പൊന്നിന്‍ തിളക്കം, 1,17,000 കടന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 4000 രൂപ

പൊന്നിന്‍ തിളക്കം, 1,17,000 കടന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 4000 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 3960 രൂപ വര്‍ധിച്ചതോടെ പവന്‍ വില 1,17,000 കടന്നിരിക്കുകയാണ്. 1,17,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 495 രൂപയാണ് വര്‍ധിച്ചത്. 14,640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവില ഇന്നലെ ഇടിഞ്ഞിരുന്നു. പവന് ഒറ്റയടിക്ക് 1680 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഈ ഇടിവ് താത്കാലികം മാത്രമാണ് എന്ന വ്യക്തമായ സൂചന നല്‍കിയാണ് ഇന്നത്തെ കുതിപ്പ്. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 17000 രൂപയിലധികമാണ് വര്‍ധിച്ചത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും, വമ്പൻ വരവേൽപ്പൊരുക്കി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും, വമ്പൻ വരവേൽപ്പൊരുക്കി ബിജെപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന ന​ഗരിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. മോദിയെ കാണാൻ നിരവധി പേർ റോഡിന്റെ ഇരുവശത്തുമായി തടിച്ചുകൂടിയിട്ടുണ്ട്.

ഔദ്യോ​ഗിക വേദിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം ന‌ടക്കും. കൂടാതെ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സിൽവർലൈനിന് ബദലായുള്ള ഇ ശ്രീധരൻ്റെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ഡിപിആർ തയ്യാറാക്കുന്ന ഡിഎംആർസിക്ക് തന്നെയായിരിക്കും നിർമ്മാണച്ചുമതല.

കെഎസ്ആര്‍ടിസി ബസില്‍ ഇനി ചൂടന്‍ ‘ചിക്കിങ്’ വിഭവങ്ങള്‍, 25 ശതമാനം വിലക്കുറവ്; വെബ്‌സൈറ്റ് ഉടന്‍

കെഎസ്ആര്‍ടിസി ബസില്‍ ഇനി ചൂടന്‍ ‘ചിക്കിങ്’ വിഭവങ്ങള്‍, 25 ശതമാനം വിലക്കുറവ്; വെബ്‌സൈറ്റ് ഉടന്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളില്‍ ഇനി ‘ചിക്കിങ്’ വിഭവങ്ങളും ലഭിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. യാത്രക്കാര്‍ക്ക് ബസില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. അടുത്ത ബസ് സ്റ്റാന്‍ഡിലോ, റൂട്ടിലുള്ള ചിക്കിങ് സ്റ്റോറുകളില്‍ നിന്നോ ഭക്ഷണം പാഴ്‌സലായി സീറ്റുകളില്‍ എത്തും. ഇതു സംബന്ധിച്ച് കെഎസ്ആര്‍ടിസിയും ചിക്കിങുമായി ധാരണയായതായി മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യഘട്ടത്തില്‍ അഞ്ച് സൂപ്പര്‍ക്ലാസ് സര്‍വീസുകളിലും ബജറ്റ് ടൂറിസം യാത്രകളിലുമാകും ഭക്ഷണ വിതരണം. ക്രമേണ മറ്റ് ദീര്‍ഘദൂര ബസുകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. യാത്രക്കാര്‍ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനായി ബസില്‍ ക്യൂആര്‍ കോഡ് പതിക്കും. ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ വിഭവങ്ങളുടെ പട്ടികയും അടുത്ത ഭക്ഷണ ശാലയുടെ വിവരവും ലഭിക്കും. ബസ് സ്റ്റാന്‍ഡിലോ റൂട്ടിലുള്ള ചിക്കിങ് ഔട്ട്‌ലെറ്റിലോ എത്തുമ്പോള്‍ ഭക്ഷണം എത്തും വിധമാണ് ക്രമീകരണം. ബുക്കിങ്ങിന് പ്രത്യേക വെബ്സൈറ്റ് ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

