ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ്; പുതിയ സംവിധാനം ഉടന്‍

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ്; പുതിയ സംവിധാനം ഉടന്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തല്‍സമയം സാരഥി സോഫ്റ്റ്വേറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കും വിധമാണ് ക്രമീകരണം. പുതിയ സംവിധാനം ഉടന്‍ നടപ്പാകും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോറുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു.

നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്‍സ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും. മുന്‍കാലത്ത് ലൈസന്‍സ് പ്രിന്റ് ചെയ്ത് നല്‍കുന്നതില്‍ മാസങ്ങളോളം കാലതാമസം വന്നിരുന്നു. ടെസ്റ്റ് പാസായി മാസങ്ങള്‍ കഴിഞ്ഞായിരിക്കും ലൈസന്‍സ് കയ്യില്‍ കിട്ടുക. ഈ കാലതാമസം ഒഴിവാക്കാനായിരുന്നു പിന്നീട് ഡിജിറ്റല്‍ പകര്‍പ്പിലേക്ക് മാറ്റിയത്.

കേരള കുംഭമേളയില്‍ പുണ്യം തേടി വിശ്വാസികളുടെ ഒഴുക്ക്

കേരള കുംഭമേളയില്‍ പുണ്യം തേടി വിശ്വാസികളുടെ ഒഴുക്ക്

മലപ്പുറം: പുണ്യം തേടി നിളാ സ്‌നാനം നടത്താന്‍ കേരളത്തിന്റെ കുംഭമേളയെന്ന് വിശേഷിപ്പിക്കുന്ന മഹാമാഘ മഹോത്സവത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. ഫെബ്രുവരി മൂന്നിന് കുംഭമേള അവസാനിക്കുന്നതുവരെ രാവിലെ നിളാ സ്‌നാനത്തിന് അവസരമുണ്ട്. ഗായത്രി ഗുരുകുലത്തിലെ അരുണ്‍ പ്രഭാകറിന്റെ നേതൃത്വത്തില്‍, വേദ, മന്ത്ര ജപങ്ങളോടെയാണ് ഇന്നലെ നിളാ സ്‌നാനം നടന്നത്.

വിവിധ ദേശങ്ങളില്‍ നിന്നെത്തിയവര്‍ നിളയില്‍ സ്‌നാനം ചെയ്തു. വൈകിട്ട് ദശാശ്വമേധ് ഘാട്ടിലെ പണ്ഡിറ്റുമാരുടെ നേതൃത്വത്തില്‍ നിളാ ആരതിയും എല്ലാ ദിവസവും നടക്കുന്നുണ്ട്. വൈകിട്ട് പുഴയുടെ മധ്യഭാഗത്ത് ഒരുക്കിയ യജ്ഞശാലയ്ക്കു സമീപമാണ് നിളാ ആരതി നടക്കുന്നത്.

പല തട്ടുകളുള്ള വിളക്കുകള്‍ ഉപയോഗിച്ചാണ് ആരതി. ഗംഗയെ ആരാധിക്കുന്നതു പോലെ ഭാരതപ്പുഴയെ ആരാധിക്കുകയാണ് ഇതുവഴി ചെയ്യുന്നത്. മോഹന്‍ജി ഫൗണ്ടേഷനാണ് പണ്ഡിറ്റുമാരെ എത്തിച്ചത്. കുംഭമേളയുടെ ഭാഗമായി തമിഴ്‌നാട്ടിലെ തിരുമൂര്‍ത്തി മലയില്‍നിന്ന് പുറപ്പെട്ട രഥയാത്ര നാളെ വൈകീട്ട് തിരുനാവായയിലെത്തും. ദേവതാ സങ്കല്‍പത്തോടെയുള്ള മഹാമേരുവുമായാണ് രഥം എത്തുന്നത്. പാലക്കാട് സംഘാടകസമിതി രഥയാത്ര സ്വീകരിക്കും. തുടര്‍ന്ന് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കിയ ശേഷമാണ് തിരുനാവായയിലെത്തുന്നത്. നാളെ രാവിലെ സൂര്യഗണപതി പൂജയും നടക്കും. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും വൈകീട്ട് ഭഗവത്‌സേവയും നടക്കുന്നുണ്ട്. പൊലീസ് ഇവിടെ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോയ്കമുക്ക് മാനവ സേവ സമിതിക്കു അവാർഡ് നൽകി ആദരിച്ചു

പോയ്കമുക്ക് മാനവ സേവ സമിതിക്കു അവാർഡ് നൽകി ആദരിച്ചു

മികച്ച സന്നദ്ധ സേവന പ്രവർത്തനക്കുള്ള സ്‌പെഷ്യൽ പുരസ്‌കാരം മാനവസേവ സമിതിക്കു മണികണ്ഠ ഭജന മഠം നൽകി ആദരിച്ചു. മാനവ സേവ സമിതി പ്രസിഡന്റ്‌ പൊയ്കമുക്ക് ഹരി, സെക്രട്ടറി ശശിധരൻ നായർ, അംഗങ്ങൾ ആയ പ്രവീൺ ജിത്ത്, വിജയൻ നായർ, സാബു, അനിത ഹരികുമാർ, ഷീലകുമാരി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

