by Midhun HP News | Jan 24, 2026 | Latest News, കേരളം
റായ്പുര്‍: രണ്ട് അര്‍ധസെഞ്ചറിയുടെ മികവില്‍ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്കു തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്. അര്‍ധസെഞ്ചറി നേടിയ ഇഷാന്‍ കിഷനും (32 പന്തില്‍ 76) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് (37 പന്തില്‍ 82*) ഇന്ത്യയുടെ വിജയശില്‍പ്പികള്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം വെറും 15.2 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഏഴു വിക്കറ്റ് ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 20നു ലീഡുയര്‍ത്തി. അടുത്ത മത്സരം 25നു ഗുവാഹത്തിയില്‍.
മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയ സഞ്ജു, രണ്ടാം പന്തില്‍ കിട്ടിയ ലൈഫ് കളഞ്ഞുകുളിച്ചാണ് അനാവശ്യ ഷോട്ടിനു ശ്രമിച്ചു പുറത്തായത്. ഒരു സിക്‌സറിലൂടെ ആറു റണ്‍സ് നേടിയ താരത്തെ മാറ്റ് ഹെന്റിയാണ് രചിന്‍ രവീന്ദ്രയുടെ കൈകളില്‍ എത്തിച്ചത്. തൊട്ടടുത്ത ഓവറില്‍ പവര്‍ഹിറ്റര്‍ അഭിഷേക് ശര്‍മ (0) ഗോള്‍ഡന്‍ ഡക്കായി പുറത്തായതോടെ ഇന്ത്യ ഞെട്ടി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 1.1 ഓവറില്‍ 2ന് 6 എന്ന നിലയിലായി.
ഇഷാന്‍ കിഷന്‍ തകര്‍ത്തടിച്ചതോടെ ഇന്ത്യ സ്‌കോര്‍ബോര്‍ഡ് കുതിച്ചു. മറുവശത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാഴ്ചകാരനാക്കി ന്യൂസീലന്‍ഡ് ബോളര്‍മാരെ ഇഷാന്‍ കിഷന്‍ തലങ്ങും വിലങ്ങും പ്രഹരിച്ചു. പവര്‍പ്ലേ അവസാനിക്കും മുന്‍പു തന്നെ വെറും 21 പന്തില്‍ താരം അര്‍ധസെഞ്ചറി തികച്ചു. കിവീസ് ബൗളര്‍മാരെ തകര്‍ത്തടിച്ച ഇഷാന്‍ ടീം സ്‌കോര്‍ അതിവേഗം ഉയര്‍ത്തി. സൂര്യകുമാര്‍ യാദവിനെ ഒരുവശത്ത് നിര്‍ത്തി ഒറ്റയ്ക്കാണ് കിഷന്‍ ടീമിനെ മുന്നോട്ടുനയിച്ചത്. മൂന്നാം വിക്കറ്റില്‍ ഇഷാന്‍ – സൂര്യ സഖ്യം വെറും 48 പന്തില്‍ നിന്ന് 122 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ഈ കൂട്ടുകെട്ടാണ്. ന്യൂസീലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ അര്‍ധസെഞ്ചറിയാണ് ഇത്. കഴിഞ്ഞ മത്സരത്തില്‍ 22 പന്തില്‍ അര്‍ധസെഞ്ചറി തികച്ച അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡാണ് തൊട്ടടുത്ത മത്സരത്തില്‍ ഇഷാന്‍ തകര്‍ത്തത്. രാജ്യാന്തര ട്വന്റി20യില്‍ രണ്ടര വര്‍ഷത്തിനു ശേഷമാണ് ഇഷാന്‍ അര്‍ധസെഞ്ചറി നേടുന്നത്. 2023 നവംബറില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ഇഷാന്‍ ഇതിനു മുന്‍പ് അര്‍ധസെഞ്ചറി നേടിയത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 20 ഓവറില്‍ ന്യൂസിലന്‍ഡ് ആറുവിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തിരുന്നു.
