കിളിമാനൂർ അപകടം: ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു; അനാഥമായി രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ

കിളിമാനൂർ അപകടം: ഭാര്യക്ക് പിന്നാലെ ഭർത്താവും മരിച്ചു; അനാഥമായി രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ

കിളിമാനൂർ: പാപ്പാലയിൽ വെച്ച് ഥാർ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരണത്തിന് കീഴടങ്ങി. കടയ്ക്കൽ പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്ത് ആണ് മരിച്ചത്. ഈ മാസം ആദ്യം നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിന്റെ ഭാര്യ അംബിക മരിച്ചിരുന്നു. ഇതോടെ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുരുന്നുകൾക്ക് അച്ഛനെയും അമ്മയെയും നഷ്ടമായി.

ഈ മാസം ആദ്യം ദേശീയപാതയിൽ കിളിമാനൂർ പാപ്പാലയ്ക്ക് സമീപമായിരുന്നു അപകടം. രഞ്ജിത്തും അംബികയും സഞ്ചരിച്ച ബൈക്കിന് പിന്നിൽ അതിവേഗമെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അംബിക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഈ മാസം ഏഴിന് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ രഞ്ജിത്ത് ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിൽ തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.
​പ്രതികളെ കണ്ടെത്താതെ പോലീസ്:
അപകടത്തിന് ശേഷം നിർത്താതെ പോയ ജീപ്പ്, ടയർ പഞ്ചറായതിനെ തുടർന്ന് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന യുവാവ് ലഹരി ഉപയോഗിച്ച നിലയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇയാളെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ ജീപ്പിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന ആക്ഷേപവും ശക്തമാണ്.

രണ്ടു വർഷമായി അടഞ്ഞുകിടക്കുന്ന പാറശ്ശാല കുടുംബശ്രീ അപ്പാരൽ പാർക്ക് തുറക്കാൻ നടപടിയില്ല

രണ്ടു വർഷമായി അടഞ്ഞുകിടക്കുന്ന പാറശ്ശാല കുടുംബശ്രീ അപ്പാരൽ പാർക്ക് തുറക്കാൻ നടപടിയില്ല

പാറശ്ശാല : പാറശ്ശാല ഗ്രാമപ്പഞ്ചായത്തിൽ കുടുംബശ്രീയുടെകീഴിൽ ആരംഭിച്ച അപ്പാരൽ പാർക്ക് പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷത്തിലധികമായിട്ടും തുറക്കാൻ നടപടിയില്ല. അപ്പാരൽ പാർക്കിനുവേണ്ടി ലക്ഷങ്ങൾ വിനിയോഗിച്ച് വാങ്ങിക്കൂട്ടിയ ആധുനിക സൗകര്യങ്ങളുള്ള തയ്യൽ മെഷീനുകൾ തുരുമ്പെടുത്ത് നശിക്കുന്നു.

2019-2020 സാമ്പത്തിക വർഷത്തിലാണ് പാറശ്ശാലയ്ക്കു സമീപം നെടുവാൻവിളയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്. അത്യാധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഗുണമേന്മയുള്ള വസ്ത്രങ്ങൾ നിർമിച്ച്‌ കുടുംബശ്രീ ബ്രാൻഡായി വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന മന്ത്രിമാരടക്കമുള്ളവരുടെ നേതൃത്വത്തിൽ കൊട്ടിഗ്‌ഘോഷിച്ച് ഉദ്ഘാടനംചെയ്ത അപ്പാരൽ പാർക്കിന്റെ പ്രവർത്തനം മൂന്നുവർഷം പിന്നിട്ട് 2023-ൽ അവസാനിക്കുകയും ചെയ്തു.

