by Midhun HP News | Nov 24, 2025 | Latest News, ദേശീയ വാർത്ത
തമിഴ്നാട് മെഡിക്കൽ സർവീസസ് റിക്രൂട്ട്മെന്റ് ബോർഡ് (TN MRB) അസിസ്റ്റന്റ് സർജൻ തസ്‌തികയിൽ നിയമനം നടത്തുന്നു. 1,100 ഒഴിവുകളാണ് ഉള്ളത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും അപേക്ഷകൾ സമർപ്പിക്കാം.
ഉയർന്ന പ്രായപരിധി 37 വയസാണ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് ഇളവുകൾ ലഭിക്കും. നിയമനം ലഭിക്കുന്നവർക്ക് 56,100 മുതൽ 2,05,700 (ലെവൽ 22)വരെ ശമ്പളം ലഭിക്കും.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11.
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം ബി ബി എസ് ബിരുദം.
കുറഞ്ഞത് 12 മാസം ഹൗസ് സർജൻ / സി ആർ ആർ ഐ സർവീസ് പൂര്‍ത്തിയാക്കിയിരിക്കണം.
തമിഴ്നാട് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്
തമിഴ് ഭാഷാ പരീക്ഷ (SSLC ലെവൽ) പാസാക്കണം.
പ്രായപരിധി
ജനറൽ: 37 വയസ്സ് വരെ (1 ജൂലൈ 2025ന്)
SC/ST/MBC/BC/BCM: പരമാവധി പ്രായ പരിധി ഇല്ല (60 വയസ്സ് വരെ)
മറ്റുള്ളവർ (Others): 47 വയസ്സ്,
മുൻ സേനാംഗങ്ങൾ (Others): 48 വയസ്സ്
അപേക്ഷാ ഫീസ്
SC/SCA/ST/DAP(PH): ₹500
മറ്റ് വിഭാഗങ്ങൾ: ₹1,000
തെരഞ്ഞെടുപ്പ് പ്രക്രിയ
അസിസ്റ്റന്റ് സർജൻ ഒഴിവുകളിലേക്ക് രണ്ട് സ്റ്റേജുകളായി നടക്കുന്ന കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (CBT) ആണ് ആദ്യം.
ഘട്ടം I – തമിഴ് ഭാഷ യോഗ്യതാ പരീക്ഷ (SSLC നിലവാരം)
കാലാവധി: 1 മണിക്കൂർ
മാർക്ക്: 50
ക്വാളിഫൈിംഗ് മാർക്ക്: എല്ലാ വിഭാഗങ്ങൾക്കും 40%
ഉദ്ദേശ്യം: ഉദ്യോഗാർത്ഥികളുടെ SSLC നിലവാരത്തിലുള്ള തമിഴ് ഭാഷയുടെ പ്രാവീണ്യം പരിശോധിക്കുക.
ഘട്ടം II കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (മെഡിക്കൽ സയൻസസ് – UG ലെവൽ)
കാലാവധി: 2 മണിക്കൂർ
മാർക്ക്: 100
ക്വാളിഫൈിംഗ് മാർക്ക്:
SC/SCA/ST: 30 മാർക്ക്
മറ്റ് വിഭാഗങ്ങൾ: 35 മാർക്ക്
ഉദ്ദേശ്യം: ഉദ്യോഗാർഥികളുടെ ബിരുദ നിലവാരത്തിലുള്ള മെഡിക്കൽ സയൻസസ് അറിവ് വിലയിരുത്തുക.
ഈ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികളുടെ ഡോക്യുമെന്റ് വെരിഫിക്കേഷനും മെഡിക്കൽ പരിശോധനയും നടത്തും.
കോവിഡ് -19 ഡ്യൂട്ടി നിർവഹിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഇൻസന്റീവ് മാർക്കുകൾ നൽകും, ഇത് കൂടി ഉൾപ്പെടുത്തി ഫൈനൽ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://mrb.tn.gov.in/ സന്ദർശിക്കുക.
by Midhun HP News | Nov 24, 2025 | Latest News, കേരളം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തെരുവുനായ ശല്യത്തില്‍ നിന്നും കേരളത്തെ മുക്തമാക്കും. തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കും. പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങളെ കൂടുതല്‍ അപ്‌ഗ്രേഡ് ചെയ്യും. അയ്യങ്കാളി പദ്ധതിയിലും മഹാത്മാഗാന്ധി പദ്ധതിയിലും നൂറ് തൊഴില്‍ ദിനങ്ങള്‍ ഉറപ്പു വരുത്തും. കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. ഇതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, അടൂര്‍ പ്രകാശ്, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, സിപി ജോണ്‍, ഷിബു ബേബിജോണ്‍, അനൂപ് ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.
എല്ലാ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും മാര്‍ക്കറ്റുകള്‍ വിദേശ രാജ്യങ്ങളിലുള്ളതു പോലെ ആധുനികവത്കരിക്കും. വൃത്തിയും വെടിപ്പും ഉറപ്പാക്കും. എല്ലാ ഗ്രാമങ്ങളിലും പുതിയ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ശ്മശാനങ്ങള്‍ ആരംഭിക്കും. അതിഥി തൊഴിലാളി ക്ഷേമം ഉറപ്പു വരുത്താന്‍ പദ്ധതി രൂപീകരിക്കും. പൊതു ഇടങ്ങളിലെ കംഫര്‍ട്ട് സ്റ്റേഷനുകള്‍ സംസ്ഥാനത്ത് ഉടനീളം നിര്‍മ്മിക്കും. ദുരന്ത നിവാരണത്തിന് കൂടുതല്‍ അധികാരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കും. സാംസ്‌കാരികേന്ദ്രങ്ങളെ വിപുലമാക്കാന്‍ പദ്ധതി, വായന പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി രൂപപ്പെടുത്തും.
കേരളത്തിന്റെ യുവതലമുറയെ മയക്കുമരുന്ന്-ലഹരികളുടെ പിടിയില്‍ നിന്നും മോചിപ്പിക്കാനായി കായിക വികസനം, യുവജനക്ഷേമം എന്നി മുന്‍നിര്‍ത്തി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. ഹരിതകര്‍മസേനയെ കൂടുതല്‍ കാര്യക്ഷമമാക്കും. ടൂറിസത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും. ലോക്കല്‍ ടൂറിസം പദ്ധതികളെ പ്രമോട്ട് ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. തെരുവു വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക കര്‍മ പരിപാടി. ഇതിനായി ഹെല്‍പ് ലൈന്‍ നമ്പര്‍ അടക്കം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്തുഞെരിച്ചു കൊല്ലുന്ന തരത്തിലാണ് കഴിഞ്ഞ അഞ്ചുകൊല്ലമായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നത്. അത്തരം തടസ്സങ്ങളില്ലാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വികസന ഫണ്ട് അവരുടെ അവകാശമാക്കി മാറ്റും. ബജറ്റില്‍ സൂചിപ്പിച്ച ഫണ്ട് പൂര്‍ണമായും നല്‍കും. ഓരോ വര്‍ഷവും ഫണ്ടു വിഹിതത്തില്‍ 10 ശതമാനം വര്‍ധനവ് വരുത്തും. യുവാക്കള്‍ക്കായി പ്രത്യേക ഫണ്ട് നീക്കിവെക്കും. ജനപ്രതിനിധികളെ പരിവര്‍ത്തനത്തിന്റെ വക്താക്കളാക്കി മാറ്റാന്‍ പ്രത്യേക ശാക്തീകരണം നല്‍കും. ജനസേവനം ഉറപ്പു വരുത്താനായി എല്ലാ വാര്‍ഡുകളിലും സേവാഗ്രാം പദ്ധതി നടപ്പാക്കുമെന്നും പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.