by Midhun HP News | Jan 24, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ മുഖ്യപ്രതി വിഷ്ണു നെയ്യാറ്റിൻകരയിൽ പിടിയിലായി. ഇന്നലെ രാത്രിയാണ് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. വിഷ്ണു സഞ്ചരിച്ച ജീപ്പ് ഭാര്യയെയും ഭർത്താവിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വിഷ്ണുവിനെ സംഭവദിവസം തന്നെ നാട്ടുകാർ പിടിച്ചുകൊടുത്തുവെങ്കിലും പൊലീസ് വിട്ടയച്ചിരുന്നു. കഴിഞ്ഞ ദിവസം വിഷണുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
by Midhun HP News | Jan 24, 2026 | Latest News, കേരളം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി കെ പി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം കാരണം ചികിത്സയിലായിരുന്ന ശങ്കരദാസിനെ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നീക്കം. ശങ്കര്‍ദാസിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതോടെയാണ് ശങ്കരദാസിനെ ജയിലിലെ ആശുപത്രി സെല്ലില്‍ പ്രവേശിപ്പിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സമയം മുതല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിന്റെ ആരോഗ്യനിലയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ശങ്കര്‍ദാസിന്റെ അറസ്റ്റ് വൈകിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതി വലിയ വിമര്‍ശനവും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തയത്.
കേസില്‍ കോടതി ശങ്കരദാസിനെ റിമാന്‍ഡ് ചെയ്തതോടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റാനാവില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന് തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നത്. നിലവില്‍ ശങ്കരദാസിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്കെത്തിക്കുന്നത്.
by Midhun HP News | Jan 24, 2026 | Latest News, കേരളം
റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തില്‍ 6 റണ്‍സിനിടെ തുടരെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയിരുന്നു. എന്നാല്‍ ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ കളിയുടെ ഗതി പൊടുന്നനെ മാറ്റുന്ന കാഴ്ചയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും ചേര്‍ന്നു അതിവേഗം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. 92 പന്തില്‍ ഇന്ത്യ 209 റണ്‍സ് അടിച്ചെടുത്തു.
മൂന്നാം വിക്കറ്റില്‍ ഇഷാനൊപ്പം ചേര്‍ന്നു സൂര്യകുമാര്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ നയിച്ചു. ഇരുവരും ചേര്‍ന്നു 122 റണ്‍സ് കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഇഷാന്റെ ഭയരഹിതമായ ബാറ്റിങ് ടീമിന്റെ മനോഭാവത്തിന്റെ ബാക്കിപത്രമാണെന്നും ഇഷാന്‍ പുറത്തെടുത്ത ബാറ്റിങ് സമീപനമാണ് ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമെന്നും സൂര്യ മത്സര ശേഷം വ്യക്തമാക്കി. ഒപ്പം ബാറ്റിങ് ഫോമിലേക്ക് മടങ്ങിയെത്തിയ തന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം മത്സര ശേഷം പറയുന്നുണ്ട്.
‘ഇഷാന്‍ എന്താണ് ഉച്ചയ്ക്ക് ഭഷണം കഴിച്ചത് എന്നെനിക്ക് അറിയില്ല. എന്നാല്‍ അദ്ദേഹം പന്തിനെ മര്‍ദ്ദിക്കുന്ന വിധം കണ്ടപ്പോള്‍ മറ്റാരും ഇതുപോലെ തല്ലുന്നത് കണ്ടിട്ടില്ല എന്നാണ് എനിക്കു തോന്നിയത്. ഇതാണ് ഞങ്ങള്‍ ബാറ്റര്‍മാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. സ്വയം അയാളപ്പെടുത്തും വിധമുള്ള ഇന്നിങ്‌സ് അവര്‍ കളിക്കുന്നതു കാണുമ്പോള്‍ തന്നെ ഹാപ്പിയാകും.’
‘ഇഷാന്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച് സ്‌ട്രൈക്ക് കൈമാറാതെ നിന്നപ്പോള്‍ എനിക്ക് നല്ല ദേഷ്യം വന്നിരുന്നു. പക്ഷേ ഞാന്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. അതിനാല്‍ തന്നെ എനിക്ക് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനാകുമെന്നു ഉറപ്പുണ്ടായിരുന്നു. ഞാന്‍ നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്തിരുന്നു’- സൂര്യ വ്യക്തമാക്കി.
മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങിനേയും ക്യാപ്റ്റന്‍ എടുത്തു പറഞ്ഞു. കൂട്ടായ ശ്രമമാണ് ബൗളിങില്‍ കണ്ടതെന്നു ക്യാപ്റ്റന്‍. അവര്‍ 225- 230 റണ്‍സ് വരെ നേടുമെന്നു തോന്നിയിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ അവരെ 210നുള്ളില്‍ പിടിച്ചു നിര്‍ത്തി.
