by Midhun HP News | Jan 14, 2026 | Latest News, കേരളം
ശബരിമല: ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ വ്രതംനോറ്റ് കാത്തിരിക്കുന്ന മകരസംക്രമ പൂജയും മകരജ്യോതി ദര്‍ശനവും ഇന്ന്. സംക്രമാഭിഷേകം ഉച്ചകഴിഞ്ഞ് 3.08നാണ്. പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40നാണ് ദീപാരാധന. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിക്കും.
വൈകിട്ട് 6.20ന് തിരുവാഭരണ വാഹകസംഘത്തെ ദേവസ്വംമന്ത്രി വി എന്‍ വാസവന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍, അംഗങ്ങളായ പി ഡി സന്തോഷ് കുമാര്‍, കെ രാജു തുടങ്ങിയവര്‍ സ്വീകരിക്കും. സോപാനത്ത് തിരുവാഭരണ പേടകം തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങും.
ഹൈക്കോടതി ഉത്തരവ് പ്രകാരം മകരവിളക്ക് ദിവസം 35,000 പേര്‍ക്കാണ് സന്നിധാനത്തേക്ക് പ്രവേശനം. മകരവിളക്ക് ദര്‍ശിച്ച് മടങ്ങുന്നവര്‍ക്ക് ആയിരം കെഎസ്ആര്‍ടിസി ബസ് അടക്കം വിപുലമായ ക്രമീകരണമാണ് ഒരുക്കിയിട്ടുള്ളത്.
മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഇക്കുറി സന്നിധാനത്ത് ക്ഷേത്രമുറ്റത്തും ഫ്ളൈ ഓവറുകളില്‍നിന്നും മകരജ്യോതി ദര്‍ശിക്കുന്നതിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവസ്വം ബോര്‍ഡ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ പാസ് നല്‍കിയവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പാസ് ഒരു കാരണവശാലും മറ്റെരാള്‍ക്ക് കൈമാറാന്‍ കഴിയില്ല
മകരജ്യോതി ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങാന്‍ തീര്‍ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണതയുണ്ട്. തിരിച്ചിറങ്ങുന്നതിനു തിരക്കു കൂട്ടേണ്ടതില്ല. കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. മുന്‍വര്‍ഷങ്ങളില്‍ ഭക്തര്‍ക്ക് തങ്ങാന്‍ മുറി ലഭിക്കാത്തതിന്റെ പ്രശ്നമുണ്ടായിരുന്നു. ഈ വര്‍ഷം മുറി ബുക്ക് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേയ്ക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി എല്ലാ വകുപ്പുകളെയും വിളിച്ചുചേര്‍ത്തു ഫെബ്രുവരി 6ന് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.
by Midhun HP News | Jan 14, 2026 | Latest News, കേരളം
പത്തനംതിട്ട: ബലാത്സംഗക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി തെളിവെടുപ്പിന് പ്രത്യേക അന്വേഷണ സംഘം. പത്തനംതിട്ട എ ആര്‍ ക്യാംപില്‍ നിന്നും രാവിലെ ആറു മണിക്ക് തന്നെ രാഹുലുമായി എസ്‌ഐടി സംഘം തെളിവെടുപ്പിന് പുറപ്പെട്ടു. യുവതിയെ പീഡിപ്പിച്ചു എന്നു പരാതിയില്‍ പറയുന്ന തിരുവല്ലയിലെ ഹോട്ടലിലെത്തിച്ച് തെളിവെടുക്കും.
കനത്ത പൊലീസ് ബന്തവസ്സോടെയാണ് പൊലീസ് സംഘം പുറപ്പെട്ടത്. തെളിവെടുപ്പിനായി പൊലീസ് വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കോടതി രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. രാഹുലിന്റെ വീട്ടിലും, പാലക്കാട് എത്തിച്ചും തെളിവെടുപ്പു നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അന്വേഷണത്തോട് രാഹുല്‍ സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി കോടതിയില്‍ അറിയിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്ത പാലക്കാട് കെപിഎം ഹോട്ടലില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. നിര്‍ണായക വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷകസംഘത്തിന്റെ നിഗമനം. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ശനി രാത്രി 12.30ഓടെയാണ് പാലക്കാട്ടെ കെപിഎം ഹോട്ടലില്‍നിന്ന് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
by Midhun HP News | Jan 14, 2026 | Latest News, ജില്ലാ വാർത്ത
വെള്ളൂർക്കോണം കാവിൽ ഭഗവതി ക്ഷേത്രത്തിൽ മകരവിളക്ക് ദിവസമായ 14-01-2026 ബുധനാഴ്ച രാവിലെ മുതൽ അഖണ്ഡനാമജപം, ശാസ്താവിന് സമൂഹ നെയ്യഭിഷേകം , ഉച്ചക്ക് 11 മണിക്ക് കഞ്ഞിസദ്യ , വൈകിട്ട് 06 മണിക്ക് 12 മത് സഹസ്രനീരാഞ്ജനം എന്നിവ വളരെ ഭക്തിസാന്ദ്രമായി നടക്കുകയാണ്.