പൊതുനിരക്കിനെക്കാള്‍ 25 ശതമാനം വില കുറച്ചാണ് ഭക്ഷണം നല്‍കുന്നത്. വില്‍പന വിഹിതത്തിന്റെ അഞ്ച്ശതമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കും. ദേശീയ സംസ്ഥാന പാതകളിലായി 140 കേന്ദ്രങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയും. ചിക്കിങ് സ്റ്റോറുകളില്‍ ബസ് നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാനും കരാറില്‍ വ്യവസ്ഥയുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ; വിവിധ പദ്ധതികളുടെ പ്രഖ്യാപനം

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ; വിവിധ പദ്ധതികളുടെ പ്രഖ്യാപനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. ബിജെപിയുടെ തിരുവനന്തപുരം കോർപറേഷൻ വിജയത്തിനു പിന്നാലെയാണ് അദ്ദേഹം തലസ്ഥാനത്തെത്തുന്നത്. വിമാനത്താവളത്തിൽ നിന്നു പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം ന​ഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേ​ഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.

തിരുവനന്തപുരത്തെ തുറമുഖനഗരമായി പ്രഖ്യാപിക്കുമെന്നതാണ് മറ്റൊരു പ്രതീക്ഷ. ഇതോടെ രാജ്യത്തെ പ്രമുഖ തുറമുഖ നഗരങ്ങളായി മുംബൈ, കൊല്‍ക്കത്ത എന്നിവയ്ക്ക് സമാനമായ അനുബന്ധ പദ്ധതികള്‍ വരുമെന്നാണ് കരുതുന്നത്. വീടില്ലാത്തവര്‍ക്ക് അഞ്ച് വര്‍ഷത്തിനകം വീട് എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷ്യം.

വിഴിഞ്ഞം രാജ്യാന്തരതുറമുഖം കേന്ദ്രീകരിച്ചുള്ള നഗരവികസനമാതൃകയാണ് ഫോര്‍ട്ട് സിറ്റി പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പ്രത്യേക പരിഗണനയിലേക്ക് തിരുവനന്തപുരം വരുന്നതോടെ അനുബന്ധ വ്യാപാര വാണിജ്യ ശൃംഖലതന്നെ രൂപപ്പെടുമെന്നാണ് കരുതുന്നത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഗുജറാത്തിലെ കണ്ട്‌ല കര്‍ണാടകത്തിലെ മംഗലൂരു എന്നിവ ഉദാഹരണം.

പ്രധാനമന്ത്രി ആവാസ് യോജനപ്രകാരം വീട് ഇല്ലാത്ത എല്ലാവര്‍ക്കും അഞ്ച് വര്‍ഷത്തിനകം വീട് , ജല്‍ജീവന്‍ മിഷന്‍ വഴി എല്ലാവര്‍ക്കും കുടിവെള്ളം, സൂറത്ത് നഗരത്തിന്റെ മാതൃകയില്‍ വെള്ളക്കെട്ട് നിവാരണ പദ്ധതി, ഇന്‍ഡോര്‍ നഗരത്തിന്റെ മാതൃകയില്‍ മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവ കോര്‍പ്പറേഷന്റെ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തെ കായിക മത്സരങ്ങളുടെ കേന്ദ്രമാക്കുകയാണ് മറ്റൊരു നിര്‍ദേശം. അനുയോജ്യമായ കാലാവസ്ഥ, രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയം, ദേശീയ ഗെയിംസിന് കൊണ്ടുവന്ന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുകയോ നവീകരിക്കുകയോ ചെയ്ത് 2036ലെ ഒളിംപിക്‌സില്‍ ചിലയിടങ്ങളില്‍ ഒളിപിംക്‌സ് വേദിയാക്കുയാണ് ലക്ഷ്യം. ഇക്കാര്യങ്ങളടങ്ങുന്ന ബ്ലൂപ്രിന്റ് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. അന്തിമരൂപ രേഖ തയ്യാറാക്കുന്നതിന് മുന്‍പായി രാജ്യത്തെ പ്രമുഖനഗരങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന നഗരവികസന കോണ്‍ക്ലേവ് സംഘടിപ്പിക്കും.

