കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്

കണക്ട് ടു വര്‍ക്ക്: ആദ്യ ദിനത്തില്‍ 9861 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ട ‘കണക്ട് ടു വര്‍ക്ക്’ പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചുതുടങ്ങി. പദ്ധതി തുടങ്ങി ഒരു ദിവസം കൊണ്ട് തന്നെ 9861 പേര്‍ക്ക് സ്കോളർഷിപ്പ് ലഭിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ബുധനാഴ്ചയാണ് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ, അതുവരെ ലഭിച്ച അപേക്ഷകളില്‍ അര്‍ഹരായ 10,000 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിച്ചു. എല്ലാവര്‍ക്കും പ്രതിമാസ ഗഡുവായ 1000 രൂപ വീതം അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തു. എന്നാല്‍, 9861 പേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലെ സാങ്കേതിക തടസം മൂലം തുക ക്രഡിറ്റ് ആയിട്ടില്ല. തടസം പരിഹരിക്കുന്ന മുറയ്ക്ക് ഈ അക്കൗണ്ടുകളിലും തുക എത്തുമെന്നും മന്ത്രി അറിയിച്ചു.

പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങള്‍ക്ക് തടസമില്ലാതെ തങ്ങളുടെ ശ്രമം തുടരുന്നതിന് സാമ്പത്തിക സഹായം ഉറപ്പാക്കാനാണ് കടക്ട് ടു വര്‍ക്ക് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.

കുടുബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ യുവതി യുവാക്കള്‍ക്കാണ് പദ്ധതിയില്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. കേളത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് സഹായത്തിന് അര്‍ഹത. 18 വയസ് പൂര്‍ത്തിയായരും 30 വയസ് കവിയാത്തവരുമായവര്‍ക്ക് അപേക്ഷ നല്‍കാം. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങള്‍/രാജ്യത്തെ അംഗീകൃത സര്‍വ്വകലാശാലകള്‍/ ഡീംഡ് സര്‍വ്വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന ആംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ, യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി., സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമ സേന, ബാങ്ക്, റയില്‍വെ, മറ്റ് കേന്ദ്ര സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ എന്നിവ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് തയ്യാറെടുക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. അര്‍ഹരായ ആദ്യത്തെ 5 ലക്ഷം പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.

യുവാക്കളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചും പഠനോത്സാഹം നിലനിര്‍ത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബല്‍പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

‘ബസ് യാത്രക്കിടെ അതിക്രമം നേരിട്ടു’; പരാതി നൽകി ഷിംജിത മുസ്തഫ

‘ബസ് യാത്രക്കിടെ അതിക്രമം നേരിട്ടു’; പരാതി നൽകി ഷിംജിത മുസ്തഫ

കണ്ണൂർ: ബസ് യാത്രയ്ക്കിടെ മോശം പെരുമാറ്റം നേരിട്ടെന്ന് പൊലീസിൽ പരാതി നൽകി ഷിംജിത മുസ്തഫ. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്ക് സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യയ്ക്കിരയായി ജീവനൊടുക്കിയ കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് മഞ്ചേരി ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് പുതിയ പരാതി. പയ്യന്നൂർ പൊലീസിന് ഇ മെയിൽ മുഖേനയാണ് പരാതി ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്കുള്ള സ്വകാര്യ ബസ് യാത്രക്കിടെ തനിക്കെതിരെ അതിക്രമം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ പയ്യന്നൂർ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ദീപകിന്റെ ആത്മഹത്യയിൽ ഇയാളുടെ അമ്മ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ നൽകിയ പരാതിയിലായുരുന്നു ഷിംജിത അറസ്റ്റിലായത്. വടകരയിലെ ബന്ധു വീട്ടിൽ നിന്നുമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലിസ് ഇവരെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്യുകയായിരുന്നു. ഷിംജിത പോസ്റ്റ് ചെയ്ത വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നുമായിരുന്നു അമ്മയുടെ പരാതി.