‘കുല്‍ദീപ്, വരുണ്‍, ദുബെ, ഹര്‍ദിക് എല്ലാവരും അവരുടെ ഉത്തരവാദിത്വം ഭംഗിയാക്കി. അവിശ്വസനീയമായ ശ്രമമാണ് ബൗളര്‍മാര്‍ നടത്തിയത്. 225-230 വരെ സ്‌കോര്‍ കിവികള്‍ നേടുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവരെ 210നു താഴെ ഒതുക്കാനായാത് ബൗളര്‍മാരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ്.’
‘നിലവില്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ പോസിറ്റീവാണ്. ഈ നിമിഷങ്ങളെ താരങ്ങള്‍ ആസ്വദിക്കുന്നു. എല്ലാ നിലയ്ക്കും ഏറ്റവും നിലവാരമുള്ള ക്രിക്കറ്റ് കളിക്കാനാണ് ടീം എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്’- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഗുവാഹത്തിയില്‍ അരങ്ങേറും. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് സൂര്യകുമാര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യം കൂടിയാണ്.
by Midhun HP News | Jan 24, 2026 | Latest News, കേരളം
മോഹൻലാൽ- തരുൺ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രമാണ് തുടരും. മോഹൻലാലിന് ഒരു ഫാൻ ബോയ് നൽകിയ സമ്മാനം കൂടിയായിരുന്നു ചിത്രം. തുടരുമിന് ശേഷം മോഹൻലാലിനൊപ്പമുള്ള സിനിമ തരുൺ മൂർത്തി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് തൊടുപുഴയിൽ തുടക്കമിട്ടിരിക്കുകയാണ്.
‘തുടരും’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ച (കോടതി രംഗം) അതേ സ്ഥലത്താണ് ഇന്ന് പുതിയ സിനിമയും തരുൺ ആരംഭിച്ചത്. “നന്ദിയോടെ ഈ യാത്ര ആരംഭിക്കുന്നു. L 366 ന്റെ സെറ്റിൽ ജോയിൻ ചെയ്തു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി”.- എന്നാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.
പൂജ ചിത്രങ്ങളിൽ താടി വടിക്കാതെയാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കായി മോഹൻലാൽ താടി വടിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അധികം വൈകാതെ തന്നെ താടി വടിച്ച തന്റെ പുതിയ ലുക്കും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ‘ചുമ്മാ’ എന്നാണ് തന്റെ താടി വടിച്ചുള്ള ചിത്രത്തിന് മോഹൻലാൽ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ‘താടി വടിക്കില്ല ന്ന് പറഞ്ഞവര് ഒക്കെ എവിടെ’- എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മീര ജാസ്മിനാണ് നായിക.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി. ‘തുടരും’ സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. ‘തുടരും’ ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിങ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്‌ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണക്‌സ് സേവ്യർ.
by Midhun HP News | Jan 24, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐടിഐ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും കരസ്ഥമാക്കി എസ്.എഫ്.ഐ. 6 സീറ്റുകളിലാണ് തിരഞ്ഞെടുത്ത് നടന്നത്. എസ്എഫ്ഐ, കെഎസ്‌യു , എബിവിപി , എ.ഐ.എസ്.എഫ് എന്നിവർ മത്സര രംഗത്ത് ഉണ്ടായിരുന്നു. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥിയായിട്ട് മത്സരിച്ച അഭിജിത് പി.എസ് ഉൾപ്പെടെ മറ്റ് 5 സ്ഥാനാർഥികളും വിജയിച്ചു.
ജനറൽ സെക്രട്ടറിയായി രേഷ്മ എസ്, കൗൺസിലർ ഗോവിന്ദ് ഷാജി, മാഗസിൻ എഡിറ്റർ ആകാശ് എസ്, സ്പോർട്സ് ക്യാപ്റ്റൻ സിദ്ധാർഥ് എസ്, ആർട്സ് ക്ലബ് സെക്രട്ടറി നിതിൻ ബാബു എന്നിവർ മിന്നും വിജയം കാഴ്ച്ച വെച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി അർജുൻ കല്ലിങ്ങൽ, പ്രസിഡന്റ് ആദിത്യ ശങ്കർ എന്നിവർ ഇവർക്ക് സ്വീകരണം നൽകി.
Recent Comments