ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ; സ്വര്‍ണവില 93,000ന് മുകളില്‍

ഒറ്റയടിക്ക് വര്‍ധിച്ചത് 1400 രൂപ; സ്വര്‍ണവില 93,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 93,000ന് മുകളില്‍. ഇന്ന് ഒറ്റയടിക്ക് 1400 രൂപയാണ് വര്‍ധിച്ചത്. 93,160 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 175 രൂപയാണ് വര്‍ധിച്ചത്. 11,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയര്‍ന്ന് 13ന് 94,000ന് മുകളില്‍ എത്തി. 13ന് രേഖപ്പെടുത്തിയ 94,320 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. തുടര്‍ന്ന് വില കുറയുന്നതാണ് ദൃശ്യമായത്.

യുഎസ് സമ്പദ് വ്യവസ്ഥ സജീവമായതോടെ ഓഹരി വിപണിയിലേക്ക് നിക്ഷേപകര്‍ തിരിച്ചെത്തിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

എൽ എൽ എം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എൽ എൽ എം: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും 2025-26 അക്കാദമിക് വർഷത്തേക്കുള്ള എൽ എൽ എം പ്രവേശനത്തിന്റെ ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് വിശദാംശങ്ങൾ പ്രവേശനനേട്ട പരീക്ഷയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in ൽ ലഭ്യമാണ്.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവരുടെ അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് ആവശ്യമായ അസൽ രേഖകളുമായി ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരാകണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരാകാത്തവർക്ക് സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അഡ്മിഷൻ നടപടികൾ നവംബർ 25 മുതൽ ഡിസംബർ 6 വരെ വൈകിട്ട് 3 മണി വരെ നടത്താം. അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണെന്നും വിദ്യാർത്ഥികൾ സമയപരിധി പാലിക്കണമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

കേരള ബാങ്ക് പ്രസിഡന്റായി പി മോഹനനെ തെരഞ്ഞെടുത്തു

കേരള ബാങ്ക് പ്രസിഡന്റായി പി മോഹനനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള ബാങ്ക് പ്രസിഡന്റായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനനെ തെരഞ്ഞെടുത്തു. ടിവി രാജേഷ് ആണ് വൈസ് പ്രസിഡന്റ്. ഈ മാസം 21നാണ് കേരള ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ 1020 വോട്ട് വരെ എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫിന് 49 വോട്ടുമാണ് ലഭിച്ചത്.

മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങള്‍ ആദ്യ യോഗം ചേര്‍ന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു. അഞ്ച് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.

മറ്റു ഭരണസമിതി അംഗങ്ങള്‍: ബിനില്‍ കുമാര്‍ (പത്തനംതിട്ട), പി ഗാനകുമാര്‍ (ആലപ്പുഴ), ജോസ് ടോം (കോട്ടയം), വി. സലിം (എറണാകുളം), എം ബാലാജി (തൃശ്ശൂര്‍), പി. ഗഗാറിന്‍ (വയനാട്), അധിന്‍ എ. നായര്‍ (കൊല്ലം), ശ്രീജ എസ് (തിരുവനന്തപുരം), എഎം മേരി (കാസര്‍കോട്), ശ്രീജ എംഎസ് (ഇടുക്കി), സ്വാമിനാഥന്‍ ഒവി (പാലക്കാട്), ഷിബു ടിസി (അര്‍ബന്‍ ബാങ്ക് പ്രതിനിധി).

പ്രതീക്ഷിത ഒഴിവുകൾ പി എസ് സിയെ അറിയിക്കണമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

പ്രതീക്ഷിത ഒഴിവുകൾ പി എസ് സിയെ അറിയിക്കണമെന്ന് ഭരണപരിഷ്‌കാര വകുപ്പ്

2026-ലെ കലണ്ടർ വർഷത്തിൽ ഉണ്ടാകാൻ പോകുന്ന പ്രതീക്ഷിത ഒഴിവുകൾ പബ്ലിക് സർവീസ് കമ്മീഷനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കി. സംസ്ഥാനത്തെ മുഴുവൻ വകുപ്പ് തലവന്മാരും നിയമനാധികാരികളും ഈ സർക്കുലർ പ്രകാരം നടപടി സ്വീകരിക്കണം.

2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഓരോ തസ്തികയിലും ഒഴിവുകൾ ഉണ്ടാകാനുള്ള സാധ്യത പരിശോധിച്ച് ഡിസംബർ 26-നകം പി എസ് സിയെ അറിയിക്കണം. ഒഴിവുകൾ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ അതും ‘ഒഴിവുകളില്ല’ എന്ന് തെളിയിച്ച് പി എസ് സിക്ക് സമർപ്പിക്കണം എന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ഡിസംബർ 30-നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പിനും ഉദ്യോഗസ്ഥ-ഭരണപരിഷ്‌കര (Administrative Vigilance Cell) വകുപ്പിനും സമർപ്പിക്കണമെന്നും സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്.

