‘അന്ന് ഹര്‍ഭജനെ തിരിച്ചു തല്ലാത്തതിന് കാരണമുണ്ട്’; ‘സ്ലാപ്‌ഗേറ്റ്’ വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത്

‘അന്ന് ഹര്‍ഭജനെ തിരിച്ചു തല്ലാത്തതിന് കാരണമുണ്ട്’; ‘സ്ലാപ്‌ഗേറ്റ്’ വിവാദത്തില്‍ പ്രതികരിച്ച് ശ്രീശാന്ത്

കൊച്ചി: 2008 ഐപിഎല്‍ സീസണില്‍ ‘സ്ലാപ്‌ഗേറ്റ്’ വിവാദത്തെ കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്ത്. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണില്‍ പഞ്ചാബ് കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിനു പിന്നാലെയായിരുന്നു ശ്രീശാന്തിനെ ഹര്‍ഭജന്‍ സിങ് തല്ലിയത്. തന്നെ തല്ലിയ ഹര്‍ഭജന്‍ സിങ്ങിന് എന്തുകൊണ്ട് ഗ്രൗണ്ടില്‍ തന്നെ മറുപടി നല്‍കിയില്ലെന്ന കാരണവും ശ്രീശാന്ത് വെളിപ്പെടുത്തി. ഒരു യുട്യൂബ് ചാനലിലെ അഭിമുഖത്തിലായിരുന്നു ശ്രീാന്തിന്റെ പ്രതികരണം.

ഹര്‍ഭജന്‍ സിങ്ങും ശ്രീശാന്തും തമ്മിലുള്ള വിവാദ വിഡിയോ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി അടുത്തിടെ പുറത്തുവിട്ടിരുന്നു. അന്ന് ഹര്‍ഭജന്‍ സിങ്ങിനോട് പ്രതികാരം ചെയ്യാന്‍ പോയിരുന്നെങ്കില്‍ മറ്റ് മലയാളി താരങ്ങളുടെയും കരിയറിനെ അതു ബാധിക്കുമായിരുന്നെന്നും ശ്രീശാന്ത് വ്യക്തമാക്കി.

‘ഇത്രയും അഗ്രെഷന്‍ കാണിക്കുന്ന താരമായിട്ടു പോലും എന്തുകൊണ്ട് ഹര്‍ഭജന്‍ സിങ്ങിനെ തല്ലിയില്ലെന്നാണു പല മലയാളികളും എന്നോടു ചോദിക്കുന്നത്. ഗ്രൗണ്ടില്‍വച്ചു തന്നെ തിരിച്ചടിക്കണമായിരുന്നെന്നാണ് ചിലരുടെ അഭിപ്രായം. ഞാന്‍ അത് ചെയ്തിരുന്നെങ്കില്‍ എനിക്ക് പിന്നെ ഒരിക്കലും കളിക്കാന്‍ സാധിക്കുമായിരുന്നില്ല. അന്ന് കേരളത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്ര വലിയ സ്വാധീനമൊന്നുമില്ല, കേരളത്തില്‍നിന്ന് ഞാന്‍ മാത്രമാണ് അപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നത്.’ ശ്രീശാന്ത് പറഞ്ഞു.

ശ്രീകോവില്‍ ശുചീകരണം: ഗുരുവായൂര്‍ ക്ഷേത്രം നട ഇന്ന് നേരത്തെ അടയ്ക്കും

ശ്രീകോവില്‍ ശുചീകരണം: ഗുരുവായൂര്‍ ക്ഷേത്രം നട ഇന്ന് നേരത്തെ അടയ്ക്കും

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ഭക്തര്‍ക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ദര്‍ശന നിയന്ത്രണം ഉണ്ടാകും.

