by Midhun HP News | Dec 17, 2025 | Latest News, കേരളം
കോട്ടയം: മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥയെ ചൊല്ലിയുള്ള തർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. കർമ്മയോദ്ധ എന്ന ചിത്രത്തിന്റെ തിരക്കഥയെ സംബന്ധിച്ചുള്ള നിയമപോരാട്ടത്തിലാണ് മേജർ രവിക്ക് തിരിച്ചടി നേരിട്ടത്. സിനിമയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഷ്സ്യൽ കോടതി വിധിച്ചു.
പരാതിക്കാരന് 30 ലക്ഷം രൂപയും സിനിമയുടെ പകര്‍പ്പവകാശവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 13 വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് വിധി. 2012 ലായിരുന്നു കർമ്മയോദ്ധ പുറത്തിറങ്ങിയത്. സിനിമയിൽ തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോട്ടയം കൊമേഴ്സ്യല്‍ കോടതി ജഡ്ജി മനീഷ് ഡി എയുടെ വിധി.
സിനിമയുടെ റിലീസിന് ഒരു മാസം മുൻപാണ് റിലീസ് തടയമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചത്. അഞ്ചു ലക്ഷം രൂപ കെട്ടിവെച്ച ശേഷം സിനിമ റിലീസ് ചെയ്യാന്‍ കോടതി അനുവദിക്കുകയായിരുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്.എന്നാല്‍, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേര്‍ത്തായിരുന്നു സിനിമ റിലീസ് ചെയ്തത്. ഇത് ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു കോടതിയെ സമീപിച്ചത്. തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.



by Midhun HP News | Dec 17, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തില്‍പ്പെട്ടു. യാത്രയ്ക്കിടെ ഇന്നോവ കാറിന്റെ ടയര്‍ ഈരിത്തെറിക്കുകയായിരുന്നു. തിരുവനന്തപുരം വാമനപുരത്തുവച്ചായിരുന്നു അപകടം. മന്ത്രിയും വാഹനത്തിലുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. വാമനപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ എംസി റോഡില്‍ വച്ച് ഇന്നോവയുടെ പിന്‍വശത്തെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. വാഹനത്തിന് വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍നന്ന് വാമനപുരം എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.



by Midhun HP News | Dec 17, 2025 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’എന്ന പാരഡി ഗാനത്തിന് എതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ സിപിഎം. പാട്ടില്‍ പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം ഉണ്ടായെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. പാട്ടിലൂടെ കോണ്‍ഗ്രസ് മുസ്ലീംലീഗും ചേര്‍ന്ന് വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിച്ചെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷമാകും പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുക.
‘മതങ്ങളെയോ, മതസ്ഥാപനങ്ങളെയോ ദൈവങ്ങളെയോ മറ്റും പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടമുണ്ട്. അത് പരസ്യമായി ലംഘിച്ചുകൊണ്ടാണ് കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു പാട്ട് വോട്ടിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് ഗുരുതരമായ ചട്ടലംഘനമാണ്. പലസംഘടനകളും ഈ പാട്ടിനെതിരെ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പാട്ടുകള്‍ നാട്ടിലെ സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്നതാണെന്നും ഈ പാട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എവിടെയാണ് ഉപയോഗിച്ചതെന്ന് പാര്‍ട്ടി പരിശോധിക്കുകയാണ്’- രാജു എബ്രഹാം പറഞ്ഞു.
പാട്ടിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയ സംഘടനയ്ക്ക് പിന്തുണ നല്‍കുമെന്നും രാജു എബ്രഹാം പറഞ്ഞു. മറ്റ് ചില ഹൈന്ദവ സംഘടനകളും പാട്ടിനെതിരെ രംഗത്തത്തെത്തിയിട്ടുണ്ട്.
‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം അയ്യപ്പ ഭക്തര്‍ക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും അതുകൊണ്ടാണ് ഗാനത്തിനെതിരെ പരാതി നല്‍കിയതെന്ന് തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാല നേരത്തെ പറഞ്ഞിരുന്നു. അയ്യപ്പ ഭക്തരെ സംബന്ധിച്ച് ഏറെ ഭക്തി തോന്നുന്ന ഗാനമാണ് ഇത്തരത്തില്‍ പാരഡി ഗാനമായത്. എന്നാല്‍ ഗാനത്തിനെതിരെ പരാതി കൊടുക്കാന്‍ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് ഡിജിപിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും പ്രശാന്ത് പറഞ്ഞു.



