കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; മുന്‍ കൗണ്‍സിലറും മകനും കസ്റ്റഡിയില്‍

കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍കൗണ്‍സിലര്‍ അനില്‍ കുമാറിനെയും മകന്‍ അഭിജിത്തിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അനില്‍ കുമാറിന്റെ വീടിന് മുന്‍വശത്ത് വച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങള്‍ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ആദര്‍ശ് എന്തിനാണ് അനില്‍ കുമാറിന്റെ വീടിന്റെ മുന്‍വശത്ത് എത്തിയത് എന്നതടക്കം വിവിധ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കോട്ടയം നഗരസഭയിലെ കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലറാണ് അനില്‍ കുമാര്‍. ഈപ്രാവശ്യം കോണ്‍ഗ്രസില്‍ നിന്ന് മാറി എല്‍ഡിഫിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അനില്‍ കുമാര്‍ ചില നീക്കങ്ങള്‍ നടത്തിയതായാണ് വിവരം. സിപിഎം ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് നീക്കം വിജയിച്ചില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അനില്‍ കുമാറിന്റെ മകന് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ചില കേസുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചത് എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

‘ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണം’; ഇന്ത്യയ്ക്ക് കത്തു നല്‍കി ബംഗ്ലാദേശ്

‘ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണം’; ഇന്ത്യയ്ക്ക് കത്തു നല്‍കി ബംഗ്ലാദേശ്

ധാക്ക: അന്താരാഷ്ട്ര കോടതി വധശിക്ഷ പുറപ്പെടുവിച്ച മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഔദ്യോഗികമായി കത്തു നല്‍കി. നയതന്ത്ര തലത്തിലാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. രാജ്യവ്യാപക പ്രക്ഷോഭത്തെത്തുടര്‍ന്ന് 2024 ഓഗസ്റ്റില്‍ രാജ്യം വിട്ടോടി ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ഹസീനയെ വിട്ടു കിട്ടണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

വെള്ളിയാഴ്ച ഇതു സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാരിന് കത്തു നല്‍കിയതായി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ വിദേശകാര്യ ഉപദേശകന്‍ തൗഹീദ് ഹുസൈന്‍ സ്ഥിരീകരിച്ചു. അന്താരാഷ്ട്ര കോടതി ശിക്ഷിച്ച ഷെയ്ഖ് ഹസീനയെ രാജ്യത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ധാക്കയിലും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും പ്രക്ഷോഭങ്ങള്‍ ശക്തമായിരിക്കുകയാണ്.

കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. 2024ലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങള്‍ക്ക് നവംബര്‍ 17-നാണ് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിച്ചത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്ക് മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനും വധശിക്ഷ വിധിച്ചിരുന്നു.

കേസിലെ മൂന്നാം പ്രതിയായ മുന്‍ പൊലീസ് മേധാവി ചൗധരി അബ്ദുള്ള അല്‍ മാമുന്‍ നേരിട്ട് വിചാരണ നേരിട്ടതിനാല്‍ അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5-ന് ‘ജൂലൈ പ്രക്ഷോഭം’ എന്നറിയപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ പ്രതിഷേധത്തിലാണ് 78 കാരിയായ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാര്‍ നിലംപതിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയില്‍ അരങ്ങേറിയ കലാപങ്ങളില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

കാസര്‍കോട് ഹനാന്‍ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും; ഇരുപതിലേറെ പേര്‍ക്ക് പരിക്ക്

കാസര്‍കോട് ഹനാന്‍ ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും; ഇരുപതിലേറെ പേര്‍ക്ക് പരിക്ക്

കാസര്‍കോട്: സംഗീതപരിപാടിയ്ക്കിടെ കാസര്‍കോട് തിക്കിലും തിരക്കിലുംപെട്ട് ഇരുപതിലേറെ പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്നുള്‍പ്പെടെ വകുപ്പുകള്‍ പ്രകാരമാണ് സംഘാടകരായ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിനു സമീപമുള്ള മൈതാനത്ത് സംഘടിപ്പിച്ച ഹനാന്‍ ഷായുടെ സംഗീതപരിപാടിക്കിടെയായിരുന്നു അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.

