by Midhun HP News | Nov 12, 2025 | Latest News, കേരളം
കൊല്ലം: വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞയാളെ പോലീസ് പിടികൂടി. പ്രാക്കുളം പണ്ടാരഴികത്ത് സുനിലിനെ(38)യാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്.
നവംബർ അഞ്ചിന് രാത്രിയായിരുന്നു സംഭവം. കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് കൊല്ലം റെയിൽവേ സ്റ്റേഷൻവിട്ട് ചിന്നക്കട റെയിൽവേ ഓവർബ്രിഡ്‌ജിനു സമീപം എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സി ഒന്ന് കോച്ചിന്റെ ചില്ലുപൊട്ടി.
വിവരമറിഞ്ഞയുടൻ ആർപിഎഫും ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. ഏഴിന് രാവിലെ ഇതേസ്ഥലത്ത് സംശയാസ്‌പദമായി കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. ട്രെയിനിലെ ക്യാമറയിലെ സമയവും പിടികൂടിയ ആളുടെ മൊബൈൽ ലൊക്കേഷൻ സമയവും പരിശോധിക്കുകയും ചെയ്‌തു. റെയിൽവേ നിയമം-153 പ്രകാരമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ആർപിഎഫ് ഇൻസ്പെക്‌ടർ ടി.ആർ. അനീഷ്, എഎസ്ഐ പി.എസ്. ജ്യോതീന്ദ്രൻ, തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്ഐ പ്രെയ്‌സ് മാത്യു, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾമാരായ അബ്‌ദുൾ സലാം, എസ്. മധു, കൊല്ലം സ്പെഷ്യൽ ഇന്റലിജൻസ് ബ്രാഞ്ചിലെ വിജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


by Midhun HP News | Nov 12, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് അഞ്ചു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.


by Midhun HP News | Nov 12, 2025 | Latest News, കേരളം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ 70 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. പൂണിത്തുറ, മട്ടാഞ്ചേരി, കടവന്ത്ര, ഗിരിനഗര്‍, പെരുമാനൂര്‍, പനമ്പിള്ളിനഗര്‍ എന്നീ ആറു ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, സിപിഐ ജില്ലാ സെക്രട്ടറി എന്‍ അരുണ്‍, മേയര്‍ എം അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടത്. 58 സീറ്റുകളിൽ സിപിഐ എം മത്സരിക്കും. 6 സീറ്റുകളിൽ സിപിഐയും ഓരോ സീറ്റുകളിൽ വീതം കേരള കോൺഗ്രസ് എമ്മും എൻസിപിയും മത്സരിക്കും. കൽവത്തി, ഐലന്റ് നോർത്ത് ഡിവിഷനുകളിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരിക്കും. ജനതാദൾ എസ് 2 ഡിവിഷനുകളിലും മത്സരിക്കുമെന്ന് എസ് സതീഷ് പറഞ്ഞു.
കതൃക്കടവ് ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി ഗ്രേസി ജോസഫ് മത്സരിക്കും. മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറാണ്. എറണാകുളം സെന്‍ട്രലില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നിയമവിദ്യാര്‍ത്ഥിനിയുമായ ഭാഗ്യലക്ഷ്മി എന്‍എസും, എറണാകുളം നോര്‍ത്തില്‍ നിന്നും, മുമ്പ് നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാജി ജോര്‍ജ് പ്രണതയും ജനവിധി തേടുന്നു.
2020ലേക്കാള്‍ മികച്ച വിജയം നേടുക ലക്ഷ്യമിട്ടാണ് ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിന് എല്ലാവിധത്തിലും എല്‍ഡിഎഫ് സജ്ജമായിക്കഴിഞ്ഞു. നല്ല ഐക്യത്തോടെ താഴേത്തട്ടുമുതല്‍ കോര്‍പ്പറേഷന്റെ എല്ലാ ഡിവിഷനുകളിലും പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞതായി സിപിഎം ജില്ലാ സെക്രട്ടറി സതീഷ് പറഞ്ഞു.