കിളിമാനൂർ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കാനിടയായ കേസിൽ രണ്ട് പോ ലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കിളിമാനൂർ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കാനിടയായ കേസിൽ രണ്ട് പോ ലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

കിളിമാനൂർ വാഹനാപകടത്തിൽ രണ്ട് പേർ മരിക്കാനിടയായ കേസിലെ പ്രതികൾക്ക് സംരക്ഷണം ഒരുക്കിയ കിളിമാനൂർ SHO ജയൻ, സബ് ഇൻസ്പെകട്ർ അരുൺ സബ്ഇൻസ്പെക്ടർ ( ഗ്രേഡ്) സലിം എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.

അവസാന 6 വിക്കറ്റുകള്‍ 22 റണ്‍സില്‍ നിലംപൊത്തി, 139ന് ഓള്‍ ഔട്ട്; തിരുവനന്തപുരത്ത് കാലിടറി കേരളം

തിരുവനന്തപുരം: ചണ്ഡീഗഢിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന്റെ പോരാട്ടം വെറും 139 റണ്‍സില്‍ അവസാനിച്ചു. ആദ്യ ദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ മറുപടി ബാറ്റിങ് തുടങ്ങിയ ചണ്ഡീഗഢ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന ശക്തമായ നിലയില്‍. 3 റണ്‍സിന്റെ ലീഡുമായാണ് അവര്‍ ഒന്നാം ദിനം കളി അവസാനിപ്പിച്ചത്.

ടോസ് നേടി കേരളം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം മണ്ണില്‍ ടീമിനു കാലിടറി. 49 റണ്‍സെടുത്ത ബാബ അപരാജിതും 41 റണ്‍സെടുത്ത സച്ചിന്‍ ബേബിയും മാത്രമാണ് ക്രീസില്‍ നിന്നു പൊരുതാനുള്ള ആര്‍ജവം കാണിച്ചത്.

സച്ചിനും ബാബാ അപരാജിതും പുറത്തായതോടെ വാലറ്റം അതിവേഗമാണ് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചത്. അവസാന 6 വിക്കറ്റുകള്‍ വെറും 22 റണ്‍സില്‍ നിലംപൊത്തി.

4 വിക്കറ്റെടുത്ത നിഷങ്ക് ബിര്‍ല, 3 വിക്കറ്റുകള്‍ വീഴ്ത്തിയ രോഹിത് ഠന്‍ഡ എന്നിവരുടെ മികച്ച ബൗളിങിനു കേരളത്തിന്റെ കൈയില്‍ ഉത്തരമില്ലാതെ പോയി. ജഗ്ജിത് സിങ് രണ്ടും കാര്‍ത്തിക് സാന്‍ഡില്‍ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി തുടങ്ങിയ ചണ്ഡീഗഢിനായി അര്‍ജുന്‍ ആസാദും ക്യാപ്റ്റന്‍ മനന്‍ വോറയും ക്രീസില്‍ നിന്നു പൊരുതി. ഇരുവരും അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്നു.

11 റണ്‍സെടുത്ത ഓപ്പണര്‍ നിഖില്‍ ഠാക്കൂറിന്റെ വിക്കറ്റ് മാത്രമാണ് ചണ്ഡീഗഢിനു നഷ്ടമായത്. നിലവില്‍ കളി നിര്‍ത്തുമ്പോള്‍ അര്‍ജുന്‍ ആസാദ് 78 റണ്‍സുമായും മനന്‍ വോറ 51 റണ്‍സുമായും ക്രീസില്‍ നില്‍ക്കുന്നു. ചണ്ഡീഗഢിനു നഷ്ടമായ ഏക വിക്കറ്റ് എംഡി നിധീഷിനാണ്.