പി ജി ആയുർവേദ,ഹോമിയോ പ്രവേശനം; അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പി ജി ആയുർവേദ,ഹോമിയോ പ്രവേശനം; അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പി ജി ആയുർവേദ കോഴ്‌സിലേക്കുളള മൂന്നാം ഘട്ട താൽക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് സംബന്ധിച്ച പരാതികൾ ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം നവംബർ 12, 2 മണിക്ക് ഉള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്‌മെന്റ് അന്നേദിവസം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120, 0471-2338487, 0471-2525300.

പി ജി ഹോമിയോ പ്രവേശനം

പി ജി ഹോമിയോപ്പതി കോഴ്‌സിലേക്കുളള മൂന്നാം ഘട്ട താൽക്കാലിക അലോട്ടമെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച പരാതികൾ ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം നവംബർ 12, 2 മണിക്ക് ഉള്ളിൽ അറിയിക്കണം. അന്തിമ അലോട്ട്‌മെന്റ് അന്നേദിവസം പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471-2332120, 0471-2338487, 0471-2525300.

ബി എസ് സി നഴ്‌സിങ്: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

ബി എസ് സി നഴ്‌സിങ്: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

2025-26 അദ്ധ്യയന വർഷത്തെ ബി എസ് സി നഴ്‌സിങ് കോഴ്‌സിന് പുതിയതായി പ്രവേശനത്തിന് ഉൾപ്പെടുത്തിയ കോളേജിലേക്കും നിലവിലുള്ള നഴ്‌സിങ് കോളേജുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 13 ന് നടത്തും.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നവംബർ 13 ഉച്ചയ്ക്ക് 1 മണി വരെ ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റുകൾ വഴി ഏതെങ്കിലും കോളേജുകളിൽ പ്രവേശനം നേടിയവർ ഈ അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് അതത് കോളേജുകളിൽ നിന്നും ഓൺലൈനായി ലഭിച്ച പുതിയ നിരാക്ഷേപപത്രം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസു അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മുന്‍ കമ്മീഷണറും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍ വാസു അറസ്റ്റില്‍. കട്ടിളപ്പാളിയിലെ സ്വര്‍ണം കവർന്ന കേസിലാണ് വാസുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഈ കേസില്‍ വാസുവിനെ എസ്‌ഐടി മൂന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.

ശബരിമലയിലെ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ എന്‍ വാസുവായിരുന്നു ദേവസ്വം കമ്മീഷണര്‍. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്ന വേളയില്‍, ദേവസ്വം കമ്മീഷണര്‍ വാസുവിനും വാസുവിന്റെ ഓഫീസിനും വീഴ്ച സംഭവിച്ചിരുന്നതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. വാസുവിനെതിരെ എസ്‌ഐടിക്ക് മൊഴിയും ലഭിച്ചിരുന്നു.

മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിൽ 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് എസ്ഐടി വ്യക്തമാക്കിയിരുന്നു. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നാണ് എസ്‌ഐടി വ്യക്തമാക്കിയത്. സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ എന്ന ശുപാര്‍ശ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസില്‍ നിന്നും എക്‌സിക്യൂട്ടീവ് ഓഫീസ് വഴി ദേവസ്വം കമ്മീഷണറുടെ ഓഫീസിലെത്തിയിരുന്നു. പിന്നീട് സ്വര്‍ണം പൂശിയത് വെറും ചെമ്പുപാളികളായി രേഖപ്പെടുത്തിയതില്‍ ദേവസ്വം കമ്മീഷണര്‍ക്ക് വീഴ്ചയുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. കേസിൽ എൻ വാസുവിനെ നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.

ദേശീയപാതയിലെ സർവീസ് റോഡുകൾ ഇനി വൺവേ

ദേശീയപാതയിലെ സർവീസ് റോഡുകൾ ഇനി വൺവേ

ദേശീയപാതയിലെ സർവീസ് റോഡുകൾ ഇനി വൺവേ; യാത്രക്കാർ അറിയാൻ, ദേശീയപാത 66ലെ നിർദേശങ്ങൾ ഇവ….

ദേശീയപാത 66ലെ (കാസർകോട്–തിരുവനന്തപുരം) സർവീസ് റോഡുകൾ ഇനി വൺവേ. കലക്ടർ വി.ആർ.വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണു തീരുമാനം. നേരത്തേ സർവീസ് റോഡുകളിൽ ഇരുവശത്തുകൂടിയും സർവീസ് അനുവദിച്ചിരുന്നതാണ് ഒഴിവാക്കിയത്. അതോടൊപ്പം സർവീസ് റോഡ് തടസ്സപ്പെടുത്തുന്ന ഓട്ടോ സ്റ്റാൻഡുകൾ, വാഹന പാർക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാനും തീരുമാനം.

ദീർഘദൂര ബസുകൾ മാത്രം
∙ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ മാത്രമേ ഹൈവേ വഴി സർവീസ് നടത്താവൂ.
∙ സ്റ്റേജ് ക്യാരേജ് ബസുകൾ സർവീസ് റോഡുള്ള ഭാഗങ്ങളിൽ അതുവഴി മാത്രമേ പോകാവൂ. നിർദിഷ്ട സ്റ്റോപ്പുകളിൽ നിർത്തണം.
∙ ദേശീയപാതയിൽ ബസുകൾ നിർത്തുകയോ ആളുകളെ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്.
∙ ഹൈവേയിലെ ക്യാമറകൾ പരിശോധിച്ചു നടപടി സ്വീകരിക്കും
∙ ഡ്രൈവർമാരുടെ കാഴ്ചയ്ക്ക് തടസ്സമാകുന്ന രീതിയിൽ റോഡരികിൽ അനധികൃതമായി സ്ഥാപിച്ച പരസ്യബോർഡുകൾ, ബാനറുകൾ, പെട്ടിക്കടകൾ മറ്റു കച്ചവട സ്ഥാപനങ്ങൾ എന്നിവ നീക്കം ചെയ്യും.

പാകിസ്ഥാന്‍ കോടതിക്ക് മുന്നില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്ഥാന്‍ കോടതിക്ക് മുന്നില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ജില്ലാകോടതിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ചാവേര്‍ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടനത്തില്‍ കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. പരിക്കേറ്റവരില്‍ കുടുതല്‍ പേരും കോടതിയില്‍ വാദം കേല്‍ക്കാന്‍ എത്തിയവരായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ തിരക്കുള്ള പ്രദേശത്താണ് സഫോടനം ഉണ്ടായത്. എന്ത് തരത്തിലുള്ള ആക്രമണമാണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ കൂടുതല്‍ വ്യക്തത ലഭിക്കുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോരപുരണ്ട നിരവധിപേര്‍ വീണുകിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉഗ്രശബ്ദത്തോടെയായിരുന്നു സ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോടതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി കത്തിയമര്‍ന്ന വാഹനങ്ങളിലെ തീയണച്ചു.

നിഥാരി കൂട്ടക്കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി

നിഥാരി കൂട്ടക്കൊലക്കേസ് പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി

ഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീംകോടതി. നിഥാരി പരമ്പര കൊലപാതകങ്ങളില്‍ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലാണ് സുരേന്ദ്ര കോലിയെ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയത്. ചീഫ് ജസ്റ്റിസ് ആര്‍ ബി ഗവായ്, ജസ്റ്റിസുമാരായ സൂര്യ കാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കോലിയെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ നിഥാരി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളില്‍ നിന്നും കോലി കുറ്റവിമുക്തനായി.

2006 ഡിസംബറില്‍ കോലി ജോലി ചെയ്തിരുന്ന, വ്യവസായിയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ എന്നയാളുടെ വീടിന്റെ ഓടയില്‍നിന്ന് എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതോടെയാണ് നിഥാരി കൊലപാതകങ്ങള്‍ ലോകമറിയുന്നത്. മൊനീന്ദറിന്റെ വീട്ടില്‍ നിരവധി കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൊനീന്ദറിന്റെ വീടിനടുത്തുള്ള അഴുക്കുചാലില്‍ നിന്ന് തലയോട്ടി ഉള്‍പ്പെടെയുള്ള 19 അസ്ഥികൂടങ്ങളാണു പൊലീസിനു ലഭിച്ചത്. അസ്ഥികൂടങ്ങളിലൊന്ന് കാണാതായ പത്തുവയസ്സുകാരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൊനീന്ദറും കോലിയും അറസ്റ്റിലായി. കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറി. നിരവധി കുട്ടികളെ കാണാതായ വിവരം അറിയിച്ചിട്ടും നടപടിയെടുക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ചണ്ഡീഗഡ് സ്വദേശിയായ വ്യവസായിയാണ് മൊനീന്ദര്‍ സിങ് പാന്ഥര്‍. ഇയാള്‍ക്ക് നോയിഡ സെക്ടര്‍ രണ്ടില്‍ വ്യാപാര സ്ഥാപനമുണ്ടായിരുന്നു. ഇവിടെ എത്തുമ്പോള്‍ താമസിക്കാനാണ് നോയിഡ സെക്ടര്‍ 31ലെ ഡി ബ്ലോക്കില്‍ അഞ്ചാം നമ്പര്‍ വീട് വാങ്ങിയത്. അവിടെ കോലിയെ ജോലിക്കാരനായും നിയമിച്ചു. ഈ വീടിന് അടുത്താണ് നിഥാരി ഗ്രാമം. ഗ്രാമത്തിലെ കുട്ടികളെയും യുവതികളെയും നോയിഡയിലേക്കു തട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരാവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയും പിന്നീട് ഇവ തൊട്ടടുത്തുള്ള അഴുക്കുചാലിലേക്കു തള്ളുകയുമായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ശരീരഭാഗങ്ങള്‍ മുറിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്നെന്നും കോലി പ്രത്യേക മാനസിക രോഗത്തിന് അടിമയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തുടര്‍ന്ന് ഗാസിയാബാദ് പ്രത്യേക സിബിഐ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. എന്നാല്‍ 2023 ഒക്ടോബറില്‍ 12 കൊലപാതകക്കേസുകളില്‍ കോലിയെയും രണ്ട് കേസുകളില്‍ മൊനീന്ദറിനെയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കി. ആകെ 13 കൊലപാതകക്കേസുകളാണ് കോലിക്കെതിരെ ചുമത്തിയിട്ടുള്ളത്. 13ാമത്തെ കേസിലും കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് കോലിക്ക് പുറത്തിറങ്ങാനുള്ള വഴി തെളിയുന്നത്.