ഉച്ചതിരിഞ്ഞ് 3.30ന് ക്ഷേത്രം നട തുറന്ന് പതിവ് പോലെ ദര്‍ശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

എറണാകുളത്ത് ട്രെയിനില്‍ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി

എറണാകുളത്ത് ട്രെയിനില്‍ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 56 കിലോ കഞ്ചാവ് പിടികൂടി. രണ്ട് മലയാളികളും ഒരു റെയില്‍വേ ജീവനക്കാരനും പിടിയിലായിട്ടുണ്ട്. ട്രെയിനിലെ കരാര്‍ ജീവനക്കാരനാണ് കഞ്ചാവ് കടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു.

ടാറ്റ നഗര്‍ എക്‌സ്പ്രസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. കരാര്‍ ജീവനക്കാരനായ ഉത്തരേന്ത്യന്‍ സ്വദേശി സുഖലാല്‍, വിജയവാഡയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. കഞ്ചാവ് കൈപ്പറ്റാനെത്തിയ സനൂപ്, ദീപക് എന്നീ മലയാളികളാണ് കസ്റ്റഡിയിലായിട്ടുള്ളത്. ഇന്നു പുലര്‍ച്ചെ ട്രെയിന്‍ എറണാകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

‘പട്ടി കടിക്കുന്നത് വലിയ കാര്യമാക്കേണ്ട, മനുഷ്യൻ തെറ്റ് ചെയ്താൽ കൊല്ലാൻ പറയില്ലല്ലോ ?’; നടിക്കെതിരെ രൂക്ഷ വിമർശനം

‘പട്ടി കടിക്കുന്നത് വലിയ കാര്യമാക്കേണ്ട, മനുഷ്യൻ തെറ്റ് ചെയ്താൽ കൊല്ലാൻ പറയില്ലല്ലോ ?’; നടിക്കെതിരെ രൂക്ഷ വിമർശനം

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. തെരുവ് നായ്ക്കളെ ഉപദ്രവിക്കരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ചു കൊണ്ട് കഴി‍ഞ്ഞ ദിവസം ചെന്നൈയിൽ വളർത്തുമൃ​ഗ സ്നേഹികൾ ഒരു റാലി സംഘടിപ്പിച്ചിരുന്നു. നടി നിവേദ പെതുരാജും പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയ്ക്ക് ശേഷം മാധ്യമങ്ങളോട് നിവേദ പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

നടിക്കെതിരെ വൻ വിമർശനവും സോഷ്യൽ മീ‍ഡിയയിൽ ഉയരുന്നുണ്ട്. ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കേണ്ടതില്ലെന്നും അതിന്റെ പേരിൽ ഭയം ജനിപ്പിക്കരുതെന്നും നടി പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ ആരോടും പോയി അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങളോടും നമ്മൾ അതേ തെറ്റ് ആവർത്തിക്കരുത് എന്നും നിവേദ പറഞ്ഞു.

“ഭയം ജനിപ്പിക്കുന്ന പ്രചാരണങ്ങൾ ധാരാളം നടക്കുന്നുണ്ട്. ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കുകയോ ഭയം ഉണ്ടാക്കുകയോ ചെയ്യരുത്. നായ കടിക്കുന്നത് ശരിയാണെന്ന് ഞാൻ പറയുന്നില്ല. പേവിഷബാധ പടർന്നാൽ അത് വളരെ ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമാണ്. എന്നാൽ ഭയം ജനിപ്പിക്കുന്നതിന് പകരം, നമുക്ക് പരിഹാരം നോക്കാം.

മനുഷ്യൻ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങൾക്ക് വ്യത്യസ്തമായ ഒരു മാനദണ്ഡം നമ്മൾ പ്രയോഗിക്കരുത്. അവബോധം, കാരുണ്യം, വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ പ്രായോഗിക നടപടികൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്”, -നിവേദ പറഞ്ഞു.ദുബായിൽ എസി റൂമിൽ താമസിക്കുന്ന നടിക്ക് ഇന്ത്യയിലെ പ്രശ്നങ്ങൾ മനസിലാകില്ല എന്നാണ് നടിക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. ‘ആഢംബര കാറിൽ സഞ്ചരിക്കുന്ന നടിക്ക് റോഡിലൂടെ നടന്നു പോകുന്ന സാധാരണ ജനങ്ങളുടെ പ്രശ്നം മനസിലാകില്ല.