by Midhun HP News | Jan 14, 2026 | Latest News, കേരളം
കൽപ്പറ്റ: സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു. 41വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ‘നല്ല നിലാവുള്ള രാത്രി’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.
വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ സുരേഷ് പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. കോഴിക്കോട് കിർതാഡ്സിൽ ക്ലാർക്കായിരുന്നു. അനുരൂപയാണ് ഭാര്യ.
by Midhun HP News | Jan 14, 2026 | Latest News, കേരളം
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനു ഇന്ന് അരങ്ങുണരും. 18 വരെ 5 ദിവസം 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളില്‍ 15,000 പ്രതിഭകള്‍ മാറ്റുരയ്ക്കും. രാവിലെ 10നു എക്‌സിബിഷന്‍ ഗ്രൗണ്ടിലെ ഒന്നാം വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. തൃശൂരിന്റെ പൂരപ്രൗഢിയുടെ പ്രഖ്യാപനമെന്നോണം പാണ്ടിമേളവും കുടമാറ്റവും നടക്കും. 64ാം കലോത്സവത്തെ സൂചിപ്പിച്ച് 64 കുട്ടികള്‍ കുടമാറ്റത്തില്‍ അണിനിരക്കും.
പൂക്കളുടെ പേരു നല്‍കിയ 25 വേദികളിലായാണു മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ 9നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍എസ്‌കെ. ഉമേഷ് പതാക ഉയര്‍ത്തും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ബികെ ഹരിനാരായണന്‍ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ നൃത്തരൂപത്തില്‍ അവതരിപ്പിക്കും. പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാര്‍ഥികളാണു തീം സോങ് തയാറാക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി കെ രാജന്‍ എന്നിവരടക്കം ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
സുരക്ഷയ്ക്കായി10 എസ്ഐ മാരുടെ കീഴില്‍ 1200 ഓളം പൊലീസുകാരെയാണ് ഒരുക്കിയിട്ടുള്ളത്. നഗരത്തില്‍ സ്ത്രീ സൗഹൃദ ടാക്സികളും സര്‍വീസ് നടത്തും. ഇപ്രാവശ്യവും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കലോത്സവത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണമൊരുക്കുന്നത്.
by Midhun HP News | Jan 14, 2026 | Latest News, കേരളം
പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാര്‍ഥവും വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കുമായി മകരവിളക്ക് ദിവസമായ ജനുവരി 14 ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും മകരവിളക്കുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും അവധി ബാധകമല്ല.
മകരവിളക്ക് ദര്‍ശനത്തിന്റെ ഭാഗമായി ജനുവരി 14-ന് കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് പെരുവന്താനം, കൊക്കയാര്‍ പഞ്ചായത്തുകളിലെ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു. ദര്‍ശനത്തിന്റെ പോകുന്ന സ്വാമിമാരുടെ വാഹനങ്ങളുടെ തിരക്കുമൂലം ഈ പഞ്ചായത്തുകളിലെ കട്ടികള്‍ക്ക് സ്‌കൂളുകളില്‍ എത്തിച്ചേരാന്‍ അസൗകര്യമുള്ളതും, വാഹനങ്ങളുടെ തിരക്ക് മൂലം അപകടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യത ഉള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചത്. മുഴുവന്‍ വിദ്യാര്‍ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല. ഈ അവധി മൂലം നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്ന് ഇടുക്കി കലക്ടര്‍ അറിയിച്ചു.
മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഗതാഗത തിരക്ക് പരിഗണിച്ച് ബുധനാഴ്ച (ജനുവരി14) എരുമേലി ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
Recent Comments