ശബരിമല മണ്ഡലകാലം; സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

ശബരിമല മണ്ഡലകാലം; സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തെ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയില്‍വേ സ്‌പെഷല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ചെന്നൈ, ഹൈദരാബാദ്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇരുദിശയിലേക്കും 32 സ്‌പെഷലുകള്‍ വിന്യസിച്ച് 274 സര്‍വീസുകളാണ് നടത്തുക. ഇതില്‍ കാക്കിനാട-കോട്ടയം റൂട്ടിലെ 18 സര്‍വിസുകള്‍ ഒഴിച്ചാല്‍ ബാക്കി 256ഉം കൊല്ലത്തേക്കും തിരിച്ചുമുള്ളവയുമാണ്. സ്‌പെഷല്‍ ട്രെയിനായതിനാല്‍ ഉയര്‍ന്ന നിരക്കാണ് ഈ സര്‍വീസുകള്‍ക്കെല്ലാം.

കാക്കിനാട-കോട്ടയം സ്‌പെഷല്‍, ഹസൂര്‍ സാഹിബ് നന്ദേഡ്-കൊല്ലം സ്‌പെഷല്‍, ചാര്‍ലപ്പള്ളി-കൊല്ലം സ്‌പെഷല്‍,മച്ചിലിപട്ടണം-കൊല്ലം സ്‌പെഷല്‍,നര്‍സാപൂര്‍-കൊല്ലം സ്‌പെഷല്‍, ചാര്‍ലപ്പള്ളി -കൊല്ലം സ്‌പെഷല്‍, ചെന്നൈ എഗ്‌മോര്‍-കൊല്ലം സ്‌പെഷല്‍, ചെന്നൈ സെന്‍ട്രല്‍-കൊല്ലം സ്‌പെഷല്‍, എന്നി ട്രെയിനുകളാണ് സര്‍വീസ് നടത്തുക.

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ തീരത്തെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

തെക്കന്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സ്വര്‍ണവില വീണ്ടും റിവേഴ്‌സില്‍; 92,000ന് മുകളില്‍ തന്നെ

സ്വര്‍ണവില വീണ്ടും റിവേഴ്‌സില്‍; 92,000ന് മുകളില്‍ തന്നെ

കൊച്ചി: ഇന്നലെ 1800 രൂപ കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. 92,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കുറഞ്ഞത്. 11,505 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ 1800 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ 320 രൂപ കുറഞ്ഞിരുന്നു. വില ഇടിവിന്റെ തുടര്‍ച്ചയാണ് ഇന്നും ദൃശ്യമായത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് ഏകദേശം 9000 രൂപ കുറഞ്ഞ ശേഷമാണ് ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.

താക്കോൽ കൂട്ടം കളഞ്ഞു കിട്ടി

താക്കോൽ കൂട്ടം കളഞ്ഞു കിട്ടി

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷൻ മാർക്കറ്റ് റോഡിൽ മേലതിൽ ബേക്കറിയുടെ മുൻവശത്ത് നിന്നുമാണ് താക്കോൽ കൂട്ടം കളഞ്ഞു കിട്ടിയത്. ഉടമസ്ഥർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
മൊബൈൽ നമ്പർ: 8943625792

രഞ്ജി ട്രോഫിയില്‍ കേരള – സൗരാഷ്ട്ര മത്സരം സമനിലയില്‍; ഒന്നാം ഇന്നിങ്‌സിന്റെ മികവില്‍ മൂന്ന് പോയിന്റ്

രഞ്ജി ട്രോഫിയില്‍ കേരള – സൗരാഷ്ട്ര മത്സരം സമനിലയില്‍; ഒന്നാം ഇന്നിങ്‌സിന്റെ മികവില്‍ മൂന്ന് പോയിന്റ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളവും സൗരാഷ്ട്രയും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. 330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 154 റണ്‍സെടുത്ത് നില്‍ക്കെയാണ് കളി സമനിലയില്‍ പിരിഞ്ഞത്. നേരത്തെ എട്ട് വിക്കറ്റിന് 402 റണ്‍സെന്ന നിലയില്‍ സൗരാഷ്ട്ര രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ മികവില്‍ കേരളത്തിന് മത്സരത്തില്‍ നിന്ന് മൂന്ന് പോയിന്റ് ലഭിച്ചു. സൗരാഷ്ട്ര ഒരു പോയിന്റ് നേടി.

