂറുകണക്കിന് പിഴവുകൾ ഉണ്ടായിട്ടും റിപ്പോർട്ടുകൾ തേടുന്നു എന്ന് പറയുന്നതല്ലാതെ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറാകുന്നില്ല. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും, മന്ത്രിയുടെ അഹങ്കാരവും ധിക്കാരവും കലർന്ന നിലപാടുകൾ ജനങ്ങൾ കാണുന്നുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തത്തി. പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനം ആലംകോട് ഹാരിസൺസ് പ്ലാസ ഓഡിറ്റോറിയത്തിൽ അഡ്വ. വി ജോയ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു . ഇന്ത്യയിലെ തന്നെ മികച്ച പോലീസ് കേരള പോലീസ് ആണെന്നും കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ കരുതിയിരിക്കണമെന്നും വി ജോയ് എംഎൽഎ പറഞ്ഞു. ഒ എസ് അംബിക എംഎൽഎ മുഖ്യാതിഥി ആയിരുന്നു. കെ പി ഒ എ റൂറൽ ജില്ലാ പ്രസിഡൻറ് നിഷാന്ത് കെഎൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ്, ഡി വൈ എസ് പി മാരായ സന്തോഷ് കുമാർ ജി, ബിജു വി നായർ,കെ പി ഒ എ സംസ്ഥാന പ്രസിഡണ്ട് ആര്‍ പ്രശാന്ത്,സംഘടന നേതാക്കളായ ആർ കെ ജ്യോതിഷ്, ശ്രീജിഷ് ജി എസ്, ആനന്ദ് കെ എസ് ,എസ് ഷമീർ, ഷിജു റോബർട്ട്,എ എൻ സജീർ, എം സുൽഫിക്കർ, വൈ .അപ്പു, ഡി ആർ ഗോപകുമാർ ,അനിൽ എ എം എന്നിവർ സംസാരിച്ചു. റൂറൽ ജില്ലാ സെക്രട്ടറി വിജു ടി പ്രവർത്തനറിപ്പോർട്ടും ട്രഷറർ ഷിമി ജി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനത്തിന് സ്വാഗതസംഘം ജനറൽ കൺവീനർ വിനോദ് കുമാർ കെ സ്വാഗതവും ചെയർമാൻ അജയൻ ജെ നന്ദിയും രേഖപ്പെടുത്തി.
8 മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം പോലീസ് സ്റ്റേഷനുകളിൽ നടപ്പിലാക്കണമെന്നും പോലീസിന്റെ അംഗസംഖ്യ വർധിപ്പിക്കണമെന്നും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ സമ്മേളനത്തിൽ ശക്തമായ ആവശ്യമുയർന്നു.

വീട്ടുകാരെ പൂട്ടിയിട്ട് രാത്രി കാറുമായി കറങ്ങാനിറങ്ങി; തിരുവനന്തപുരത്ത് പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു

വീട്ടുകാരെ പൂട്ടിയിട്ട് രാത്രി കാറുമായി കറങ്ങാനിറങ്ങി; തിരുവനന്തപുരത്ത് പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: വീട്ടുകാരെ പൂട്ടിയിട്ടു രാത്രി കാറുമായി കറങ്ങാനിറങ്ങിയ പതിനാലുകാരനും സുഹൃത്തും അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം കരമനയില്‍ പുലര്‍ച്ചെ 2.30 നായിരുന്നു അപകടം. കുമാരപുരം സ്വദേശിയുടെ ഉടമസ്ഥയിലുള്ളതാണ് കാര്‍. പതിനാലുകാരനും സുഹൃത്തിനും കാര്യമായ പരുക്കില്ല.

വീട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധത്തില്‍ വീട് പൂട്ടിയായിരുന്നു പതിനാലുകാരന്‍ കറങ്ങാന്‍ ഇറങ്ങിയത്. പതിനാറ് വയസുകാരനാണ് ഒപ്പം ഉണ്ടായിരുന്നത്. കരമനയില്‍ എത്തിയ ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാര്‍ റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഫുട്പാത്തിലേക്ക് ഇടിച്ചുകയറി വായുവില്‍ ഉയര്‍ന്നു പൊങ്ങിയാണ് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞത്. വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സ്ഥിരം അപകടമേഖലയില്‍ റോഡിലെ വളവ് ശ്രദ്ധിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയത്.