രാത്രിയായാൽ റോഡിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്’, എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. ‘മിക്ക ആളുകളും സ്കൂൾ, ജോലി സ്ഥലം, ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് നടന്നാണ് പോകുന്നത്. പുറത്ത് കളിക്കുന്ന കുട്ടികളുണ്ട്. പൊതു ഇടങ്ങൾ ആദ്യം മനുഷ്യർക്ക് സുരക്ഷിതമായിരിക്കണം’ എന്നാണ് മറ്റൊരു കമന്റ്.

തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

തദ്ദേശ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നുമുതല്‍; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നു മുതല്‍ ആരംഭിക്കും. ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകര്‍പ്പ് സഹിതം നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. ത്രിതലപഞ്ചായത്തുകളില്‍ മൂന്ന് ബാലറ്റുകളും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നല്‍കേണ്ടത്.

പോളിങ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാല്‍ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിര്‍വചിച്ചും അതിലേക്ക് നിയോഗിച്ചും കൊണ്ട് ബന്ധപ്പെട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, ജില്ലാ പൊലീസ് മേധാവികള്‍, വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവര്‍ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

പോസ്റ്റൽ ബാലറ്റ് ലഭിക്കാൻ അർഹതയുള്ളവർ

പോളിങ് സ്‌റ്റേഷനിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഓഫീസർമാർക്ക് പുറമെ, പോളിങ് ദിവസം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുഴുവൻ ജീവനക്കാർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിലെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെയും ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും വരണാധികാരി, ഉപവരണാധികാരി എന്നിവരുടെ ഓഫീസുകളിലെ ഇലക്ഷൻ വിഭാഗം ജീവനക്കാർക്കും നിരീക്ഷകർക്കും സെക്ടറൽ ഓഫീസർമാർ, ആന്റി ഡീഫെയ്‌സ്‌മെൻറ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥർ, തെരഞ്ഞെടുപ്പ് സുരക്ഷാ ചുമതലകളിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും പോസ്റ്റൽ ബാലറ്റ് പേപ്പർ ലഭിക്കാൻ അർഹതയുണ്ട്.

പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വോട്ടർമാർ പോസ്റ്റ‌ൽ ബാലറ്റിനായി ഫാറം 15 ൽ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ നൽകണം. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും (https://sec.kerala.gov.in/) ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട വരണാധികാരികൾക്ക് വോട്ടെടുപ്പിന് ഏറ്റവും കുറഞ്ഞത് ഏഴ് ദിവസം മുൻപോ, അല്ലെങ്കിൽ വരണാധികാരിക്ക് അനുവദിക്കാവുന്ന കുറഞ്ഞ കാലാവധിക്ക് മുൻപോ ലഭിക്കത്തക്കവിധം അയക്കുകയോ, നേരിട്ട് നൽകുകയോ ചെയ്യാം. നേരിട്ട് നൽകുമ്പോൾ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തിയിരിക്കണം.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അതിന്റെ ഓരോ വരണാധികാരിക്കും പ്രത്യേകം അപേക്ഷകൾ നൽകണം. മൂന്ന് അപേക്ഷകളും ഒരു കവറിലാക്കി നൽകിയാൽ മതി. എല്ലാ തലത്തിലെയും പോസ്റ്റൽ ബാലറ്റിനായി മൂന്ന് വരണാധികാരികൾക്കുമുള്ള ഫാറം 15 ലെ മൂന്ന്അപേക്ഷകളും ഒരു കവറിലാക്കി ഏതെങ്കിലും ഒരു വരണാധികാരിക്ക് നൽകിയാലും മതി. ത്രിതല പഞ്ചായത്തുകളിലേക്കുള്ള അപേക്ഷകൾ ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നിച്ചാണ് പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് അയക്കുന്നത് ചുമതലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കാണ്.

ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോസ്‌റ്റൽ ബാലറ്റ് പേപ്പറുകൾ, ഫാറം 16 ലെ സത്യപ്രസ്‌താവന (3 വീതം), ഫാറം 17 ലെ സമ്മതിദായകർക്കുള്ള നിർദ്ദേശങ്ങൾ (1 വീതം), ഫാറം 18 ലെ ചെറിയ കവറുകൾ (3 വീതം), ഫാറം 19 ലെ വലിയ കവറുകൾ (3 വീതം) എന്നിവ ഒന്നിച്ച് ഒരു വലിയ കവറിലാക്കി അപേക്ഷകന് നേരിട്ടോ സ്പീഡ് പോസ്റ്റായോ നൽകും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഇവയെല്ലാം ഒന്നു വീതമാണ് നൽകുക. നേരിട്ട് കൈമാറുകയാണെങ്കിൽ അപേക്ഷകൻ സ്വന്തം ഐഡന്റിറ്റി വരണാധികാരിയെ ബോധ്യപ്പെടുത്തണം.

മുദാക്കല്‍ പഞ്ചായത്തില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികള്‍

മുദാക്കല്‍ പഞ്ചായത്തില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികള്‍

ആറ്റിങ്ങല്‍: മുദാക്കല്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെ അന്തിമചിത്രം വ്യക്തമായി. 22 വാര്‍ഡുകളിലായി 77 പേരാണ് മത്സരരംഗത്തുള്ളത്. വാര്‍ഡ് സ്ഥാനാര്‍ത്ഥി പാര്‍ട്ടി എന്ന ക്രമത്തില്‍ 1) നെല്ലിമൂട്-അരുണ്‍ (ബിജെപി), ഗീത (കോണ്‍ഗ്രസ്), ബിന്ദു (സിപിഎം), കെ.എസ്.മധു (സ്വതന്ത്രന്‍). 2) വാസുദേവപുരം-ഉഷാകുമാരി (സിപിഎം), രേഖ അജികുമാര്‍ (ബിജെപി), സുകന്യ(കോണ്‍ഗ്രസ്). 3) താഴെ ഇളമ്പ-ദീപ (ബിജെപി), ബിന്ദു (കോണ്‍ഗ്രസ്), ഷീബ (സിപിഎം). 4) കല്ലിന്‍മൂട്-ആര്‍.എസ്.രജനി (കോണ്‍ഗ്രസ്), കെ.രമ്യ (സിപിഎം), എ.ടി.സിനി (ബിജെപി). 5) പള്ളിയറ-നിജ.എ.നായര്‍ (സിപിഐ), പി.എസ്.ഷിഗ്ദ (ബിജെപി), എം.സിന്ധുകുമാരി (കോണ്‍ഗ്രസ്). 6) അയിലം-മുരളി (സിപിഎം), എം.സജീവ് (കോണ്‍ഗ്രസ്), സജീവ് സുരേന്ദ്രന്‍ (ബിജെപി). 7) പിരപ്പന്‍കോട്ടുകോണം-ആര്‍.എസ്.വിജയകുമാരി (കോണ്‍ഗ്രസ്), എസ്.സുഭാഷ് (സിപിഎം), ടി.സുമ (ബിജെപി). 8) വലിയവിളമുക്ക്- ടി.ശ്രീനിവാസന്‍ (സിപിഎം), എന്‍.എസ്.സജു (ബിജെപി), എസ്.സുജാതന്‍ (കോണ്‍ഗ്രസ്). 