അതേസമയം, പൊലിസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഷിംജിത മുസ്തഫയ്ക്കെതിരെയുള്ള ഗുരുതരമായ പരാമർശങ്ങളാണുള്ളത്. സ്വകാര്യബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദുരനുഭവം നേരിട്ടെന്ന് പറയുന്ന പ്രതി താമസിക്കുന്ന വടകരയിലോ സംഭവം നടന്നുവെന്ന് പറയുന്ന പയ്യന്നൂർ പൊലീസ് സ്റ്റേഷനിലോ അധികാരപ്പെട്ട നിയമകേന്ദ്രങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

പോസ്റ്റ് ഗ്രാജ്വേറ്റും അസിസ്റ്റന്റ് പ്രൊഫസർ ക്വാളിഫൈഡുമായ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്തിലെ മുസ്ലീം ലീഗ് പ്രതിനിധിയായ വാർഡ് മെമ്പറായിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. എന്തെങ്കിലും ദുരനുഭവം ഉണ്ടായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നിയമധാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുള്ള വീഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചാൽ കുറ്റാരോപിതൻ പ്രസ്തുത വീഡിയോ കണ്ട് മാനഹാനി നേരിട്ട് മനം നൊന്ത് ആത്മഹത്യ ചെയ്യാമെന്ന്‌ വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംഭവം നടന്നുവെന്ന് പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദീപക്കും പ്രതിയും ബസിൽ കയറിയതായും അസ്വാഭാവികമായി യാതൊന്നും നടന്നിട്ടില്ലെന്നും ഇതിൽ വ്യക്തമാണ്. ശേഷം പ്രതിയും ഇരയായ ദീപക്കും സ്വാഭാവികമായാണ് ബസിൽനിന്ന് ഇറങ്ങി നടന്നു പോകുന്നതെന്നും സിസിടിവി ദൃശ്യത്തിലൂടെ വ്യക്തമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബസ് ജീവനക്കാരുടെ മൊഴിയെന്നും റിപ്പോർട്ടിലുണ്ട്.

നദിയിൽ കുളിക്കാൻ ഇറങ്ങിയവരിൽ രണ്ടു പേരെ കാണാതായി; ഒരാളിന്റെ മൃതദേഹം കണ്ടെത്തി

നദിയിൽ കുളിക്കാൻ ഇറങ്ങിയവരിൽ രണ്ടു പേരെ കാണാതായി; ഒരാളിന്റെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിലെ മേലാറ്റിങ്ങൽ ഉദിയറ കുളിക്കടവിൽ
ഇന്ന് വൈകിട്ടോടെ നാലുപേർ ഒന്നിച്ചാണ് കുളിക്കാൻ ഇറങ്ങിയത്. കുറച്ചുകഴിഞ്ഞ് രണ്ടുപേർ ഓടിവന്ന് മറ്റ് രണ്ടുപേരെ കാണാനില്ലെന്ന് നാട്ടുകാരെ വിളിച്ചുപറഞ്ഞു. സംഭവം അറിഞ്ഞു നാട്ടുകാർ ആറ്റിങ്ങൽ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിൽ നിഖിലിന്റെ മൃതദേഹമാണ് കിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന ഗോകുലിനെയാണ് കണ്ടെത്താനുള്ളത്.

വിദേശത്തേക്ക് കടക്കാന്‍ ശ്രമം; അമ്മയുടെയും മകളുടെയും മരണത്തില്‍ ഭര്‍ത്താവ് മുംബൈയിൽ പിടിയില്‍

വിദേശത്തേക്ക് കടക്കാന്‍ ശ്രമം; അമ്മയുടെയും മകളുടെയും മരണത്തില്‍ ഭര്‍ത്താവ് മുംബൈയിൽ പിടിയില്‍

തിരുവനന്തപുരം കമലേശ്വരം ആര്യന്‍കുഴിക്കു സമീപം ശാന്തി ഗാര്‍ഡന്‍സ് സോമനന്ദനത്തില്‍ പരേതനായ റിട്ട. അഗ്രികള്‍ച്ചര്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവിന്റെ ഭാര്യ എസ് എല്‍ സജിത (54) മകള്‍ ഗ്രീമ എസ് രാജ് (30) എന്നിവരെ ഇന്നലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജിത എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

തന്റെയും മകളുടേയും ആത്മഹത്യയ്ക്ക് കാരണം ഗ്രീമയുടെ ഭര്‍ത്താവ് ബി എം ഉണ്ണികൃഷ്ണന്‍ ആണെന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. 6 വര്‍ഷത്തോളമായി മാനസിക പീഡനവും അവഗണനയും നേരിടുകയാണ്. മകളെ ഉപയോഗിച്ച ഉടുപ്പുപോലെയാണ് എറിഞ്ഞു കളയുന്നത്. പിരിയാന്‍ തക്ക കാരണങ്ങള്‍ ഇല്ല. അപമാനഭാരം ഇനിയും സഹിക്കാന്‍ വയ്യെന്നും കുറിപ്പില്‍ പറയുന്നു. സജിതയുടെ ഭർത്താവ് എൻ രാജീവ് മൂന്നു മാസം മുൻപാണ് മരിച്ചത്.

സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ പോകുന്നുവെന്ന് കാട്ടി വാട്‌സാപ്പിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കുറിപ്പ് അയച്ചിരുന്നു. തുടർന്ന് കൗൺസിലറും നാട്ടുകാരും എത്തുമ്പോൾ വീട് അടഞ്ഞു കിടക്കുകയായിരുന്നു. പൂന്തുറ പൊലീസ് എത്തി വീട് തുറന്നപ്പോൾ താഴത്തെ നിലയിലെ ഹാളിൽ സോഫയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്തുനിന്ന് 2 ഗ്ലാസുകളും കുറിപ്പും കണ്ടെത്തിയിരുന്നു.6 വർഷം മുൻപായിരുന്നു ഗ്രീമയുടെ വിവാഹം. 200 പവനും വീടും സ്ഥലവും നൽകിയാണു വിവാഹം നടത്തിയത്. സ്ത്രീധനം പോരെന്നു പറഞ്ഞ് ഗ്രീമയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

പള്ളിക്കലിൽ രണ്ട് ഗ്രാമോളം എം ഡി എം എയുമായി രണ്ടുപേർ പിടിയിലായത്

പള്ളിക്കലിൽ രണ്ട് ഗ്രാമോളം എം ഡി എം എയുമായി രണ്ടുപേർ പിടിയിലായത്

പള്ളിക്കൽ: പള്ളിക്കലിൽ മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടി. പള്ളിക്കലിൽ പുലർച്ചെ നടന്ന വാഹന പരിശോധനയിലാണ് രണ്ട് ഗ്രാമോളം എം ഡി എം എയുമായി രണ്ടുപേർ പിടിയിലായത്. പാരിപ്പള്ളി സ്വദേശി ഷേക്ക് അഹമ്മദ് (33), മലപ്പുറം സ്വദേശി ഷാഫി (28) എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഡൽഹി രജിസ്ട്രേഷൻ ഇന്നോവ ക്രിസ്റ്റയും പോലീസ് കസ്റ്റഡിയിലെടുത്തു. നർക്കോട്ടിക് ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത്

ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത്

ചെന്നൈ: ഐ എസ് എൽ മത്സരങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സ്റ്റേഡിയം സംബന്ധിച്ച് പല ക്ലബ്ബുകൾക്കും ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോടേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇത് വരെ സ്റ്റേഡിയം ക്ലബിന് കൈമാറിയിട്ടില്ല. കോർപ്പറേഷൻ സ്റ്റേഡിയത്തിലെ പണി പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതേ സാഹചര്യത്തിലൂടെയാണ് ചെന്നൈയിൻ എഫ് സിയും കടന്ന് പോകുന്നത്. ഐ എസ് എൽ ആരംഭിച്ചത് മുതൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായിരുന്ന ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെയും അവസ്ഥയും മോശമാണെന്നാണ് പുറത്ത് വന്ന ചിത്രങ്ങൾ പറയുന്നത്.

ഈ സീസണിന്റെ ഉദ്‌ഘാടന ദിവസമായ ഫെബ്രുവരി 14 ന് തന്നെ സ്റ്റേഡിയത്തിൽ വെച്ച് എ ആർ റഹ്മാന്റെ സംഗീത പരിപാടി നടക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു കാർ കമ്പനിയുടെ ലോഞ്ചിങ് പരിപാടി ജനുവരി 26ന് ആണ് സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുമുണ്ട്. ഈ രണ്ട് പ്രോഗ്രാമുകളും കഴിയുമ്പോൾ മൈതാനത്തിന്റെ അവസ്ഥ എന്താകുമെന്നാണ് ക്ലബ് അധികൃതരുടെ ആശങ്ക. ടൂർണമെന്റ് എത്രയും വൈകിയത് കാരണം പല ക്ലബ്ബുകൾക്കും അവരുടെ ഹോം ഗ്രൗണ്ടുകളുടെ പ്രവർത്തനം പൂർണ്ണ സജ്ജമാക്കാൻ സാധിച്ചിട്ടില്ല.

ഈ അവസ്ഥ തുടരുകയാണെങ്കിൽ ഐ എസ് എല്ലിന്റെ മത്സരക്രമം പുറത്തിറക്കാൻ ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.