അപ്പാരൽ പാർക്കിന്റെ നിർമാണത്തിനായി കുടുംബശ്രീ ജില്ലാമിഷനിൽനിന്ന് 35.43 ലക്ഷം രൂപയാണ് അനുവദിച്ചത്. അനുവദിച്ച തുക അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും സാധനങ്ങൾ വാങ്ങാനുമായി വിനിയോഗിച്ചപ്പോൾ സ്ഥാപനത്തിന്റെ പ്രവർത്തനത്തിനായുള്ള പണം ലഭ്യമല്ലാതെ വന്നു. ആധുനിക തയ്യൽ യന്ത്രങ്ങളടക്കമാണ് അപ്പാരൽ പാർക്കിനായി വാങ്ങിയത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ തയ്യൽ യന്ത്രങ്ങൾ വാങ്ങിച്ചതിനും സ്ഥാപിക്കുന്നതിനുംവേണ്ടിമാത്രം 23.05 ലക്ഷം രൂപ വിനിയോഗിച്ചു. ഇതിനു പുറമേ ഓഫീസ് വിഭജനം, വൈദ്യുതീകരണം, ഫർണിഷിങ് എന്നിവയ്ക്കായി 8.40 ലക്ഷം രൂപയും ഫാൻ, ലൈറ്റ് എന്നിവയ്ക്കായി 62,250 രൂപയും വിനിയോഗിച്ചതായി പറയുന്നു.

ഉത്പന്നങ്ങൾ വിറ്റഴിച്ച് കിട്ടുന്ന ലാഭം വിനിയോഗിച്ച് സ്ഥാപനം പ്രവർത്തിപ്പിക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ, നാലുവർഷം പ്രവർത്തിച്ചിട്ടും ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സാധിക്കാതെ വന്നതോടെ ലക്ഷങ്ങൾ മുടക്കി ആരംഭിച്ച അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചു. 2019-2020 സാമ്പത്തിക വർഷത്തിൽ വിറ്റുവരവിൽ ഒരുമാസത്തെ ശരാശി വരുമാനം 41,500 രൂപ മാത്രമാണ്. എന്നാൽ, 2023-ൽ അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചപ്പോൾ ഒരുമാസത്തെ ശരാശരി വരുമാനം 20,000 രൂപയിൽ താഴെയായി മാറി.

അപ്പാരൽ പാർക്കിന്റെ പ്രവർത്തനം നിലച്ചതോടെ ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിക്കൂട്ടിയ തയ്യൽ യന്ത്രങ്ങളും മറ്റ് അനുബന്ധ യന്ത്രങ്ങളും തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. പ്രവർത്തനം നിലച്ച് രണ്ടുവർഷം കഴിയുമ്പോൾ അപ്പാരൽ പാർക്കിന്റെ മേൽക്കൂരയ്ക്കു താഴെ സ്ഥാപിച്ചിരുന്ന സീലിങ്ങുകൾ പൂർണമായും തകർന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രങ്ങളെല്ലാം പൊടി മൂടിയും തുരുമ്പെടുത്തും നശിച്ചു.

ജീവനക്കാരായ സ്ത്രീകൾ മറ്റ് ജോലികൾ തേടി പോയി. ഓരോ തിരഞ്ഞെടുപ്പ് എത്തുമ്പോഴും അപ്പാരൽ പാർക്ക് ഉടൻ പ്രവർത്തിപ്പിക്കുമെന്ന വാഗ്ദാനങ്ങളുമായി സ്ഥാനാർഥികൾ എത്തുന്നതല്ലാതെ യൂണിറ്റ് തുറന്നുപ്രവർത്തിപ്പിക്കാൻ നടപടിയിെല്ലന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു. എന്നാൽ, നിലവിലെ സ്ഥിതിയിൽ വീണ്ടും അപ്പാരൽ പാർക്ക് പ്രവർത്തനസജ്ജമാക്കണമെങ്കിൽ മുപ്പതുലക്ഷത്തിൽ അധികം തുക വേണ്ടിവരുമെന്നും ഇരുപത്തിമൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങി സ്ഥാപിച്ച യന്ത്രങ്ങൾ ഇനി ഉപയോഗിക്കാൻ സാധിക്കില്ലായെന്നുമാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്.

