ദേവസ്വം ലോക്കറിൽ നിന്ന് തിരുവാഭരണങ്ങളും സ്വർണ്ണക്കട്ടകളും കാണാനില്ല…. പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ദേവസ്വം ലോക്കറിൽ നിന്ന് തിരുവാഭരണങ്ങളും സ്വർണ്ണക്കട്ടകളും കാണാനില്ല…. പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളും അമൂല്യ വസ്തുക്കളും കാണാനില്ലെന്ന് പരാതി. സ്വർണ്ണാഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ, സ്വർണ്ണക്കട്ടകൾ എന്നിവയാണ് ലോക്കറിൽ നിന്ന് നഷ്ടപ്പെട്ടത്. തിരുവാഭരണ കമ്മീഷൻ നടത്തിയ വാർഷിക പരിശോധനയിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഞെട്ടിച്ച ഈ വിവരം പുറത്തുവന്നത്.

നെയ്യാറ്റിൻകര ഗ്രൂപ്പിലെ വിവിധ ക്ഷേത്രങ്ങളിലെ അമൂല്യമായ തിരുവാഭരണങ്ങൾ പാറശ്ശാല മഹാദേവ ക്ഷേത്രത്തിലെ പ്രത്യേക ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇവ കാണാതായിരിക്കുന്നത്. എല്ലാ വർഷവും ഇവിടുത്തെ തിരുവാഭരണങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്താറുണ്ട്. ഇത്തവണ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് മെയ് 23-നാണ് കമ്മീഷൻ ഉന്നത അധികാരികൾക്ക് കൈമാറിയത്. അരവല്ലൂർ, നെയ്യാറ്റിൻകര, കാളേശ്വരം, ചെഴുങ്ങാന്നൂർ, പാറശ്ശാല, മുര്യങ്കര തുടങ്ങി ഇരുപതിലധികം പ്രധാന ക്ഷേത്രങ്ങളിലെ അമൂല്യമായ വസ്തുവകകളാണ് കാണാതായിരിക്കുന്നത്.

അതേസമയം, കാണാതായ ആഭരണങ്ങളുടെയും സ്വർണ്ണക്കട്ടകളുടെയും കൃത്യമായ തൂക്കമോ അവയുടെ വിപണി മൂല്യമോ നിലവിൽ പുറത്തുവന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. ദേവസ്വം ഉദ്യോഗസ്ഥരുടെ അറിവോടെയാണോ ഈ അട്ടിമറി നടന്നതെന്ന കാര്യത്തിൽ കടുത്ത സംശയമുയരുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ഭക്തജനങ്ങൾക്കിടയിൽ ശക്തമായിരിക്കുകയാണ്.

‘കോഴി വളർത്തൽ വൻ പരാജയം, ഞാനിതുവരെ ചെയ്ത ഒരു ബിസിനസും രക്ഷപ്പെട്ടില്ല, മക്കൾ വരെ കളിയാക്കി’; സലിം കുമാറിന്റെ വാക്കുകൾ വീണ്ടും വൈറൽ

‘കോഴി വളർത്തൽ വൻ പരാജയം, ഞാനിതുവരെ ചെയ്ത ഒരു ബിസിനസും രക്ഷപ്പെട്ടില്ല, മക്കൾ വരെ കളിയാക്കി’; സലിം കുമാറിന്റെ വാക്കുകൾ വീണ്ടും വൈറൽ

നടൻ സലിം കുമാറിന്റെ വിയോ​ഗം ഇപ്പോഴും പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. പ്രിയ താരത്തിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് പലരും. അഭിനയത്തിന് പുറമേ സംവിധാനത്തിലും സലിം കുമാർ ഒരു കൈ വച്ചിരുന്നു. എന്നാൽ അഭിനയം പോലെ സംവിധാനത്തിൽ ശോഭിക്കാൻ അദ്ദേഹത്തിനായില്ല.

താൻ ചെയ്ത ഒരു ബിസിനസും രക്ഷപ്പെട്ടില്ലെന്ന് ഒരിക്കൽ സലിം കുമാർ തന്നെ പറഞ്ഞിരുന്നു. ബിസിനസൊക്കെ പൊളിഞ്ഞതോടെ മക്കൾ വരെ തന്നെ കളിയാക്കിയിരുന്നുവെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുൻപ് പറഞ്ഞു. “ദൈവമേ കൈതൊഴാം കെ.കുമാറാകണം ആ സിനിമ ഞാൻ ജനകീയ കോടതിക്ക് വിട്ടു കൊടുത്തു.

