എറണാകുളത്ത് 15 ടൂറിസ്റ്റ് ബസുകള്‍ പിടിച്ച് എംവിഡി

എറണാകുളത്ത് 15 ടൂറിസ്റ്റ് ബസുകള്‍ പിടിച്ച് എംവിഡി

കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സര്‍വീസ് നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി തുടങ്ങി. എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകള്‍, ഹൈ-ഫ്രീക്ക്വന്‍സി ഓഡിയോ സിസ്റ്റങ്ങള്‍ എന്നിവ ഘടിപ്പിച്ച ഏകദേശം 15 ടൂറിസ്റ്റ് ബസുകളെയാണ് പിടിച്ചെടുത്തത്.

ഡ്രൈവര്‍ ക്യാബിനില്‍ വ്‌ലോഗ് ചിത്രീകരണം, യാത്രയ്ക്കിടെ അപകടകരമായ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശം പ്രകാരം എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.

ഓരോ നിയമവിരുദ്ധ രൂപമാറ്റത്തിനും 5,000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. മാറ്റങ്ങള്‍ നീക്കം ചെയ്ത് വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നതുവരെ സര്‍വീസ് തുടരാന്‍ അനുവാദമില്ല. ഗുരുതരമായ രൂപമാറ്റം കണ്ടെത്തിയ വാഹനങ്ങളുടെ ഫിറ്റ്‌നസും റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.

പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും അന്വേഷിക്കുന്നു; ആസ്തികളിലും പരിശോധന

പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും അന്വേഷിക്കുന്നു; ആസ്തികളിലും പരിശോധന

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വിദേശയാത്രകളും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി ) അന്വേഷിക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശയാത്രയില്‍ പത്മകുമാറും ഒപ്പമുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്‌ഐടി പിടിച്ചെടുത്തു. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്.

പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. പത്മകുമാറിന്റെയും ഭാര്യയുടേയും ആസ്തികള്‍ പരിശോധിക്കുന്നുണ്ട്. ഇരുവരുടേയും ആദായനികുതി വിവരങ്ങളും രേഖകളും അടക്കം എസ്‌ഐടി കസ്റ്റഡിയിലെടുത്തതായാണ് സൂചന. 2019 ന് മുമ്പും ശേഷവുമുള്ള ഭൂമി പ്രമാണങ്ങളും എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി കൊടുത്തുവിടാന്‍ തീരുമാനം എടുത്തത് 2019 മാര്‍ച്ച് 19 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണോ എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. ആ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സ് രേഖയിലാണ് പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പ് എന്നു തിരുത്തി എഴുതിയിരിക്കുന്നതെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.

പത്മകുമാറിനെതിരെ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളും എസ്‌ഐടി വിശദമായി പരിശോധിക്കുന്നുണ്ട്. ഞങ്ങളാരും അറിയാതെയാണ് പത്മകുമാര്‍ നടപടി സ്വീകരിച്ചതെന്ന് അന്നത്തെ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ ദാസ്, വിജയകുമാര്‍ എന്നിവരുടെ മൊഴിയും പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ദേവസ്വം ബോര്‍ഡ് അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യും. സന്നിധാനത്തു നിന്നും കടത്തിയ സ്വര്‍ണം ഉപയോഗിച്ചു നടത്തിയ ഇടപാടുകളും അതില്‍ പങ്കാളികളായവരിലേക്കും എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ഉമര്‍ നബിക്ക് താല്‍പ്പര്യം ‘ഐഎസ് ‘മാതൃക, പല ഭീകരസംഘടനകളുമായും ബന്ധം; അഫ്ഗാനിലേക്ക് കടക്കാന്‍ ശ്രമിച്ചു

ഉമര്‍ നബിക്ക് താല്‍പ്പര്യം ‘ഐഎസ് ‘മാതൃക, പല ഭീകരസംഘടനകളുമായും ബന്ധം; അഫ്ഗാനിലേക്ക് കടക്കാന്‍ ശ്രമിച്ചു

ഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ നബിക്ക് പല ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. അല്‍ ഖ്വയ്ദ അടക്കമുള്ള പല സംഘടനകളുമായും ഉമര്‍ നബി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉമര്‍ നബിയുടെ സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍മാരില്‍ പലരും അല്‍ഖ്വയ്ദയുടെ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോള്‍, കൂടുതല്‍ തീവ്രനിലപാടുള്ള ഐഎസ്‌ഐസിനോടായിരുന്നു ഉമര്‍ നബിക്ക് താല്‍പ്പര്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.

ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, കശ്മീരി മതപണ്ഡിതന്‍ മുഫ്തി ഇര്‍ഫാന്‍ വാഗെ തുടങ്ങിയവരുമായിട്ടാണ് ഉമര്‍ നബി ആശയപരമായി ഭിന്നിപ്പ് പ്രകടിപ്പിച്ചിരുന്നത്. പാശ്ചാത്യ സംസ്‌കാരത്തേയും വിദൂരശത്രുക്കളെയും ആക്രമിക്കുന്ന അല്‍ഖ്വയ്ദ സമീപനത്തോടാണ് ഇവര്‍ ചായ്‌വ് പ്രകടിപ്പിച്ചിരുന്നത്. അടുത്തുള്ള ശത്രുക്കളെ കീഴ്‌പ്പെടുത്തുക, മതഭരണം സ്ഥാപിക്കുക തുടങ്ങിയ ഐഎസ് നയങ്ങളാണ് ഉമര്‍ നബി താല്‍പ്പര്യപ്പെട്ടത്.