by Midhun HP News | Nov 12, 2025 | Latest News, കേരളം
മലപ്പുറം: മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്.
രാവിലെ എട്ട് മണിയോടെയാണ് സംഭവം. സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജനയെ വീപ്പയിലെ വെള്ളത്തിൽ മുക്കി അനിതകുമാരി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടിന് പുറത്തെ മരത്തിൽ അമ്മയും തൂങ്ങി മരിച്ചു. മകൻ ജോലിയ്ക്ക് പോയ സമയത്താണ് കൊലപാതകവും ആത്മഹത്യയും നടന്നത്. അനിതകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഇതേത്തുടർന്ന് അവർ വിഷാദത്തിലായിരുന്നു. മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.


by Midhun HP News | Nov 12, 2025 | Latest News, ജില്ലാ വാർത്ത
വർക്കല: ടൂറിസ്റ്റ് കേന്ദ്രമായ നോർത്ത്‌ക്ലിഫ് സമീപത്ത് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ടൂറിസം പൊലീസ് പിടികൂടി. ചങ്ങനാശ്ശേരി സ്വദേശിയായ അമൽ ബൈജു (25) യാണ് വർക്കല പോലീസിന്റെ പിടിയിലായത്.
തിരുവനന്തപുരത്ത് നിന്നുള്ള ദമ്പതികൾ നോർത്ത്‌ക്ലിഫ് ഭാഗത്തെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രതി, വീട്ടമ്മയെ റൂമിലേക്കു വരണമെന്ന് ആവശ്യപ്പെട്ട് കയ്യിൽ പിടിച്ച് വലിക്കാൻ ശ്രമിച്ചതായാണ് പരാതി. സംഭവം കണ്ട ഭർത്താവ് എതിർത്തതിനെ തുടർന്ന് വാക്കേറ്റമുണ്ടായി.
ഭർത്താവ് ഉടൻ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഇരുട്ടിന്റെ മറവിൽ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമൽ ബൈജുവിനെ പോലീസ് പിടികൂടിയത്. സംഭവം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികളെ മൂന്ന് അംഗസംഘം ഭീഷണിപ്പെടുത്തിയതായും ഇതുമായി ബന്ധപ്പെട്ടും വർക്കല പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അഞ്ച് വർഷങ്ങൾക്കു മുമ്പ് ബംഗളൂരുവിൽ ഡാർക്ക് വെബിലൂടെ മയക്കുമരുന്ന് വാങ്ങിയ കേസിൽ നൈജീരിയൻ പൗരൻ ഉൾപ്പെട്ട പത്തംഗ സംഘത്തെ ബംഗളൂരു പൊലീസ് പിടികൂടിയിരുന്നു. ആ കേസിൽ പ്രതികളിലൊരാളായിരുന്നുവെന്നാണ് അമൽ ബൈജുവിനെക്കുറിച്ച് ലഭിച്ച വിവരം.


by Midhun HP News | Nov 12, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിക്കും രോഹിത് ശര്‍മയ്ക്കും ബിസിസിഐയുടെ നിര്‍ദേശം. ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ച രോഹിതും കോഹ്ലിയും ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെ കളിക്കണമെന്ന ആഗ്രഹമാണ് ഇരുതാരങ്ങള്‍ക്കും. എന്നാല്‍ ദേശീയ ടീമില്‍ ഇടംപിടിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായി കളിച്ച് മാച്ച് ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന സന്ദേശമാണ് ഇരുതാരങ്ങള്‍ക്കും ബിസിസിഐ നല്‍കിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര അടുത്തിരിക്കുകയാണ്. ബിസിസിഐയുടെ നിര്‍ദേശം വന്നതോടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ദേശീയ ടീമില്‍ ഇടംപിടിക്കുന്നതിന് വരുന്ന ദിവസങ്ങളില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഇരുതാരങ്ങളും പങ്കെടുക്കേണ്ടതായി വരും. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനെ സംബന്ധിച്ച് കോഹ് ലി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
‘ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബോര്‍ഡും ടീം മാനേജ്മെന്റും ഇരുവരെയും അറിയിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതിനാല്‍, ഫിറ്റ്നസ് നിലനിര്‍ത്താന്‍ അവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം,’- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇരുവര്‍ക്കും ബിസിസിഐ സമാനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ കോഹ്ലിയും രോഹിതും രഞ്ജി ട്രോഫിയില്‍ ഓരോ മത്സരം വീതം കളിക്കുകയും ചെയ്തു.


Recent Comments