കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ

കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ; ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം : സംസ്ഥാനത്തെ കോളജുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥിനികൾക്കും പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ ബിടെക് പരീക്ഷാ ഫലം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് പ്രഖ്യാപിച്ച അഞ്ച് പ്രധാന ഗ്യാരന്റികളിൽ ഒന്നായ ഈ പദ്ധതി വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന്റെ ഭാഗമായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഇതിനായുള്ള പ്രാഥമിക നടപടികൾ ഇതിനകം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളിൽ ഗവർണർ നടത്തുന്ന ഇടപെടലുകളിൽ സർക്കാർ നിശബ്ദത പാലിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മന്ത്രി ശക്തമായ മറുപടി നൽകി. സർവകലാശാലകളിലെ ഇത്തരം അനാവശ്യ ഇടപെടലുകൾക്ക് തുടക്കമിട്ടത് മുൻപത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ അതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കഴിഞ്ഞ ഭരണകാലത്ത് നടന്നത്. സർക്കാരിനോട് ആലോചിക്കാതെ വൈസ് ചാൻസലർമാരെയും സെനറ്റ്, സിൻഡിക്കേറ്റ് അംഗങ്ങളെയും നിയമിക്കുന്ന രീതിക്ക് വഴിമരുന്നിട്ടത് എൽഡിഎഫ് സർക്കാരാണെന്നും, ഗവർണറുമായി മുഖ്യമന്ത്രി ചർച്ച നടത്തുന്നതോടെ അത്തരം സമരങ്ങൾ പെട്ടെന്ന് അവസാനിക്കുന്നത് ഒരു ധാരണയുടെ ഭാഗമായിരുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ഒരു നീക്കത്തെയും യുഡിഎഫ് സർക്കാർ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വമാണ് കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (കീം) പ്രവേശന പരീക്ഷാ ഫലം വൈകുന്നതിന് കാരണമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക കണക്കിലെടുത്ത് മാർക്ക് ലിസ്റ്റുകൾ സമർപ്പിക്കാനുള്ള തീയതി ജൂൺ 14 വരെ നീട്ടിയിട്ടുണ്ട്. സിബിഎസ്ഇ ഫലം പൂർണ്ണമായി ലഭ്യമാകുന്നതോടെ മാത്രമേ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിക്കാൻ സാധിക്കൂ. പ്രവേശന നടപടികൾ വൈകുന്നത് മറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

കോണ്‍ഗ്രസിന് തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നിരസിച്ചതിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. നാമനിര്‍ദേശ പത്രിക നിരസിച്ച വരണാധികാരിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വരണാധികാരിയുടെ തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക മാത്രമാണ് പരിഹാരമെന്നും ജസ്റ്റിസ് പി കെ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

മധ്യപ്രദേശില്‍ നിന്നാണ് മീനാക്ഷി നടരാജന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ മീനാക്ഷി നടരാജനെതിരെ ക്രിമിനല്‍ കേസുണ്ടെന്നും, അക്കാര്യം നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കാണിച്ചാണ് പത്രിക തള്ളിയത്. എന്നാല്‍ തനിക്കെതിരെ ക്രിമിനല്‍ കേസില്ലെന്നാണ് മീനാക്ഷി നടരാജന്റെ വാദം.

നാമനിര്‍ദേശ പത്രിക തള്ളിയ വരണാധികാരിയുടെ നടപടിക്കെതിരെയാണ് മീനാക്ഷി നടരാജന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി കെ മിശ്ര, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഒരുരു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശം റിട്ടേണിങ് ഓഫീസര്‍ തള്ളിയാല്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക എന്നതാണ് ഉചിതമായ പ്രതിവിധി എന്ന് കോടതി നിരീക്ഷിച്ചു.

തെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമോ എന്ന് ജസ്റ്റിസ് പി കെ മിശ്രയും അതുല്‍ എസ് ചന്ദൂര്‍ക്കറും അടങ്ങുന്ന ബെഞ്ച് ചോദിച്ചു. അത്തരം ഇടപെടല്‍ നടന്ന ഏതെങ്കിലും മുന്‍കാല വിധികള്‍ ഉണ്ടോയെന്നും കോടതി ഹര്‍ജിക്കാരിയോട് ആരാഞ്ഞു. നാമനിര്‍ദ്ദേശം നിരസിക്കപ്പെട്ട തീരുമാനം തെറ്റാണെങ്കില്‍, പ്രതിവിധി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തന്നെയായിരിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു.

മഴ മുന്നറിയിപ്പില്‍ മാറ്റം, കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

മഴ മുന്നറിയിപ്പില്‍ മാറ്റം, കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ട്, എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കണ്ണൂരില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്നത്.

വിവിധ ജില്ലകളിലെ മുന്നറിയിപ്പ്
ഓറഞ്ച് അലര്‍ട്ട്

12/06/2026: കണ്ണൂര്‍

മഞ്ഞ അലര്‍ട്ട്

12/06/2026: തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട്

13/06/2026:കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

14/06/2026: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ടുകൊണ്ട് അര്‍ഥമാക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് യെല്ലോ അലര്‍ട്ടുകൊണ്ട് അര്‍ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കാണാം കാനഡ- ബോസ്നിയ, യുഎസ്എ- പരാ​ഗ്വെ പോര്; മത്സരം ഇന്ന് രാത്രി 12.30നും നാളെ പുലർച്ചെ 6.30നും

കാണാം കാനഡ- ബോസ്നിയ, യുഎസ്എ- പരാ​ഗ്വെ പോര്; മത്സരം ഇന്ന് രാത്രി 12.30നും നാളെ പുലർച്ചെ 6.30നും

ടൊറന്റോ: ഫിഫ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യൻ സമയം രാത്രി 12.30ന് ഗ്രൂപ്പ് ബിയിലെ പോരാട്ടവും നാളെ പുലർച്ചെ 6.30ന് ഗ്രൂപ്പ് ഡി മത്സരവും അരങ്ങേറും. ഉദ്ഘാടന ദിനത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെയും (2-0), ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനെയും (2-1) പരാജയപ്പെടുത്തിയിരുന്നു. ഇന്ന് രാത്രി 12.30നു അരങ്ങേറുന്ന പോരാട്ടത്തിൽ സഹ ആതിഥേയരായ കാനഡ ആദ്യ മത്സരത്തിനിറങ്ങും. എതിരാളികൾ ബോസ്നിയ ആൻഡ് ഹെർസ​ഗോവിന. നാളെ പുലർച്ചെ 6.30നു നടക്കുന്ന പോരിൽ ആതിഥേയ രാജ്യമായ അമേരിക്ക- പ​രാ​ഗ്വെ പോരാട്ടം കാണാം.

കാനഡ vs ബോസ്നിയ ആൻഡ് ഹെർസഗോവിന, ഗ്രൂപ്പ് ബി

സഹ ആതിഥേയരായ കാനഡ തങ്ങളുടെ ആദ്യ മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ നേരിടും. യോ​ഗ്യതാ പോരാട്ടത്തിൽ കരുത്തരായ ഇറ്റലിയെ അട്ടിമറിച്ചെത്തിയ ബോസ്നിയ ചില്ലറക്കാരല്ലെന്ന് ചുരുക്കം. ബയേൺ മ്യൂണിക്ക് താരം അൽഫോൺസോ ഡേവിസ് അടക്കമുള്ള താരങ്ങളിലാണ് കാനഡയുടെ പ്രതീക്ഷ. അമേരിക്കയിലെ സെന്റ് ലൂയിസ് പോലുള്ള നഗരങ്ങളിൽ വലിയ തോതിൽ ബോസ്നിയൻ വംശജർ താമസിക്കുന്നതിനാൽ കാനഡയിലാണ് മത്സരമെങ്കിലും തങ്ങൾക്ക് മികച്ച ഗാലറി പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോസ്നിയൻ ടീം. ടൊറന്റോയിലുള്ള ബിഎംഒ ഫീൽഡ് സ്റ്റേഡിയത്തിലാണ് പോരാട്ടം.