ദീപക്കിന്റെ മരണം: ബസിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ്

ദീപക്കിന്റെ മരണം: ബസിലെ മുഴുവന്‍ ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ്

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നാലെ അപമാനം ഭയന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. ആരോപണ വിധേയനായ ദീപക് ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. പൊലീസ് കേസെടുത്തതിന് പിന്നാലെ, സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച ഷിംജിത മുസ്തഫ ഒളിവില്‍ പോയിരിക്കുകയാണ്.

തിരക്കുള്ള ബസില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോയയാണ് യുവതി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇട്ടത്. വിവാദമായതോടെ ഈ രണ്ടു വീഡിയോയും യുവതി ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഇതിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഷിംജിതയും, ദീപക്കും ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. ഇതിനായി ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.

യുവതി ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നത് എഡിറ്റ് ചെയ്ത വീഡിയോകള്‍ ആണെന്ന് പൊലീസ് സൂചിപ്പിച്ചു. അതിനാല്‍ യുവതിയുടെ ഫോണ്‍ കണ്ടെത്തി വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. കേസില്‍ സൈബര്‍ വിദഗ്ധരുടെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. പയ്യന്നൂരില്‍ വെച്ചാണ് വീഡിയോയില്‍ പറയുന്ന സംഭവം നടക്കുന്നത്. ഇന്നലെ രാത്രിയാണ് ഷിംജിതക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഒളിവിലുള്ള ഷിംജിത ജില്ല വിട്ടു പോയിട്ടില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതിക്രമം നേരിട്ട വിവരം വടകര പൊലീസിനെ വിളിച്ച് അറിയിച്ചുവെന്നാണ് യുവതി നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ അത്തരം ഒരു വിവരം അറിഞ്ഞിട്ടില്ലെന്നാണ് വടകര പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. ബസ് ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ബസില്‍ ആ സമയം യാത്ര ചെയ്തവരെ കണ്ടെത്താനും, അവരുടെ മൊഴിയെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് പൊലീസ് ഇന്നലെ രാത്രി ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു.

കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു ദീപക് (40) നെ ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.

നിയമസഭയില്‍ അസാധാരണ നീക്കം, നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി

നിയമസഭയില്‍ അസാധാരണ നീക്കം, നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള നിയമസഭയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഏതാനും ഖണ്ഡികകള്‍ ഒഴിവാക്കിയാണ് നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ഒഴിവാക്കിയ ഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വായിക്കുകയും ചെയ്തു.

കാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണ്- മുഖ്യമന്ത്രി വ്യക്തമാക്കി. 12-ാം ഖണ്ഡികയില്‍ ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിടുന്നുവെന്നാണ് പറയുന്നത്.

ഗവര്‍ണര്‍ ഒഴിവാക്കിയ ഖണ്ഡിക 15 ലെ അവസാന വാചകങ്ങള്‍ ഇപ്രകാരമാണ്: സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്. ഈ വാചകം ഗവര്‍ണര്‍ പ്രസംഗത്തില്‍ നിന്നും ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഖണ്ഡിക 16 ന്റെ അവസാനഭാഗത്ത്, നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. ഈ വാചകം ഗവര്‍ണര്‍ അതേപടി വായിച്ചു. എന്നാല്‍ ഈ വാചകത്തിനൊപ്പം എന്റെ സര്‍ക്കാര്‍ കരുതുന്നു എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയ ഉള്‍പ്പെടുത്തിയും, കൂട്ടിച്ചേര്‍ത്തവ ഒഴിവാക്കിയും മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപനപ്രസംഗമായി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയോട് ആവശ്യപ്പെട്ടു. നിയമസഭയില്‍ ഗവര്‍ണര്‍ നടത്തുന്നത് സര്‍ക്കാരിനു വേണ്ടി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനമാണ്. അതില്‍ നിന്നും വിട്ടുപോകുന്നതോ വ്യതിചലിക്കുന്നതോ ഔദ്യോഗികമായി അംഗീകരിക്കുന്നതല്ലെന്ന് സ്പീക്കര്‍ ഷംസീര്‍ വ്യക്തമാക്കി.