പരിപാടി ആരംഭിക്കുന്നതിന് മുന്‍പേ ആളുകള്‍ തടിച്ചുകൂടുകയും തിക്കും തിരക്കും ഉണ്ടാകുകയുമായിരുന്നു. ഇതിനിടെ ഇരുപതോളം പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഇവര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. ഉള്‍ക്കൊള്ളാവുന്നതിലുമേറെ ആളുകള്‍ പരിപാടിയ്ക്ക് എത്തിയതാണ് അപകടകാരണം. അപകടത്തില്‍ പെട്ടവരുടെ നില ഗുരുതരമല്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലിസ് പറഞ്ഞു.

തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസിന്റെ നിര്‍ദേശപ്രകാരം സംഗീത പരിപാടി പകുതിയില്‍ അവസാനിപ്പിച്ചു. പൊലീസ് ലാത്തിവീശിയാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ജില്ലാ പൊലിസ് മേധാവി ബി.വി. വിജയ്ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് സ്ഥലത്തെത്തിയത്. ജില്ലാ പൊലീസ് മോധാവി തന്നെ ജാഗ്രത പാലിക്കണമെന്ന് മൈക്കിലൂടെ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ പരിപാടി കാണാനായി എത്തിയവരെ പാതയോരത്ത് വച്ച് പൊലീസ് ലാത്തി വീശി വിരട്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. ചിലര്‍ കുറ്റിക്കാട്ടിലെ കുഴിയില്‍ വീണു.

ജലനിരപ്പ് ഉയരുന്നു, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും, ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയരുന്നു, നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഡാമിന്റെ നാലു ഷട്ടറുകളും രാവിലെ 10 മണിക്ക് 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും.

നിലവില്‍ ഡാമിന്റെ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 20 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തുന്നതോടെ ഷട്ടറുകള്‍ ആകെ 240 സെന്റീമീറ്റര്‍ ഉയരും. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നെയ്യാര്‍ ഡാമിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.അതേസമയം, സംസ്ഥാനത്ത് തുടരുന്ന മഴ തെക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട്. ഇടിമിന്നലോടു കൂടി ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബണ്ടി ചോര്‍ കൊച്ചിയില്‍; റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയില്‍

ബണ്ടി ചോര്‍ കൊച്ചിയില്‍; റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടിയില്‍

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ (ദേവീന്ദർ സിംഗ്) വീണ്ടും കേരളത്തില്‍ കസ്റ്റഡിയില്‍. വിവിധ സംസ്ഥാനങ്ങളില്‍ എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ബണ്ടി ചോറിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പൊലീസ് കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു ഇടപെടല്‍. വിവര ശേഖരണത്തിന്റെ ഭാഗമായുള്ള കരുതല്‍ തടങ്കലിലാണ് ഇയാളെന്നാണ് പൊലീസിന്റെ വിശദീകരണം.

ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയെന്നാണ് ബണ്ടി ചോറിന്റെ വിശദീകരണം. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു ബാഗ് മാത്രമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.

2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയതിന് ബണ്ടി ചോറിനെ കേരള പൊലീസ് പിടികൂടിയിരുന്നു. ധനികരുടെയും ഉന്നതരുടെയും വീടുകളില്‍ മാത്രം മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. കേരളത്തില്‍ പിടിയിലായതിന് പിന്നാലെ പത്തുവര്‍ഷത്തോളം ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. മോഷണം നിര്‍ത്തും എന്ന് അന്ന് ഇയാള്‍ ജയില്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം യു പിയില്‍ നിന്നും സമാനമായ കേസില്‍ ഡല്‍ഹി പൊലീസ് ബണ്ടി ചോറിനെ പിടികൂടുകയും ചെയ്തിരുന്നു.

ഇന്നും മഴ തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും മഴ തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നും തുടരും. തെക്കന്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഞ്ഞ അലര്‍ട്ട്. ഇടിമിന്നലോടു കൂടി ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെ്‌നനാണ് മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്നലെ വൈകീട്ട് പെയ്ത കനത്തമഴയില്‍ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളെ സാരമായി ബാധിച്ചിരുന്നു. കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് രൂപം കൊണ്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം കൊല്ലം ജില്ലകളിലും, ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല.