by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരത്ത് വെള്ളക്കരം കുറച്ചു നല്‍കാന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സമൂഹമാധ്യമത്തില്‍ ഉപയോക്താവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം സ്വദേശിയായ ഗണേഷ് തമ്പിയാണ് സമൂഹമാധ്യമത്തില്‍ തെളിവുകള്‍ സഹിതം പോസ്റ്റിട്ടത്. ഉപയോഗിച്ച വെള്ളത്തിന്റെ ബില്‍ തുക 15000 രൂപ ആയെന്നും 5000 രൂപ നല്‍കിയാല്‍ മീറ്റര്‍ റീസെറ്റ് ചെയ്തു നല്‍കാമെന്നും റീഡിങ് എടുക്കാനെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞുവെന്നാണ് ഗണേഷിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് പരാതി നല്‍കി. വിവരം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് നടപടി എടുക്കാന്‍ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.



by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
ബെയ്ജിങ്: ചൈനയിൽ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിൻ ഇടിച്ച് 11 റെയിൽവേ ജീവനക്കാർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. യുനാൻ പ്രവിശ്യയിലെ കുന്മിങ് നഗരത്തിലെ ലോയാങ് ടൗൺ റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്.
ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവർത്തനം പരീക്ഷിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ട്രെയിൻ കുതിച്ചെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ട തൊഴിലാളികളാണ് മരിച്ചത്. വളഞ്ഞ ട്രാക്ക് ആയതിനാൽ അപ്രതീക്ഷിതമായി ട്രെയിൻ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയിൽപെട്ടില്ല.ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണിത്. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റവർക്ക് വിഗദ്ധ ചികിത്സ ഉറപ്പാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.



by Midhun HP News | Nov 28, 2025 | Latest News, കേരളം
പത്തനംതിട്ട: ശബരിമലയിൽ വഴിപാടിനുള്ള തേൻ എത്തിച്ചത് ഫോർമിക് ആസിഡ് വിതരണം ചെയ്യുന്ന കന്നാസുകളിൽ. സംഭവത്തിൽ ഗുരുതര വീഴ്ചയെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തി. ഈ തേൻ അഭിഷേകത്തിനു ഉപയോഗിക്കരുതെന്നു നിർദ്ദേശിച്ചു. കരാറുകാരന് കാരണം കണിക്കൽ നോട്ടീസ് നൽകി.
എന്നാൽ പരിശോധനയിൽ തേനിനു ഗുണനിലവാരം ഉണ്ടെന്നു കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം വ്യക്തമാക്കി. അഷ്ടാഭിഷേകം, ഗണപതിഹോമം എന്നിവയ്ക്കു ഉപയോഗിക്കാനുള്ള തേൻ വിതരണത്തിനുള്ള കരാർ പൊതുമേഖല സ്ഥാപനമായ റെയ്റ്റ്കോയ്ക്കാണു നൽകിയിട്ടുള്ളത്. ആസിഡ് ലേബൽ പതിച്ച കന്നാസുകളിലാണ് ഇവർ തേൻ എത്തിച്ചത്. സന്നിധാനത്ത് പഴയ സ്റ്റോക്കിലുള്ള തേനാണ് ഇപ്പോൾ അഷ്ടാഭിഷേകത്തിനും ഗണപതി ഹോമത്തിനും എടുക്കുന്നത്. ആസിഡിന്റെ കന്നാസുകളിൽ കൊണ്ടുവന്ന തേൻ റെയ്റ്റ്കോ തിരിച്ചെടുത്ത് പകരം പുതിയത് എത്തിക്കും.



by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
ചെന്നൈ: ജൂനിയർ ഹോക്കി ലോകകപ്പ് പോരാട്ടത്തിനു ഇന്ന് തുടക്കം. ചെന്നൈ, മധുര എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ. മലയാളിയും ഗോൾ കീപ്പർ ഇതിഹാസവുമായ പിആർ ശ്രീജേഷാണ് ഇന്ത്യയുടെ പരിശീലകൻ. ഇന്ത്യ അവസാനം നേടിയ രണ്ട് ഒളിംപിക്സ് ഹോക്കി വെങ്കല മെഡൽ നേട്ടത്തിലും കളിക്കാരനെന്ന നിലയിൽ നിർണായക പങ്കു വഹിച്ചതിന്റെ മഹത്തായ ചരിത്രമുള്ള ശ്രീജേഷ് പരിശീലകനെന്ന നിലയിലുള്ള തന്റെ വലിയ പോരിനാണ് ഇറങ്ങുന്നത്.
ജൂനിയർ ഹോക്കി ലോകകപ്പിൽ രണ്ട് തവണ ചാംപ്യൻമാരായ ടീമാണ് ഇന്ത്യ. 9 വർഷങ്ങൾക്കു ശേഷം ജൂനിയർ ലോക കിരീടം തിരിച്ചു പിടിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്.
24 ടീമുകളാണ് ലോക പോരിൽ നേർക്കുനേർ വരുന്നത്. നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പോപാട്ടം. ഗ്രൂപ്പ് ചാംപ്യൻമാരും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ക്വാർട്ടറിലേക്ക് കടക്കും. പൂൾ ബിയിലാണ് ഇന്ത്യ ഇറങ്ങുന്നത്. ചിലി, സ്വിറ്റ്സർലൻഡ്, ഒമാൻ ടീമുകളാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ എതിരാളികൾ. ഇന്ന് വൈകീട്ട് 5.45നാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ചിലിയാണ് എതിരാളി. ഇന്ന് ഇന്ത്യയുടെ മത്സരമടക്കം എട്ട് പോരാട്ടങ്ങളാണ് നടക്കുക.
പൂൾ ബിയിൽ ഇന്ത്യക്കൊപ്പം മത്സരിക്കേണ്ടിയിരുന്ന ടീമായിരുന്നു പാകിസ്ഥാൻ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അവർ ടൂർണമെന്റിൽ നിന്നു പിൻമാറി. പാക് ടീമിനു പകരമാണ് ഒമാന് ലോകകപ്പ് പോരിനു അവസരമൊരുങ്ങിയത്.



