by Midhun HP News | Jun 9, 2026 | Latest News, കേരളം
ന്യൂഡല്‍ഹി: സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്. ഒരു വര്‍ഷം ഒന്‍പത് സിലിണ്ടറുകള്‍ നല്‍കിയിരുന്നത് നാലായിട്ടാണ് കുറച്ചിരിക്കുന്നത്.
പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് 14.2 കിലോയുടെ സിലിണ്ടറിന് 300 രൂപയുടെ സബ്‌സിഡിയാണ് നല്‍കുന്നത്. പശ്ചിമേഷ്യയിലെ നിലവിലെ പ്രശ്‌നങ്ങളും, ആഗോള വിപണിയിലെ ദ്രവീകൃത പെട്രോളിയം ഗ്യാസ് രംഗത്തെ കുത്തനെയുള്ള വില വര്‍ധനവുമാണ്, സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ച നടപടിക്ക് കാരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിക്കുന്നത്.
പുതിയ തീരുമാനപ്രകാരം, PMUY ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ നാല് റീഫില്ലുകള്‍ക്ക് പ്രതിവര്‍ഷം സിലിണ്ടറിന് 642 രൂപയായിരിക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ ഖനൂജ പറഞ്ഞു. ഇത് LPG യുടെ യഥാര്‍ത്ഥ അന്താരാഷ്ട്ര വിലയേക്കാള്‍ ഏകദേശം 60% കിഴിവാണ്. PMUY അല്ലാത്ത ഉപഭോക്താക്കള്‍ക്ക്, 942 രൂപയാണ് ചില്ലറ വില്‍പ്പന വിലയെന്നും ഖനൂജ വ്യക്തമാക്കി. 2016 മെയ് മാസത്തില്‍ ആരംഭിച്ച ഫ്‌ലാഗ്ഷിപ്പ് പദ്ധതി പ്രകാരം, ഗുണഭോക്താക്കള്‍ക്ക് തുടക്കത്തില്‍ പ്രതിവര്‍ഷം 14.2 കിലോഗ്രാം സബ്സിഡിയുള്ള 12 എല്‍പിജി സിലിണ്ടറുകള്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ക്വാട്ട ഒമ്പത് സിലിണ്ടറുകളായി കുറച്ചത്.

by Midhun HP News | Jun 8, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഇന്ധന വില വർദ്ധനവിനെതിരെ ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടന്നു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം പ്രദീപ് ഉദ്ഘാടനം ചെയ്തു. ടി ഡി പി ബി ഒ പ്രസിഡന്റ് സി. ഷാജി അധ്യക്ഷനായി. സെക്രട്ടറി വി ജയറാം, ഖജാൻജി ഷാൻ മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

by Midhun HP News | Jun 8, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട്. ശേഷിക്കുന്ന 11 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.
നാളെ വടക്കന്‍ കേരളത്തിലെ മൂന്നു ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

by Midhun HP News | Jun 8, 2026 | Latest News, കേരളം
കൊല്ലം: ബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിന് ശേഷം അറസ്റ്റിലായി. കൊല്ലം വെളിമണ്‍ സ്വദേശി അഷ്‌റഫ് (47) ആണ് പിടിയിലായത്. കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്ത് കഴിയുകയായിരുന്നു ഇയാള്‍.
ബലാത്സംഗക്കേസില്‍ കോടതിയില്‍ നിന്നും ജാമ്യം നേടിയ ശേഷം മുങ്ങിയതായിരുന്നു അഷ്‌റഫ്. എറണാകുളത്തു നിന്നാണ് അഷ്‌റഫിനെ തലശ്ശേരി പൊലീസ് പിടികൂടിയത്. 2016 ല്‍ തലശ്ശേരി സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍.
2016 ല്‍ തലശ്ശേരി സ്വദേശിനിയായ യുവതിയെ കാണാതാകുന്നതോടെയാണ് കേസിന് തുടക്കം. പിന്നീട് പൊലീസ് അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തുന്നത്. എറണാകുളത്തു കൊണ്ടുപോയി അഷ്‌റഫ് പീഡിപ്പിച്ചു എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. തലശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോയി. ഇതോടെ കേസിന്റെ വിചാരണ നടപടികള്‍ തടസ്സപ്പെട്ടു. തുടര്‍ന്ന് കോടതി തന്നെ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി യുവതികളുമായി പരിചയം സ്ഥാപിച്ച് ദുരുപയോഗം ചെയ്യുകയായിരുന്നു ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു. കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. എറണാകുളത്ത് പെയിന്റ് പണിയാണെന്നാണ് പറഞ്ഞിരുന്നത്. രണ്ടാഴ്ചയോളം നിരീക്ഷിച്ചശേഷമാണ് കൊച്ചിയില്‍ വെച്ച് ഇയാളെ പൊലീസ് പിടികൂടുന്നത്.

by Midhun HP News | Jun 8, 2026 | Latest News, കേരളം
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ ആണ് അതിജീവിതയ്ക്ക് വേണ്ടി പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്.
പീഡന ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡില്‍ മൂന്ന് തവണയാണ് നിയമവിരുദ്ധമായി പരിശോധന നടന്നത്. മെമ്മറി കാര്‍ഡ് സുരക്ഷിതമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം വിചാരണ കോടതി പാലിച്ചില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. മെമ്മറി കാര്‍ഡ് അതീവ സുരക്ഷിതമായി സൂക്ഷിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. 2019 നവംബര്‍ 29 നാണ് ഇതുസംബന്ധിച്ച് വിചാരണക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കുമ്പോള്‍ മൊബൈല്‍ ഫോണോ ദൃശ്യം പകര്‍ത്താന്‍ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളോ അനുവദിക്കരുതെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എഫ്എസ്എല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മെമ്മറി കാര്‍ഡ് പരിശോധിക്കാനായിരുന്നു നിര്‍ദ്ദേശം. ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കേസില്‍ പ്രതിയായിരുന്ന ദിലീപിനെയും സംഘത്തെയും കോടതി ദൃശ്യങ്ങള്‍ കാണിച്ചത്.

by Midhun HP News | Jun 8, 2026 | Latest News, കേരളം
കൊച്ചി: വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലര്‍ക്കു സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നതായും പൊലീസിന്റെ കുറിപ്പില്‍ പറയുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണെന്നും പോസ്റ്റില്‍ പറയുന്നു.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണ് എന്നത് ഓര്‍മ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകാമെന്നും പൊലീസ് കുറിച്ചു.
കേരള പൊലീസിന്റെ കുറിപ്പ്
മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈല്‍ കാമറകള്‍ കൊണ്ടുചെല്ലുന്നവര്‍ അറിയാനാണ്. മനുഷ്യന്റെ ദുഃഖവും, മരണവും, നാടിന്റെ പ്രതിസന്ധിയും, അപകടങ്ങളുമൊക്കെ ചിലര്‍ക്കു സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധികളായി മാറുന്നു. അനാവശ്യ ഇടപെടലുകളും, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും ഉള്ള വെല്ലുവിളിയാണ്.
ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) മൗലികാവകാശമാണ് എന്നത് ഓര്‍മ്മ വേണം. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് കാരണമാകാം. Information Technology Act, 2000 Section 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് 3 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Recent Comments