യുഎസ്എ vs പരാ​ഗ്വെ, ഗ്രൂപ്പ് ഡി

ആതിഥേയരായ യുഎസ്എ- പരാഗ്വെയ്‌ക്കെതിരെ കളിച്ച് തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കും. ക്രിസ്റ്റ്യൻ പുലിസിച്ച്, തിമോത്തി വിയ, ഫൊളാരിൻ ബലോഗൻ എന്നിവരടങ്ങുന്ന ശക്തമായ മുന്നേറ്റനിരയുമായാണ് യുഎസ്എ ഇറങ്ങുന്നത്. മുൻ ടോട്ടനം ഹോട്സ്പർ പരിശീലകൻ മൗറീസിയോ പൊചെറ്റിനോയാണ് യുഎസ്എ കോച്ച്. മറുഭാഗത്ത് മിഗേൽ അൽമിറോൺ, ജൂലിയോ എൻസിസോ എന്നിവരാണ് പരാഗ്വെയുടെ പ്രധാന താരങ്ങൾ. ഇം​ഗ്ലിവുഡിലെ ലൊസാഞ്ചലസ് സ്റ്റേഡിയത്തിലാണ് പോരാട്ടം.

ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാൻ; കന്നി കിരീടം തേടി ഹർമൻപ്രീതും സംഘവും; വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം

ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാൻ; കന്നി കിരീടം തേടി ഹർമൻപ്രീതും സംഘവും; വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം

ലണ്ടന്‍: ഫിഫ ലോകകപ്പ് ഫുട്ബോൾ ആരവങ്ങള്‍ക്കിടെ ക്രിക്കറ്റ് ആസ്വാദകര്‍ക്കായി ടി20 ലോകകപ്പ്. വനിതാ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലണ്ടാണ് ഇത്തവണ വേദിയാകുന്നത്. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11.00 മണി മുതലാണ് ആദ്യ പോരാട്ടം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ശ്രീലങ്കയുമായി ഏറ്റുമുട്ടും.

12 ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ജൂണ്‍ 12 മുതല്‍ ജൂലൈ 5 വരെയാണ് പോരാട്ടം. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌കോട്‌ലന്‍ഡ് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. നെതര്‍ലന്‍ഡ്‌സ് ഇതാദ്യമായാണ് വനിതാ ടി20 ലോകകപ്പ് കളിക്കുന്നത്. ഇടവേളയ്ക്കു ശേഷമാണ് അയര്‍ലന്‍ഡ് ലോക പോരിനെത്തുന്നത്.

6 ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് പോര്. ഗ്രൗപ്പ് എയില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്, ദക്ഷിണാഫ്രിക്ക ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍.

ഇന്ത്യയുടെ പോരാട്ടങ്ങള്‍

ചിരൈവരികളായ പാകിസ്ഥാനുമായാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ഈ മാസം 14നാണ് ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍. രണ്ടാം പോരില്‍ 17ന് ഇന്ത്യ നെതര്‍ലന്‍ഡ്‌സുമായി ഏറ്റുമുട്ടും. 21 ഇന്ത്യ- ദക്ഷിണാഫ്രിക്ക, 25ന് ഇന്ത്യ- ബംഗ്ലാദേശ്, 28ന് ഇന്ത്യ- ഓസ്‌ട്രേലിയ.

2025ല്‍ കന്നി ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ടീം ലക്ഷ്യമിടുന്നത് കന്നി ടി20 ലോക കിരീടമാണ്. 2020 ഫൈനലിലെത്താന്‍ ഇന്ത്യക്കു സാധിച്ചെങ്കിലും അന്ന് കിരീടം കനിഞ്ഞില്ല. ന്യൂസിലന്‍ഡാണ് നിലവിലെ ചാംപ്യന്‍മാര്‍. ആറ് കിരീടങ്ങളുമായി ഓസ്‌ട്രേലിയയാണ് മുന്നില്‍. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളും നേരത്തെ കിരീടം നേടിയിട്ടുണ്ട്.