by Midhun HP News | Nov 24, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക അന്തര്‍വാഹിനിവേധ യുദ്ധക്കപ്പലായ ഐഎന്‍എസ് മാഹി നാവികസേന നീറ്റിലിറക്കി. മുംബൈയിലെ നേവല്‍ ബേസിലാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്. കരസേനാമേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്‌ലാഗ് ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
‘ആത്മനിര്‍ഭര്‍ ഭാരത്’ പദ്ധതിക്ക് കീഴില്‍ പ്രതിരോധത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ ഒരു പ്രധാന നാഴികക്കല്ലാണിത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് ആണ് ഐഎന്‍എസ് മാഹി നിര്‍മ്മിച്ചത്. ഇന്ത്യയുടെ തീരദേശ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത എട്ട് മാഹി-ക്ലാസ് അന്തര്‍വാഹിനിവേധ യുദ്ധക്കപ്പലുകളില്‍(എഎസ്ഡബ്ല്യു-എസ്ഡബ്ല്യുസി) ആദ്യത്തേതാണിത്.
ഐഎന്‍എസ് മാഹി ഒതുക്കമുള്ളതും എന്നാല്‍ ഉയര്‍ന്ന ശേഷിയുള്ളതുമായ യുദ്ധക്കപ്പലാണ്. ഏകദേശം 78 മീറ്റര്‍ നീളവും ഏകദേശം 1,100 ടണ്‍ ഭാരവുമുണ്ട്. ഡീസല്‍ എന്‍ജിന്‍, വാട്ടര്‍-ജെറ്റ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം എന്നിവയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആഴം കുറഞ്ഞ ഭാഗങ്ങളിലുള്ള ഓപ്പറേഷനുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
കപ്പലിന് ഏകദേശം 25 നോട്ട് വേഗതയുണ്ട്. 14 നോട്ട് വേഗത്തില്‍ ഏകദേശം 1,800 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. വെള്ളത്തിനടിയിലുള്ള ഭീഷണികളെ നേരിടുന്നതിനായി, ഐഎന്‍എസ് മാഹിയില്‍ ഹള്‍-മൗണ്ടഡ് സോണാര്‍, വേരിയബിള്‍-ഡെപ്ത് സോണാര്‍, ടോര്‍പ്പിഡോ ലോഞ്ചറുകള്‍, മള്‍ട്ടി-ഫങ്ഷണല്‍ ആന്റി-സബ്മറൈന്‍ റോക്കറ്റ് സിസ്റ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നൂതന സോണാര്‍ സംവിധാനങ്ങള്‍ സജ്ജീകരിച്ചിരിട്ടുണ്ട്. കപ്പലിന് മൈനുകള്‍ സ്ഥാപിക്കാനും വെള്ളത്തിനടിയില്‍ നിരീക്ഷണം നടത്താനും തിരച്ചില്‍-രക്ഷാ ദൗത്യങ്ങള്‍ നടത്താനും കഴിയും.


by Midhun HP News | Nov 24, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഡോളറിനെതിരെ ചരിത്രത്തിലെ റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് ശക്തമായി തിരിച്ചുവന്ന് രൂപ. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 49 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഡോളറിനെതിരെ 89.17ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.എണ്ണ വില കുറഞ്ഞതും ബാങ്കുകള്‍ കൈവശമുള്ള ഡോളര്‍ വിറ്റഴിച്ചതുമാണ് രൂപയ്ക്ക് കരുത്തുപകര്‍ന്നത്. ഓഹരി വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും രൂപയ്ക്ക് ഗുണമായി. റിസര്‍വ് ബാങ്കിന്റെ ഇടപെടലും രൂപ തിരിച്ചുവരാന്‍ സഹായകമായതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച 98 പൈസയുടെ നഷ്ടം നേരിട്ടതോടെയാണ് 89.66 എന്ന ചരിത്രത്തിലെ റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയത്. ഇതിന് മുന്‍പ് ഒറ്റ ദിവസം ഉണ്ടായ ഏറ്റവും വലിയ ഇടിവ് 99 പൈസയുടേതാണ്. 2022 ഫെബ്രുവരി 24നാണ് രൂപയുടെ മൂല്യം കുത്തനെ താഴ്ന്നത്.
ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള ഘടകങ്ങളാണ് വെള്ളിയാഴ്ച രൂപയ്ക്ക് വിനയായത്. ആഗോള തലത്തില്‍ ഓഹരി വിപണികളില്‍ ഉണ്ടായ കനത്ത വില്‍പ്പന സമ്മര്‍ദ്ദത്തിനിടെയാണ് ഡോളര്‍ ശക്തിയാര്‍ജിച്ചത്. കൂടാതെ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചു.


by Midhun HP News | Nov 24, 2025 | Latest News, ദേശീയ വാർത്ത
റാവല്‍പിണ്ടി: ടി20 ത്രിരാഷ്ട്ര പരമ്പരയില്‍ സിംബാബ്വെയെ തകര്‍ത്ത് പാകിസ്ഥാന്‍ ഫൈനലില്‍. സ്പിന്നര്‍ ഉസ്മാന്‍ താരിഖിന്റെ ഹാട്രിക് മികവില്‍ 69 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത്. ടോസ് നേടി 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് പാകിസ്ഥാന്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ 19 ഓവറില്‍ 126 റണ്‍സെടുത്ത് സിംബാബ്വെ പുറത്തായി. 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഉസ്മാന്‍ താരിഖ് മിന്നും പ്രകടനം കാഴ്ചവെച്ചു.
ടൂര്‍ണമെന്റില്‍ പാകിസ്ഥാന് തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. സിംബാബ്വെയുടെ റയാന്‍ ബള്‍ 49 പന്തില്‍ നിന്ന് പുറത്താകാതെ 67 റണ്‍സ് നേടി. റിച്ചാര്‍ഡ് നഗാരവയുമൊത്ത് അവസാന വിക്കറ്റില്‍ 44 റണ്‍സ് കൂട്ടിചേര്‍ത്തു.
പാകിസ്ഥാന്‍ നിരയില്‍ ഫഖര്‍ സമാന്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. 10 പന്തില്‍ നിന്ന് പുറത്താകാതെ 27 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ സിംബാബ്വെയുടെ ടോപ്പ് ഓര്‍ഡര്‍ പാകിസ്ഥാന്റെ പേസിനെതിരെ തകര്‍ന്നു, പവര്‍ പ്ലേയില്‍ 25 ന് 3 എന്ന നിലയിലായരുന്നു ടീം. താരിഖിന്റെ പന്തുകള്‍ മധ്യനിരയെയും വീഴ്ത്തി.
ഈ മാസം ആദ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച ഉസ്മാന്‍ താരിഖ് തന്റെ രണ്ടാമത്തെ ടി20യില്‍ ഫഹീം അഷ്റഫ്, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് നവാസ് എന്നിവര്‍ക്ക് ശേഷം ടി20 ഹാട്രിക് നേടുന്ന നാലാമത്തെ പാകിസ്ഥാന്‍ ബൗളറായി. ടൂര്‍ണമെന്റില്‍ കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ ശ്രീലങ്കയാണ് സിംബാബ്വെയുടെ അടുത്ത എതിരാളി.


by Midhun HP News | Nov 24, 2025 | Latest News, കേരളം
തിരുവല്ല: തിരുവല്ല പൊടിയാടിയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ഈ മാസം 13 നാണ് പൊടിയാടി കൊച്ചുപുരയിൽ വീട്ടിൽ ശശികുമാറിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ആണ് പുളിക്കീഴ് പൊലീസ് ആദ്യം കേസ് എടുത്തത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തൈറോയ്ഡ് ഗ്രന്ഥി മുറിഞ്ഞതാണ് മരണ കാരണം എന്ന കണ്ടത്തൽ വന്നതോടെയാണ് സംഭവം കൊലപാതകം എന്ന് എഫ്ഐആറിൽ മാറ്റം വരുത്തിയത്. ഓട്ടോഡ്രൈവറും അവിവാഹിതനുമായ ശശികുമാർ സഹോദരനും കുടുംബത്തിനും ഒപ്പം ആയിരുന്നു താമസം.


Recent Comments