9) പൊയ്കമുക്ക്- ഡി.ബാബുരാജന്‍ (ബിജെപി), എസ്.ഷംനാദ് (സ്വതന്ത്രന്‍), സുദര്‍ശനന്‍ (കോണ്‍ഗ്രസ്), വി.ഹരികുമാര്‍ (സിപിഎം). 10) മുദാക്കല്‍-എ.എസ്.അരുണ്‍ (സിപിഎം), കെ.മഹേഷ് (ബിജെപി), എം.എസ്.ശശിധരന്‍നായര്‍ (കോണ്‍ഗ്രസ്). 11) വാളക്കാട്-ജെ.അംബികയമ്മ (ബിജെപി), ബീന (സിപിഎം), സജീനഷെരീഫ് (കോണ്‍ഗ്രസ്), എച്ച്.സമീന ബീവി (സ്വതന്ത്ര). 12) ചെമ്പൂര്-അജിത (കോണ്‍ഗ്രസ്), ബിന്ദു (സിപിഎം), ആര്‍.എസ്.രാജി (ബിജെപി). 13) കട്ടിയാട്-അനിതാരാജന്‍ബാബു (കോണ്‍ഗ്രസ്), പി.സി.ജയശ്രീ (സിപിഎം), എം.ജി.പ്രീത (ബിജെപി). 14) കുരിയ്ക്കകം-എ.ചന്ദ്രബാബു (സിപിഎം), ബിജു (ബിജെപി), സുചേതകുമാര്‍ (കോണ്‍ഗ്രസ്). 15) തേമ്പ്രക്കോണം-ഡി.ദേവിക (സ്വതന്ത്ര), പി.പ്രമീള (കോണ്‍ഗ്രസ്), എ.എസ്.ഷൈജ (സിപിഐ), സിന്ധു (സ്വതന്ത്ര), എസ്.സിന്ധു (ബിജെപി). 16) ഊരുപൊയ്ക-അനൂപ്(സ്വതന്ത്രന്‍), എസ്.ബിജുകുമാര്‍ (സിപിഎം), വിഷ്ണുരവീന്ദ്രന്‍ (കോണ്‍ഗ്രസ്), വി.ഷൈനി (ബിജെപി). 17) ഇടയ്‌ക്കോട്-എല്‍.കലാദേവി (ബിജെപി), വീണ വിഷ്ണു (കോണ്‍ഗ്രസ്), ഡി.ശാലിനി (സിപിഎം), സജന (സ്വതന്ത്ര). 18) കോരാണി-ടി.അഖില്‍ (സിപിഎം), എ.അനീഷ് (സ്വതന്ത്രന്‍), എസ്.അനീഷ് (ബിജെപി), ഉമേഷ് മുരളീരാജ് (സ്വതന്ത്രന്‍), ജെ.മണിലാല്‍ (സ്വതന്ത്രന്‍), വിജയകുമാര്‍ (കോണ്‍ഗ്രസ്), പി.ശോഭ (സ്വതന്ത്ര). 19) കട്ടയില്‍ക്കോണം-അനു (ബിജെപി), ആര്‍.ശ്രീക്കുട്ടി (സിപിഎം), വി.ടി.സുഷമാദേവി (കോണ്‍ഗ്രസ്). 20) പണയില്‍ക്കട- ബീന (ബിജെപി), പി.എസ്.രമ്യ (സിപിഎം), ലീലാരാജേന്ദ്രന്‍ (കോണ്‍ഗ്രസ്), സതീജ (സ്വതന്ത്ര). 21) പരുത്തി-എസ്.അനി (സ്വതന്ത്രന്‍), കെ.ആര്‍.അഭയന്‍ (കോണ്‍ഗ്രസ്), നാസിമുദ്ദീന്‍ (സിപിഐ), എസ്.ഷിബു (ബിജെപി). 22) കൈപ്പറ്റിമുക്ക്-സി.അജികുമാര്‍ (ബിജെപി), എം.അനില്‍കുമാര്‍ (സിപിഐ), എസ്.മോഹനന്‍ (സ്വതന്ത്രന്‍), വിക്രമന്‍ (കോണ്‍ഗ്രസ്).