അഞ്ച് വിക്കറ്റിന് 351 റണ്‍സെന്ന നിലയിലാണ് സൗരാഷ്ട്ര അവസാന ദിവസം ബാറ്റിങ് തുടങ്ങിയത്. ഡിക്ലറേഷന്‍ മുന്നില്‍ക്കണ്ട് അതിവേഗം സ്‌കോര്‍ ചെയ്ത സൗരാഷ്ട്ര ബാറ്റര്‍മാര്‍ എട്ട് ഓവറില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ എട്ട് വിക്കറ്റിന് 402 റണ്‍സെന്ന നിലയില്‍ സൗരാഷ്ട്ര ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതിനിടയില്‍ പ്രേരക് മങ്കാദ് 62ഉം അന്‍ഷ് ഗോസായി പത്തും ധര്‍മ്മേന്ദ്ര സിങ് ജഡേജ അഞ്ചും റണ്‍സ് നേടി പുറത്തായി. പ്രേരകിനെയും അന്‍ഷ് ഗോസായിയെയും എം ഡി നിധീഷ് പുറത്താക്കിയപ്പോള്‍ എന്‍ പി ബേസിലാണ് ധര്‍മ്മേന്ദ്ര സിങ് ജഡേജയെ പുറത്താക്കിയത്. യുവരാജ് സിങ് 12ഉം ജയ്‌ദേവ് ഉനദ്ഘട്ട് 11ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി നിധീഷ് നാലും ബേസില്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

330 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റ് നഷ്ടമായി. ധര്‍മ്മേന്ദ്ര സിങ് ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് രോഹന്‍ പുറത്തായത്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും 16 റണ്‍സെടുത്ത് പുറത്തായി. ഇതിനിടയില്‍ ഓപ്പണര്‍ എ കെ ആകര്‍ഷ് പരിക്കേറ്റ് റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. അഞ്ച് റണ്‍സായിരുന്നു ആകര്‍ഷ് നേടിയത്.

തുടര്‍ന്നെത്തിയ വരുണ്‍ നായനാരും അഭിഷേക് പി നായരും മികച്ച പ്രതിരോധവുമായി ഉറച്ചു നിന്നു. ഇടയ്ക്ക് മഴയെ തുടര്‍ന്ന് കളി തടസ്സപ്പെട്ടു. കളി പുനരാരംഭിച്ചപ്പോഴും മികച്ച ബാറ്റിങ് തുടര്‍ന്ന ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 19 റണ്‍സെടുത്ത അഭിഷേകിനെ ജഡേജയാണ് പുറത്താക്കിയത്. അഭിഷേകിന് പകരമെത്തിയ അഹ്മദ് ഇമ്രാന്‍ ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ഒടുവില്‍ കേരളം മൂന്ന് വിക്കറ്റിന് 154 റണ്‍സെടുത്ത് നില്‍ക്കെ കളി സമനിലയില്‍ പിരിയുകയായിരുന്നു. വരുണ്‍ നായനാര്‍ 66ഉം അഹ്മദ് ഇമ്രാന്‍ 42ഉം റണ്‍സുമായി പുറത്താകാതെ നിന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി ധര്‍മ്മേന്ദ്ര സിങ് ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി.

സ്‌കോര്‍ – സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സ് 160, രണ്ടാം ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 402, ഡിക്ലയേഡ്. കേരളം ആദ്യ ഇന്നിങ്‌സ് 233, രണ്ടാം ഇന്നിങ്‌സ് മൂന്ന് വിക്കറ്റിന് 154

ഗുളിക രൂപത്തില്‍ എംഡിഎംഎ, ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന്; ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

ഗുളിക രൂപത്തില്‍ എംഡിഎംഎ, ഒന്നരക്കോടി രൂപയുടെ മയക്കുമരുന്ന്; ആലപ്പുഴയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍

ആലപ്പുഴ: ഒന്നരക്കോടി രൂപയുടെ മയക്കുമരുന്നും കഞ്ചാവുമായി മൂന്നു യുവാക്കള്‍ എക്സൈസ് പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവെളി ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം പുതിയാപ്പെട്ടയില്‍ പി.എസ്. അപ്പു (29), തൃശ്ശൂര്‍ തലോര്‍ കളപ്പുരയ്ക്കല്‍ കെ.എസ്. അനന്തു (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് രണ്ടുകിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയില്‍, നാലുഗ്രാം മെത്താഫെറ്റമിന്‍, 334 എംഡിഎംഎ ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. അഞ്ചു മൊബൈല്‍ ഫോണും 63,500 രൂപയും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ മുമ്പും ലഹരിക്കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട്.

എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഇവരെ പിടികൂടിയത്. ഗുളിക രൂപത്തില്‍ ജില്ലയില്‍ ആദ്യമായാണ് എംഡിഎംഎ പിടികൂടുന്നതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. അശോക് കുമാര്‍ പറഞ്ഞു. ജില്ലയില്‍ ആദ്യമാണ് ഇത്രയും ലഹരി ഒരുമിച്ചു പിടികൂടുന്നത്.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ലഹരി എത്തിക്കുന്ന പ്രധാന കണ്ണികളാണിവര്‍. മൊബൈല്‍ നമ്പര്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ആധുനിക സംവിധാനങ്ങളാണ് ഇവര്‍ക്കുള്ളത്. ഫിലിപ്പീന്‍സിലെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനിലൂടെയാണ് ലഹരിക്കച്ചവടം. ആലപ്പുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രശാന്ത്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷിബു പി ബെഞ്ചമിന്‍, സി വി വേണു, ഇ കെ അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.