by Midhun HP News | Dec 17, 2025 | Latest News
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അയാള്‍ വെല്ലുവിളിക്കുന്നതെന്തിനാണ്. എനിക്കെതിരായ കേസില്‍ ഞാന്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമല്ലോ. അതിന് വെല്ലുവിളിക്കുന്നത് എന്തിനാണെന്ന് വിഡി സതീശന്‍ ചോദിച്ചു.
തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. അതുകൊണ്ടാണ് നോട്ടീസിന് മറുപടി കൊടുത്തത്. അദ്ദേഹം രണ്ടുകോടി രൂപയുടെ മാനനഷ്ടം ഉണ്ടായി എന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്. കേസു കൊടുത്തപ്പോള്‍ രണ്ടുകോടി രൂപയുടെ മാനം 10 ലക്ഷമായി എങ്ങനെ കുറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
കോടതിയില്‍ കേസ് നടക്കുമ്പോള്‍ അപ്പോഴല്ലേ തെളിവ് നല്‍കേണ്ടത്. അതു തുടങ്ങിയിട്ടില്ലല്ലോ. തെളിവു ഹാജരാക്കിക്കൊള്ളാമെന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. കടകംപള്ളിക്കെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണ്. ദ്വാരപാലകശില്‍പം ആര്‍ക്കാണ് കൊടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. അന്നത്തെ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അന്നത്തെ ആളുകള്‍ക്കെല്ലാം അറിയാമായിരുന്നു എന്ന് കോടതിയാണ് പറഞ്ഞത്. എന്തായാലും ദ്വാരപാലക ശില്‍പ്പം വാങ്ങിച്ചത് ഒരു കോടീശ്വരനായിരിക്കുമല്ലോ?. പാവപ്പെട്ട ആര്‍ക്കും അതു വാങ്ങാന്‍ കഴിയില്ലല്ലോ. ഇങ്ങനെയൊരു കച്ചവടം നടത്തി, എന്നിട്ട് വ്യാജ ദ്വാരപാലക ശില്‍പ്പം ഉണ്ടാക്കിയാണ് ചെന്നൈയ്ക്ക് കൊടുത്തു വിട്ടത്. അന്നത്തെ കാലത്തെ ദേവസ്വം മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രന്‍. അവിടെ നടന്നത് അദ്ദേഹം അറിയേണ്ടേയെന്നും വിഡി സതീശന്‍ ചോദിച്ചു.
ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്ന് പറയുന്നത് രാഷ്ട്രീയ നിയമനമാണ്. പത്മകുമാര്‍ സിപിഎമ്മിന്റെ മുന്‍ എംഎല്‍എ ആയിരുന്നയാളാണ്. സിപിഎം നിയമിച്ച ആളുകള്‍ അവിടെ ചെയ്യുന്നത് മന്ത്രി അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അവിടേക്ക് പറഞ്ഞുവിട്ടതും അദ്ദേഹമാണ്. അതിന്റെ തെളിവുകളൊക്കെ കോടതിയില്‍ ഹാജരാക്കിക്കോളാമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.