ഗൂഗിള്‍ മീറ്റ് ക്ഷണം, വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍; യുഎഇയില്‍ സൈബര്‍ തട്ടിപ്പിനെതിരെ പൊലീസ് മുന്നറിയിപ്പ്

ഗൂഗിള്‍ മീറ്റ് ക്ഷണം, വ്യാജ ഇമെയില്‍ സന്ദേശങ്ങള്‍; യുഎഇയില്‍ സൈബര്‍ തട്ടിപ്പിനെതിരെ പൊലീസ് മുന്നറിയിപ്പ്

അബുദാബി: ഗൂഗിള്‍ മീറ്റ് ഇന്‍വിറ്റേഷന്റെ പേരില്‍ നടുക്കുന്ന സൈബര്‍ തട്ടിപ്പുകളില്‍ യുഎഇയില്‍ മുന്നറിയിപ്പ്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) യിലെ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് തട്ടിപ്പ് നടക്കുന്നത്. ഗൂഗിള്‍ മീറ്റ് കോളുകളും വ്യാജ ഇമെയില്‍ അക്കൗണ്ടുകളും ഉപയോഗിച്ച് ഇരകളുടെ വ്യക്തിഗത വിവരങ്ങളും പണവും കവരുന്ന തട്ടിപ്പുകള്‍ക്കെതിരെയാണ് അധികൃതരുടെ മുന്നറിയിപ്പ്.

‘governmenticfederal15@gmail.com’ പോലുള്ള ജിമെയില്‍ വിലാസങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാജ ഇമെയില്‍ അക്കൗണ്ടുകളില്‍ നിന്ന് ഗൂഗിള്‍ മീറ്റ് ഇന്‍വിറ്റേഷന്‍ അയച്ചാണ് തട്ടിപ്പ്. തട്ടിപ്പുകാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണെന്ന വ്യാജേനയാണ് സന്ദേശങ്ങള്‍ അയക്കുന്നതായാണ് റിപ്പോര്‍ട്ട്. തട്ടിപ്പുകാര്‍ ഗൂഗിള്‍ മീറ്റ് കോളിനിടെ, എമിറേറ്റ്‌സ് ഐഡി, റെസിഡന്‍സി ഫയല്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസ് അടയ്ക്കുന്നില്ലെന്നും പിഴകള്‍ ഉടന്‍ തീര്‍പ്പാക്കണമെന്നും ഇരകളെ അറിയിക്കുന്നു. പിഴ അടച്ചില്ലെങ്കില്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നുമാണ് സന്ദേശം.

തട്ടിപ്പുകാര്‍ ഇരകളോട് അവരുടെ എമിറേറ്റ്‌സ് ഐഡി കാര്‍ഡുകള്‍, പാസ്പോര്‍ട്ട് വിവരങ്ങള്‍, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍, മറ്റ് വ്യക്തിഗത ഡാറ്റ എന്നിവയില്‍ അടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയും വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍, ഐഡന്റിറ്റി വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ നടത്തുകയോ സര്‍ക്കാര്‍ രേഖകള്‍ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യുന്നതായി തട്ടിപ്പുകാര്‍ അവകാശപ്പെടുകയും സഹകരിക്കാതിരുന്നാല്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ ഭരണപരമായ പിഴകളോ നിയന്ത്രണങ്ങളോ ഉണ്ടാകുമെന്ന് ഇരകള്‍ക്ക് മുന്നറിയിപ്പ് നല്‍കും.

ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മേജര്‍ അബ്ദുല്ല അല്‍ ഷെഹ്ഹി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നാണെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. സംശയാസ്പദമായ ഇമെയിലുകള്‍, കോളുകള്‍ അല്ലെങ്കില്‍ മീറ്റിങ് ക്ഷണങ്ങള്‍ ലഭിക്കുന്നവര്‍ ഇത്തരം സന്ദേശങ്ങള്‍ അവഗണിക്കണമെന്നും പൊലീസ് സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പ്ലാറ്റ്ഫോമുകളില്‍ പരാതി നല്‍കണമെന്നും അധികൃയര്‍ നിര്‍ദേശിച്ചു.