ദേശീയ പുരസ്‌കാരം നേടിയ പോയ്കമുക്ക് ഹരിയ്ക്ക് ആദരവ് നല്കി

ദേശീയ പുരസ്‌കാരം നേടിയ പോയ്കമുക്ക് ഹരിയ്ക്ക് ആദരവ് നല്കി

ആറ്റിങ്ങൽ: ദേശീയ പുരസ്‌കാരം നേടിയ പോയ്കമുക്ക് ഹരിക്കു മാസ്റ്റേഴ്സ് അവാർഡ് നൽകി. അവനവഞ്ചേരിയിൽ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ എസ്‌ അനൂപ്, മികച്ച പൊതു പ്രവർത്തകനും സന്നദ്ധ സേവന പ്രവർത്തങ്ങൾക്കുള്ള അവാർഡ്പോയ്കമുക്ക് ഹരിക്കു നൽകി ആദരിച്ചു.

കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

10 ശതമാനം ഡി എ അനുവദിക്കുക, സഹകരണ പെൻഷൻ കാർക്കും മെഡിസെപ്പ് നടപ്പിലാക്കുക, മിനിമം പെൻഷനും മാക്സിമം പെൻഷനും വർദ്ധിപ്പിക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു
കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഫെബ്രുവരി 9 മുതൽ 18 വരെ തിരുവനന്തപുരം
സെക്രട്ടേറിയറ്റിനു മുന്നിലെ റിലേ സത്യാഗ്രഹ സമരവും ഫെബ്രുവരി 23 മുതൽ നടത്തുന്ന നിരാഹാര സത്യാഗ്രഹവും വിജയിപ്പിക്കുന്നതിനു വേണ്ടി സംസ്ഥാന പ്രസിഡന്റ് എം. സുകുമാരൻ ക്യാപ്റ്റനായ
ദക്ഷിണമേഖല വാഹന പ്രചരണ ജാഥയ്ക്ക് ഫെബ്രുവരി 4 രാവിലെ ആറ്റിങ്ങൽ കച്ചേരി നടയിൽ വൻപിച്ച വരവേൽപ്പ് നൽകാൻ കേരള കോ- ഒപ്പറേ റ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് താലൂക്ക് കൺവെൻഷൻ തീരുമാനിച്ചു.

ആറ്റിങ്ങൽ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി ഹാളിൽ പ്രസിഡന്റ് എസ്.രാജശേഖരന്റെ അദ്ധ്യക്ഷതയിൽചേർന്ന കൺവെൻഷൻ സംഘടനയുടെ സംസ്ഥാന സെക്രട്ടറി എസ്. രത്നമണി ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി എൻ. ദേവദാസൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ബി.രവീന്ദ്രൻ നായർ ജില്ല കമിറ്റി അംഗങ്ങൾ ആയ എം.കെ.രാധാകൃഷ്ണൻ, എം.എൻ. ഷൈലജ, എസ്.രാജേന്ദ്രപ്രസാദ്, ടൗൺ സർവീസ് ബാങ്ക് പ്രസിഡന്റ് എം.മുരളീധരൻ, എൽ.മണിലാൽ എന്നിവർ അഭിവാദ്യം ചെയ്തു.

ഫെബ്രുവരി 4 ന് രാവിലെ 10 മണിക്ക് ആറ്റിങ്ങൽ കച്ചേരി നടയിലെത്തുന്ന ദക്ഷിണമേഖലാ പ്രചരണ ജാഥയ്ക്ക് വൻപിച്ച വരവേൽപ്പ് നൽകാൻ എം.മുരളീധരൻ ചെയർമാനായി സംഘാടക സമിതിയും രൂപികരിച്ചു. പുതുതായി സംഘടനയിൽ വന്നവരെ ജില്ലാ കമ്മിറ്റി അംഗങ്ങൾ പൊന്നാട ചാർത്തി സ്വീകരിച്ചു അംഗത്വം നൽകി.

സ്വര്‍ണവില എങ്ങോട്ട്?, ഒറ്റയടിക്ക് വര്‍ധിച്ചത് 3680 രൂപ; പുതിയ ഉയരം

സ്വര്‍ണവില എങ്ങോട്ട്?, ഒറ്റയടിക്ക് വര്‍ധിച്ചത് 3680 രൂപ; പുതിയ ഉയരം

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ മൂന്നു തവണകളായി പവന് 3,160 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 3680 രൂപയാണ് കൂടിയത്. 1,13,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 460 രൂപയാണ് വര്‍ധിച്ചത്. 14,190 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.