തെങ്കാശിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 6 മരണം; 39 പേര്‍ക്ക് പരിക്ക്

തെങ്കാശിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; 6 മരണം; 39 പേര്‍ക്ക് പരിക്ക്

ചെന്നൈ : തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ റോഡ് അപകടത്തില്‍ 6 പേര്‍ മരിച്ചു. 39 പേര്‍ക്ക് പരിക്ക്. രണ്ടു സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തെങ്കാശിക്ക് 15 കിലോമീറ്റര്‍ അകലെ ദുരൈസാമിയാപുരം ഗ്രാമത്തില്‍ തിരുമംഗലം- ശെങ്കോട്ട ദേശീയപാതയിലായിരുന്നു അപകടം.

മധുരയില്‍ നിന്നും ശെങ്കോട്ടയിലേക്ക് പോകുന്ന ബസും, തെങ്കാശിയില്‍ നിന്നും കോവില്‍പെട്ടിയിലേക്ക് പോകുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബസുകളും തകര്‍ന്നു. ആറുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ 39 പേരെ ശെങ്കോട്ട സര്‍ക്കാര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചില യാത്രക്കാരുടെ നില ഗുരുതരമാണെന്നാണ് സൂചന. മധുരയില്‍ നിന്നും ശെങ്കോട്ടയിലേക്ക് പോയ ബസ് അമിത വേഗതയിലായിരുന്നതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്

കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പുതിയ ശബ്ദരേഖയും വാട്സ് ആപ്പ് ചാറ്റും പുറത്ത്. ഗര്‍ഭധാരണത്തിന് പ്രേരിപ്പിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പെണ്‍കുട്ടി ഓഡിയോയില്‍ പറയുന്നു. നമുക്ക് കുഞ്ഞ് വേണമെന്നും, നീ ഗര്‍ഭിണി ആകണമെന്നും രാഹുല്‍ പെണ്‍കുട്ടിയോട് പറയുന്നു. രാഹുല്‍ മാങ്കൂട്ടത്തിലും പെണ്‍കുട്ടിയും തമ്മിലുള്ള ശബ്ദരേഖയാണ് ന്യൂസ് മലയാളം ചാനല്‍ പുറത്തു വിട്ടത്.

ഗര്‍ഭച്ഛിദ്രത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെടുന്നു. എല്ലാം നിങ്ങളുടെ പ്ലാന്‍ ആയിട്ടും ഇപ്പോള്‍ മാറുന്നത് എന്തിനാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു. ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ പറയുന്ന പെണ്‍കുട്ടി, എനിക്കു വയ്യ എന്നു പറഞ്ഞ് പൊട്ടിക്കരയുന്നുമുണ്ട്. ‘ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. അവിടേക്ക് പോകാന്‍ പേടിയാണ്. എനിക്ക് ഛര്‍ദ്ദി അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും’ പെണ്‍കുട്ടി പറയുന്നു.

‘എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല’ എന്നും രാഹുല്‍ പറയുന്നു. എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. എനിക്ക് അമ്മയെ കണ്ടിട്ട് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല എന്നും പെണ്‍കുട്ടി പറയുന്നു. നിന്റെ ഈ വര്‍ത്തമാനം നിര്‍ത്താന്‍, അസഭ്യം കലര്‍ന്ന മറുപടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരിച്ചു പറയുന്നത്.

‘എനിക്കിത് ചെയ്യാന്‍ വയ്യ എന്നു പറഞ്ഞ് പെൺകുട്ടി കരയുന്നുണ്ട്. ഞാന്‍ നിന്നോട് കഴിഞ്ഞദിവസം ഇതേപ്പറ്റി സംസാരിച്ചപ്പോള്‍, ഇന്നുകൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ എന്നു പറഞ്ഞു. മൂന്നു ദിവസമായിട്ട് പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് ചൂടു വന്നതെന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നു. ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നില്ല എന്നു പറയുമ്പോള്‍, ഒന്നാം മാസം എന്താണ് ഉണ്ടാകുകയെന്ന് നമുക്കെല്ലാം അറിയാമല്ലോയെന്ന് രാഹുല്‍ മറുപടി നല്‍കുന്നു. നിങ്ങള്‍ ഒത്തിരി പേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

കൊല്ലത്ത് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലത്ത് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കൊല്ലം: കരിക്കോട് ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗർ സ്വദേശി കവിത (46) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത വരികയാണ്. ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. എന്നാൽ കൊലപാതക കാരണം വ്യക്തമല്ല. മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