കർണാടക ഡിജിപി സസ്‌പെൻഷനിൽ: നടപടി സഹപ്രവര്‍ത്തകയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോയിൽ

കർണാടക ഡിജിപി സസ്‌പെൻഷനിൽ: നടപടി സഹപ്രവര്‍ത്തകയ്‌ക്കൊപ്പമുള്ള അശ്ലീല വീഡിയോയിൽ

ബംഗളൂരു: കര്‍ണാടക പൊലീസിന് നാണക്കേടായ ഡിജിപി(സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ്)യുടെ അശ്ലീല ദൃശ്യ വിവാദത്തില്‍ ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഓഫിസിലെത്തിയ സഹപ്രവര്‍ത്തകയെ ചുംബിക്കുന്നതിന്റെയും ആലീംഗനം ചെയ്യുന്നതിന്റെയും ഒന്നിലധികം ഒളികാമറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച സിദ്ധരാമയ്യ സര്‍ക്കാര്‍, രാമചന്ദ്രറാവുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

വിരമിക്കാന്‍ 4 മാസം മാത്രം ബാക്കി നില്‍ക്കെയാണ് കെ.രാമചന്ദ്രറാവുവിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിഡിയോയിലുള്ളത് സഹപ്രവര്‍ത്തകയായ പൊലീസ് ഉദ്യോഗസ്ഥയാണെന്നാണ് പുറത്ത് വരുന്ന വിവരം. എട്ട് വര്‍ഷം മുന്‍പത്തെ വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് സൂചന. ഓഫിസിനുള്ളില്‍ നിന്നുതന്നെ ചിത്രീകരിച്ച ദൃശ്യമാണിത്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ ഡിജിപി രാമചന്ദ്ര റാവു ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ വീട്ടിലെത്തിയെങ്കിലും ഡിജിപിയെ കാണാന്‍ മന്ത്രി തയാറായില്ല.

1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥാനായ രാമചന്ദ്ര റാവുവിന്റെ വളര്‍ത്തു മകള്‍ രന്യ റാവുവിനെ 2025 ല്‍ സ്വര്‍ണ കടത്തുകേസില്‍ റവന്യു ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളത്തിലെ പരിശോധന മറികടക്കാന്‍ സഹായിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ രാമചന്ദ്രറാവുവിനോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ നിര്‍ദേശിച്ചു. അവധി പൂര്‍ത്തിയാക്കി അടുത്തിടെയാണ് രാമചന്ദ്ര റാവു സര്‍വീസില്‍ തിരിച്ചെത്തിയത്.

വര്‍ഷം 12,000 രൂപ ധനസഹായം; തൊഴില്‍ തേടുന്ന യുവതീയുവാക്കള്‍ക്ക് കൈത്താങ്; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് ഉദ്ഘാടനം നാളെ

വര്‍ഷം 12,000 രൂപ ധനസഹായം; തൊഴില്‍ തേടുന്ന യുവതീയുവാക്കള്‍ക്ക് കൈത്താങ്; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് ഉദ്ഘാടനം നാളെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ. കേരളത്തിലെ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വഴിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്.

തൊഴില്‍ നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവര്‍ക്കും വിവിധ മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്കുമുള്ള സാമ്പത്തിക കൈത്താങ്ങ് എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വര്‍ഷക്കാലം ധനസഹായമായി ലഭിക്കും.

പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ/ഡിപ്ലോമ/ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കുമാണ് ആനുകൂല്യത്തിന് അര്‍ഹത. പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരും വാര്‍ഷിക കുടുംബ വരുമാനം 5 ലക്ഷം രൂപയില്‍ താഴെയുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ eemployment.kerala.gov.in എന്ന ഔദ്യോഗിക പോര്‍ട്ടല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാവുന്നതാണ്.