by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത
കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി യുവനടി റിനി ആന്‍ ജോര്‍ജ്. തനിക്കറിയാവുന്ന കാര്യം സമൂഹത്തെ അറിയിക്കുക എന്ന ദൗത്യമാണ് ചെയ്തതെന്ന് റിനി പറഞ്ഞു. ചില മെസ്സേജുകള്‍ വന്നു എന്നതല്ലാതെ ശാരീരിക ഉപദ്രവങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് നിയമനടപടികളിലേക്ക് പോകേണ്ടെന്ന് തീരുമാനിച്ചതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
ശാരീരിക ഉപദ്രവങ്ങള്‍ പോലുള്ള കെണികളിലേക്ക് ഞാന്‍ വീണില്ല. വിദഗ്ധമായി രക്ഷപ്പെട്ടു എന്നു തന്നെ പറയാം. അത്തരത്തില്‍ ഒന്നും സംഭവിക്കാത്തതിനാല്‍ നിയമനടപടിക്ക് പോകേണ്ടെന്ന് മുമ്പേ തന്നെ തീരുമാനിച്ചത്. അതുകൊണ്ടാണ് ആരുടേയും പേരെടുത്ത് പറയാതിരുന്നത്. ആരെയും മോശക്കാരനാക്കുക എന്ന ലക്ഷ്യവും തനിക്കുണ്ടായിരുന്നില്ലെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

പെണ്‍കുട്ടികള്‍ ഇത്തരം വേട്ടക്കാരെ തിരിച്ചറിയണം. പ്രത്യേകിച്ചും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ. അവരുടെ പ്രശസ്തിയും മറ്റും കണ്ട് സ്ത്രീകൾ കെണിയില്‍ വീണാല്‍, അവര്‍ക്ക് സ്വാധീനമുണ്ടെന്നും അതുപയോഗിച്ച് നമ്മെ ചവറ്റുകുട്ടയില്‍ എറിയുമെന്നും പെണ്‍കുട്ടികള്‍ മനസ്സിലാക്കണമെന്നാണ് പറയാനുള്ളത്. നേരിട്ട മോശം അനുഭവം വെളിപ്പെടുത്തിയതിനു പിന്നാലെ നിരവധി സ്ത്രീകള്‍ എന്നെ വിളിച്ച് പലകാര്യങ്ങളും പറഞ്ഞിരുന്നുവെന്ന് റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
അതില്‍ ഈ പ്രത്യേക വ്യക്തിയെക്കുറിച്ചും പലരും പറഞ്ഞിട്ടുണ്ട്. അല്ലാതെ മറ്റു വ്യക്തികളെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ആരോപണ വിധേയനായ ഈ വ്യക്തിയുമായി അടുപ്പത്തില്‍ നില്‍ക്കുന്ന വ്യക്തികളെക്കുറിച്ചും പല വിവരങ്ങളും തന്നോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഭയം മൂലം പരാതിയുമായി മുന്നോട്ടു പോകാന്‍ പെണ്‍കുട്ടികള്‍ മടിക്കുകയാണ്. ഇത്തരക്കാരെ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളാണ് തീരുമാനമെടുക്കേണ്ടതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.


by Midhun HP News | Nov 28, 2025 | Latest News
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ചുഴലിക്കാറ്റ്
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതിതീവ്ര ന്യൂനമർദ്ദം ഡിറ്റ്‍വാ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. വടക്ക്- വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി ഈ മാസം 30 രാവിലെയോടെ വടക്കൻ തമിഴ്നാട്– പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യത. ഇതിന്റെ സ്വാധീന ഫലമായി ഈ മാസം 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ്.
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല എഫ്എച് മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.4 മുതൽ 0.8 മീറ്റർ വരെയും കന്യാകുമാരി തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 30 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, പുതുച്ചേരി തീരങ്ങളിൽ ഡിസംബർ ഒന്ന് വരെ മത്സ്യബന്ധനം ഒഴിവാക്കേണ്ടതാണ്. തെക്കൻ ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേർന്നുള്ള കടൽ പ്രദേശത്തുമുള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തീരത്തേക്ക് മടങ്ങണം. കടലിൽ പോകുന്നവർ ഡിസംബർ 1 വരെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോടു ചേർന്നുള്ള ഭാഗവും നവംബർ 30 വരെ തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, കേരള തീരം എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.



Recent Comments