ആ സിനിമയെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടും കാര്യമില്ല. ചിന്തിക്കാതെ ഇരുന്നിട്ടും കാര്യമില്ല. ‘ആട്’ എന്ന സിനിമയുടെ രണ്ടാം ഭാ​ഗത്തേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് അതിന്റെ ആദ്യ ഭാ​ഗമായിരുന്നു. പക്ഷേ ആദ്യ ഭാ​ഗം പരാജയമായിരുന്നു. രണ്ടാം ഭാ​ഗം വിജയിക്കുകയും ചെയ്തു. അപ്പോൾ എനിക്ക് എന്തോ ഒരു കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി. ഇതിൽ ഏതാണ്. ഞാൻ അല്ല ശരി എന്ന തോന്നൽ ചിലപ്പോൾ ഉണ്ടാകും.

ചിലപ്പോൾ ഞാനാണ് ശരി എന്ന തോന്നലുണ്ടാകും. എവിടെ ഞാൻ നിൽക്കണമെന്ന തീരുമാനത്തിലേക്ക് എത്തണം. കോഴി വളർത്തൽ ഇപ്പോൾ ഇല്ല. വൻ പരാജയമായിരുന്നു അത്. എന്റെ മക്കൾ എന്നോട് പറഞ്ഞു, അച്ഛൻ പെട്രോളീയത്തിന്റെ ബിസിനസ് ചെയ്യ്. അപ്പോൾ പെട്രോളിന് വില കുറയും. അപ്പോ പിന്നെ ഫുൾ ടാങ്ക് ഒക്കെ അടിക്കാലോ. അച്ഛൻ പെട്രോളിന്റെ ബിസിനസ് തുടങ്ങിയാൽ വില കുറയും. അങ്ങനെ വരെ സ്വന്തം മക്കൾ ആക്ഷേപിക്കാൻ തുടങ്ങി എന്നെ. ബിസിനസ് ചെയ്തിട്ടും ഞാനിതുവരെ രക്ഷപ്പെട്ടിട്ടില്ല. ഒരു ബിസിനസും”. – സലിം കുമാർ പറഞ്ഞു.

2015ൽ പുറത്തിറങ്ങിയ ‘കംപാർട്ട്മെന്റ്’ എന്ന ഡോക്യുഫിക്ഷനിലൂടെയാണ് സലിം കുമാർ സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ രണ്ട് സിനിമകളും സംവിധാനം ചെയ്തു.

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുടമായി സൗഹൃദം സ്ഥാപിച്ചു; 18 കാരനായ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുടമായി സൗഹൃദം സ്ഥാപിച്ചു; 18 കാരനായ ദലിത് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന്റെ പേരില്‍ ദലിത് സമുദായത്തില്‍പ്പെട്ട 18 വയസ്സുകാരനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ കൗമാരക്കാരന്റെ സുഹൃത്തുക്കളില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

മരിച്ച കേതന്‍ ലാല്‍ കഴിഞ്ഞ ആറ് മാസമായി പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഞായറാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കേതന്‍ തന്റെ സുഹൃത്ത് ദിവാകര്‍ ഡിമ്രിക്കൊപ്പം അവളുടെ ഗ്രാമമായ ഖോല്‍ഗഢിലേക്ക് പോയി. ഈ സമയത്താണ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഇരുവരെയും ഒരു മുറിയില്‍ പൂട്ടിയിട്ട് വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസ് പറയുന്നു. പിറ്റേന്ന് രാവിലെ കേതന്റെ പിതാവ് ധന്‍പാല്‍ ലാലിനെ പെണ്‍കുട്ടിയുടെ പിതാവ് ഫോണ്‍ വിളിക്കുകയും മകനെ വന്ന് കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സ്ഥലത്തെത്തിയ ധന്‍പാല്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കേതനെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ കൊലപാതകക്കുറ്റം, എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) എന്നീ നിയമങ്ങള്‍ പ്രകാരം കേസെടുത്തു. പരിക്കേറ്റ കേതന്റെ സുഹൃത്ത് ദിവാകറിനെ ബൗരാരിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാന സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. 2025 ഒക്ടോബറില്‍ ഗ്രേറ്റര്‍ നോയിഡയില്‍ കൗമാരക്കാരനായ ഒരു ദലിതന്‍ തന്റെ ജന്മദിനത്തിലാണ് മര്‍ദനമേറ്റ് മരിച്ചത്. ഉന്നത ജാതിയില്‍പ്പെട്ട ആളുകളാണ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. അതേ മാസം ആദ്യം യുപിയിലെ റായ്ബറേലി ജില്ലയില്‍ 38 കാരനായ ദലിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു. ‘ഡ്രോണ്‍ കള്ളന്‍’ എന്ന് തെറ്റിദ്ധരിച്ചാണ് ജനക്കൂട്ടം ഇയാളെ തല്ലിക്കൊന്നത്. അക്കാലത്ത് കള്ളന്മാര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വീടുകള്‍ അടയാളപ്പെടുത്തുന്നു എന്ന രീതിയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2026 മെയ് മാസത്തില്‍ യുപിയിലെ പ്രതാപ്ഗഢ് ജില്ലയില്‍ 17 വയസ്സുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തിരുന്നു.

അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ?, ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

അദാനിയെ കൊണ്ടുവന്നത് നിങ്ങളല്ലേ?, ഉമ്മൻചാണ്ടിയെന്ന് ജോൺ ബ്രിട്ടാസ്; ഇന്ത്യ സഖ്യ യോ​ഗത്തിൽ രാഹുലുമായി വാക്പോര്

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ച ‘സിപിഎം-ബിജെപി ഡീല്‍’ അടക്കമുള്ള ആരോപണങ്ങളില്‍ ഇന്ത്യ സഖ്യ യോഗത്തില്‍ അതൃപ്തി അറിയിച്ച് സിപിഎം. യോഗത്തില്‍ പങ്കെടുത്ത ജോണ്‍ ബ്രിട്ടാസ് എംപിയാണ്, ‘ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി’ തുടങ്ങിയ രാഹുലിന്‍റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചത്. ഇതിനു രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇരു നേതാക്കളും തമ്മിലുള്ള വാക് പോരിനും ഇടയാക്കി.

ജോണ്‍ ബ്രിട്ടാസിന്‍റെ വിമര്‍ശനങ്ങളെ ഇന്ത്യ മുന്നണി യോഗത്തില്‍ പങ്കെടുത്ത സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും പിന്തുണച്ചിരുന്നു. എന്നാല്‍ താന്‍ സംസാരിച്ചത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് രാഹുല്‍ ഗാന്ധി മറുപടി നല്‍കിയത്. തുടര്‍ന്ന് അദാനിയിലേക്കും എത്തുകയായിരുന്നു.

അദാനി ഗ്രൂപ്പിന് കേരളത്തില്‍ തുറമുഖ പദ്ധതി അനുവദിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനം, ‘ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി’ തീര്‍ന്നതിന് തെളിവാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ഈ പ്രസ്താവനയെ എതിര്‍ത്ത ജോണ്‍ ബ്രിട്ടാസ്, വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനി പോര്‍ട്ട്‌സിനെ കൊണ്ടു വന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടി. ആദ്യം കരാര്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്നാണ് ബ്രിട്ടാസ് വ്യക്തമാക്കിയത്.

ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ ഗാന്ധിയുടേയും പ്രസ്താവനകളെയും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. രാഹുലും ഖാര്‍ഗേയും പോലുള്ള നേതാക്കള്‍ ഇത്തരം ആരോപണം ഉന്നയിച്ചാല്‍ ഇന്ത്യ മുന്നണിയുടെ പ്രസക്തി തന്നെയാണ് നഷ്ടപ്പെടുകയെന്നും ബ്രിട്ടാസ് പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

2004 ല്‍ നിരവധി മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയിരുന്നു. ഇടതുപക്ഷത്തിന് 64 സീറ്റുകളാണ് അന്ന് ലഭിച്ചത്. ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെ, അന്ന് ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന് നിര്‍ലോഭമായ പിന്തുണയാണ് നല്‍കിയത്. ആ ഒരു രാഷ്ട്രീയചിത്രം കോണ്‍ഗ്രസ് കാണാതെ പോയെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. എന്നാല്‍ സിപിഎമ്മിന്റെ നേതാവായ പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിച്ചത്. രണ്ടു മന്ത്രിസ്ഥാനങ്ങള്‍ക്കായി സുപ്രധാന സഖ്യകക്ഷിയായ ഡിഎംകെയെ ഉപേക്ഷിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിപിഎം- ബിജെപി ഡീല്‍ ആരോപണത്തില്‍ കടുത്ത ഭാഷയില്‍ അതൃപ്തി അറിയിച്ചു കൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചിരുന്നു.

ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായിട്ട് ഉണ്ടായതാണെന്ന് രാഹുൽ​ഗാന്ധി പറഞ്ഞു. വിമർശനങ്ങൾ ഉൾക്കൊള്ളുന്നു. ഡീൽ ആരോപണത്തിൽ സിപിഎമ്മുമായി ഉഭയകക്ഷി ചർച്ചയാകാമെന്നും രാഹുൽ​ഗാന്ധി വ്യക്തമാക്കി. പാർട്ടി നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം ചർച്ച ചെയ്യാമെന്ന് ജോൺ ബ്രിട്ടാസ് രാഹുൽ​ഗാന്ധിയെ അറിയിച്ചു. മുന്നണിയിലെ സഖ്യകക്ഷികൾ തമ്മിൽ നല്ല ബന്ധം വേണമെന്നും, ഡിഎംകെയെ മുന്നണിയിൽ തിരിച്ചെത്തിക്കണമെന്നും നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ആവശ്യപ്പെട്ടു.

പുഴയിലും ട്രോളിങ് നിരോധനം? അനധികൃത മീന്‍പിടിത്തം വേണ്ടെന്ന് ഫിഷറീസ് വകുപ്പ്

പുഴയിലും ട്രോളിങ് നിരോധനം? അനധികൃത മീന്‍പിടിത്തം വേണ്ടെന്ന് ഫിഷറീസ് വകുപ്പ്

കൊച്ചി: സംസ്ഥാനത്ത് മഴ കനത്തതോടെ പ്രാദേശിക ശുദ്ധജല മത്സ്യങ്ങളെയും സംരക്ഷിക്കാനുള്ള നീക്കവുമായി ഫിഷറീസ് വകുപ്പ് രംഗത്ത്. പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് വിലക്കേര്‍പ്പെടുത്തി. പ്രജനനത്തിനായി നദികളില്‍ നിന്ന് അരുവികളിലേക്കും പാടങ്ങളിലേക്കും എത്തുന്ന മത്സ്യങ്ങളെ പിടിക്കരുതെന്നാണ് നിര്‍ദേശം.

പ്രജനന കാലത്ത് പിടിക്കുന്ന മത്സ്യങ്ങളില്‍ ധാരാളം മുട്ട കാണാറുണ്ടെന്നും ഇത് മത്സ്യ സമ്പത്ത് കുറയുന്നതിന് കാരണമാകുമെന്നുമാണ് അധികൃതരുടെ വാദം. മതിയായ വളര്‍ച്ചയെത്താത്ത ചെറു മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ട്. അനധികൃതമായി മീന്‍ പിടിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെന്നും പരിശോധന ശക്തമാക്കിയെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.

ജലാശയങ്ങളില്‍ വലകെട്ടിയും അല്ലാതെയും മത്സ്യങ്ങളുടെ സഞ്ചാരം തടയുന്നതുവഴി പ്രജനനത്തിനായി ഉദ്ദേശിച്ചയിടത്ത് എത്താനാകില്ല. ഇതോടെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയും. 2010ലെ ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്ട് പ്രകാരം ഇത്തരം മത്സ്യങ്ങളെ പിടികൂടുന്നത് ശിക്ഷാര്‍ഹമാണ്. 20 മില്ലിമീറ്ററില്‍ താഴെ കണ്ണി അകലമുള്ള വലയുപയോഗിച്ച് മീന്‍ പിടിക്കരുത്. ലൈസന്‍സില്ലാതെ മീന്‍ പിടിക്കരുത്. വിഷം, വൈദ്യുതി, സ്‌ഫോടക വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

നിയമം ഘംഘിച്ച് മീന്‍ പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. പിഴയോ ജയില്‍ ശിക്ഷയോ, അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ലഭിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ ട്രോളിങ് നിരോധനം വരാനിരിക്കെയാണ് ശുദ്ധജല മത്സ്യങ്ങളെ പിടിക്കുന്നതിനും നിയന്ത്രണമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയത്. ഇതോടെ വരുന്ന രണ്ട് മാസങ്ങളില്‍ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞേക്കുമെന്നാണ് സൂചന.

കെ അമ്പിളി പ്രേംരാജ് (60) അന്തരിച്ചു

കെ അമ്പിളി പ്രേംരാജ് (60) അന്തരിച്ചു

ആറ്റിങ്ങൽ: കുഴിമുക്ക് കുഴിയിൽ വീട്ടിൽ (വി.എസ്.ആർ.എ:84) കെ അമ്പിളി പ്രേംരാജ് (60) അന്തരിച്ചു.

ഭർത്താവ്: എസ്.എസ് പ്രേം രാജ്.
മക്കൾ: പി.എ അരുൺ രാജ്, പി.എ അരുണിമ രാജ് .