‘പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി?’; പിഎം ശ്രീ ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

‘പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി?’; പിഎം ശ്രീ ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

ഡല്‍ഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ വെച്ചായിരുന്നു സംഭവം. പി എം ശ്രീ പദ്ധതി സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

പിബി യോ​ഗം കഴിഞ്ഞ് പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പം കാറിന് സമീപത്തേക്ക് പോകുമ്പോഴായിരുന്നു ചോദ്യം. പോകുന്നതിനിടെ തിരിഞ്ഞുനിന്ന്, പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി എന്നു ചോദിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എം വി ഗോവിന്ദനൊപ്പം കാറില്‍ കയറി പോകുകയായിരുന്നു.

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി സിപിഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ഇടതുനയമൊന്നും ആരും പഠിപ്പിക്കേണ്ടെന്നും എസ്എസ്‌കെ ഫണ്ട് ലഭിച്ചില്ലെങ്കില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ താന്‍ ആളല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി പറയുകയും ചെയ്തിരുന്നു.

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ഡൽഹി സ്‌ഫോടനത്തിൽ മരണസംഖ്യ 13 ആയി

ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; ഡൽഹി സ്‌ഫോടനത്തിൽ മരണസംഖ്യ 13 ആയി

ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആളാണ് മരിച്ചത്

അതേസമയം ബോംബ് സ്‌ഫോടനമുണ്ടാക്കിയ കാർ ഓടിച്ചത് ഡോ. ഉമർ മുഹമ്മദാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഡിഎൻഎ ടെസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തിന്റെ സൂത്രധാരനും ഉമർ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എൻഐഎ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പാലക്കാട് നടന്ന ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ  മികച്ച വിജയം നേടി വിസ്മയ് ദേവ് പി

പാലക്കാട് നടന്ന ശാസ്ത്രോത്സവത്തിൽ ഐ ടി മേളയിൽ മികച്ച വിജയം നേടി വിസ്മയ് ദേവ് പി

പാലക്കാട് നടന്ന ഈ വർഷത്തെ സ്കൂൾ ശാസ്ത്രോത്സവത്തിൽ IT മേളയിൽ (വെബ് ഡിസൈനിങ്) ഹയർ സെക്കണ്ടറി വിഭാഗത്തിൽ സ്റ്റേറ്റ് ലെവൽ 3rd പൊസിഷനും
A ഗ്രേയ്‌ഡും കരസ്ഥമാക്കി വിസ്മയ് ദേവ് പി. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർത്ഥിയാണ്.

എസ്. ഡി അനില (54) അന്തരിച്ചു

എസ്. ഡി അനില (54) അന്തരിച്ചു

വെട്ടൂർ പഞ്ചായത്ത്‌ ഷാപ്പ് മുക്കിന് സമീപം തെങ്ങുവിളവീട്ടിൽ എസ്. ഡി അനില (54) ബൈക്ക് ആക്‌സിഡന്റിൽ മരണപ്പെട്ടു. ആറ്റിങ്ങൽ അർബൻ കോ – ഓപ്പറേറ്റീവ് സൊസൈറ്റി ക്ലാർക്കാണ്.

ഭർത്താവ്: ഗിരീഷ്,
മക്കൾ: രേഷ്മ, ലക്ഷ്മി
മരുമക്കൾ: ശ്രീജു, വിജിൻ

മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.

ശബരിമല സ്വര്‍ണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്ക്ക് എസ്‌ഐടി; പത്മകുമാറിനെ വീണ്ടും വിളിപ്പിച്ചു, ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യമില്ല

ശബരിമല സ്വര്‍ണക്കൊള്ള: ശാസ്ത്രീയ പരിശോധനയ്ക്ക് എസ്‌ഐടി; പത്മകുമാറിനെ വീണ്ടും വിളിപ്പിച്ചു, ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യമില്ല

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ശാസ്ത്രീയമായ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘം തന്ത്രിയോട് അനുമതി തേടി. ദേവസ്വം ബോര്‍ഡ് വഴിയാണ് തന്ത്രി മഹേഷ് മോഹനരോട് എസ്‌ഐടി അനുവാദം ചോദിച്ചത്. ദ്വാരപാലക ശില്പങ്ങളില്‍ നിലവിലുള്ള പാളികള്‍, കട്ടിളപാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധന നടത്താന്‍ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയ തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌ഐടി നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശി സ്ഥാപിച്ച വാതിലുകളും പാളികളുമെല്ലാം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഈ തീര്‍ത്ഥാടന കാലത്തിന്റ തുടക്കം സ്ഥാപിച്ച പാളികളിലും പരിശോധന നടത്തും. അളവും തൂക്കവും പഴക്കവുമെല്ലാം ശാസ്ത്രീയമായി വിലയിരുത്തും.

അതിനിടെ, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശബരിമല ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനോട് എസ്‌ഐടി ആവശ്യപ്പെട്ടു. ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഉടന്‍ ഹാജരാകണമെന്നും എസ്‌ഐടി നിര്‍ദേശിച്ചിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനയുണ്ട്. 2017-19 കാലത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

അതിനിടെ, ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി കെ ജയശ്രീ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളി. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലാം പ്രതിയാണ് ജയശ്രീ. പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ നിര്‍ദേശിക്കുന്ന തരത്തില്‍ മിനിറ്റ്‌സില്‍ തിരുത്തല്‍ വരുത്തിയത് ജയശ്രീ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ജയശ്രീയോട് നിര്‍ദേശിച്ചിരുന്നു.

വാടകവീട്ടിൽ പെൺവാണിഭം: കിളിമാനൂർ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ അറസ്‌റ്റിൽ

വാടകവീട്ടിൽ പെൺവാണിഭം: കിളിമാനൂർ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ അറസ്‌റ്റിൽ

തിരുവനന്തപുരം ചാല കാലടി ദേവീനഗർ പണ്ടകശാലയിൽ വീട് വാടകയ്‌ക്ക് എടുത്ത് പെൺവാണിഭം നടത്തി വന്ന സംഘം അറസ്റ്റിൽ. കാലടി കിഴങ്ങുവിള ലെയ്‌ൻ ജി ആർ നിവാസിൽ ദീപ്തി (32), കിളിമാനൂർ മേലെ പുത്തൻ വീട്ടിൽ അനുരാജ് (32), ഊക്കോട് വേവിള നഗർ മായാ ഭവനിൽ ഉണ്ണിക്കൃഷ്ണൻ (50) എന്നിവരെയാണ് ഫോർട്ട്‌ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു മാസംമുൻപ് പുത്തൻകോട്ട സ്വദേശിയാണ്‌ വീട് വാടകയ്ക്ക് എടുത്തത്. രാപകലില്ലാതെ ആളുകളുടെ വരവ് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നൽകിയ പരാതിയിലാണ് നടപടി. നഗരത്തിലെ ഗുണ്ടാ സംഘങ്ങളുടെ സഹായം ഇവർക്ക് ലഭിച്ചിരുന്നു. വാട്സാപ് വഴി സ്ത്രീകളുടെ ഫോട്ടോയും തുകയുംവച്ച് ആവശ്യക്കാരെ വിളിച്ചുവരുത്തുകയാണ് ചെയ്തിരുന്നത്. ഫോർട്ട്‌ എസ്എച്ച്ഒ എസ് ബി പ്രവീൺ, അനു എസ് നായർ, സിബിൻ, ഹരികുമാർ, സുരേഷ്, ശ്രീവിശാഖ്, ശ്രീജിത്ത്‌, പ്രിയങ്ക, അഞ്ജലി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്‌. പ്രതികളെ റിമാൻഡ് ചെയ്തു.