by Midhun HP News | Dec 17, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: ഐപിഎല്‍ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയതിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് 19 കാരനായ കാര്‍ത്തിക് ശര്‍മ. ഐപിഎല്‍ ചരിത്രത്തില്‍ വന്‍ തുക ലഭിക്കുന്ന അണ്‍ക്യാപ്ഡ് പ്ലെയറാണ് കാര്‍ത്തിക് ശര്‍മ.
30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്ക് ലേലത്തില്‍ എത്തിയ കാര്‍ത്തിക്കും ഉത്തര്‍പ്രദേശിന്റെ പ്രശാന്ത് വീറിനും 14.2 ലേല തുകയാണ് ലഭിച്ചത്. ‘ലേലം ആരംഭിച്ചപ്പോള്‍, എനിക്ക് അവസരം നഷ്ടമായേക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. പിന്നീട് ലേല തുക കൂടുമ്പോള്‍ ഞാന്‍ കരയാന്‍ തുടങ്ങി,’ ജിയോഹോട്ട്സ്റ്റാറിന്റെ റിലീസില്‍ താരം പറഞ്ഞു.
‘ലേലം അവസാനിച്ചതിനുശേഷവും എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. സങ്കടവും സന്തോഷവും കൊണ്ട് ഞാന്‍ മതിമറന്നു, അത് എങ്ങനെ വാക്കുകളില്‍ വിവരിക്കണമെന്ന് എനിക്കറിയില്ല,’ രാജസ്ഥാനില്‍ നിന്നുള്ള വിക്കറ്റ് കീപ്പിങ് ബാറ്റര്‍ കാര്‍ത്തിക് ശര്‍മ പറഞ്ഞു.
ചെന്നൈയില്‍ മഹേന്ദ്ര സിങ് ധോനിക്കൊപ്പം കളിക്കാന്‍ സാധിക്കുന്നതിന്റെ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ സാധിക്കുന്നതിന്റെയും ആവേശത്തിലാണ് താനെന്നും കാര്‍ത്തിക്ക് പറഞ്ഞു. ‘എന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു, അവരുടെ പിന്തുണയില്ലെങ്കില്‍, ഞാന്‍ ഈ ഘട്ടത്തിലെത്തുമായിരുന്നില്ലെന്ന് ഞാന്‍ കരുതുന്നു, എന്റെ കുടുംബം വളരെ സന്തോഷത്തിലാണ്, എല്ലാവരും ആഘോഷിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു.’ കാര്‍ത്തിക് പറഞ്ഞു.



by Midhun HP News | Dec 17, 2025 | Latest News
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസ് ചുമതലയേറ്റു. താല്‍ക്കാലിക വിസി ഡോ. കെ ശിവപ്രസാദില്‍ നിന്നാണ് ചുമതല ഏറ്റെടുത്തത്. ഇപ്പോള്‍ കിട്ടിയ സ്വീകരണത്തില്‍ സന്തോഷം. പഴയതൊന്നും ഓര്‍ക്കേണ്ടതില്ല. സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് സിസ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ സ്വീകരണം ലഭിച്ച് ചുമതലയേല്‍ക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം തോന്നുന്നു. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പഴയ കാര്യം ഇനി ചികഞ്ഞെടുക്കേണ്ട കാര്യമുണ്ടോ ?. എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ മുന്നോട്ടുള്ള പോക്കില്‍ അത് തിരുത്തി പോകാനുള്ള ശ്രമം നടത്തും. ഇത് എല്ലാവരുടേയും കൂടിയുള്ള സ്ഥാപനമാണ്. എന്തിനാണ് ഇതിനെ വ്യക്തിപരമായി കാണുന്നതെന്ന് ഡോ. സിസ തോമസ് ചോദിച്ചു.
ഇവിടെ സിസ തോമസ് എന്ന വ്യക്തി ഒന്നുമല്ല. അങ്ങനെയല്ല കാണേണ്ടത്. ഇത് സ്ഥാപനം എന്ന നിലയില്‍ മനുഷ്യര്‍ക്കെല്ലാമുള്ള ഒന്നായി കണ്ടു മുന്നോട്ടു പോകാം. സര്‍ക്കാരില്‍ നിന്നും പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയില്ല. തനിക്കെതിരെ മിനിറ്റ്‌സ് മോഷ്ടിച്ചു എന്ന് വരെ ആരോപണം വന്നു. മിനിറ്റ്‌സ് ഒന്നും താന്‍ എടുത്തോണ്ട് പോയിട്ടില്ല. അത്തരം പ്രസ്താവനകളില്‍ വിഷമം തോന്നുന്നു. എന്തിനാണ് മോഷ്ടാവായി ചിത്രീകരിക്കുന്നത് എന്നും ഡോ. സിസ തോമസ് ചോദിച്ചു.
കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസമാണ് ഗവർണറും സർക്കാരും സമവായത്തില്‍ എത്തിയത്. ഉത്തരവ് പുറത്തിറങ്ങി 12 മണിക്കൂറിനകം ഡോ. സിസ തോമസ് ചുമതലയേറ്റെടുത്തു. ഡിജിറ്റൽ സർവകലാശാല വിസിയായി ഡോ. സജി ഗോപിനാഥനെ നിയമിക്കാനും തീരുമാനം ആയിട്ടുണ്ട്. അദ്ദേഹം രണ്ടു ദിവസത്തിനകം ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. നാലു വർഷത്തേക്കാണ് ഇരുവരുടേയും നിയമനം. വിസി നിയമന കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുന്നത്.



Recent Comments