പരമ ദയനീയം ഇന്ത്യന്‍ ബാറ്റിങ്; വഴങ്ങിയത് കൂറ്റന്‍ ലീഡ്

പരമ ദയനീയം ഇന്ത്യന്‍ ബാറ്റിങ്; വഴങ്ങിയത് കൂറ്റന്‍ ലീഡ്

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യന്‍ ബാറ്റിങ് ദയനീയം. ഭാഗ്യത്തിനു സ്‌കോര്‍ 201 വരെ എത്തി. അത്രമാത്രം. വഴങ്ങിയത് 288 റണ്‍സ് ലീഡ്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 489 റണ്‍സ് നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 22 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ റിയാന്‍ റിക്കല്‍ട്ടന്‍ (13), എയ്ഡന്‍ മാര്‍ക്രം (12) എന്നിവരാണ് ക്രീസില്‍. നിലവില്‍ അവര്‍ക്ക് 314 റണ്‍സിന്റെ മികച്ച ലീഡുണ്ട്.

97 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും 92 പന്തുകള്‍ നേരിട്ട് 48 റണ്‍സെടുത്ത വാഷിങ്ടന്‍ സുന്ദറും മാത്രമാണ് ക്രീസില്‍ നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചത്. കെഎല്‍ രാഹുലാണ് അല്‍പ്പ നേരം പിടിച്ചു നിന്ന മറ്റൊരു ബാറ്റര്‍. താരം 22 റണ്‍സുമായി മടങ്ങി. വിക്കറ്റ് നഷ്ടമില്ലാതെ 9 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ബാറ്റിങ് തുടങ്ങിയത്. 65 റണ്‍സിലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. കെഎല്‍ രാഹുലാണ് മടങ്ങിയത്.

പിന്നീട് യശസ്വി ജയ്‌സ്വാളിനൊപ്പം സായ് സുദര്‍ശന്‍ അല്‍പ്പ നേരം പിടിച്ചു നിന്നെങ്കിലും 40 പന്തില്‍ 15 റണ്‍സുമായി താരം മടങ്ങി. പിന്നാലെ ധ്രുവ് ജുറേല്‍ (0), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (7), രവീന്ദ്ര ജഡേജ (6), നിതീഷ് കുമാര്‍ റെഡ്ഡി (10) എന്നിവരും തുടരെ കൂടാരം കയറി.

95 റണ്‍സിനിടെ 2 വിക്കറ്റ് നഷ്ടമെന്ന നിലയില്‍ നിന്ന് പൊടുന്നനെ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തി. പിന്നീടാണ് കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് വാഷിങ്ടന്‍ സ്‌കോര്‍ 200നു അരികില്‍ വരെ എത്തിച്ചത്.

കുല്‍ദീപ് 134 പന്തുകള്‍ ചെറുത്ത് 19 റണ്‍സുമായി വാഷിങ്ടനെ കട്ടയ്ക്ക് സപ്പോര്‍ട്ട് ചെയ്തു. ജസ്പ്രിത് ബുംറ (5), മുഹമ്മദ് സിറാജ് (2) എന്നിവരുടെ സംഭാവന കൂടി ആയതോടെയാണ് സ്‌കോര്‍ 201ല്‍ എത്തിയത്.

ബാറ്റിങിനിറങ്ങി ഇന്ത്യയെ തച്ചു തകര്‍ത്ത മാര്‍ക്കോ യാന്‍സനാണ് ബൗളിങിലും അന്തകനായത്. താരം 6 വിക്കറ്റുകള്‍ വീഴ്ത്തി. സിമോണ്‍ ഹാര്‍മര്‍ 3 വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും നേടി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ സെനുറാന്‍ മുത്തുസാമി (109) നേടിയ സെഞ്ച്വറിയുടേയും മാര്‍ക്കോ യാന്‍സന്‍ നേടിയ അര്‍ധ സെഞ്ച്വറി (93) യുടേയും ബലത്തിലാണ് പ്രോട്ടീസ് മികച്ച സ്‌കോറുയര്‍ത്തിയത്. മുത്തുസാമി 10 ഫോറും 2 സിക്‌സും പറത്തി. യാന്‍സന്‍ 6 ഫോറും 7 സിക്‌സും സഹിതം 91 പന്തുകള്‍ നേരിട്ട് അതിവേഗം റണ്‍സ് വാരി.