പ്രത്യയശാസ്ത്രം, സാമ്പത്തികം, ആക്രമണം നടത്തുന്ന രീതി എന്നിവയുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ മറ്റ് അംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം, ഭീകരസംഘാംഗമായ ഡോ. അദീല്‍ അഹമ്മദ് റാത്തറിന്റെ ഒക്ടോബറില്‍ നടന്ന വിവാഹച്ചടങ്ങില്‍ നിന്നും ഉമര്‍ നബി വിട്ടുനിന്നിരുന്നു. മതപുരോഹിതന്‍ മുഫ്തി ഇര്‍ഫാന്‍ വാഗെ അറസ്റ്റിലായതോടെ, ഉമര്‍ നബി കശ്മീരിലേക്ക് പാഞ്ഞെത്തി. ഒക്ടോബര്‍ 18 ന് ഖാസിഗുണ്ടിലെത്തിയ ഉമര്‍ മറ്റുള്ളവരുമായി ചര്‍ച്ച നടത്തി.

തുടര്‍ന്ന് സംഘാംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നത പരിഹരിച്ചു. സംഘം അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടില്‍ തന്നെ തങ്ങി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിടുകയായിരുന്നു. കാശ്മീരിലെ ബുര്‍ഹാന്‍ വാനിയുടെയും സാക്കിര്‍ മൂസയുടെയും തീവ്രവാദ പാരമ്പര്യങ്ങളുടെ പിന്‍ഗാമിയായി ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ നബി തന്നെത്തന്നെ കണ്ടിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. സ്‌ഫോടനങ്ങള്‍ക്കായി ഇയാള്‍ 2023 മുതല്‍ ഐഇഡികളെക്കുറിച്ച് ഗവേഷണം നടത്തി വന്നിരുന്നതായും എന്‍ഐഎ സൂചിപ്പിക്കുന്നു.

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാം സാക്ഷിയാകും, വിവരങ്ങള്‍ തേടാന്‍ എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാം സാക്ഷിയാകും, വിവരങ്ങള്‍ തേടാന്‍ എസ്‌ഐടി

കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം സാക്ഷിയാകും. ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാര പാലക ശില്‍പങ്ങളുടെ പാളികള്‍ ഉള്‍പ്പെടെ വച്ച് കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ ജയറമും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം ജയറാമിന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി അന്വേഷണ സംഘം ജയറാമിന്റെ സമയം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറ്റകുറ്റപ്പണിക്ക് എന്ന പേരില്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി പലയിലടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു ചടങ്ങില്‍ നടന്‍ ജയറാം, ഗായകന്‍ വീരമണി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിവരങ്ങള്‍ക്കായി ജയറാമിനെ സമീപിക്കുന്നത്.

ശബരിമലയില്‍ വച്ചുള്ള പരിചയത്തിന്റെ പുറത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റി സംഘടിപ്പിച്ച പൂജയിലേക്ക് എത്തിച്ചത്. എന്നാല്‍ ഇയാള്‍ തന്റെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ല. സ്വര്‍ണപ്പാളിയില്‍ പൂജനടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് കരുതിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയറാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയത്. യാത്രയ്ക്കിടെ കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിനോദയാത്രയ്ക്ക് കൊണ്ടുപോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ക്ക് കാര്യമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല.

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ ചികിത്സയിലാണ്. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ കാര്യം സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്പായിൽ പോയ സിപിഒയെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍; കൂട്ടാളി പിടിയിൽ

സ്പായിൽ പോയ സിപിഒയെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍; കൂട്ടാളി പിടിയിൽ

കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ് ഐക്കെതിരെ നടപടി. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബൈജുവിനെ സസ്പെൻഡ് ചെയ്തു. തട്ടിയെടുത്ത പണത്തില്‍ 2 ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കേസിൽ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബൈജുവും സംഘവും ചേർന്ന് നാലുലക്ഷം രൂപ എസ്ഐ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു. ബൈജുവിന്റെ കൂട്ടാളിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. സ്പാ നടത്തുന്ന യുവതിയും ഒളിവിലാണ്. നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. ഇതിന് പിന്നാലെ സ്പാ നടത്തുന്ന യുവതി മാല നഷ്ടമായ കാര്യം പൊലീസ് ഉദ്യോ​ഗസ്ഥരെ അറിയിക്കുകയും, പൊലീസുകാരൻ എടുത്തു കൊണ്ടുപോയതാണെന്ന് ആരോപിക്കുകയും ചെയ്തു. പിന്നാലെ എസ്ഐയും സംഘവും പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.