സ്ഥാനമാനങ്ങളുടെ ആവശ്യമില്ല’: ആര്യ രാജേന്ദ്രൻ‌

സ്ഥാനമാനങ്ങളുടെ ആവശ്യമില്ല’: ആര്യ രാജേന്ദ്രൻ‌

തിരുവനന്തപുരം: രാജ്യത്ത് മേയർ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവുമായാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപറേഷന്റെ മേയറായി ചുമതലയേറ്റത്. ആര്യയെ തലസ്ഥാന നഗരത്തിന്റെ മേയറാക്കുമ്പോൾ ഒരു വലിയ ചുവടുവയ്പ് എന്നാണ് സിപിഎം അതിനെ വിശേഷിപ്പിച്ചതും. അതേസമയം, രാഷ്ട്രീയ വിവാദങ്ങളുടേതുകൂടിയായിരുന്നു ആര്യയ്ക്ക് കഴിഞ്ഞ അഞ്ചു വർഷം. ഏറ്റവുമൊടുവിൽ, കോൺഗ്രസിന്റെ യുവ സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽനിന്നു നീക്കം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടും ആര്യയുടെ ഓഫിസ് വാർ‌ത്തകളിൽ നിറഞ്ഞു.

പ്രവർത്തന മണ്ഡലം കോഴിക്കോട്ടേക്കു മാറ്റുന്നുവെന്നും നിയമസഭയിലേക്കു മൽസരിക്കുമെന്നുമടക്കം അഭ്യൂഹങ്ങളുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷന്റെ ഭരണം നിലനിർത്താൻ സിപിഎം അരയും തലയും മുറുക്കി ഇറങ്ങുമ്പോൾ, ഇത്തവണ ആര്യ മൽസര രംഗത്തില്ല. നിയമസഭയിലേക്കു മൽസരിക്കുമെന്ന അഭ്യൂഹത്തെക്കുറിച്ചും രാഷ്ട്രീയ വിവാദങ്ങളെക്കുറിച്ചും തിരുവനന്തപുരത്തെ വികസനങ്ങളെക്കുറിച്ചും മനോരമ ഓൺലൈനുമായി സംസാരിക്കുകയാണ് ആര്യ.

ഇനി കോർപറേഷനിലേക്കു മത്സരിക്കുമോ നിയമസഭയിലേക്ക് മത്സരിക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല. ഒരു ഇടതുപക്ഷ പ്രവർത്തകയെ സംബന്ധിച്ചിടത്തോളം പൊതുസമൂഹത്തിനായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുകയെന്നതാണ് പ്രധാനം. അതിനു പ്രത്യേക സ്ഥാനമാനങ്ങളുടെയൊന്നും ആവശ്യമില്ല. പാർട്ടി ഓരോ സാഹചര്യത്തിനനുസരിച്ച് ഏൽപിക്കുന്ന ചുമതല എന്തു തന്നെയായാലും എന്നെക്കൊണ്ട് ആവുംവിധം ചെയ്യാൻ ശ്രമിക്കും.

സ്മൃതി മന്ധാനയുടെ വരന്‍ പലാഷ് മുച്ഛലിന് അണുബാധ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്മൃതി മന്ധാനയുടെ വരന്‍ പലാഷ് മുച്ഛലിന് അണുബാധ, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: പിതാവിന് ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെ സ്മൃതി മന്ധാനയുടെ വരന്‍ പലാഷ് മുച്ഛലിന് അണുബാധയെന്ന് റിപ്പോര്‍ട്ട്. ഇന്നലെ വിവാഹച്ചടങ്ങിനിടെ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചടങ്ങ് മാറ്റിവെച്ചിരുന്നു. മഹാരാഷ്ട്രയിലെ സംഗ്ലിയിലെ സ്മൃതിയുടെ ഫാം ഹൗസിലെ വിവാഹവേദിയിലേക്ക് ആംബുലന്‍സ് എത്തിച്ചാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്കു മാറ്റിയത്.

ഇപ്പോള്‍ സ്മൃതിയുടെ വരനായ പലാശ് മുച്ഛലും ശുപത്രിയിലാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിവാഹവേദിയില്‍വച്ച് അണുബാധയുണ്ടായതിനെ തുടര്‍ന്ന് പലാശ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പലാശിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല. ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട പലാശ് ഹോട്ടലിലേക്കു പോയി. സ്മൃതിയുടെ ജന്മനാടായ സംഗ്ലിയിലാണ് വിവാഹച്ചടങ്ങുകള്‍ നടത്താന്‍ ഇരു വീട്ടുകാരും തീരുമാനിച്ചത്. സംഗീത സംവിധായകനായ പലാശ് ഇന്‍ഡോര്‍ സ്വദേശിയാണ്. 2019 മുതല്‍ ഇരുവരും പ്രണയത്തിലാണ്. ഇന്ത്യയുടെ വനിതാ ലോകകപ്പ് വിജയത്തിനു പിന്നാലെയായിരുന്നു വിവാഹം തീരുമാനിച്ചത്. ഞായറാഴ്ച വൈകിട്ട് നടക്കേണ്ട വിവാഹം മാറ്റിവച്ചതിനു പിന്നാലെയാണ് പലാശിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്.

1,100 അസിസ്റ്റന്റ് സർജൻ ഒഴിവുകൾ, കേരളത്തിലുള്ളവർക്കും അപേക്ഷിക്കാം; ശമ്പളം 2 ലക്ഷം വരെ

1,100 അസിസ്റ്റന്റ് സർജൻ ഒഴിവുകൾ, കേരളത്തിലുള്ളവർക്കും അപേക്ഷിക്കാം; ശമ്പളം 2 ലക്ഷം വരെ

തമിഴ്നാട് മെഡിക്കൽ സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് (TN MRB) അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ നിയമനം നടത്തുന്നു. 1,100 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷകൾ സമർപ്പിക്കാം.

ഉയർന്ന പ്രായപരിധി 37 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 56,100 മുതൽ 2,05,700 (ലെവൽ 22)വരെ ശമ്പളം ലഭിക്കും.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11.

യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം ബി ബി എസ് ബിരുദം.

കുറഞ്ഞത് 12 മാസം ഹൗസ് സർജൻ / സി ആർ ആർ ഐ സർവീസ് പൂര്‍ത്തിയാക്കിയിരിക്കണം.

തമിഴ്നാട് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്

തമിഴ് ഭാഷാ പരീക്ഷ (SSLC ലെവൽ) പാസാക്കണം.

പ്രായപരിധി

ജനറൽ: 37 വയസ്സ് വരെ (1 ജൂലൈ 2025ന്)

SC/ST/MBC/BC/BCM: പരമാവധി പ്രായ പരിധി ഇല്ല (60 വയസ്സ് വരെ)

മറ്റുള്ളവർ (Others): 47 വയസ്സ്,

മുൻ സേനാംഗങ്ങൾ (Others): 48 വയസ്സ്

അപേക്ഷാ ഫീസ്

SC/SCA/ST/DAP(PH): ₹500

മറ്റ് വിഭാഗങ്ങൾ: ₹1,000

തെരഞ്ഞെടുപ്പ് പ്രക്രിയ
അസിസ്റ്റന്റ് സർജൻ ഒഴിവുകളിലേക്ക് രണ്ട് സ്റ്റേജുകളായി നടക്കുന്ന കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) ആണ് ആദ്യം.

ഘട്ടം I – തമിഴ് ഭാഷ യോഗ്യതാ പരീക്ഷ (SSLC നിലവാരം)
കാലാവധി: 1 മണിക്കൂർ

മാർക്ക്: 50

ക്വാളിഫൈിംഗ് മാർക്ക്: എല്ലാ വിഭാഗങ്ങൾക്കും 40%

ഉദ്ദേശ്യം: ഉദ്യോഗാർത്ഥികളുടെ SSLC നിലവാരത്തിലുള്ള തമിഴ് ഭാഷയുടെ പ്രാവീണ്യം പരിശോധിക്കുക.

ഘട്ടം II കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (മെഡിക്കൽ സയൻസസ് – UG ലെവൽ)
കാലാവധി: 2 മണിക്കൂർ

മാർക്ക്: 100

ക്വാളിഫൈിംഗ് മാർക്ക്:

SC/SCA/ST: 30 മാർക്ക്

മറ്റ് വിഭാഗങ്ങൾ: 35 മാർക്ക്

ഉദ്ദേശ്യം: ഉദ്യോഗാർഥികളുടെ ബിരുദ നിലവാരത്തിലുള്ള മെഡിക്കൽ സയൻസസ് അറിവ് വിലയിരുത്തുക.

ഈ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികളുടെ ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയും നടത്തും.

കോവിഡ് -19 ഡ്യൂട്ടി നിർവഹിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻസന്റീവ് മാർക്കുകൾ നൽകും, ഇത് കൂടി ഉൾപ്പെടുത്തി ഫൈനൽ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://mrb.tn.gov.in/ സന്ദർശിക്കുക.